മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾ ഒത്തുകൂടിയിരിക്കുകയാണ്. അവർ രൂപീകരിച്ച സംഘടനയുടെ ഭാരവാഹികൾ സംസാരിച്ചു തുടങ്ങി

പശു : ക്ഷണം സ്വീകരിച്ചു എത്തിയ കാളക്കും, എരുമയ്ക്കും, പോത്തിനും, ഒട്ടകത്തിനും, കോഴിക്കും നന്ദി.

കേട്ടപാടെ മുറുമുറുത്തുകൊണ്ടു പോത്ത് : മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളുടെ കൂട്ടായ്മ അല്ലെ ഇത്.
ഇവിടെ എന്താ ഈ ഒട്ടകത്തിന് കാര്യം?

മറുപടി ഒട്ടകം തന്നെ പറഞ്ഞു : ചില പഹയന്മാര് ഞമ്മളേം ഫ്രൈ അടിക്കാറുണ്ട്. എന്തിന്, ഞമ്മടെ പുള്ളാരേം വിടാറില്ല.
അങ്ങനെ സഹികെട്ട് ഈ സംഘടനയിൽ എത്തിയതാണ്.

എരുമ : അല്ലേലും ഈ പോത്തിന്‍റെ ചെവിയിൽ വേദം ഓതിയിട്ട് ഒരു കാര്യവും ഇല്ല. നിങ്ങൾ ചർച്ചയിലേക്ക് വാ.

പശു : ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചിട്ടു വർഷം 70 ആയി. ഇപ്പോഴും ഇവിടുത്തെ മനുഷ്യർക്കേ സ്വാതന്ത്ര്യം ഉള്ളു.
നമ്മൾ മൃഗങ്ങൾ അസ്വസ്ഥരാണ്, ഇപ്പോഴും അടിമത്വത്തിലാണ്.

കാള : നമ്മൾ കഷ്ടപ്പെട്ടു അവർക്കു നൽകുന്നത് കൃഷി-വിളവ്-നൂറുമേനി.
തിരിച്ചു അവർ നമുക്ക് തരുന്നതോ, പിണ്ണാക്ക്-കാടിവെള്ളം-പഴത്തൊലി.

എരുമ : ആനകളെ കൊണ്ട് അവര്‍ തടിമില്ലിൽ തടി എടുപ്പിക്കുന്നു, അമ്പലത്തിൽ തിടമ്പ് ഏറ്റുന്നു. ഈ ആനകൾ പിന്നീട്…

പോത്ത് വീണ്ടും വട്ടം ഉടക്കി : ആനമൊട്ട ! മനുഷ്യർ തിന്നുന്ന മൃഗങ്ങളുടെ കാര്യം പറയണം മിസ്റ്റർ…

ഇതിനു മറുപടി പറഞ്ഞത് കോഴിയാണ് : മനുഷ്യർ തിന്നുന്ന മൃഗങ്ങളുടെ കാര്യമേ പറയാവൂ അല്ലേ…
അങ്ങനെ എങ്കിൽ കൂടുതൽ മൃഗങ്ങൾ ഇവിടെ എത്തേണ്ടതല്ലേ… പന്നി എവിടെ, ആട് എവിടേഡോ പാപ്പാനെ…

പശു : അങ്കമാലി ഡയറീസ് എന്ന സിനിമയുടെ നൂറാം ദിന ആഘോഷങ്ങളുടെ ഭാഗമായി അങ്കമാലിയിലുണ്ട് പന്നി.
ആട് 2 എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഇടുക്കിയിലാണ് ആട്. ടൈറ്റ് ഷെഡ്യൂൾ ആയതിനാൽ വരാനാകില്ല എന്ന് ഇവർ നേരത്തെ തന്നെ സംഘടനയെ അറിയിച്ചിരുന്നു.

കോഴി : സിനിമാക്കാരുടെ ഇത്തരം താര ജാടകൾ നമ്മൾ വെച്ചുപൊറുപ്പിക്കാതിരിക്കുക.

എരുമ : ചർച്ചയിലേക്ക് തിരിച്ചു വരൂ.

പശു : ഒരു ആഴ്ച മുൻപ് നമ്മുടെ സങ്കടങ്ങളും ആവശ്യങ്ങളും ട്വിറ്ററിലൂടെ ഭരണാധികാരിയെ നമ്മൾ അറിയിച്ചിരുന്നു.
ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ആവശ്യങ്ങൾ അംഗീകരിച്ചു, വേണ്ട നടപടികൾ കൈക്കൊള്ളും എന്ന് റിപ്ലൈ വന്നു.
അതിന്‍റെ ഫലമായി വന്ന പുതിയ നിയമങ്ങൾ നിങ്ങൾ പത്രങ്ങളിലൂടെ അറിഞ്ഞുകാണുമല്ലോ ?

എരുമ : ഇല്ല…

കാള : എടോ… പശു, കാള, എരുമ, പോത്ത്, ഒട്ടകം… ഈ മൃഗങ്ങളുടെ കശാപ്പു സർക്കാർ നിരോധിച്ചു എന്ന്…

അപ്പോൾ സദസ്സിൽ കയ്യടികൾ മുഴങ്ങി…
കേട്ടപാടെ മുറുമുറുത്തുകൊണ്ടു വീണ്ടും പോത്ത് എത്തി : സംഭവം കൊള്ളാം, പക്ഷെ ഈ ഒട്ടകം എങ്ങനെ ലിസ്റ്റിൽ കേറി ?
സത്യം പറയെടാ, നിനക്ക് റിസർവേഷൻ ഇല്ലേ… നീ ഏതാ ജാതി.

ഒട്ടകം : ജാതിയാ ? നീ അത് വിട്ടു പിടി. ഞമ്മക്ക് ഡൽഹിയില് മാത്രമല്ലാ, അങ്ങ് ഗൾഫിൽ വരെ ഉണ്ടെടാ പിടി.

പെട്ടന്നു അതാ ഒരു വശത്തുനിന്നു ഒരു കരച്ചിൽ കേട്ടു.
പ്രാണവേദനയെന്നപോലെ വലിയ വായിൽ കരയുകയാണ് കോഴി

എരുമ : നീ പക്ഷിയായത് കൊണ്ടല്ലേടാ ഈ ലിസ്റ്റിൽ കയറാത്തെ… സമാധാനിക്ക്…

കോഴി : ഉണ്ട… നിങ്ങളെപോലെ ഞാനും നടക്കും, ഓടും… പക്ഷെ മൃഗമല്ല, വേണേൽ നീന്തും… പക്ഷെ മീനല്ലാ…
ചിറകു വീശി പറന്നാൽ പാകിസ്ഥാൻ വിട്ട റോക്കറ്റ് പോലെ പൊരപ്പുറത്തു വന്നു വീഴും.
എന്നിട്ടും ഞാൻ പക്ഷിയായി. എന്ത് വിരോധാഭാസം ആണിത് !

പശു : നിന്‍റെ പേര് ലിസ്റ്റിൽ ഇല്ലാത്തതിനു ഞങ്ങൾ എന്ത് ചെയ്യാനാ ?

കോഴി : താൻ വലിയ വർത്താനം ഒന്നും പറയേണ്ട… തനിക്കു കേന്ദ്രത്തിലും സ്വാമിമാരുടെയും ഇടയിൽ വലിയ പിടിയില്ലേ…
അങ്ങനെ അല്ലെടോ താൻ ആ ലിസ്റ്റിൽ കയറിക്കൂടിയത്…

പശു : സ്വാമിമാരുമായി നിനക്കുമില്ലെടാ കോഴീ ബന്ധം. നിങ്ങൾ കേട്ടിട്ടില്ലേ ‘ചുട്ട കോഴിയെ പറപ്പിക്കുന്ന സ്വാമി എന്നൊക്കെ’

കോഴി : ചുട്ടു കഴിഞ്ഞിട്ട് പറന്നിട്ടെന്തിനാടാ പട്ടി !

പശു : പട്ടിയെന്നോ, മര്യാദക്ക് സംസാരിക്കണം !

മനുഷ്യൻ ഭക്ഷിക്കുന്ന മൃഗങ്ങളുടെ ഉന്നമനത്തിനായി രൂപീകരിച്ച സംഘടനയിൽ അങ്ങനെ തർക്കം മൂക്കുകയാണ്.

കോഴി ‘കശാപ്പു ഫ്രീ’ ലിസ്റ്റിൽ ഉൾപ്പെടുമോ ?
മുറുമുറുപ്പുമായി പോത്ത് വീണ്ടും എത്തുമോ ?
പശു എങ്ങനെയായിരിക്കും ഈ തർക്കത്തിന് തടയിടുന്നത് ?

ഇതെല്ലാം അറിയാൻ Meat Animals Assemble 2 – The Conclusion’നായി കാത്തിരിക്കുക…

(തുടരും)

ഫെജോ | FEJO
@officialFejo
#MeatAnimalsAssemble

You May Also Like

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

ദൂരദര്‍ശനു പുറമെ മറ്റ്ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതുപോലെയായി. ദൂരദര്‍ശന്‍ നടത്തിയിരുന്ന സെന്‍സര്‍ (censor) ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകള്‍ സ്റ്റാര്‍മൂവീസ് പോലത്തെ ചാനലുകള്‍ കാണിക്കാത്തതായിരുന്നു പ്രധാനകാരണം.

സുബൈദാന്റെ ആധിയും, ഫെയ്സ്ബുക് വ്യാധിയും..

ലജ്ജാവതിയെ … അന്റെ കള്ള കട കണ്ണില്‍ …. നാനാ നന്നാ … പാട്ടുകേട്ടതും സുബൈദ തിരിഞ്ഞു നോക്കി , ദാണ്ടേ നില്കുന്നു അയല്കാരനും കുട്ടികാലം മുതലേ ചെങ്ങായിയായ കുഞ്ഞാപ്പു

ഭ്രാന്തം

ശരീരത്തിന്റെ അനേകായിരം കോശങ്ങളില്‍ ഒന്നിന് കേടു ബാധിക്കുംബോഴാണ് നാം അസുഖം വന്നു എന്ന് പറയുക. ശരീരത്തിനേക്കാള്‍ അതിസന്കീര്‍ന്നമാണ് മനസ്സ്.ചിന്തകളുടെയും ഓര്‍മകളുടെയും മടക്കുകളിലെ ഏതോ ഒരു അജ്ഞാത ബിന്ദുവിനു താളപ്പിഴ സംഭവിക്കുമ്പോഴാണ് നാം ഭ്രാന്ത് വന്നു എന്ന് പറയുക.

ശ്ശൊ ….എന്നാലും ഇങ്ങനെ പൊട്ടണ്ടായിരുന്നു …

ചിരിക്കുമ്പോള് കാക്ക തേങ്ങാപ്പൂളും കൊണ്ട് പോകുന്നതിനെ ഓര്മപ്പെടുത്തുന്ന രണ്ടു മസ്സറികളും, “ദേ …ഡാ ഒരു ബ്ലോഗ്”…