ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
കടപ്പാട് : Dils Davis Payyappilly
“പ്രീമാഫേസി എന്ന18കാരിയെ മാനഭംഗപ്പെടുത്തി ” എന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകാൻ കാരണം എന്ത്?
👉മലയാള മാധ്യമങ്ങളിൽ പല ഇംഗ്ലീഷ് ന്യൂസും പരിഭാഷപ്പെടുത്തി വാർത്തകൾ ഇടുമ്പോൾ അത് മറ്റൊരു അർത്ഥത്തിലാണ് വരുന്നത്. അത്തരം അബദ്ധങ്ങൾ കാരണം ഒരുപാടു പുലിവാല് പിടിച്ചിട്ടുണ്ട് പ്രമുഖ മാധ്യമങ്ങൾ.
നമ്മുടെ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങൾ എന്താ പറയുന്നതെന്നും , എഴുതുന്നതെന്നും ചിലപ്പോൾ നേരാവണ്ണം ആർക്കും മനസ്സിലാകില്ല. അതിന് ഏതാനും ഉദാഹരണങ്ങൾ നോക്കാം.വൈറ്റ് ഹൗസിലെ ചീഫ് മെഡിക്കൽ അഡ്വൈസർ ആയ അന്തോണി ഫൗചി “Covaxin was found to neutralise 617 variant” എന്ന് പറയുകയുണ്ടായി.അതിനു തൊട്ടുപുറകേ മനോരമയുടെ ന്യൂസും വന്നു. കോവാക്സിൻ ഫലപ്രദം; വൈറസിന്റെ 617 വകഭേദങ്ങളെ നശിപ്പിക്കും” എന്ന്.അതിന് കോവിഡിന് 617 വകഭേദങ്ങളുണ്ടോ? എന്നൊന്നും ചോദിക്കരുത്. കോവിഡിന്റെ ഒരു വകഭേദമായ B.1.617 നെതിരെ കോവാക്സിൻ ഫലപ്രദമാണ് എന്നാണ് പുള്ളിക്കാരൻ പറഞ്ഞേന്ന് പിന്നീട് മനസ്സിലായി. ഇങ്ങനെയൊക്കെ തന്നെയാണ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളുടെയും സ്ഥിതി. നോർത്തിന്ത്യൻ മാധ്യമങ്ങളിൽ വരുന്ന ന്യൂസും , ഇംഗ്ലീഷ് ന്യൂസും ഇതേപോലെ പകർത്തുമ്പോൾ ചിലപ്പോൾ വൻ അബദ്ധങ്ങൾ ഉണ്ടാവാറുണ്ട്.
‘Adult star Ron Jeremy charged with rape’ എന്ന വാർത്ത വന്നപ്പോൾ, “മുതിർന്ന സിനിമാതാരം റോൺ ജെറമിയ്ക്കെതിരെ പീഢനക്കേസ്” എന്നാണ് ’24’ വാർത്ത കൊടുത്തത്.പോൺ സിനിമാ താരങ്ങളെയാണ് ‘Adult star’ എന്നു പറയണതെന്ന് ആർക്കും മനസ്സിലാവും.
‘Child star’ ന്ന് പറഞ്ഞാൽ ‘ബാലനടൻ. അപ്പോൾ ‘Adult star’ ന് പറഞ്ഞാ ‘മുതിർന്ന നടൻ’ എന്നവർ കരുതിക്കാണണം. അവരേ സംബന്ധിച്ചിടത്തോളം മമ്മൂക്കയും ലാലേട്ടനുമെല്ലാം ‘Adult stars’ ആയിരിക്കണം, സ്വാഭാവികം.
കുറച്ച് നാൾ മുൻപ് അതിർത്തിയ്ക്കടുത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടൊരു ഡ്രോൺ ഇന്ത്യൻ ബി.എസ്.എഫ് കാർ വെടിവെച്ചിടുകയുണ്ടായി. ‘The drone was carrying the M4 semi-automatic carbine machine, its two magazines, seven Chinese grenades and some other items’ എന്നതായിരുന്നു വന്ന ന്യൂസ്.ഡ്രോണിൽ നിന്നും അത്യാധുനിക തോക്കുകൾ, രണ്ട് മാസികകൾ, ഏഴ് ഗ്രനേഡുകൾ എന്നിവയും മറ്റും കണ്ടെത്തിയിട്ടുണ്ട് എന്നായിരുന്നു അതിന് മാതൃഭൂമിയുടെ തർജ്ജിമ.വെടിയുണ്ടകൾ ലോഡ് ചെയ്ത് സൂക്ഷിക്കുന്ന ഗണ്ണിന്റെ ഒരു ഭാഗത്തെയാണ് ‘magazine’ എന്നു പറയുന്നത്. ഇവിടെ ‘magazine’ എന്നു കേട്ടപ്പോൾ മനോരമയും , മംഗളവും പോലുള്ള ഏതോ മാസികയാണെന്ന് പ്രമുഖ പത്രം കരുതി.
മുകളിൽ പറഞ്ഞതിനെയെല്ലാം കവച്ച് വയ്ക്കുന്ന വമ്പൻ ഐറ്റമായിരുന്നു ഏഷ്യാനെറ്റിന്റേത് അതാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്.‘prima facie, it seems the women, aged 18, was raped and burned to death’ എന്ന ന്യൂസ് വന്നപ്പോൾ,
‘പ്രീമാ ഫേസി എന്ന പതിനെട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ച് കൊലപ്പെടുത്തി’ എന്നാണവർ വാർത്ത കൊടുത്തത്.
‘Prima facie’ എന്ന വാക്കിന്റെ അർത്ഥം ‘പ്രാഥമിക നിഗമനത്തിൽ’ എന്നാണ്. ‘പതിനെട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം’ എന്നതാണ് ശരിയായ വാർത്ത. ഇവിടെ ന്യൂസ് എഴുതി വിട്ടവൻ കരുതി ‘Prima facie’ എന്ന ഏതോ ഒരു പെൺകുട്ടിയാണെന്ന്.
‘Adult star’ നെ മുതിർന്ന സിനിമാ നടൻ എന്നാക്കുന്ന, ഗണ്ണിന്റെ ‘magazine’ നെ മാസിക എന്നെഴുതുന്ന, ‘Prima facie’ യെ പ്രീമ ഫൈസി എന്ന് പേരുള്ള പെൺകുട്ടിയാക്കുന്ന ഇവരൊക്കെയാണ് സാക്ഷര കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ എന്നതാണ് ഏറെ ദുഃഖകരം.