ലയം,പാടി,തോട്ടം തൊഴിലാളി ലാവണകൾ..

24

Meera Sobhana

ലയം,പാടി,തോട്ടം തൊഴിലാളി ലാവണകൾ..

മനോഹരമായ തേയിലത്തോട്ടങ്ങളുടെ ഓരങ്ങളിൽ, തോട്ടം തൊഴിലാളികൾ താമസിക്കുന്ന കൂരകളെ പറയുന്ന പേരാണിത്,പാടി. ഒരു സുഹൃത്തിൻ്റെ മധ്യസ്ഥ ചർച്ചക്കായിട്ടാണ് ആദ്യമായി ചുരം കയറി ഞാനവിടെ പോയത്. അവിചാരിതമായിആ മനുഷ്യരുടെ ജീവിതം തൊട്ടറിഞ്ഞ ഒരു രാത്രി.. ഒരിക്കലും മറക്കാനാവാത്ത അനുഭവം.ഒരു കുഞ്ഞു വീടിനെ രണ്ടായി പകുത്ത് രണ്ടു കുടുംബങ്ങൾ താമസിക്കുന്നു. ഉമ്മറപ്പടികയറുന്നത് കുഞ്ഞു ഹാളിലേക്ക്, ചെറിയൊരു TV യും കയറ്റു കട്ടിലും അലമാരയും തുണികൾ നിറഞ്ഞ അയകളും 2 പ്ലാസ്റ്റിക് ചെയറും തിങ്ങി നിറഞ്ഞ് ശ്വാസം വിടാനിടമില്ലാതെ.. അവിടന്ന് ഉള്ളിലേക്ക് കയറിയാൽ ഒരു വശത്ത് കുഞ്ഞു മുറിയും മറുവശത്ത് കുഞ്ഞടുക്കളയും. അടുക്കളപ്പുറത്ത് ചെറിയ അലക്ക് കല്ലും പാത്രം കഴുകാനുള്ള തൊട്ടിയും.കുഞ്ഞ് ആട്ടിൻ കൂടും, കോഴിക്കൂടും അടുക്കളച്ചായ്പ്പിൽ തന്നെ, കൂട്ടത്തിൽ വന്യമൃഗശല്യമുള്ളതിനാൽ 2 വലിയ വളർത്തു നായ്ക്കളും.
നിന്ന നിൽപ്പിൽ ആട്, പശു, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങൾ അപ്രത്യക്ഷമാവുന്ന അവിടെ, വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാനായി ആകെയുള്ളത് ഈ വളർത്തുനായ്ക്കളുടെ കാവൽ മാത്രം. കൃത്യമായി ലഭിക്കാത്ത തുച്ഛമായ കൂലിയും അടിമപ്പണിയും.. അവരുടെ കദനങ്ങളിൽ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ. സുഹൃത്തും ഭാര്യയും കുട്ടിയും,അനിയനും ഭാര്യയും കുട്ടിയും, അമ്മയും അച്ഛനും, അച്ഛമ്മയും അടക്കമുള്ളവർ താമസിക്കുന്നത് ഇവിടെയാണ്.അമ്മയും അനിയനും തോട്ടം തൊഴിലാളികളായതുകൊണ്ട് അനുവദിച്ചു കിട്ടിയ വീടാണത്..

കുറച്ചകലെയുള്ള പൈപ്പിൽ നിന്ന് വെള്ളമെടുത്തു കൊണ്ടുവരണം. ബാത്ത് റൂം രണ്ടു വീട്ടുകാർക്കുമുള്ളതാണ്.മഴക്കാലമായാൽ ചോര കുടിയന്മാരായ അട്ടകളും, കാല നേരഭേദമന്യേ വരാവുന്ന ഹിംസ്ര മൃഗങ്ങളും വിഷപ്പാമ്പുകളും.എന്തായാലും ചർച്ച നീണ്ടുപോയി, തർക്കം രമ്യതയിലാവാൻ സമയമേറെ യെടുത്തു. വൈകുന്നേരം നാലരക്ക് ശേഷം ചുരമിറങ്ങാൻ വാഹനം ലഭിക്കില്ലെന്നതിനാൽ അന്നവിടെ തങ്ങേണ്ടി വന്നു. പഞ്ചായത്ത് പ്രസിഡൻറ് താമസ സൗകര്യം പുറത്ത് ഏർപ്പാടാക്കി തന്നു.

പക്ഷേ, അത്താഴം വീട്ടിൽ നിന്നാവണമെന്ന് സുഹൃത്തിനും കുടുംബാംഗങ്ങൾക്കും നിർബന്ധം. നാട്ടിൻപുറ മര്യാദപോലെ, കൂട്ടിലെ കോഴിയെ കൊന്ന് കറി വെച്ചു, ചപ്പാത്തിയും തയ്യാറാക്കി. ഇടുങ്ങിയ അടുക്കളയിൽ ഇതെല്ലാം തയ്യാറാക്കുമ്പോൾ ആ രണ്ട് വലിയ നായ്ക്കളും അവരോട് ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. എൻ്റെ ജീവിതത്തിലെ ആദ്യ അനുഭവം. സത്യം പറഞ്ഞാൽ, ഇടക്കിടെ ശരീരം കുടയുകയും പ്രാണികളെ ഓടിക്കുകയും ചെയ്യുന്ന നായ്ക്കളുടേയും കോഴികളുടേയും ആടുകളുടേയുമിടയിൽ നിന്ന് പാകം ചെയ്ത ഭക്ഷണം എങ്ങനെ കഴിക്കുമെന്നോർത്ത് എനിക്ക്….

ആ വീട്ടുകാരുടെ സ്നേഹോപചാരങ്ങൾ നിഷേധിക്കാനാവാത്തതു കൊണ്ടു മാത്രം അവരുടെ കഥകൾ കേട്ട് എനിക്കവരോട് തോന്നിയ മാനസികമായ അടുപ്പം കൊണ്ട്, അത്താഴം സന്തോഷത്തോടെ കഴിക്കേണ്ടി വന്നു. അത്താഴ ശേഷം വലിയ ബാറ്ററി ടോർച്ചിൻ്റേയും വളർത്തുനായയുടേയും അകമ്പടിയോടെ സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് നടന്നാണ് പോയത്. കാലിനരികിലൂടെ എന്തോ വേഗത്തിൽ ഓടിപ്പോയതു കണ്ട ഞാൻ അറിയാതെ ഒച്ചവെച്ച്, മേൽപ്പോട്ടുചാടി. ശബ്ദം ഉണ്ടാക്കരുത് എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് സുഹൃത്ത് ഇരുട്ടിൽ തേയിലച്ചെടികൾക്കിടയിൽ തിളങ്ങുന്ന ചില കണ്ണുകൾ കാണിച്ചു തന്നു. കാട്ടുമുയലുകൾ. രാത്രിയിൽ അവയിങ്ങനെ ഓടിപ്പായുമത്രേ.. പിന്നെ മുള്ളൻപന്നി തുടങ്ങിയവയും.. കുറച്ചു സമയം രാത്രിയുടെ മനോഹാരിതയിൽ അവിടെ നടന്നു നോക്കണമെന്നുണ്ടായിരുന്നെങ്കിലും പുലിപ്പേടിയിൽ നേരെ റൂമിലേക്ക് പോയി. ഏറ്റവും സുരക്ഷിതമായ ഇടമായിരുന്നിട്ടു കൂടി എനിക്കാ രാത്രിയിൽ ഒരു പോള കണ്ണടക്കാനായില്ല, പാടികളിലെ ജീവിതങ്ങളെക്കുറിച്ചോർത്ത്, പുലർച്ചെ എപ്പൊഴോ ഒന്നു മയങ്ങി. ഉണർന്ന് ഫ്രഷായി ഇറങ്ങിയപ്പൊഴേക്കും എല്ലാവരും പണിക്കിറങ്ങിയിരുന്നു. ആരോടും നേരിട്ട് യാത്ര പറയാതെ ആദ്യ ബസ്സിന് ഞാനും ചുരമിറങ്ങി…

പ്രകൃതിദുരന്തങ്ങളും, ബ്ലേഡ് പലിശക്കാരുടേയും തോട്ടമുടമകളുടേയും ചൂഷണങ്ങളും, ഏറ്റുവാങ്ങേണ്ടി വരുന്ന അവരുടെ ജീവിതാനുഭവങ്ങൾ ഈ രാജമല പെട്ടിമട ദുരന്തത്തിലും എൻ്റെ ഉറക്കം കെടുത്തുന്നു. അവരുടെ ദുരിതത്തിൽ ഒരു കൈ സഹായമെത്തിക്കാൻ പോലുമാവാത്ത ഞാനൊക്കെ എന്തൊരു മനുഷ്യനാണ്. അവരുടെ ജീവൻ രക്ഷിക്കാനും തുടർ പ്രവർത്തനങ്ങൾക്കും മുന്നിൽ നിൽക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങൾക്ക് സ്നേഹാദരങ്ങൾ.