ഒരുപാട് പെൺകുട്ടികൾക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും കൊടുക്കുന്നിടത്താണ് നിമിഷയുടെ വിജയം

0
385

മേഘ മയൂരി

നിമിഷ സജയൻ്റെ ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും നിമിഷയ്ക്കെതിരെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി നിറയുന്നു… അത് തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി മംഗല്യം തന്തു നാനേന, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട് എന്നിവയൊക്കെ കഴിഞ്ഞ് മാലികിനു ശേഷവും തുടരുന്നു… ചിരിക്കാത്ത നടി, എപ്പോഴും വിയർത്തൊഴുകുന്ന മുഖം, ഇരുണ്ട നിറം, മേക്കപ്പില്ലാത്ത നടി, എല്ലാ സിനിമകളിലും ഒരേ അഭിനയം,…  ഇതൊക്കെയാണ് നിമിഷയ്ക്കെതിരെയുള്ള വിമർശനങ്ങൾ…  ഇതിനെയൊക്കെ വിമർശനമെന്നതിനേക്കാളുപരി വ്യക്തിഹത്യ എന്നു പറയുന്നതാവും ഉചിതം..

വിമർശനവും വ്യക്തിഹത്യയും രണ്ടാണ്… അഭിനേതാക്കളുടെ അഭിനയമാണല്ലോ നോക്കേണ്ടത്… കഥാപാത്രത്തെ എത്രത്തോളം ഉൾക്കൊള്ളുന്നു എന്നതല്ലേ ഒരു വിമർശനത്തിൻ്റെ അളവുകോൽ.. അഭിനയത്തിലെ പോരായ്മകൾ, ലോജിക്കില്ലായ്മ….. ഇവയൊക്കെയല്ലേ വിമർശിക്കപ്പെടേണ്ടത്.. അല്ലാതെ അഭിനേതാവിൻ്റെ നിറത്തെയും സൗന്ദര്യത്തെയും പരിഹസിച്ചു കൊണ്ട് അഭിനയത്തെ അളക്കുന്നതെന്തിനാണ്?

Thondimuthalum Driksakshiyum' (Evidence and the Eyewitness) review – The  film you must watch. | DavidandStan Moviesഇന്നും മലയാളികളുടെ മനസിലെ നായികാസങ്കൽപം എന്നത് നല്ല വെളുത്തു മെലിഞ്ഞ, നിലാവു പൊഴിക്കുന്ന ചിരിയുള്ള, സ്ക്രീനിൽ കണ്ടിരിക്കാൻ പറ്റുന്ന നായികയായിരിക്കണം. അഭിനയിക്കാനൊന്നുമറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല.. കണ്ണിനു കുളിർമ നൽകുന്നതായിരിക്കണം.. വെണ്ണക്കല്ലിൽ കൊത്തിയ പോലെയുള്ള ശിൽപങ്ങളായിരിക്കണം… മുഴുതിങ്കൾ മുഖമായിരിക്കണം…അല്ലാത്തവരെ നായികയായി അംഗീകരിക്കാൻ കുറച്ചു പ്രയാസമാണ്… കാലങ്ങളായി സോഷ്യൽ കണ്ടീഷണിംഗ് ചെയ്തു വന്ന ക്ലീഷേ സങ്കൽപങ്ങൾ…

തനിക്കു കിട്ടിയ ഓരോ കഥാപാത്രത്തെയും മിതമായ രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാറുണ്ട് നിമിഷ.. അതിഭാവുകത്വമോ കൃത്രിമത്വമോ ഇല്ലാത്ത വിധത്തിൽ തന്നെ കൊണ്ടാവും പോലെ.. നൂറു ശതമാനവും കഥാപാത്രത്തോടു നീതി പുലർത്തി റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു… ഓരോ സിനിമ കഴിയുമ്പോഴും തന്നിലെ അഭിനേതാവിനെ പാകപ്പെടുത്തിയെടുക്കുന്നുമുണ്ട്…കഥാപാത്രം തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ ചെലുത്താറുണ്ട്… ആ കഥാപാത്രങ്ങൾ എന്തെങ്കിലുമൊക്കെ അടയാളപ്പെടുത്താറുമുണ്ട്..

നിമിഷയുടെ ചിരിക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നിയിട്ടില്ല….. ഭംഗിയില്ലാത്ത പല്ലുകളോ ചിരിയോ അല്ല…ചിരിക്കുന്ന കഥാപാത്രങ്ങളിൽ നിമിഷ കരയാറില്ല… ചിരിക്കേണ്ട കഥാസന്ദർഭത്തിൽ മാത്രമല്ലേ ചിരിക്കേണ്ടതുള്ളൂ… അല്ലാതെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും കരയുന്ന സന്ദർഭങ്ങളിലും ഒക്കെ ചിരിച്ചു കൊണ്ടിരിക്കാൻ പറ്റുമോ?

ഒരു നായികയുടെ ചിരിയെന്ന് പറഞ്ഞാൽ, ചിരി കണ്ടാൽ കാണുന്നവർക്ക് കടിച്ചു തിന്നാൻ തോന്നണമത്രേ… കടിച്ചു തിന്നാൻ തോന്നിയില്ലെങ്കിൽ പിന്നെ അവർക്കൊന്നും നായികയായിക്കൂടാ… അവർക്ക് നായികയുടെ കൂട്ടുകാരിയാവാനോ നായകൻ്റെ പെങ്ങളാകാനോ ഒക്കെയുള്ള യോഗ്യത മാത്രമേയുള്ളൂ… അതുമല്ലെങ്കിൽ വില്ലത്തി റോളു തരാം… ഇരുണ്ട നിറമുള്ളവർക്കൊക്കെ അതൊക്കെ തന്നെ ധാരാളം……സ്വന്തം നിലവാരം നോക്കി മാത്രം നിമിഷ റോളുകൾ തിരഞ്ഞെടുത്താൽ മതി…. എന്നൊക്കെയാണ് ഈ സിനിമാപ്രേമികളുടെയൊക്കെ സൗജന്യ ഉപദേശം….

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ……………….”കണ്ണിലെ പൊയ്കയിൽ… “എന്ന ഗാനത്തിൽ കലുങ്കിൻ മുകളിൽ ഇരിക്കുന്ന സുരാജ് വെഞ്ഞാറമൂടിനെ നോക്കി ഓട്ടോയിൽ ഇരുന്നു കൊണ്ട് നിമിഷ ചിരിക്കുന്ന സീൻ… അത് പ്രസാദിൻ്റെ നെഞ്ചിൽ മാത്രമല്ല… ഓരോ മലയാളിയുടെയും ഹൃദയത്തിൽ കൂടി കുടിയേറുന്ന ചിരി തന്നെയാണ്…. എന്നിട്ടാണോ ചിരിക്കാത്ത നടി എന്ന് നിമിഷയെ വിമർശിക്കുന്നത്?

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ സിനിമകളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ നിമിഷയ്ക്ക് അഭിനയിക്കാനറിയില്ല എന്ന് വിമർശകർ വിധിയെഴുതുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണാവോ? ഒരുപാട് പുരസ്ക്കാരങ്ങൾ നേടിയ നിമിഷ സജയന് ചിരിക്കേണ്ട സിനിമകൾ ലഭിച്ചാൽ വീണ്ടും ചിരിച്ചു കൊണ്ടഭിനയിക്കും..

ഇരുണ്ട നിറമുള്ള ഒരു പാട് നടിമാർ പണ്ടും സിനിമകളിൽ നായികമാരായിട്ടുണ്ട്…ശാരദ, രോഹിണി, നന്ദിതാ ദാസ്, ഭാനുപ്രിയ,നവ്യ നായർ,… എന്നിങ്ങനെ… പക്ഷേ അവർക്കൊന്നും നിമിഷ സജയനെ പോലെ ബോഡി ഷെയിമിംഗും സ്കിൻ ടോണിൻ്റെ പേരിലുള്ള റേസിസ്റ്റ് വിമർശനങ്ങളും ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല.. ചിലപ്പോൾ അവരുടെ കാലഘട്ടത്തിലൊന്നും സോഷ്യൽ മീഡിയയുടെ അവഹേളനങ്ങൾ ഇല്ലാത്തതും ആവാം കാരണം…

രണ്ട് കിച്ചൻ കാരണമാണ് നിമിഷ കൂടുതൽ വിമർശിക്കപ്പെടുന്നതെന്ന് തോന്നുന്നു.. ഒന്ന് ആനീസ് കിച്ചനും… രണ്ടാമത്തേത്.. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും.നായകൻ്റെ പിന്നിൽ നിൽക്കുന്ന, നായകൻ്റെ നിഴലായി മാത്രം കാണപ്പെടുന്ന, ഗാനരംഗങ്ങളിലും അപ്രധാന രംഗങ്ങളിലും മാത്രം ആവശ്യമുള്ള നായികമാരെ മാറ്റി നായികാ പ്രാധാന്യമുള്ള സിനിമകളിലേക്ക് സ്ത്രീ കഥാപാത്രങ്ങളെ തിരിച്ചെത്തിച്ച നടിമാരിൽ ഒരാളാണ് നിമിഷ സജയൻ….സ്വാഭാവിക കഥാപാത്രങ്ങളെ മേക്കപ്പില്ലാതെയും അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കും എന്ന് തെളിയിച്ച നടിമാരിലൊരാൾ…

ഭൂരിഭാഗവും വരുന്ന സാധാരണ മലയാളി പെൺകുട്ടികളെയാണ് നിമിഷ പ്രതിനിധീകരിക്കുന്നത്…. സ്ക്രീനിൽ കാണാൻ സാധിക്കുന്നതും ഒരു ശരാശരി മലയാളി പെൺകുട്ടിയെയാണ്…ഒരു പാട് പെൺകുട്ടികൾക്ക് പോസിറ്റീവ് വൈബും പ്രോത്സാഹനവും ആത്മവിശ്വാസവും കൊടുക്കുന്നിടത്താണ് നിമിഷയുടെ വിജയം.. നായികയെന്നാൽ ഇങ്ങനെയായിരിക്കണം എന്ന പൊതു സമൂഹത്തിൻ്റെ തെറ്റായ കാഴ്ചപ്പാടുകളെ പൊളിച്ചെഴുതിയ വ്യക്തിത്വം….