മേഘമല്‍ഹാര്‍ – കഥ – മനാഫ് മന്‍

1193

Akbar_and_Tansen_visit_Haridas

‘താന്‍സന്‍ ഒന്നും പറഞ്ഞില്ല… അതല്ല നാം ചോദിച്ചത് മനസ്സിലാകാത്ത ഭാവം നടിക്കുകയാണോ..?”

താന്‍സെന്‍ മന്ത്രിയെ ഒന്ന് നോക്കി..അയാളുടെ കണ്ണുകളില്‍ എന്തോ ഒന്നുണ്ട് എന്ന് സ്വന്തം പത്‌നി പറഞ്ഞത് മന്ത്രി ഓര്‍ത്തു.. അത് പറഞ്ഞ സമയത്ത് അവളില്‍ ഒരു പ്രണയ ഭാവം വിടരുന്നത് മന്ത്രിക്കത്ര ഇഷ്ടമായിരുന്നില്ല.. പക്ഷെ ഇപ്പോള്‍ അയാളുടെ മനസ്സും പറഞ്ഞു. എന്ത് ഭംഗിയാണീ കണ്ണുകള്‍ ! നിഷ്‌കളങ്കമാണ് അതോടൊപ്പം കലയും, കാമവും നിറഞ്ഞതും..

രാജ പത്‌നി ഏതോ കണ്ണുകളെന്ന പോല്‍ വര്‍ണ്ണിച്ചെഴുതിയ കാവ്യം എല്ലാവരും പുകഴ്ത്തിയപ്പോള്‍ കൊട്ടാരം വിദൂഷകന് അതില്‍ അപകടം മണത്തു.. മന്ത്രിയിലെത്തിയ ആ അപകടം രഹസ്യ നിരീക്ഷണം വഴി സ്ഥിരീകരിക്കപ്പെട്ടു.. രാജപത്‌നിക്ക് അവിഹിത ബന്ധം.. കൊട്ടാരം ഗായകന്‍ താന്‍സനുമായി.. രാജ പത്‌നിയുടെ തോഴി ഹുസൈനിയാണ് മധ്യസ്ഥ..

” ഞാന്‍ എതിര്‍ക്കുന്നില്ല പ്രഭോ ! അങ്ങ് പറഞ്ഞത് ശരിയാണ്..” മന്ത്രിയെ നോക്കി താന്‍സന്‍ പറഞ്ഞു..

” രാജപത്‌നിയുമായുള്ള അവിഹിത ബന്ധം മരണമാണെന്ന് അറിയില്ലേ താന്‍സന് ?”

” മരണം… വിധിക്കപ്പെട്ടവനെ അത് തേടിയെത്തും പ്രഭോ ! അത് പ്രണയത്തിന്റെ പേരിലാണെങ്കില്‍ അത് പോലെ മനോഹരം മറ്റെന്തുണ്ട് !”

” താന്‍സന്‍ ..പ്രണയം നിന്റെ ബുദ്ധിയെ മരവിപ്പിച്ചോ..?”

” ഒരിക്കലുമില്ല പ്രഭോ ! പ്രണയം മഴ പോലെ പെയ്ത ജീവിതമാണ് ഈയുള്ളവന്റെത്, പക്ഷെ അങ്ങ് വിശ്വസിക്കുമോ , ഒരാളുടെ പുറകെയും ഞാന്‍ നടന്നിട്ടില്ല.. എന്റെ വിധി എന്നിലേയ്ക്ക് കൊണ്ട് വരുന്നവരെ ആട്ടിയകറ്റാന്‍ ഞാനാര് ? രാജ പത്‌നിയുടെ പ്രണയം ഞാന്‍ ഭയന്നതാണ്.. പക്ഷെ , ഒരു ഭയവും പ്രണയത്തെ അകറ്റില്ലെന്നു എന്റെ ജീവിതം തന്നെ സാക്ഷി..”

മന്ത്രി ഒന്നും മിണ്ടാതെ താന്‍സനെ തന്നെ നോക്കി നിന്നു..

” എനിക്കഭയം തന്ന അങ്ങ് തന്നെ എന്റെ തല എടുക്കുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ..സദയം അത് ചെയ്താലും..”

മന്ത്രി താന്‍സനെ ഒന്ന് തലോടി നടന്നു നീങ്ങി..അയാളുടെ മനസ്സില്‍ അപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് രേവയിലെ മഹാരാജാവായ രാജാ രാമചന്ദ്രബാംഖേലിന്റെ മന്ത്രിയും തന്റെ സുഹൃത്തുമായ രാമകൃഷ്ണയുടെ വായിച്ച ഒരു കത്തായിരുന്നു..

” ഇവിടൊരു കൊട്ടാരം ഗായകനുണ്ട്.. മകരന്ദപാണ്ഡേയുടെ പുത്രന്‍…വൃന്ദാവനത്തിലെ സംഗീതാചാര്യനായ സ്വാമി ഹരിദാസിന്റെ ശിഷ്യന്‍… പേര് താന്‍സന്‍..ഗാനാലാപനം മാത്രമല്ല രചനയും ഉണ്ട്… ഒരു കവിത അയക്കുന്നു.. വായിച്ചു നോക്കുക..”

ആ കവിത നോക്കിയ മന്ത്രി ഞെട്ടുക തന്നെ ചെയ്തു.. സുഗന്ധം ഉള്ള വരികള്‍.. എഴുത്തില്‍ ഒരാളുടെ ആത്മാവ് ഉണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷം.. താന്‍സനെ ഗ്വാളിയര്‍ രാജാവായ മാന്‍സിങ് തൊമറിന്റെ കൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെട്ടു..താന്‍സനെ കാണുമ്പോള്‍ എന്തോ ഒരു സന്തോഷം ഉണ്ടെന്നു തോന്നി.

” ഏറെ കാത്തിരുന്നാണ് ഞാന്‍ ജനിച്ചത്. സൂഫി മുഹമ്മദ് ഗൗസിന്റെ പ്രാര്‍ത്ഥനയാല്‍.. കാത്തിരിപ്പിന്റെ ആ സന്തോഷം കൈമാറി വരുന്നതാകാം.” എന്ന് മാത്രം താന്‍സെന്‍ മൊഴിഞ്ഞു..

രാജ പത്‌നി അമിതമായി താന്‍സന്റെ കാവ്യ സദസ്സിനു താല്പര്യം കാണിക്കുന്നു എന്ന രഹസ്യ വിവരം അവഗണിച്ചു തള്ളിയതാണ്.. പക്ഷെ..പക്ഷെ ഇപ്പോള്‍.. ഈ പ്രണയം..! മന്ത്രി ആകെ അസ്വസ്ഥനായി .

ഈ സമയം താന്‍സന്‍ തന്റെ മട്ടുപ്പാവില്‍ നിന്നും അകലെയുള്ള റാണി മൃഗനയിനിയുടെ മാളികയെ നോക്കി.. മരണം ആണത് ! ഏതു നിമിഷവും സംഭവിക്കാം.. ആരുമറിയാതെ പലവുരു താന്‍ റാണിയെ കണ്ടിരിക്കുന്നു.. ഹുസൈനിയുടെ സഹായത്താല്‍..

” റാണി സ്‌നേഹിക്കുന്നത് എന്താണ്.. എന്നെയോ ? എന്റെ സംഗീതമോ ? കാവ്യങ്ങളോ..?”

” എനിക്കറിയില്ല.. നീയുള്ളപ്പോള്‍ എന്തോ ഉള്ളത് പോലെ… നീ ഇല്ലാത്തപ്പോള്‍ എന്തുണ്ടായിട്ടും ഇല്ലാത്തതു പോലെ..”

” ഈ മനസ്സ് മാറില്ലേ..? അപ്പോള്‍ ഇതൊക്കെ മറക്കില്ലേ..?”

” മാറിയേക്കാം..പക്ഷെ എന്റെ ജീവിതത്തില്‍ നീ ഒരു പ്രത്യേക സ്ഥാനം അലങ്കരിക്കും താന്‍സന്‍ ”

” ചിന്തയിലാണോ പ്രിയ ഗായകാ..?”

താന്‍സന്‍ തിരിഞ്ഞു നോക്കി ഹുസൈനയാണ്.. പ്രിയ തോഴി.. കൊട്ടാരം വൈദ്യര്‍ ഫാറൂഖിയുടെ മകള്‍..

” റാണി കല്പനയുണ്ട് ഒരു കൂടിക്കാഴ്ച..”

” മരണവും ഒരു കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നു..മന്ത്രി എന്നോട് നേരിട്ട് ചോദിച്ചു..”

ഹുസൈനി ഞെട്ടി..

” അല്ലാഹ് ! എന്നിട്ട് ?”

” കടമയും , ഇഷ്ടവും കയ്യിലേന്തിയപ്പോള്‍ ഇഷ്ടത്തിന് മുന്‍തൂക്കം.. മരണം തല്ക്കാലം ഒഴിഞ്ഞു..”

ഹുസൈനി ശരം വിട്ടത് പോലെ ഓടി..റാണിയോട് വിവരം പറഞ്ഞു.. വരും വഴിക്ക് അറിഞ്ഞു രാജ കിങ്കരന്മാര്‍ താന്‍സനെ പിടിച്ചു കൊണ്ട് പോയെന്ന്..

രാജ സദസ്സില്‍ രാജാവും , മന്ത്രിയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും , വിദൂഷകനും ഹാജരുണ്ട്..

” മരിക്കും മുന്‍പ് ഒരു സംഗീത സദസ്സാകാം.. എല്ലാവരും ഹാജരാകട്ടെ..”

റാണിയുള്‍പ്പെടെ ഉള്ള സദസ്സ് നിറഞ്ഞു.. ഹുസൈനിയെ കാണാനില്ല.. മരണഭയം റാണിയെ പൊതിഞ്ഞതിനാലാവണം പതിവ് പോലെ ആ മുഖത്ത് പ്രണയ ഭാവം കണ്ടില്ല.. റാണിക്ക് രാജന്‍ മാപ്പു നല്‍കിയെന്ന് മന്ത്രി സൂചന നല്‍കി. പ്രണയവും മരണവും , കൊട്ടാര സുഖങ്ങളും ഒരുമിച്ചു വന്നപ്പോള്‍ റാണീ പദവി ഏറെ പ്രിയപ്പെട്ടതായിക്കാണണം..

താന്‍സന്‍ പാടി..മേഘമല്‍ഹാര്‍..പതിയെ തുടങ്ങി അതൊരു വല്ലാത്ത തലത്തിലേക്കെത്തി.. അതീവ ഗൗരവത്തില്‍ ഇരുന്ന രാജാവിന്റെ മനസ്സ് ശാന്തമായി.. പുറത്ത് ആകാശത്ത് കാര്‍മേഘങ്ങള്‍ നിറയാന്‍ തുടങ്ങി.. മെല്ലെ മെല്ലെ മഴ പെയ്തു…നിറഞ്ഞു ഒഴുകുന്ന മഴ.. നിറഞ്ഞൊഴുകുന്ന താന്‍സന്റെ മിഴികള്‍.. ഏതോ ഒരു ഹൃദയം തന്റെ അടുത്തിരുന്നു തേങ്ങുന്നതായി താന്‍സനു തോന്നി..

മഴ പെയ്‌തൊഴിഞ്ഞതും താന്‍സന്‍ രാജാവിനെ നോക്കി..ആ മുഖത്ത് ശാന്തത.. പെട്ടെന്നാണ് രാജാവ് ആരെയോ നോക്കുന്നതായി താന്‍സന്‍ കണ്ടത്.. സദസ്സിലേക്ക് കടന്നു വരുന്ന ഒരു ദൂതന്‍..അത് അക്ബര്‍ ചക്രവര്‍ത്തിയുടെ ദൂതന്‍ ഗംഗാനാഥന്‍ ആയിരുന്നു..

‘ഗ്വാളിയര്‍ താന്‍സന്‍ സംഗീത് സമാരോഹ്’

ന്യൂസ് പേപ്പറിലെ ആ ആ വലിയ പരസ്യം നോക്കി പദ്മിനി വായിച്ചു..

” എന്താ പപ്പാ നീ ഇത് എത്രാമത്തെ പ്രാവശ്യമാണ് വായിക്കുന്നത് ?”

ആതിര കളിയാക്കി.. പദ്മിനി ചിരിച്ചു.. ഡിസംബര്‍ ആയതിനാല്‍ നല്ല തണുപ്പുണ്ട്.. ഹോട്ടലിലെ മുറിയിലെ വലിയ ജനാലയ്ക്കരികെ ഇരുന്നു പദ്മിനി പുറത്തേയ്ക്കു നോക്കി..പുറത്തു നല്ല മഞ്ഞുണ്ട്.. കേരളത്തില്‍ നിന്നുള്ള സംഗീത വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. താന്‍സന്റെ ശവകുടീരത്തിനരികെ എല്ലാവര്‍ഷവും മഞ്ഞുകാലത്ത് നടത്തുന്ന സംഗീതമഹോത്സവത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍..താന്‍സനെ കുറിച്ചുള്ള ഒരു പുസ്തകം വായിക്കുകയായിരുന്നു ആതിര.. പദ്മിനി ആകട്ടെ പതിവ് പോലെ എല്ലാം തന്റെ മനസ്സില്‍ ഇട്ടു ഒരു സിനിമ പോലെ കാണുകയും ചെയ്യുന്നു..

എന്നിട്ട് അക്ബര്‍ ചക്രവര്‍ത്തി താന്‍സനെ എന്ത് ചെയ്തു..? പദ്മിനി ചോദിച്ചു

”പുള്ളി താന്‍സനെ ആസ്ഥാന ഗായകരില്‍ ഒരാളാക്കി.. അവിടെ ആള്‍റെഡി 34 പേരുണ്ടായിരുന്നു.. അവമ്മാര്‍ക്കതു പിടിച്ചില്ല , താന്‍സനു എന്താ ഇത്ര പ്രത്യേകത എന്നവര്‍ ചോദിച്ചു.. പലരും പലതും പറഞ്ഞു താന്‍സനെ അപമാനിച്ചു.. ആ വേദനയില്‍ താന്‍സന്‍ പാടിയപ്പോള്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന വിളക്കിലെ തിരിയൊക്കെ സ്വയം കത്തിയത്രെ.. ഉം.. അല്പം അവിശ്വസനീയമാണ് അല്ലെ..?”

പദ്മിനി അത് വിശ്വസിക്കാനാണ് ഇഷ്ടപ്പെട്ടത്.. താന്‍സന്‍ പാടുന്നു..തിരിനാളങ്ങള്‍ സ്വയം കത്തുന്നു.. ആ ദൃശ്യത്തിന്റെ സൗന്ദര്യം അവളുടെ മനസ്സിനെ സന്തോഷിപ്പിച്ചു..

”ഏതാണ്ട് 26 വര്‍ഷങ്ങള്‍ താന്‍സന്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സിനെ അലങ്കരിച്ചു.. നവരത്‌നങ്ങളില്‍ ഒരാളായി ബഹുമാനിക്കപ്പെട്ടു.. ആള് പിന്നെ സൂഫിസത്തിലെത്തി..മരണ സമയത്ത് ചക്രവര്‍ത്തി താന്‍സന്റെ അരികില്‍ ഉണ്ടായിരുന്നു..”

”താന്‍സന്‍ താങ്കള്‍ എന്നെ വിട്ടു പോവുകയാണോ..?”

” അല്ല ചക്രവര്‍ത്തി..എന്നെ വിട്ടു പോയവരെ തേടി പോവുകയാണ്.. അവിടെ ഞാന്‍ താങ്കള്‍ക്കായി കാത്തിരിക്കും..”

അതും പറഞ്ഞു താന്‍സെന്‍ ആ കിടന്ന കിടപ്പില്‍ പുറത്തേയ്ക്കു നോക്കി അവിടെ തിമര്‍ത്തു പെയ്യുന്ന രാത്രി മഴ..

”മഴയുടെ കൂട്ടുകാരന് വേണ്ടി കാലം തെറ്റി വന്ന മഴ കരയുകയാണല്ലോ..?”

” അല്ല മഹാരാജന്‍, ആ മഴയില്‍ നനഞ്ഞു കുതിര്‍ന്നു അവളുണ്ട്.. എന്റെ പെണ്ണ്..അവള്‍ക്കെന്നെ വേണമെന്നുണ്ട്.. പക്ഷെ ഞാന്‍ മരണ വേദന സഹിക്കുന്നതില്‍ അവള്‍ക്കു സങ്കടവും ഉണ്ട്.. എന്റെ പെണ്ണിന്റെ കണ്ണിലെ മഴ മാത്രമേ ഇപ്പോള്‍ ഞാന്‍ കാണുന്നുള്ളൂ..”

.അതേതു പെണ്ണാണ്…? ആ ഭാഗ്യം ചെയ്ത പെണ്ണ് ? ചോദ്യം ഉയര്‍ന്നത് പദ്മിനിയുടെ മനസ്സിലാണ്.. ഉത്തരം ലഭിച്ചതാകട്ടെ താന്‍സന്റെ ഖബറിന്റെ അടുക്കല്‍ നിന്നു വൃദ്ധയായ ഒരു പഴയ ഗൈഡില്‍ നിന്ന്..

ആളുകള്‍ ആ ഖബറിനടുത്തു നില്ക്കുന്ന പുളിമരത്തിന്റെ ഇല ചവക്കുന്നു..സ്വരശുദ്ധിക്ക് അത് നല്ലതാണെന്നാണ് വിശ്വാസം..ആതിര കുറെ എടുത്തു ചവച്ചു തിന്നു.. പിന്നെ മറ്റിടങ്ങള്‍ നോക്കാന്‍ നടന്നു നീങ്ങി..പദ്മിനി ആ ഇല മണത്തു നോക്കി.. അതിനു ഒരു പ്രത്യേക സുഗന്ധമുണ്ടെന്നു അവള്‍ക്കു തോന്നി..

കുറച്ചകലെ സംഗീതോത്സവത്തില്‍ ആരോ ഒരാള്‍ മേഘമല്‍ഹാര്‍ ആലപിക്കുന്നു.. പദ്മിനി മെല്ലെതാന്‍സന്റെ ഖബറിന്റെ അടുത്തു ചെന്നിരുന്നു.. അവള്‍ ആ ഇല മെല്ലെ തന്റെ നെഞ്ചോട് ചേര്‍ത്ത് വെച്ചു..അപ്പോള്‍ ഗ്വാളിയര്‍ രാജാവായ മാന്‍സിങ് തൊമറിന്റെ സദസ്സിനെ പദ്മിനി കണ്ടു..അവിടെ അതാ മരണം മുന്നില്‍ കണ്ടു താന്‍സന്‍ പാടുന്നു ! താന്‍സനൊപ്പം വേറെ ഏതോഒരു ഹൃദയം തേങ്ങുന്നത് പദ്മിനി അറിയുന്നു.. അവള്‍ ആ തേങ്ങല്‍ തേടി നടന്നു… കുറച്ചകലെ ഒരു മുറിയില്‍ പൊട്ടിക്കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഹുസൈനി..! തന്റെ ജീവന്‍ എടുത്ത് പകരം താന്‍സന് ജീവന്‍ നല്‍കാന്‍ അവള്‍ പ്രാര്‍ത്ഥിക്കുന്നു..

അക്ബര്‍ ചക്രവര്‍ത്തിയുടെ ദൂതന്റെ രൂപത്തില്‍ ജീവന്‍ നല്‍കപ്പെട്ട താന്‍സന്‍ ഹുസൈനിയോട് യാത്ര പറയാന്‍ വരുന്നു.. അവളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു..അറിയാതെ പോകുമായിരുന്ന ഒരനുരാഗം അവിടെ തിരിച്ചറിയപ്പെടുന്നു..

വര്‍ഷങ്ങള്‍ക്കിപ്പുറം അക്ബര്‍ ചക്രവര്‍ത്തി സമ്മാനം നല്‍കിയ ഭൂമിയിലെ ഒരു പുളി മരത്തിന്റെ അടിയില്‍ ഇരിക്കവേ അതില്‍ നിന്നും വീണ ഇല എടുത്ത് താന്‍സന്‍ നെഞ്ചോടു ചേര്‍ത്തു..

”മരിക്കും മുന്‍പ് ഏറെ നാള്‍ ഹുസൈനി ഇരുന്ന സ്ഥലമാണിത്.. ഇതില്‍ അവളുടെ ഗന്ധമുണ്ട്..”

ആ ഇല പണ്ട് ഹുസൈനി എടുത്തു നെഞ്ചോടു ചേര്‍ത്തു.

”താന്‍സന്റെ ഗാനം കേള്‍ക്കാന്‍ ഞാന്‍ വരുന്ന സ്ഥലമാണിത്..ഈ ഇലകള്‍ക്ക് താന്‍സന്റെ ഗാനമേറ്റ ഗന്ധമുണ്ട്..”

നൂറ്റാണ്ടുകള്‍ കഴിഞ്ഞു പോകുന്നു.. ആളുകള്‍ വരുന്നു, പോകുന്നു, അധിക പേരും ആ ഇലകള്‍ ചവച്ചു സ്വരശുദ്ധി വരുത്താന്‍ ശ്രമിക്കുന്നു…

ചിലര്‍ മാത്രം..അതെ ചിലര്‍ക്ക് മാത്രം, പദ്മിനിയെ പോലെ ആ ഇല ആ ഇലകള്‍ നെഞ്ചോടു ചേര്‍ത്തു വെക്കാന്‍ തോന്നുന്നു..

അവര്‍ക്കു മാത്രമായി താന്‍സന്‍ വീണ്ടും മേഘമല്‍ഹാര്‍ ആലപിക്കുന്നു..
അവര്‍ക്കു ചുറ്റുമായി മാത്രം മഴ പെയ്യുകയും ചെയ്യുന്നു..!