വകതിരിവ് വട്ടപ്പൂജ്യം
Mejo Lukose
ഗുരുതരമായ ചർമ്മ രോഗത്തിന് ചികിത്സ തേടി നടി സാമന്ത അമേരിക്കയിലേക്ക് എന്ന മനോരമയിലെ വാർത്തയുടെ അടിയിൽ വന്ന കമൻറുകൾ ആണ് പോസ്റ്റിന് ആധാരം. വാർത്തയുടെ ആധികാരികതയും ന്യൂസ് വാല്യുമൊക്കെ അവിടെ നിൽക്കട്ടെ. ഒരാൾക്ക് അസുഖം എന്നുള്ള വാർത്തയായി മാത്രം അതിനെ പരിഗണിക്കാം. ആ വാർത്തയ്ക്ക് ചിരിക്കുന്ന ഇമോജികൾക്ക് പുറമേ നടിക്ക് വളം കടിയും വരട്ടുചൊറിയുമോക്കെ ആണെന്നും നടി ഫുൾ പ്ലാസ്റ്റിക് ആണെന്നും ഒക്കെയാണ് കമൻറുകൾ. ഒന്ന് രണ്ട് കമന്റുകൾ മാറ്റി നിർത്തിയാൽ പുച്ഛവും കളിയാക്കലുകളും ആണ് മുഴുവൻ.
ഇനി ഒരു വിരോധാഭാസം പറയാം. മറ്റുള്ളവരുടെ അസുഖങ്ങളെയൊക്കെ നിസാരവൽക്കരിക്കുന്ന ഇവർക്ക് എന്തെങ്കിലും അസുഖം വന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന് നേരിട്ട് അറിയാം.കുളിക്കുമ്പോൾ നാലു മുടിയിഴകൾ കൂടുതൽ കൊഴിഞ്ഞാൽ കരഞ്ഞു കരഞ്ഞു ബോധം കെടുകഅരമണിക്കൂർ സൂര്യപ്രകാശം കൊണ്ടതിന്റെ പേരിൽ കറുത്ത് പോയെന്നു പറഞ്ഞ് ഗ്ലൂട്ടത്തയോൺ ചോദിച്ചു നാടുമുഴുവൻ നടക്കുക
ജീവിതത്തിൽ ആദ്യമായി അടുപ്പിച്ച് മൂന്നുതവണ തുമ്മി എന്ന് പറഞ്ഞ് ഐസിയു ബെഡിന് വേണ്ടി ഡോക്ടർമാരായിട്ട് അടി ഉണ്ടാക്കുക തുടങ്ങിയ പല പരിപാടികളാണ് ഇവർക്ക്.
പക്ഷേ മറ്റുള്ളവർക്ക് എന്തെങ്കിലും അസുഖം ഉണ്ടെന്ന് പറഞ്ഞാൽ ഇതൊക്കെ ഒരു പ്രശ്നമാണോ ഇതൊക്കെ ഒരു വാർത്തയാണോ എന്ന് ചോദിക്കുന്നവരിൽ ഇവർ മുൻപിൽ കാണും. ഇങ്ങനെയുള്ളത് വാർത്ത ആക്കുന്നതിനോട് നിങ്ങൾക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ അത് വാർത്ത ഏജൻസിയെ അറിയിക്കുക. അതല്ല ഇങ്ങനെയുള്ള വാർത്തകൾ നിങ്ങൾക്ക് കാണാൻ താല്പര്യം ഇല്ലെങ്കിൽ അതിന് സോഷ്യൽ മീഡിയയിൽ മറ്റു മാർഗ്ഗങ്ങളുമുണ്ട്.
ഇതൊന്നുമല്ലാതെ ഒരാളുടെ അസുഖത്തെ കളിയാക്കാനോ വിമർശിക്കാനോ നിങ്ങളാരുമല്ല. മറ്റൊരാളുടെ അസുഖം നിങ്ങൾക്ക് നിസ്സാരമായിരിക്കാം പക്ഷേ അയാൾക്ക് നിസ്സാരമാവണമെന്നില്ല.അസുഖം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. നിങ്ങൾക്ക് അസുഖം വന്നാൽ ആഹ ബാക്കിയുള്ളവർക്ക് അസുഖം വന്നാൽ ഓഹോ എന്ന നിലപാട് മാറ്റാൻ ശ്രമിക്കുക.