ജയകൃഷ്ണന് രാധയെങ്കിൽ, ക്ലാരയ്ക്ക് മോനി ജോസഫ്!

60
Melwin Paul
ജയകൃഷ്ണന് രാധയെങ്കിൽ, ക്ലാരയ്ക്ക് മോനി ജോസഫ്!
‘തൂവാനത്തുമ്പിക’ ളിൽ ഇടവേളയ്ക്ക് ശേഷം പത്മരാജൻ ക്ലാരയുടെ വാക്കുകളിലൂടെ പ്രേക്ഷകനെ പരിചയപ്പെടുത്തുന്ന സമ്പന്നനായ ‘widower’. ജയകൃഷ്ണനെക്കുറിച്ച് എല്ലാമറിയുന്ന രാധ ജയകൃഷ്ണനെ സ്വീകരിക്കുന്നതുപോലെ, ക്ലാരയെക്കുറിച്ചുള്ള എല്ലാം മനസ്സിലാക്കിയിട്ടുള്ള മോനി ജോസഫ് ക്ലാരയെ തൻ്റെ ജീവിതയാത്രയിൽ കൂടെക്കൂട്ടുന്നു. എൻ്റെ വീക്ഷണത്തിൽ രാധയുടെ കഥാപാത്രത്തെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്, സോമൻ എന്ന പ്രഗത്ഭനായ അഭിനേതാവ് ജീവൻ നൽകിയ ‘മോനി ജോസഫ്’ എന്ന കഥാപാത്രത്തെയാണ്; കാരണം, ക്ലാരയെ മറഞ്ഞു നിന്നു മാത്രം കാണാൻ തയ്യാറുള്ള രാധയിൽ നിന്നും, അഭിനന്ദനാർഹമായ രീതിയിൽ വ്യത്യസ്തനാണ് മോനി ജോസഫിൻ്റെ കഥാപാത്രം. അയാൾ ജയകൃഷ്ണനെ സങ്കോചലേശമില്ലാതെ ഒരു ഹസ്തദാനത്തിലൂടെ അഭിമുഖീകരിക്കുന്നു. പ്രായത്തിന്റെ പക്വത, ജീവിതാനുഭവങ്ങളിൽ നിന്നും സ്വാംശീകരിച്ച വിശാലമനസ്കത എന്നിവയെല്ലാം മോനി ജോസഫിന്റെ ഈ പെരുമാറ്റത്തിനു കാരണങ്ങൾ പറയാമെങ്കിലും, എനിക്കു പ്രിയമധികം അയാളോടു തന്നെ. അൽപ്പനേരം മാത്രം രംഗത്ത് വന്നു പോകുന്ന മോനി ജോസഫ് എന്ന കഥാപാത്രത്തിൻ്റെ സൃഷ്ടി പത്മരാജൻ്റെ കഥാപാത്രരചനാപാടവത്തിന് മറ്റൊരു ഉത്തമ ഉദാഹരണമാണ്.