ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ജനപ്രിയ വാരികയായിരുന്നു മംഗളം. എന്നാൽ ഇപ്പോൾ വാരിക പ്രസിദ്ധീകരണം നിർത്തുന്നു എന്ന വാർത്തകൾ വരുമ്പോൾ പഴയ തലമുറയിലെ പലർക്കും അതൊരു നൊസ്റ്റാൾജിയ ആയിരുന്നു എന്ന് പുതിയ തലമുറയിലെ കുട്ടികൾക്ക് അറിയില്ല. കുറഞ്ഞപക്ഷം 30 വയസെങ്കിലും ഉള്ളവർക്കാണ് അത് മനസിലാക്കാൻ സാധിക്കുക. അന്നൊക്കെ ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു മംഗളം. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോർഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കടുത്ത നഷ്ടം കാരണം വാരിക പ്രസിദ്ധീകരണം നിർത്തുകയാണ്. മെൽവിൻ പോളിന്റെ കുറിപ്പ് വായിക്കാം
മെൽവിൻ പോൾ
“ചേട്ടന് എന്ത് പറഞ്ഞാലും കേസിന്റേം പോലീസിന്റേം കാര്യം മാത്രേ പറയാനുള്ളൂ!” ????
“ആ, നീ നോക്കിയ്ക്കോ… വെറും സാദാ പോലീസായിട്ടെന്നെ അധികകാലം കാണാനാവില്ല; ഉടനടി ഡബിൾ പ്രൊമോഷനാ! എന്നെപ്പോലെ ധീരനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഡിപ്പാർട്ട്മെന്റിനാവശ്യാ!!” ????
“വല്ല്യ എസ്സൈ ഒക്കെ ആവുമ്പോ, എന്നെ മറക്ക്വോ?…”
“ഹും!” ????
“…ജോയി, ജെസ്സിയെ പറ്റിച്ച പോലെ?” ????
“ഏത് ജോയി?” ????
“‘കണ്ണീരാറ്റിലെ തോണി’ എന്ന നോവൽലെ?”
“ന്ത്?” ????
“‘കണ്ണീരാറ്റിലെ തോണി’ എന്ന നോവൽലെ!?”
———————————————-
അനിയൻ സംവിധാനം ചെയ്ത കാവടിയാട്ടം (1993) എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ കേശവക്കുറുപ്പും, തങ്കമണിയും അയൽക്കാരാണ്. പാതിരാത്രിയിൽ ഒരു നാട്ടുവേലിയുടെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്ന അവരുടെ സംഭാഷണത്തിന്റെ ഒരു ഭാഗമാണ് മേലെക്കുറിച്ചത്. പുതുതലമുറയിൽപ്പെട്ടവരുടെ മനസ്സിൽ ‘കണ്ണീരാറ്റിലെ തോണി’യേയോ അതുപോലെ മറ്റേതെങ്കിലും നോവലിനെപ്പറ്റിയോ ഉള്ള പരാമർശം ഏതെങ്കിലും തരത്തിലുള്ള ചലനം സൃഷ്ടിക്കാൻ സാദ്ധ്യതയില്ല. പക്ഷെ, അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽക്കേ ബാലപ്രസിദ്ധീകരണങ്ങൾക്കൊപ്പം, മലയാള വാരികകളും വായിക്കാൻ തുടങ്ങിയ എന്നെപ്പോലുള്ളവരുൾപ്പെടുന്ന തലമുറയ്ക്ക് ഇത്തരം പരാമർശങ്ങളോട് വളരെയേറെ താദാത്മ്യം പ്രാപിക്കാനാകും. ‘കണ്ണീരാറ്റിലെ തോണി’യിലെ ജെസ്സിയെ തന്നോടും, കേശവക്കുറുപ്പിനെ ജോയിയോടും സമാനപ്പെടുത്തിയ തങ്കമണിയെപ്പോലെ പതിനായിരങ്ങളുണ്ടായിരുന്നിവിടെ.
കേരളത്തിലെ പല തലമുറകളെ വായനയിലേക്കടുപ്പിച്ചതിൽ ഇത്തരം വാരികകൾക്കുള്ള പങ്ക് നിസ്സാരമല്ല!
Electronic ദൃശ്യ-ശ്രാവ്യോപാധികൾ വ്യാപകമാകുന്നതിനു മുൻപ്, വിനോദത്തിനായി ഭൂരിഭാഗം മലയാളികളും – സിനിമയെ എന്ന പോലെത്തന്നെയോ അതിലുപരിയായോ – ആശ്രയിച്ചിരുന്നത് അവയെയായിരുന്നു. മലയാളി വായനക്കാർ (ഏത് സാമ്പത്തിക സ്ഥിതിയിലുള്ളവരും), തീരദേശവും, ഇടനാടും, മലനാടും, മറുനാടും, മണലാരണ്യവും അവിടത്തെ ജീവിതങ്ങളുമെല്ലാം ഒരു സിനിമയിൽ കാണുന്നതിനേക്കാൾ മിഴിവോടെ തങ്ങളുടെ ഭാവനയിൽക്കണ്ടത് മംഗളം, മനോരമ, മനോരാജ്യം തുടങ്ങിയ, ‘മ’ പ്രസിദ്ധീകരണങ്ങൾ എന്നു വിളിക്കപ്പെട്ടിരുന്ന വാരികകളുടെ താളുകളിൽ തെളിഞ്ഞ അക്ഷരങ്ങളിലൂടെയായിരുന്നു. അത്തരം നോവലുകളുടെ ഉള്ളടക്കത്തിലെ അതിഭാവുകത്വത്തെയും, ‘പൈങ്കിളി’ത്തത്തെയും മുൻനിർത്തി എന്തെല്ലാം വിമർശനങ്ങൾ ഉയർന്നാലും, ‘വായന’ എന്ന പ്രാഥമികകൃത്യത്തിലേക്ക് ആളുകളെ ആകർഷിക്കുക എന്ന കടമ ഈ വാരികകൾ വിജയകരമായിത്തന്നെ നിർവഹിച്ചിട്ടുണ്ടെന്നത് നിസ്തർക്കമായ ഒരു വസ്തുതയാണ്.
മംഗളവും മനോരമയുമെല്ലാം വായിച്ചിട്ട് വളരെക്കാലമായെങ്കിലും, ‘മംഗളം’ വാരിക പ്രസിദ്ധീകരണം അവസാനിപ്പിക്കാൻ പോകുന്നു എന്ന വാർത്ത മനസ്സിൽ വേദനയുളവാക്കി. വായനയുടെ ഒരു കാലഘട്ടത്തിനു തന്നെയാണ് ആ വാർത്ത അന്ത്യം കുറിക്കുന്നതെന്ന ബോദ്ധ്യമാണ് അതിനു കാരണമെന്നെനിക്കു തോന്നുന്നു. തീർച്ചയായും നിങ്ങളിൽ നിരവധി പേർ കാണും ഈ ചിന്താഗതി പങ്കു വെയ്ക്കുന്നവരായി.
‘മംഗള’ത്തിന്റെ page-ന്റെ ചിത്രത്തിന് കടപ്പാട് Jafar S -നോട്.
Leave a Reply
You May Also Like

ഉപ്പും മുളകും വീണ്ടും വരുമ്പോൾ…

വിഷ്ണു ഷാജി ഉപ്പും മുളകും സീസൺ – 2 ഫ്ലവേഴ്‌സ് ടിവി കടന്നുവന്നത് തന്നെ ഒരു…

ധ്യാൻ ശ്രീനിവാസനും സംഘവും പോളിംങ് സ്റ്റേഷനിലേക്ക്

ധ്യാൻ ശ്രീനിവാസനും സംഘവും പോളിംങ് സ്റ്റേഷനിലേക്ക് ധ്യാൻ ശ്രീനിവാസനും സംഘവും പോളിംങ് സ്റ്റേഷനിൽ എത്തിയത് വലിയ…

കൽപ്പനയുടെ മകൾ ശ്രീ സംഖ്യ അഭിനയ രംഗത്ത്

രവീന്ദ്ര ജയൻ സംവിധാന രംഗത്തേക്ക് മിനി സ്കീനിലെ തോബിയാസ് എന്ന കഥാപാത്രത്തിലൂടെയും നിരവധി മിനി സ്ക്രീൻ…

മികച്ച പ്രകടനങ്ങൾ, യുക്തിഭദ്രമായ തിരക്കഥ, സമർത്ഥമായി ഇഴചേർന്നു പോവുന്ന പ്ലോട്ട്‌ലൈനുകൾ എന്നിവ ചേർന്ന, ഒരൊന്നാംകിട സെറിബ്രൽ ത്രില്ലർ

പുൽവാമ ആക്രമണത്തിന്റെ നിഴലിൽ മുറിവേറ്റ ദേശീയ വികാരത്തിന്റെ പ്രതികരണമായി 2019 ഫെബ്രുവരിയിൽ ബാലാകോട്ടിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിംഗ് റെയ്ഡ് കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നതെങ്കിലും ഈ പുതിയ പരമ്പര, ആധുനിക യുഗത്തിൽ മാറിയ രണരീതികളുടെ കരുനീക്കങ്ങളും, ഗതിവിഗതികളും ശ്വാസമടക്കിപ്പിടിച്ച് കാണാവുന്ന ചടുലതയോടെ പകർത്തി വെച്ചിട്ടുണ്ട്