ഹൊ ! എംപി ആയാൽ എന്തൊരു സുഖമാ

679

Mahesh Haridas എഴുതുന്നു

അടിസ്ഥാനശമ്പളവും മറ്റ് അലവൻസുകളും ചേർത്ത് മാസം രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ കയ്യിൽ കിട്ടുന്ന ഒരു ജോലി.

വാഹനം വാങ്ങാനായി നാല് ലക്ഷം രൂപ വരെ അഡ്വാൻസ്.

ട്രെയിൻ യാത്രക്ക് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് പൂർണ്ണമായും സൗജന്യം. തനിച്ചല്ല, ജീവിതപങ്കാളിയേയും പിന്നെ സഹായിയായി ഒരാളെയും കൂടി സൗജന്യമായി കൊണ്ടുപോകാം.

Mahesh Haridas
Mahesh Haridas

ഓരോവർഷവും 34 തവണ ഡൽഹി വരെ പോയിവരാനുള്ള വിമാനടിക്കറ്റ് സൗജന്യം. ഇതിൽ എട്ടെണ്ണം വരെ ജീവിതപങ്കാളിക്ക് ഉപയോഗിക്കാം.

ഈ യാത്രാസൗജന്യങ്ങൾക്ക് പുറമേ, ജോലിസംബന്ധമായ യാത്രകൾക്ക് ട്രാവൽ അലവൻസ് വേറെയുമുണ്ട്. യാത്ര എങ്ങിനെ എന്നതിനനുസരിച്ച് ഒരു ഫ്‌ളൈറ്റ് ടിക്കറ്റിൻ്റെയോ അല്ലെങ്കിൽ ട്രെയിൻ ടിക്കറ്റിൻ്റെയോ തുക, അതല്ല ഇനി റോഡ് യാത്രയാണെങ്കിൽ കിലോമീറ്ററിന് 16 രൂപ എന്നിങ്ങനെയാണ് അലവൻസ്.

താമസിക്കാൻ സൗജന്യമായി ഒരു ഫ്‌ളാറ്റ്. കൂടാതെ വെള്ളം, വൈദ്യുതി എന്നിവ സൗജന്യം.

ഒരു ക്ലാസ്സ് 1 സർക്കാർ ഉദ്യോഗസ്ഥന് തുല്യമായ ചികിത്സാസൗജന്യങ്ങൾ.

മൂന്ന് ലാൻഡ് ലൈൻ ഫോണുകളും, ഒരുപാട് ഫ്രീ കോൾ സൗകര്യങ്ങളോടെ ഒരു മൊബൈലും, പിന്നെ ഇന്റർനെറ്റിനായി മാസം തോറും 3500 രൂപയും.

ഈ പറഞ്ഞതിൽ അലവൻസുകൾക്കൊന്നും നികുതി നൽകേണ്ടതില്ല. ശമ്പളത്തിൻ്റെ നികുതിയാണെങ്കിൽ “മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിൻ്റെ നികുതി” എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ഈ ജോലിക്ക് പുറമേ ചില നിബന്ധനകളോടെയാണെങ്കിലും മറ്റ് ജോലികൾ ചെയ്ത് വരുമാനം ഉണ്ടാക്കുന്നതും സാധ്യമാണ്.

ഒരു തവണ ഈ ജോലി ലഭിച്ചാൽ, പിന്നെ എപ്പോ ജോലി നിർത്തിയാലും ആജീവനാന്ത പെൻഷൻ ( മരണപ്പെട്ടാൽ കുടുംബത്തിന് ) ലഭിക്കും. കൂടാതെ ജീവിതകാലം മുഴുവനും സൗജന്യമായി ട്രെയിനിൽ യാത്ര ചെയ്യാം. ഒറ്റയ്ക്കല്ല, ഒരു സഹായിയേയും കൂടെ കൂട്ടാം.

ആനുകൂല്യങ്ങളും സൗജന്യങ്ങളും ഇനിയും ഒരുപാടുണ്ട് പറയാൻ. തൽക്കാലം ഇതിൽ നിർത്താം.

ഇത്രയും പറഞ്ഞതിൽ നിന്ന് ഏറെക്കുറെ കാര്യം പിടികിട്ടിയില്ലേ? ഇല്ലെങ്കിൽ തെളിച്ച് പറയാം. മെമ്പർ ഓഫ് പാർലമെന്റ് അഥവാ MP എന്ന ജോലിയെക്കുറിച്ചാണ് ഈ പറഞ്ഞതത്രയും.

ഇനി, കേട്ടാൽ കുളിരുകോരുന്ന ഒരു ഐറ്റം കൂടി പറയാം. ഈ ഹൈ പ്രൊഫൈൽ ജോലിക്ക് ആളെ തിരഞ്ഞെടുത്ത് നിയമിക്കുക എന്നതാണ് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ജനാധിപത്യം നിങ്ങൾക്ക് നൽകുന്ന ഏറ്റവും വലിയ അവകാശം.

കുളിര് കിട്ടിയോ? കിട്ടിയാലും ഇല്ലേലും അതവിടെ നിക്കട്ടെ. നമുക്കിനി യാഥാർത്ഥ്യത്തിൻ്റെ ചൂടിലേക്ക് ഇറങ്ങിവരാം.

ജനാധിപത്യം എന്ന ആശയം അതിൻ്റെ പൂർണ്ണമായ അർത്ഥത്തിൽ “ജന”ത്തിന് ഇതുപോലെ ഒരുപാട് അധികാരങ്ങളൊക്കെ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും, അവയിൽ പലതും പലപ്പോഴും വെറും സങ്കല്പങ്ങൾ മാത്രമാണ്.

വളരെ ചെറിയൊരു ഉദാഹരണം പറയാം. മറ്റൊന്നുമല്ല, നേരത്തെ പറഞ്ഞ ആ ജോലിയെക്കുറിച്ച് തന്നെയാണ്. ഒരുപക്ഷേ അതായിരിക്കും ആ ജോലിയുടെ ഏറ്റവും വലിയ സവിശേഷത.

ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തില്ലെങ്കിൽ പോലും ഈ പറഞ്ഞ ശമ്പളവും ആനുകൂല്യവുമെല്ലാം ഈ ജോലിക്കാർക്ക് മുടങ്ങാതെ ലഭിക്കും. ചെയ്യാമെന്ന് പറഞ്ഞ പണികൾ ചെയ്യാതെ, സ്വന്തം കീശ വീർപ്പിയ്ക്കാനുള്ള മാർഗ്ഗം മാത്രം നോക്കി, ജോലി നൽകിയവരെ തിരിഞ്ഞുപോലും നോക്കാതെ ഈ ജോലിക്കാരൻ നടന്നാലും അടുത്ത അഞ്ച് വർഷത്തേക്ക് അയാളുടെ ജോലി കളയാൻ ഈ നിയമനം നടത്തിയവർക്ക് അത്രയെളുപ്പം സാധിക്കില്ല….!!!

അഞ്ച് വർഷം കഴിഞ്ഞാലും വലിയ ഉറപ്പൊന്നുമില്ല അയാൾക്കാ ജോലി വീണ്ടും ലഭിക്കില്ലെന്ന്. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയുടെയും സമുദായത്തിന്റെയും ശക്തിയും, പാർട്ടിക്കുള്ളിലും സമുദായത്തിനുള്ളിലും ആ വ്യക്തിയുടെ സ്വാധീനവുമെല്ലാം അനുസരിച്ച്, അഞ്ചുവർഷക്കാലം ഒന്നും ചെയ്തില്ലെങ്കിൽ പോലും ആ വ്യക്തി വീണ്ടും മത്സരരംഗത്ത് എത്തിയേക്കാം, ഒരുപക്ഷേ വീണ്ടും ജയിച്ചേക്കാം.

ഇത് കേട്ടിട്ടും ആർക്കും പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിക്കാണാൻ വഴിയില്ല. വളരെ സാധാരണമായ ഒരു സംഭവം, ഇതിൽ പ്രത്യേകിച്ച് എന്തിത്ര പറയാൻ എന്ന് ഒരുപക്ഷേ തോന്നിക്കാണുകയും ചെയ്യും. അത്രമേൽ മതവും രാഷ്ട്രീയവും ജനാധിപത്യത്തിന് മുകളിൽ സ്വാധീനം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഘടകങ്ങൾ എന്നതിനപ്പുറം, ജനാധിപത്യത്തെ നിയന്ത്രിക്കുന്ന ശക്തികളായി അവ മാറിക്കഴിഞ്ഞിരിക്കുന്നു.

അതുകൊണ്ടുതന്നെ പലപ്പോഴും, ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന അലങ്കാരം പേറുന്ന ഈ നാട്ടിൽ ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ആഘോഷം എന്നറിയപ്പെടുന്ന തിരഞ്ഞെടുപ്പുകൾ, രാഷ്ട്രീയപ്പാർട്ടികളും മതസംഘടനകളും ചേർന്ന് മുന്നോട്ട് വെക്കുന്ന തൊമ്മൻമാരിൽനിന്നും തമ്മിൽ ഭേദപ്പെട്ട ഒരു തൊമ്മനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ മാത്രമായിമാറുന്നു.

ഇത്രയൊക്കെ പറഞ്ഞത് അരാഷ്ട്രീയവാദം ഉയർത്താനോ ജനാധിപത്യത്തെ വിലകുറച്ച് കാണാനോ അല്ല. മറിച്ച്, ജനാധിപത്യത്തിൻ്റെ അടിസ്ഥാനമര്യാദകൾ പോലും മറന്ന് ജനങ്ങളിൽ നിന്നും അവരുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്ന ഭരണാധികാരികളും നേതാക്കളുമുള്ള ഈ നാട്ടിൽ, ജനങ്ങളുടെ ശബ്‌ദമാകേണ്ട മാധ്യമങ്ങളും ജനങ്ങൾക്ക് തുണയാകേണ്ട നിയമവ്യവസ്ഥയും പലപ്പോഴും വിലയ്‌ക്കെടുക്കപ്പെടുന്ന ഈ നാട്ടിൽ, ജനാധിപത്യത്തിലെ മുഖ്യകണ്ണിയായ “ജന”ത്തിന് ലഭിക്കുന്ന ഏക അവസരം തിരഞ്ഞെടുപ്പുകളാണെന്നും, അവിടെ യുക്തിഭദ്രമായ ഒരു തീരുമാനം എടുക്കാൻ അന്ധമായ ജാതിമതരാഷ്ട്രീയചിന്തകൾ ഒരു തടസ്സമാകരുതെന്നും വിനയപൂർവം ഓർമ്മിപ്പിക്കാൻ മാത്രമാണ്.

ഒരു ചെറിയ കാര്യം കൂടി പറഞ്ഞുകൊണ്ട് നിർത്താം. ഒരു നിശ്ചിതകാലയളവിലെ പ്രവർത്തനത്തെ വിലയിരുത്തുമ്പോൾ സംഭവിക്കാവുന്ന ചില തെറ്റുകളുണ്ട്. ആ കൂട്ടത്തിൽ ഒന്നാണ് Recency Bias. സംഭവം ഇത്രേയുള്ളൂ. മൊത്തം കാലയളവിലെ പ്രവർത്തനം കണക്കിലെടുക്കുന്നതിന് പകരം, സമീപകാലത്ത് സംഭവിച്ച കാര്യങ്ങൾ മാത്രം ഓർത്തുവെച്ച് അതിനെ മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുക.

പലപ്പോഴും ഇത് മനപ്പൂർവ്വം ചെയ്യുന്നതായിരിക്കില്ല. മനുഷ്യമനസ്സിൻ്റെ ഒരു വികൃതിയാണത്. പണ്ടത്തെ കാര്യങ്ങളൊക്കെ മറന്നുപോയിട്ട് തൊട്ടുമുൻപ് സംഭവിച്ചതുമാത്രം ഇങ്ങനെ മിഴിവോടെ നിൽക്കും.

മനസ്സിൻ്റെ ഈ പ്രത്യേകത മുതലെടുക്കാൻ വേണ്ടിയാണ് കഴിഞ്ഞ അഞ്ച് വർഷമായിട്ടും കാണാതിരുന്ന ചിലർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് റോഡ് സൈഡിലെ തട്ടുകടയിൽനിന്നും കട്ടനടിക്കുന്നതും, അതുവരെ AC ഇല്ലാതെ യാത്ര ചെയ്യാതിരുന്ന ചിലർ പെട്ടെന്നൊരുനാൾ ഓട്ടോയിലും ബസ്സിലും യാത്ര ചെയ്യുന്നതും, അത്രയും നാൾ ദൈവവിശ്വാസമില്ലാതിരുന്ന ചിലർ നോമിനേഷൻ നൽകുന്നതിന് മുൻപായി അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നതും, കാലങ്ങളായി അനക്കമില്ലാതെ കിടന്ന ചില റോഡ് / പാലം പണികൾ ശടപടേ ശടപടേന്ന് കുതിക്കുന്നതും, പണിപോലും പൂർത്തിയാകാത്ത ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതുമെല്ലാം.

ഇരുപത്തിമൂന്നാം തീയതി പോളിങ്ങ് ബൂത്തിലോട്ട് പോകുന്നവരോടും പറയാനുള്ളത് ഇതാണ്. Recency Bias ഇല്ലാതെ സത്യസന്ധമായ ഒരു വിശകലനം സാധ്യമാകട്ടെ. നല്ലൊരു തീരുമാനം എടുക്കാനും അർഹിക്കുന്നവർക്ക് തന്നെ വോട്ട് ചെയ്യാനും സാധിക്കട്ടെ.

മണ്ഡലമേതായാലും മണ്ടത്തരം പറ്റാതിരിക്കട്ടെ. ഹാപ്പി വോട്ടിങ്ങ്.

( MP മാരുടെ ശമ്പളവിവരങ്ങൾ ലഭിച്ചത് –https://rajyasabha.nic.in/rsnew/msa_section/mpsalary.pdf )