Memories of Murder(2003)
സുരൻ നൂറനാട്ടുകര
മഴയുള്ള രാത്രി – ചുവപ്പ് –
“തെറുങ്ങ് ജില്ലയിൽ നിന്നും ഏകാന്തനായ ഒരാൾ ആവശ്യപെടുന്ന ഗാനം ” – സാഡ് ലെറ്റർ ”
ഇരുട്ടിൽ നിന്നും അവൻ പുറത്തേക്കു വരികയാണ്. തന്റെ ഇരകളെയും തേടി .വളരെ കുറച്ചു കൊറിയൻ ചിത്രങ്ങളേ ഞാൻ കണ്ടിട്ടുള്ളൂ. മെമ്മറീസ് ഓഫ് മർഡർ ” കാണാതെ ഞാൻ മാറ്റിവച്ച ചിത്രമാണ്. ഒരു പക്ഷേ ഏറ്റവും കൂടുതൽ ആളുകൾ കണ്ട കൊറിയൻ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇത്.കൾട്ട് ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മെമ്മറീസ് ഓഫ് മർഡർ .ഓപ്പണിംങ്ങ് സീൻ മുതൽ – ടെയിൽ എൻഡ് വരെയും ചിത്രം ഓരോ സിനിമ പ്രേക്ഷകരെയും അതിനുള്ളിൽതളച്ചിടുന്നു. ഒരു സൈക്കോ കില്ലറെ തേടിയുള്ള ഡിക്റ്ററ്റീവുകളുടെ അന്വേക്ഷണമാണ് ചിത്രത്തിന്റെ കഥാസാരമെങ്കിലും, അത് എല്ലാത്തരം വാർപ്പ് മാതൃകകളെയും നിരാകരിക്കുന്നു.
1986-ൽ തുടങ്ങി – 1991 വരെ നീളുന്ന കാലഘട്ടമാണ് സിനിമ പറയുന്നത്. ടെയിൽ എൻഡ് വരുന്നതാകട്ടെ 2003 ലും .കൊറിയയിലെ യുദ്ധകാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ആഭ്യന്തര കലാപങ്ങളും , പ്രക്ഷോഭങ്ങളും നിരന്തരം സംഘർഷം വിതക്കുന്ന ഭൂമികയിൽ , പോലീസ് തീർത്തും നിർവ്വീര്യമായിരുന്നു.ആദ്യത്തെ രണ്ട് കൊലപാതങ്ങൾ നടക്കുമ്പോൾ ഡിക്റ്ററ്റീവ് പാർക്ക് – ഡു – ഹോ തന്റെ പ്രാഥമിക നിരീക്ഷണവും ശേഷം കണ്ണിൽ കണ്ടതും മാത്രമായിരുന്നു അന്വേക്ഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. മൂന്നാം മുറ ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും എങ്ങിനെയും പ്രതികളെ സൃഷടിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. – അയാൾക്ക് ചേരുന്ന സഹായിയായി – ചോ-യോങ്ങും ഒപ്പമുണ്ടായിരുന്നു.
എന്നാൽ ഡിക്റ്ററ്റീവ് -Tae-yoon ന്റെ വരവോടെ കാര്യങ്ങൾ മാറി മറിയുന്നു. ശരിക്കും രണ്ടു പെൺകുട്ടികളല്ല മൂന്നാണ് കൊല്ലപെട്ടിരിക്കുന്നതെന്ന് അയാൾ പറയുന്ന തോടു കൂടി , അതേ വരെ സ്വരുകൂട്ടിയ എല്ലാ സിദ്ധാന്തങ്ങളും അട്ടിമറിയുന്നു. തുടർന്ന് ചിത്രം ഇടുങ്ങിയ വീഥിയിൽ നിന്ന് വിശാലമായ ഒരു ഭൂമികയിലേക്ക് പ്രവേശിക്കുന്നു. എന്നാൽ ശുഭ പര്യവസാനിയ ഒരന്ത്യം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകനെ വീണ്ടും ഭീതിയിൽ നിർത്തിയാണ് ചിത്രം അവസാനിക്കുന്നത്. ഡിക്റ്ററ്റീവ് – പാർക്ക് ഡു ഹോയുടെ കണ്ണുകൾ 4th wall Break ചെയ്ത് പ്രേക്ഷകരിലേക്ക് എത്തുമ്പോൾ – അവിടം മുതൽ പ്രേക്ഷകനിൽ മറ്റൊരു ചിത്രം ആരംഭിക്കുകയാണ്.
ബോംങ്ങ് – ജൂൻ – ഹോ യാണ് ചിത്രത്തിന്റെ സംവിധായകൻ. ഷിം സങ്ങ് ബോയൊടൊപ്പം അദ്ദേഹവും തിരകഥാ രചനയിൽ പങ്കാളിയായിട്ടുണ്ട്. കൊറിയയിൽ നടന്ന ഒരു കൊലപാതക പരമ്പര ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. കിംങ് കാങ്ങ് – റിംസിന്റെ നാടകമായ come to see me” യിൽ പ്രചോദനം ഉൾക്കൊണ്ടാണ് തിരക്കഥ വികസിപ്പിരിക്കുന്നത്. ബോങ്ങ് – ജൂനിന്റെ സംവിധായക പ്രതിഭ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് മെമ്മറീസ് ഓഫ് മർഡർ ”
ചിത്രത്തിന്റെ കളർ ടോൺ എടുത്തു പറയേണ്ട ഘടകമാണ്. മൂടൽ നിറഞ്ഞ പകലുകൾ, മങ്ങിയ നിലാവുള്ള രാത്രികൾ – കഥയിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു തീം ആയിരുന്നു അത്.ഒപ്പം Kim heyon gu വിന്റെ ഛായാഗ്രാഹണം. അത് അന്യായമാണന്ന് പറയാതെ തരമില്ല.എഡിറ്റിംങ്ങിൽ കിം സൺ മിൻ – ഒപ്പത്തിനൊപ്പം പ്രവർത്തിച്ചിരിക്കുന്നു. അഴുകിയ ബോഡി യിൽ നിന്നും വേകുന്ന മാംസത്തിലേക്കുള്ള മാച്ച് കട്ട് ഒക്കെ അൽപം ഞെട്ടലോടെയാണ് കാണാൻ കഴിയുക –
ഈ സിനിമയെ ഇത്രമേൽ മികച്ചതാക്കുന്നതിൽ സംഗീതം വഹിച്ച പങ്കിനെ പരാമർശിക്കാതെ പോകാനാവില്ല. ചിത്രത്തിന്റെ ഓരോ ഷോട്ടിനൊപ്പവും ആ സംഗീതം ഇഴുകി ചേർന്നിരിക്കുകയാണ്. സാധാരണ ക്രൈം ത്രില്ലർ ചിത്രങ്ങളിൽ ഉപയോഗിക്കുന്ന മലങ്കൾട്ട് മ്യൂസിക് ആയിരുന്നില്ല അത്. ജാപ്പനീസ് കമ്പോസറായ Taro Iwashio ആണ് സംഗീതത്തിന്റെ ചുക്കാൻ പിടിച്ചിരിക്കുന്നത്. ഒരു പ്രത്യേക മൂഡാണത് നൽകുന്നത്.
നായകനെന്നോ , വില്ലനെന്നോ ഉള്ള കൺസപ്റ്റിലല്ല ചിത്രം മുന്നോട്ടു പോകുന്നത്. കഥയാണ് ഇവിടെ പ്രധാന താരം. ഗ്രേ ഷേഡിലുള്ള ആളുകളാണ് എല്ലാ കഥാപാത്രങ്ങളും. മാത്രമല്ല എല്ലാ കഥാപാത്രങ്ങളുടെയും സൂഷ്മമായ വിശദാംശങ്ങളിൽ പോലും സംവിധായകൻ ശ്രദ്ധ വച്ചിട്ടുണ്ട്. വെറുതെ കയറി ഇറങ്ങി പോകുന്ന ഒരു കഥാപാത്രങ്ങളും ചിത്രത്തിലില്ല.
പ്രതിയെന്നു സംശയിക്കുന്ന ബുദ്ധിമാന്ദ്യമുള്ള ഒരു പയ്യൻ പോലീസിൽ നിന്നും രക്ഷപെടാൻ ഓടി റെയിൽവേ പാളത്തിൽ നിൽക്കുമ്പോൾ , പിന്നാലെയെത്തുന്ന ഡിക്റ്ററ്റീവ് പാർക്ക് – ഡു അവനെ തടയുന്നുണ്ട്. പക്ഷേ പെട്ടന്ന് ടെയിൻ വന്ന് പയ്യനെ ഇടിച്ച് കടന്നുപോകുമ്പോൾ തെറിക്കുന്ന രക്തം ഡിക്റ്ററ്റീവിന്റെ കൈകളിൽ വീഴുകയും, അയാളതു സ്വന്തം കുപ്പായത്തിൽ തന്നെ തുടക്കുകയും ചെയ്യുന്നു. ഈ സീൻ – കാഴ്ച്ചയുടെ കലയെ അന്വർത്ഥമാക്കുന്ന ഒന്നായിരുന്നു. അയാൾ പയ്യനെ പിടിക്കാനല്ല പുറപ്പെട്ടത്. നേരത്തെ പറഞ്ഞ ഒരു മൊഴി ഒന്നുകൂടി വ്യക്തമാക്കാനാണ് പോയത്. പയ്യൻ മരിക്കണം എന്ന് അയാൾക്കില്ലായിരുന്നു. എന്നാൽ അതു സംഭവിച്ചു. പക്ഷേ കൈയ്യിലെ രക്തകറ എവിടെ കളയും, അതു കുപ്പായത്തിലാണ് കഴുകേണ്ടത് – അധികാരം അയാളെ സംരക്ഷിക്കാൻ പാകത്തിന് കുപ്പായം ആ രക്തത്തെ ഏറ്റെടുക്കും.