വൈക്കം കായലിലോളം തുള്ളുമ്പോൾ ഓർക്കും ഞാനെന്റെ മാണിയെ…

481

അന്തരിച്ച മുൻമന്ത്രിയും കേരളാകോൺഗ്രസ് നേതാവുമായ കെ.എം.മാണിയെ കുറിച്ചുള്ള കൃത്യമായൊരു നിരീക്ഷണം എഴുതിയത് Suresh Kunhupillai

========

‘വൈക്കം കായലിലോളം തുള്ളുമ്പോൾ ഓർക്കും ഞാനെന്റെ മാണിയെ…’

കുറേ വർഷങ്ങൾക്കു മുൻപ് കോട്ടയം പട്ടണത്തിൽ കൂടെ നടക്കുമ്പോൾ ഒരു കേരളാ കോൺഗ്രസ് ജാഥയിൽ നിന്ന് കേട്ട മുദ്രാവാക്യമാണ്.

Suresh Kunhupillai

അധികാരത്തിൽ വന്നാൽ കൃഷിക്കാർക്കും കര്ഷകത്തൊഴിലാളികൾക്കും ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിക്കുമാറ് ഭൂപരിഷ്കരണം നടപ്പാക്കും എന്നത് കേരളത്തിലെ കമ്യൂണിസ്റ്റുപാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. അൻപത്തേഴിൽ ഈ.എം.എസിന്റെ നേതൃത്ത്വത്തിൽ വന്ന പ്രഥമ കമ്യൂണിസ്റ്റു ഗവണ്മെന്റ് അതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ആ സർക്കാർ അധികാരത്തിൽ കയറിയ ഉടൻ തന്നെ ചെയ്തത് “ഒഴിപ്പിക്കൽ നിരോധനനിയമം” (The Kerala Stay of Eviction Proceedings Act, 1957) നടപ്പാക്കുകയാണ്. ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിലാവുന്നതിന് മുൻപേ പാട്ടകുടിയാന്മാരെ ഒഴിപ്പിക്കാനുള്ള ജന്മിമാരുടെയും ഭൂ ഉടമകളുടെയും നീക്കം തടയാനായിരുന്നു പ്രസ്തുത നിയമം. തുടർന്ന് അന്പത്തത്തൊൻപതു ജൂൺ മാസം പത്താം തീയതി കേരള നിയമസഭ “കേരള കാർഷികബന്ധബിൽ” (kerala Agrarian Relations Bill, 1957) പാസാക്കി. എന്നിട്ടത് രാഷ്ട്രപതിക്കയച്ചുകൊടുത്തു.

അതോടെ വിമോചന സമരവും വന്നു. പ്രധാനമായും ഭൂപരിഷ്കരണ നിയമത്തിനും മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനും എതിരേയായിരുന്നു വിമോചനസമരം. മന്നത്ത് പത്മനാഭന്റെ എൻ എസ് എസ്, ക്രിസ്ത്യൻ സഭകൾ, മുസ്‌ലിം ലീഗ്, ഇവരൊക്കെയായിരുന്നു സമരക്കാർ. നായന്മാരും സവർണ്ണ നസ്രാണികളും കാശുള്ള കാക്കമാരും ഒറ്റക്കെട്ടായി, ഏകോദര സഹോദരങ്ങളായി വെയിലത്തിറങ്ങി സമരം ചെയ്തു. അങ്ങനെ ഈ.എം.എസ് മന്ത്രിസഭ താഴെപ്പോയി.

പിന്നീട് വന്ന പട്ടം താണുപിള്ളയുടെ ഭരണകാലത്ത്, 1961ജനുവരി 21 ന് പഴയ ബില്ലിൽ നിന്നും വളരെയധികം ഭേദഗതികളോട് കൂടി കാർഷികബന്ധനിയമം രാഷ്ട്രപതി അംഗീകരിച്ചു നിയമമായി. ഇതാണ് ഐക്യകേരളത്തിലെ ആദ്യത്തെ ഭൂപരിഷ്കരണ നിയമം. കുടിയാന്മാർക്കും കര്ഷകത്തൊഴിലാളികൾക്കും സഹായകമായ മിക്ക വ്യവസ്ഥകളും അപ്പോഴേക്കും ഈ ബില്ലിൽ നിന്നെടുത്ത് തോട്ടിൽ കളഞ്ഞിരുന്നു. എന്നിട്ടും ഈ നിയമത്തിനെതിരെ വമ്പിച്ച സമരവും കോലാഹലങ്ങളും നടന്നു. അതേത്തുടർന്നാണ് 1963-ൽ ആർ. ശങ്കറിന്റെ കാലത്ത്, കാർഷികബന്ധനിയമത്തിന് പകരം, കൃഷിക്കാർക്കെതിരായി പല മാറ്റങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, കേരള ഭൂപരിഷ്കരണ നിയമം (Kerala Land Reforms Act, 1963) എന്ന പേരിൽ പുതിയ നിയമം കേരളനിയമസഭ പാസാക്കുന്നത്. അത് അറുപത്തിനാലിലെ പതിനേഴാം ഭരണഘടനാ ഭേദഗതി മുഖേന ഭരണഘടനയുടെ ഒൻപതാം പട്ടികയിൽപ്പെടുത്തി സംരക്ഷിക്കുകയും ചെയ്തു. പക്ഷെ ഈ ബില്ലും അതേത്തുടർന്നുള്ള സമരങ്ങളും യാഥാസ്ഥിതിക ജന്മി/ഭൂവുടമകൾക്കിടയിൽ ഒരു അസാധാരണ ഐക്യം രൂപപ്പെടാൻ കാരണമായി.

ഈ സവിശേഷ സാഹചര്യമാണ് കാശുള്ള കൃഷിക്കാർക്കും ഭൂവുടമകൾക്കും മാത്രമായി ഒരു പാർട്ടി എന്നൊരു ആശയം കേരളത്തിലെ യാഥാസ്ഥിതികരായ രാഷ്ട്രീയക്കാരുടെ മനസ്സിൽ തോന്നിപ്പിച്ചത്.

പെണ്ണുകേസിൽ പെടുത്തി തന്റെ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായ പി.ടി ചാക്കോയെ ആർ.ശങ്കർ പുറത്താക്കിയത് ഇതിനൊരു നിമിത്തവുമായി. മന്ത്രിസഭയിൽ നിന്നും പുറത്തായെന്നു മാത്രമല്ല 1964 ജൂണ്‍ 14ന് നടന്ന കെപിസിസി തെരഞ്ഞെടുപ്പില്‍ പി ടി ചാക്കോ പരാജയപ്പെടുകയും ചെയ്തു. മൂന്നു മാസത്തിനു ശേഷം അദ്ദേഹം മരണപ്പെട്ടു.

ഇതേത്തുടർന്ന് കോൺഗ്രസിലെ ഒരു വിഭാഗം പിളർന്നു, ശങ്കർ മന്ത്രിസഭാ വീണു. പിളർന്നവർ പോയി കേരളാകോൺഗ്രസ് ഉണ്ടാക്കി. ഇതിലെ കൗതുകകരമായ കാര്യം ആദ്യമൊക്കെ പി.ടി.ചാക്കോയെ എതിർത്തിരുന്ന കെ.എം.ജോർജ്ജാണ് പിന്നീട് പി.ടി.ചാക്കോയുടെ പേരിൽ കേരളാകോൺഗ്രസ് ഉണ്ടാക്കിയത് എന്നതാണ്. അതിനു കാരണം പി.ടി.ചാക്കോ പുറത്തായ ഗ്യാപ്പിൽ ആഭ്യന്തരമന്ത്രി പദത്തിൽ കയറിപ്പറ്റാം എന്ന് കരുതിയിരുന്ന ജോർജിനെ തഴഞ്ഞു ശങ്കർ ടി എ തൊമ്മനെ മന്ത്രിയാക്കിയതുമാണ്.

സോ, ഇതാണ് കേരളാകോൺഗ്രസിന്റെ ഡി.എൻ.എ. ഏതുപ്രകാരവും അധികാരവും കാശുമുണ്ടാക്കുക, അത് നിലനിർത്തുക. ഇതാണ് പാർട്ടി ബൈലോ.

——————————-

അറുപത്തിനാലിൽ കെ.എം.ജോർജ് കേരളാകോൺഗ്രസ് ഉണ്ടാക്കുമ്പോൾ മാണിസാറ് കോട്ടയം ഡി.സി.സി ആപ്പീസിലെ ബെഞ്ചിൽ കിടന്നു ഉറങ്ങുകയായിരുന്നു എന്ന് പാലായിലെ ഒരു പഴയ കാരണവർ പറഞ്ഞുകേട്ടിട്ടുണ്ട്. അന്ന് മാണിസാർ കോട്ടയം ഡി.സി.സി സെക്രട്ടറിയാണ്.

അറുപത്തഞ്ചിൽ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് വന്നപ്പോൾ അവിടെ മത്സരിക്കാൻ ഒരു ചുറുചുറുക്കുള്ള സ്ഥാനാർത്ഥിക്കായി കെ.എം.ജോർജ് നടത്തിയ അന്വേഷണമാണ് കുഞ്ഞുമാണി എന്ന മാണി വക്കീലിനെ കേരളാകോൺഗ്രസിൽ എത്തിച്ചത്. ആ തെരഞ്ഞെടുപ്പിൽ കുഞ്ഞുമാണി ജയിച്ചു. ജയിച്ചെങ്കിലും അന്ന് നിയമസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതു കൊണ്ട് മന്ത്രിസഭ രൂപീകരിച്ചില്ല. പക്ഷെ പാർട്ടി ഓഫീസിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായി. പിന്നെ പാലായിൽ തുടരെ തുടരെ വിജയങ്ങൾ. അടിയന്തരാവസ്ഥ നിലനിൽക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പു നടക്കാതെ തുടർഭരണം നടത്തേണ്ടിവന്ന അച്യുതമേനോൻ ഗവൺമെന്റിൽ ആദ്യമായി മന്ത്രിയുമായി. പിന്നീട് വന്ന കരുണാകരൻ മന്ത്രിസഭയിലും മന്ത്രി. അന്നുമുതലിങ്ങോട്ടു മാണിസാർ ഉൾപ്പെട്ട മുന്നണി ജയിച്ചാൽ മാണിസാർ മന്ത്രിയായിരിക്കും.

രാഷ്ട്രീയം ഒരു തൊഴിലാക്കണം എന്ന് ആഗ്രഹമുള്ളവർക്കു സമഗ്രമായ ഒരു പാഠപുസ്തകമാണ് കെ.എം മാണി എന്ന മാണിസാർ. എങ്ങിനെ വന്നാലും താൻ ജയിക്കണം എന്ന് മനസിലാക്കി അതിനുള്ള അടിസ്ഥാനമൊരുക്കുകയാണ് സമർത്ഥനായ ഒരു രാഷ്ട്രീയക്കാരൻ ചെയ്യേണ്ടത്. മാണിസാർ ചെയ്തതും അതാണ്. കർഷകരുടെ നാടായ പാലായിൽ മാണിസാറിന്റെ ഉത്സാഹം കൊണ്ടുവന്ന റോഡുകൾ, മീനച്ചിലാറിനു കുറുകെ പണിത പാലങ്ങൾ മറ്റു സൗകര്യങ്ങൾ, അവിടുത്തെ കര്ഷകര്ക്കൊപ്പം ഏതുകാര്യത്തിനും ഇറങ്ങിച്ചെല്ലാനുള്ള സന്നദ്ധത ഇതൊക്കെയാണ് മാണിസാറിനെ ജനപ്രിയനാക്കിയത്. റബറും കുരുമുളകും തേങ്ങയുമൊക്കെ വിൽക്കാനും വാങ്ങാനുമൊക്കെ അത്യാവശ്യമായി നല്ല റോഡും വഴിയുമൊക്കെയാണ് വേണ്ടതെന്നു മനസിലാക്കിയ ആദ്യ രാഷ്ട്രീയക്കാരനായിരുന്നു മാണിസാർ എന്നാണു എനിക്ക് തോന്നുന്നത്.

പത്രത്തിലെ ചരമക്കോളം മൊത്തം വായിച്ചു ആ വീട്ടിലൊക്കെ ചെന്ന് റീത്ത് വെപ്പും മരിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരലും ഒക്കെ മാണിസാറിന്റെ സ്വഭാവമായിരുന്നു. പാലാ മണ്ഡലത്തിൽ ആര് മരിച്ചാലും, അവരെ അറിയാമെങ്കിലും ഇല്ലെങ്കിലും മാണിസാർ ഞടുക്കം രേഖപ്പെടുത്തിയിരിക്കും. മാണിസാറിന്റെ കണ്ണും നിറയും. ഇങ്ങനെ മരണവീട്ടിലല്ലാതെ മാണിസാറിന്റെ കണ്ണ് നിറഞ്ഞു കണ്ടത് പിന്നീട് പാലാഴി റബർ വർക്‌സിനു വേണ്ടി പിരിച്ചെടുത്ത കാശെന്തിയെ മാണിസാറെ എന്ന് ചോദിച്ചതിന് ഒരു ദൃശ്യ മാധ്യമത്തിന് മുന്നിൽ നിന്ന് പൊട്ടിക്കരയുമ്പോഴാണ്. ആയിരം പേർക്ക് നേരിട്ടും രണ്ടായിരം പേർക്ക് പരോക്ഷമായും ജോലി നൽകാൻ ചെക്കോസ്ലോവാക്യൻ കമ്പനിയുടെ സഹായത്തോടെ 1200 കോടി രൂപ മുടക്കി റബർ ഫാക്ടറി സ്ഥാപിക്കാനായിരുന്നു മാണിസാറിന്റെ പരിപാടി. അതിനായി നാലുകോടി ചില്വാനം രൂപ സർക്കാരിൽ നിന്നും മറ്റു വ്യക്തികളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നുമൊക്കെ സമാഹരിച്ചതിന്റെ കണക്കു മാണിസാർ തന്നെ പറഞ്ഞിരുന്നു. പക്ഷെ ആ കാശൊക്കെ എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോൾ മാണിസാറിന് ആത്മാർത്ഥമായി പൊട്ടിക്കരയേണ്ടി വന്നു. എന്നാലും പാലാക്കാർ മാണിസാറിനെ കൈവിട്ടില്ല. കാരണം പാലായിൽ മാണി ഒരു സജീവ സാന്നിധ്യമായിരുന്നു. മാളയിൽ കരുണാകരനും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുമൊക്കെ ഈ മോഡൽ പരീക്ഷിച്ചു നോക്കിയെങ്കിലും മാണിസാറിനോളം വിജയം കൈവരിക്കാൻ ഇവർക്കാർക്കുമായില്ല. നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവിനെ കൈവിട്ടാൽ എന്ത് എന്ന ബൈബിൾ വചനമാണ് മാണിസാർ പാലായിൽ നടപ്പാക്കിയത്. താൻ ലോകം മുഴുവൻ ജയിച്ചാലും പാലായിൽ തോറ്റാൽ എന്താവും സംഭവിക്കുക എന്ന് മാണിസാറിന് നന്നായി അറിയാമായിരുന്നു.

പാലാക്കാർക്കു നഷ്ടമാണ് മാണിസാറിന്റെ വിയോഗം. കേരളത്തിലെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകവുമാണ് മാണിസാർ. മാണിസാറിന്റെ ഓർമ്മയോട് ആദരവുണ്ട്.

അനുശോചനങ്ങൾ.