പല കാലങ്ങളിലായി, രണ്ടു രോഗികള്‍ പറഞ്ഞത്:
ഒന്ന്: “ലൈംഗികോര്‍ജ്ജമാണ് മനുഷ്യ ശരീരത്തിന് ഏറ്റവും പ്രധാനം. ഒരു പ്രായം കഴിയുമ്പോള്‍ ഈ ഊര്‍ജ്ജം ക്ഷയിക്കാന്‍ തുടങ്ങും. ആള്‍ക്ക് ലൈംഗികകാര്യങ്ങളില്‍ ശേഷി കുറയും. അതു കാരണം മുടി മുഴുവനായും നരക്കാനും തൊലി ചുളിയാനുമൊക്കെ തുടങ്ങും. താമസിയാതെ ആള്‍ മരണപ്പെടുകയും ചെയ്യും. ലൈംഗികോര്‍ജ്ജം ക്ഷയിക്കാതെ നോക്കാന്‍ ശ്രദ്ധിക്കുകയാണ് വാര്‍ദ്ധക്യവും മരണവും വൈകിപ്പിക്കാനുള്ള ഏക പോംവഴി.”
രണ്ട്: “എയര്‍ കയറി രക്തക്കുഴലുകള്‍ അടഞ്ഞുപോകുമ്പോള്‍ അതിനെ തള്ളിപ്പുറത്താക്കാന്‍ ഹൃദയം ശക്തിയോടെ പമ്പ് ചെയ്യുമ്പോഴാണ് പ്രഷര്‍ എന്ന രോഗമുണ്ടാകുന്നത്. അവസാനം ആ എയര്‍ ചെവിയിലൂടെയും മറ്റും പുറത്തുപോകുന്നതോടെ പ്രഷര്‍ കുറയും. ചിലപ്പോള്‍ പ്രഷര്‍ വല്ലാതെ കൂടിയാല്‍ തല ആകെ ചൂടാകും. അപ്പോള്‍ തല തണുപ്പിക്കാന്‍ ശരീരം രക്തത്തില്‍നിന്ന് വെള്ളത്തെ വേര്‍തിരിച്ച് ഒരു ഷവറില്‍നിന്നെന്ന പോലെ തലയോട്ടിയുടെ മുകള്‍ ഭാഗത്തു നിന്ന് താഴേക്കു പെയ്യിക്കും. അപ്പോഴാണ് മൂക്കൊലിപ്പ് ഉണ്ടാകുന്നത്.”

…………………………………………..
രോഗം വീട്ടുകാര്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്തില്ലായിരുന്നെങ്കില്‍, നല്ല വാഗ്ചാതുര്യവും ആളെ മയക്കാനുള്ള കഴിവും കൈവശമുണ്ടായിരുന്നെങ്കില്‍, ഒരു പക്ഷേ ഇവര്‍ക്ക് തങ്ങളുടെ “സിദ്ധാന്ത”ങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെയും സാധാരണക്കാരുടെയും എഫ്ബി തൊഴിലാളികളുടെയുമൊക്കെ പിന്തുണ നേടാനായേനേ. കേശവന്‍ മാമന്‍മാര്‍, മുഖ്യധാരാ മാധ്യമങ്ങള്‍ പോലും, ഇവയൊക്കെ നാടിന്‍റെ മുക്കിലും മൂലയിലും എത്തിച്ചേനേ!
മനുഷ്യശരീരത്തെയും രോഗങ്ങളെയും കുറിച്ച് വിചിത്രമായ പുതുപുത്തന്‍ സിദ്ധാന്തങ്ങള്‍ പടച്ചുവിടുന്നവരുടെ മാനസികാരോഗ്യം പരിശോധനാവിധേയമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഇതു വിരല്‍ ചൂണ്ടുന്നുണ്ടോ?
Dr. Shahul Ameen Facebook post