മെസഞ്ചറും വാട്സാപ്പും ; ചില സുരക്ഷാവ്യത്യാസങ്ങൾ

676

മെസഞ്ചറിനേക്കാൾ സുരക്ഷിതം വാട്സപ്പാണ് എന്നു പറയാൻ കാരണമെന്താണ്? 

Fasil Shajahan എഴുതുന്നു 

1- വാട്സ്അപ് ഒരു Stand alone അപ്ലിക്കേഷന്‍ ആണ്. മെസഞ്ചര്‍ അങ്ങിനെയല്ല. അതുകൊണ്ടു തന്നെ മെസഞ്ചറില്‍ അയക്കുന്ന മെസേജുകള്‍ കാലാകാലം അവിടെ കിടക്കും. ഹാക്കേഴ്സിനു മെസേജ് ചോർത്താൻ ഇത് വലിയ സൗകര്യമൊരുക്കുന്നു. അതിനാൽ തന്നെ മെസഞ്ചറിലെ മെസേജുകൾ അവിടെത്തന്നെ സൂക്ഷിക്കുന്നത് തികഞ്ഞ അബദ്ധമാണ്.

2- മെസഞ്ചറില്‍ കൂടി ഒരാള്‍ അയക്കുന്ന സന്ദേശം ഏകദേശം 180,000 ത്തോളം ഉണ്ടെന്നു കണക്കാക്കപ്പെടുന്ന സെര്‍വറുകളില്‍ സ്റ്റോര്‍ ചെയ്ത ശേഷമാണ് ആ സന്ദേശം സ്വീകരിക്കുന്ന വ്യക്തിയുടെ ഫോണിലെ ഇന്‍ബോക്സില്‍ എത്തുന്നത്. വാട്സപ്പില്‍ അയക്കുന്ന മെസേജ് എവിടെയും സ്റ്റോര്‍ ചെയ്യപ്പെടുന്നില്ല.

Please note: 2008 ല്‍ ഫേസ്ബുക്കിന് 10,000 സെര്‍വര്‍ ഉണ്ടായിരുന്നു. 2009ല്‍ അതു 30,000 ആയി. 2010ല്‍ 60,000 ആയി . അതിനു ശേഷം സെര്‍വറുകളുടെ എണ്ണം ഫേസ്ബുക്ക് വെളിപ്പെടുത്തിയിട്ടില്ല. മുകളില്‍ പറഞ്ഞ 180,000 എന്നത് മറ്റു മാര്‍ഗങ്ങളിലൂടെ കണ്ടെത്തിയ ഏകദേശ കണക്കാണ്.

3- മെസഞ്ചറില്‍ കൂടി ഒരു സന്ദേശം അയക്കുമ്പോള്‍ അതു ഫേസ്ബുക്ക് കമ്പനിക്ക് വായിക്കാന്‍ കഴിയും. Face Recognition നു വേണ്ടിയും Friend suggestion നു വേണ്ടിയും ഒക്കെ ഫേസ്ബുക്ക് മെസഞ്ചറിലെ നമ്മുടെ ‍ സന്ദേശങ്ങള്‍ സദാസമയം കമ്പനി നിരീക്ഷിക്കുന്നുണ്ട്.

ഇങ്ങിനെയൊരു പ്രശ്നം വാട്സ്അപ്പില്‍ ഇല്ല. അവിടെ സന്ദേശം അയക്കുന്ന വ്യക്തിയും ലഭിക്കുന്ന വ്യക്തിയും മാത്രമേ ആ സന്ദേശം കാണുന്നുള്ളൂ. നമ്മള്‍ അയക്കുന്ന മെസേജുകള്‍ വാട്സ്അപ്പ് കമ്പനിക്കു പോലും കാണാന്‍ കഴിയില്ല.

4- end-to-end encryption എന്നൊരു സംവിധാനം വാട്സപ്പില്‍ ഉണ്ട്. മറ്റൊരാളുടെയും കയ്യിൽ പെടാതെ നമ്മുടെ സന്ദേശങ്ങള്‍ സ്വീകര്‍ത്താവിനു ലഭിക്കാന്‍ ഇതു സഹായിക്കുന്നു.

വാട്സപ്പിലൂടെ ഒരു സന്ദേശം അയക്കുമ്പോള്‍ ആദ്യം അത് ഒരു സെക്യൂരിറ്റി കോഡിനാല്‍ (cryptographic lock) ലോക്ക് ചെയ്യപ്പെടുന്നു. സ്വീകര്‍ത്താവിന്റെ ഫോണില്‍ എത്തിയാല്‍ മാത്രമേ അത് അണ്‍ ലോക്ക് ചെയ്യപ്പെടുകയുള്ളൂ.

മാത്രവുമല്ല, നമ്മള്‍ അയക്കുന്ന ഓരോ സന്ദേശത്തിനും വെവ്വേറെ സെക്യൂരിറ്റി ലോക്കുകള്‍ ആണ് നല്‍കപ്പെടുന്നത്. ഒരിക്കലും ഒരേ പോലെയുള്ള സോഫ്റ്റ്‌വെയര്‍ ലോക്ക് ഉപയോഗിക്കപ്പെടുന്നില്ല.

പേടിക്കണ്ട, ഒരു മെസേജ് അയക്കുമ്പോള്‍ ഇതെല്ലാം തന്നെ നാമറിയാതെ End-to-end encryption ല്‍ ഓട്ടോമാറ്റിക് ആയി വാട്സപ്പിന്റെ അണിയറയില്‍ നടക്കുന്നുണ്ട്.

Please note: നിരവധി ഹാക്കിങ്ങും ചോര്‍ത്തലുകളും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് 2016 ലാണ് വാട്സപ്പിലൂടെ ഒഴുകുന്ന മുഴുവന്‍ ഡാറ്റകള്‍ക്കും വെവ്വേറെ സെക്യൂരിറ്റി കോഡുകളോടു കൂടിയ end-to-end encryption വാട്സപ് ഏര്‍പ്പെടുത്തിയത്.

5- മെസഞ്ചറിനേക്കാള്‍ കുറഞ്ഞ ബാന്‍ഡ് വിഡ്ത്തില്‍ വാട്സപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ പറ്റും. അതിനാല്‍ റേഞ്ച് കുറവുള്ളപ്പോള്‍ ഓഡിയോ വീഡിയോ കോളിന് നല്ലത് വാട്സപ് ആണ്.

(പക്ഷെ ചിത്രങ്ങള്‍ അണ്‍ ലിമിടഡ് ആയി അയക്കാന്‍ പറ്റുക മെസഞ്ചറില്‍ ആണ്. കൂടാതെ കൂടുതല്‍ കളറുകളും ഗ്രേഡിയന്റ്സും ചാറ്റിനെ വര്‍ണ്ണ ശബളമാക്കാനുള്ള ഫസിലിറ്റിയും അമ്പതോളം പെരുമയുള്ള ഗ്രൂപ്പ് കോളും ഉള്ളത് മെസഞ്ചറില്‍ ആണ്. വാട്സപ്പില്‍ ഒരേ സമയം നാലു പേരോടു മാത്രമേ ഗ്രൂപ്പ് കോള്‍ ചെയ്യാനൊക്കൂ)

6- വാട്സപ്പില്‍ 216 ആളുകള്‍ക്കു മാത്രമേ ഒരേ സമയം മെസേജ് അയക്കാന്‍ പറ്റൂ. 30 ഫോട്ടോയും 16 MB വീഡിയോയും മാത്രമേ ഒരൊറ്റ ഫയലില്‍ അയക്കാന്‍ സാധിക്കൂ. ഇതുകൊണ്ടു തന്നെ വാട്സപ്പില്‍ സ്പാം അല്ലെങ്കില്‍ വൈറസ് മേസേജുകള്‍ക്ക് സാധ്യത മെസഞ്ചറിനെക്കാള്‍ തീരെ കുറവാണ്.

7- ഭാവിയില്‍ എപ്പോഴെങ്കിലും ഒരാവശ്യം വന്നാല്‍ നോക്കുന്നതിനായി വാട്സപ് മെസേജുകള്‍ ജിമെയില്‍ പോലെയുള്ള തികച്ചും സുരക്ഷിതവും സ്വകാര്യവുമായ സ്ഥലങ്ങളില്‍ സ്റ്റോര്‍ ചെയ്യാന്‍ പറ്റും. മെസഞ്ചറില്‍ അങ്ങിനെ ഒരു സൗകര്യമില്ല.

By: Fasil Shajahan

Advertisements