“വീടിനു റൂഫിംഗ് ചെയ്തത് അബദ്ധമായെന്ന് തോന്നുന്നു.. ഇപ്പോൾ ഒരു മൊബൈലിനും വീട്ടിനകത്ത് റേഞ്ച് കിട്ടുന്നില്ല. നെറ്റ് വർക്ക് മാറ്റി നോക്കിയിട്ടും രക്ഷയില്ല”

Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് )

ഈ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ? ഉണ്ടെങ്കിൽ അത്ഭുതപ്പെടേണ്ട. വീടിനു മെറ്റൽ റൂഫിംഗ് ചെയ്താൽ വീടിനകത്ത് മൊബൈൽ സിഗ്നൽ സ്ട്രംഗ്ത്ത് കുറയുകയോ ഒട്ടും ലഭിക്കാതെ വരികയോ ചെയ്യാം. നിങ്ങളുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, തൊട്ടടുത്ത മൊബൈൽ ടവറിൽ നിന്നുള്ള ദൂരം, മൊബൈൽ ടവറും വീടും തമ്മിലുള്ള ഉയര വ്യത്യാസം അങ്ങനെ വിവിധ ഘടകങ്ങൾക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെടാം. എന്താണിതിനു കാരണം? ഇതിനൊരു പ്രതിവിധി ഉണ്ടോ‌?

മൊബൈൽ സിഗ്നൽ എന്നാൽ വൈദ്യുത കാന്തിക തരംഗങ്ങൾ ആണെന്ന് അറിയാമല്ലോ. വൈദ്യുത കാന്തിക തരംഗങ്ങൾക്ക് ഒരു സ്വഭവമുണ്ട്, അവയുടെ ഫ്രീക്വൻസി (ആവൃത്തി) കൂടുന്തോറും നേരേ വാ നേരേ പോ എന്ന സ്വഭാവം കൂടിക്കൂടി വരും. ഫ്രീക്വൻസി കുറഞ്ഞ തരംഗങ്ങൾ വളഞ്ഞ് പുളഞ്ഞും വിടവുകളിലൂടെയുമൊക്കെ സഞ്ചരിക്കും. അതിനു ലളിതമായ ഒരു ഉദാഹരണം പറയാം… ശബ്ദം. വളരെ കുറഞ്ഞ ആവൃത്തിയുള്ള തരംഗങ്ങളാണ്‌ (20 ഹെട്സ് മുതൽ 20 കിലോ ഹെട്സ് വരെ). ചെറിയ ഒരു ഗ്യാപ്പ് കിട്ടിയാൽ തന്നെ അതിലൂടെ വളഞ്ഞ് പുളഞ്ഞ് എത്തേണ്ടിടത്ത് എത്തും. അത് മാത്രവുമല്ല കുറഞ്ഞ ആവൃത്തിയുള്ള തരംഗങ്ങളെ തടസ്സങ്ങൾ ആഗിരണം ചെയ്യുന്ന തോതും വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ തടസ്സങ്ങളൊക്കെ സാധാരണ ഗതിയിൽ ആവൃത്തി കുറഞ്ഞ തരംഗങ്ങൾക്ക് ഒരു പ്രശ്നമേ അല്ല. ആവൃത്തി കൂടുന്തോറും ഈ പ്രശ്നം കൂടിക്കൂടി വരുന്നു. അതോടെ തരംഗങ്ങൾ തടസ്സങ്ങളാൽ ആഗിരണം ചെയ്യപ്പെടുന്നതിന്റെ തോതും വർദ്ധിച്ചു വരുന്നു. അതുകൊണ്ട് ആവൃത്തി കൂടിയ തരംഗങ്ങൾ ആണ്‌ കമ്യൂണിക്കേഷനായി ഉപയോഗിക്കുന്നത് എങ്കിൽ ട്രാൻസ്മിറ്ററും റിസീവറും നേർ രേഖയിൽ വന്നാൽ മാത്രമേ നല്ല രീതിയിലുള്ള ആശയ വിനിമയം സാദ്ധ്യമാകൂ. മൊബൈൽ സിഗ്നലുകൾ ഉയർന്ന ആവൃത്തിയിൽ ഉള്ള തരംഗങ്ങൾ ആണുപയോഗിക്കുന്നത്. ആദ്യ 2ജി കാലഘട്ടങ്ങളിൽ 900 മെഗാ ഹെട്സ് 1800 മെഗാഹെട്സ് തരംഗങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പൊതുവേ 4ജി എത്തിയപ്പോഴേക്കും 1800 മുതൽ 2300 മെഗ ഹെട്സു വരെ ഉള്ള തരംഗങ്ങൾ ആണ്‌ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ വളഞ്ഞ് പുളഞ്ഞ് സഞ്ചരിക്കാനുള്ള കഴിവ് കുറയുകയും തടസ്സങ്ങളാൽ ആഗിരണം ചെയ്യപ്പെടുന്നതിന്റെ തോത് കൂടുകയും ചെയ്യുന്നു. ഫലമോ കൂടുതൽ ശേഷിയുള്ള മൊബൈൽ ടവറുകൾ ആവശ്യമായി വരുന്നു.

പക്ഷേ മൊബൈൽ ടവറുകളൂടെ ശേഷി വർദ്ധിപ്പിക്കുന്നതിനു നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാൽ ഒരൊറ്റ വഴിയേ ഉള്ളൂ.. ശേഷി കുറഞ്ഞ കൂടുതൽ ടവറുകൾ സ്ഥാപിക്കുക. 5ജി വരുന്നതോടെ ഈ പ്രശ്നം ഒന്നും കൂടി രൂക്ഷമാകാൻ പോകുകയാണ്‌. നല്ല 5ജി നെറ്റ് വർക്കിനായി കൂടുതൽ മൊബൈൽ ടവറുകൾ ആവശ്യമായി വരും. എന്തിനാണിങ്ങനെ ഫ്രീക്വൻസി കൂട്ടിക്കൊണ്ടു വരുന്നത് പഴയതുപോലെ കുറഞ്ഞ ഫ്രീക്വൻസി ഉപയോഗിച്ചാൽ പോരേ എന്ന സംശയങ്ങൾ ഉണ്ടാകും. ഫ്രീക്വൻസിയും ബാൻഡ് വിഡ്ത്തും തമ്മിലുള്ള ബന്ധവും അതനുസരിച്ച് രൂപം കൊണ്ട സാങ്കേതിക വിദ്യകളെയുമൊക്കെക്കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കാം. ഇപ്പോൾ ഇത്രമാത്രം മനസ്സിലാക്കുക വേഗതയുള്ള വയർലെസ് ഇന്റർനെറ്റിനായി കൂടുതൽ ഫ്രീക്വൻസി ഉള്ള തരംഗങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു.

ഇനി ഈ തരംഗങ്ങളുടെ മറ്റൊരു പ്രശ്നം എന്താണെന്ന് പറയാം. ലോഹങ്ങളിലൂടെ വൈദ്യുത കാന്തിക തരംഗങ്ങൾ കടന്നു പോകുമ്പോൾ അലോഹങ്ങലൂടെ കടന്നു പോകുന്നതിനു സമമായ പ്രവർത്തനമല്ല നടക്കുന്നത്. ലോഹങ്ങളിലൂടെ ഈ തരംഗങ്ങൾ പ്രസരിക്കുന്ന ഒരു പ്രതിഭാസം കൂടി സംഭവിക്കുന്നു. ഇവിടെ അടഞ്ഞ ഒരു കൂട് പോലെ ഉള്ള ലോഹ നിർമ്മിതി ആണെങ്കിൽ അതിനു മുകളിളിലൂടെ പ്രസരിക്കുന്ന തരംഗങ്ങൾ നിർവീര്യമാക്കപ്പെടുകയും കൂടിനകത്തേക്ക് ഒട്ടും തന്നെ തരംഗങ്ങൾ ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇതിനു പറയുന്ന പേരാണ്‌. ഫാരഡേയ്സ് കേജ്. (ഫാരഡേയ്സ് കേജിനെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റ് ആദ്യ കമന്റിൽ). നിങ്ങളുടെ മൊബൈൽ ഫൊൺ ഒരു അലുമിനീയം ഫൊയിലിൽ നന്നായി പൊതിഞ്ഞ് വച്ചാലോ ഒരു പൊട്ടാറ്റോ ചിപ്സിന്റെ കവറിനകത്ത് ഇട്ടു വച്ചാലോ റേഞ്ച് നഷ്ടമാവുന്നത് ഈ പ്രതിഭാസം മൂലമാണ്‌. സമാനമായ സാഹചര്യമാണ്‌ വീടിനു മെറ്റൽ റൂഫിംഗ് ചെയ്യുമ്പോഴും ഉണ്ടാകുന്നത്.

മെറ്റൽ റൂഫിംഗ് നിങ്ങളുടെ വീടീനെ മുഴുവനായി വൈദ്യുത കാന്തിക തരംഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഒരു വലിയ ഫാരഡേയ്സ് കേജ് ആയി പ്രവർത്തിക്കുന്നു. അതോടെ വീടിനകത്ത് മൊബൈൽ സിഗ്നലുകളുടെ പ്രവേശനം തടയപ്പെടുന്നു. ഇത് മെറ്റൽ റൂഫിംഗിന്റെ മാത്രമല്ല.. കളിമണ്ണുകൊണ്ട് നിർമ്മിച്ച ടൈൽ റൂഫിംഗ് നടത്തുമ്പോഴും സമാനമായ സാഹചര്യം ഉണ്ടാകാം. പക്ഷേ അവിടെ ഫാരഡേയ്സ് കേജ് പ്രതിഭാസമായിരിക്കില്ല മറിച്ച് 2 ഗിഗാഹെട്സിനു മുകളിൽ ആവൃത്തിയുള്ള തരംഗങ്ങൾ ജല തന്മാത്രകളുമായി പ്രവർത്തിക്കുന്നതിനാൽ കളിമൺ ഓടുകളിലെ ജലാംശം ഈ തരംഗങ്ങളെ ഗണ്യമായി ആഗിരണം ചെയ്യുന്നതായിരിക്കും പ്രധാന വില്ലൻ. എങ്കിലും മെറ്റൽ റൂഫിംഗ് ഉപയോഗിക്കുന്നതു വഴി ഉണ്ടാകുന്നത്ര കുഴപ്പങ്ങൾ ഇത്തരം റൂഫിംഗുകൊണ്ട് ഉണ്ടാകാറില്ല. മഴക്കാലത്തും മറ്റും ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടാം. ഇപ്പോൾ മൊബൈൽ കമ്പനികൾ എല്ലാം ഒരേ ടവറുകൾ ഷെയർ ചെയ്യുന്നതിനാൽ പ്രശ്നമുള്ള ഇടങ്ങളിൽ സർവീസ് പ്രൊവൈഡർ മാറ്റിയാലും ഫലമുണ്ടാകണമെന്നില്ല.

വലിയ പണം ചെലവാക്കി മെറ്റൽ റൂഫിംഗ് ചെയ്തു.. ഈ വയ്യാവേലിയിൽ നിന്നും എങ്ങിനെ രക്ഷപ്പെടും ? വീടിനടുത്ത് ഒരു മൊബൈൽ ടവർ ഉണ്ടാക്കിത്തരാൻ സർവീസ് പ്രൊവൈഡറോട് പറയാൻ പറ്റില്ലല്ലോ. റൂഫിംഗ് പൊളിക്കാനും പറ്റില്ല. ഇതിനു പ്രായോഗികമായ ഒരേ ഒരു പ്രതിവിധിയാണ്‌ മൊബൈൽ ഫോൺ സിഗ്നൽ ബൂസ്റ്ററുകൾ. ഇപ്പോൾ സിഗ്നൽ ബൂസ്റ്ററുകൾ വിപണിയിൽ സുലഭമാണ്‌. കെട്ടിടങ്ങളുടെ ബേസ് മെന്റുകളിലും സിഗ്നൽ ലഭിക്കാത്ത മറ്റ് ഇടങ്ങളിലും ഒക്കെ മൊബൈൽ ഫോണുകൾ തടസ്സമില്ലാതെ ഉപയോഗിക്കാൻ സിഗ്നൽ ബൂസ്റ്ററുകൾ ഇപ്പോൾ പരക്കെ ഉപയോഗപ്പെടുത്തുന്നു. ഓൺലൈൻ പോർട്ടലുകളിൽ ലഭ്യമാണ്‌. വില അല്പം കൂടുതൽ ആണെങ്കിലും (10000 രൂപയ്ക്ക് മുകളിൽ ) വേറേ വഴി ഇല്ല. ഇതിന്റെ ആന്റിന വീടീന്റെ വെളിയിൽ വച്ച് ബൂസ്റ്റർ വീടിനകത്ത് സ്ഥാപിച്ചാൽ വീടു മുഴുവൻ നല്ല സിഗ്നൽ സ്ട്രംഗ്ത്ത് ലഭിക്കും. പിന്നെ ഉള്ളത് ചില ആന്റിനകളും മൊബൈൽ ഫോൺ ഹോൾഡറുകളുമൊക്കെ ഉപയോഗിക്കുന്ന വിദ്യകൾ ആണ്‌. പക്ഷേ ആ സാഹചര്യത്തിൽ മൊബൈൽ ഫോണുകളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടമാവുകയും ലാൻഡ് ഫോൺ പോലെ ഉപയോഗിക്കേണ്ടി വരികയും ചെയ്യുന്നതിനാൽ പ്രായോഗികമല്ല. ഒരോ സർവീസ് പ്രൊവൈഡറും വ്യത്യസ്ത ഫ്രീക്വൻസി ബാൻഡുകൾ ആണ്‌ അവരുടെ 2ജി/3ജി/4ജി സേവനങ്ങൾക്ക് ഉപയോഗിക്കുന്നത് എന്നതിനാൽ ഒന്നുകിൽ പൊതുവായ എല്ലാ ബാൻഡുകളും സപ്പോർട്ട് ചെയ്യുന്ന ബൂസ്റ്ററുകളോ അല്ലെങ്കിൽ നിങ്ങളുടെ സർവീസ് പ്രൊവൈഡർ ഏതാണോ അവരുടെ ബാൻഡിനനുസരിച്ചുള്ള ബൂസ്റ്ററോ തെരഞ്ഞെടുത്തില്ലെങ്കിൽ പ്രയോജനമുണ്ടാകില്ല.

ഇപ്പോൾ സിഗ്നൽ സ്ട്രംഗ്ത്ത് കുറവായതു മൂലം ഉള്ള കാൾഡ്രോപ്പ് പരാതികൾ കൂടീയതോടെയും ട്രായുടെ നിയമപരകാരം നഷ്ടപരിഹാരം നൽകാൻ മൊബൈൽ സർവീസ് പ്രൊവൈഡർമ്മാർ നിർബന്ധിതരാകുന്നതും കൂടുതൽ ടവറുകൾ ഇന്സ്റ്റാൾ ചെയ്യിക്കാൻ അവരുടെ മുകളിൽ സമ്മർദ്ദം കൂട്ടുന്നു.വലിയ അപ്പാർട്ട്മെന്റ് കോമ്പ്ലക്സുകളിലൊക്കെയുള്ള സിഗ്നൽ പ്രശ്നം പരിഹരിക്കാനായി സർവീസ് പ്രൊവൈഡർമ്മാർ തന്നെ ബൂസ്റ്ററുകൾ ഇന്സ്റ്റാൾ ചെയ്ത് നൽകാറുണ്ട്. പക്ഷേ ഒരു വീടിനോ സ്ഥാപനത്തിനോ മാത്രമായി ഇത്തരം സേവനങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും ശ്രമിച്ച് നോക്കുന്നതിലും സർവീസ് പ്രൊവൈഡറിൽ നിന്നും തന്നെ ഒരു പ്രതിവിധി ഉണ്ടാക്കാൻ ശ്രമിക്കുന്നതും നല്ലതാണ്‌.

സിഗ്നൽ ബൂസ്റ്ററുകളുടെ നിയമപരമായ സാധുതകളെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അമേരിക്കയിൽ ഇത്തരത്തിലുള്ള ലോ പവർ ബൂസ്റ്ററുകൾ വീടുകളിലും കടകളിലുമൊന്നും ഉപയോഗിക്കുന്നതിൽ നിയമ തടസ്സങ്ങളില്ല. ഇന്ത്യയിൽ ഇത്തരം ബൂസ്റ്ററുകൾ നഗരങ്ങളിൽ പരക്കെ ഉപയോഗപ്പെടുത്തുന്നുട്ണെങ്കിലും ഇത് ഉപയോഗിക്കുന്നതു കാരണം മറ്റുള്ളവരുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ എന്തെങ്കിലും തടസ്സങ്ങൾ സംഭവിക്കുകയാണെങ്കിലോ പരാതി ലഭിക്കുകയാണെങ്കിലോ നീക്കം ചെയ്യേണ്ടി വരും.

You May Also Like

‘ഒരൊറ്റ ജീവിയോ മരമോ ഇതുവരെ ആരും റിപ്പോട്ട് ചെയ്തിട്ടില്ല’, എന്താണ് ഗൂഗിൾ ഫോറസ്റ്റ് ?

എന്താണ് ഗൂഗിൾ ഫോറസ്റ്റ് ? അറിവ് തേടുന്ന പാവം പ്രവാസി മുപ്പത് വർഷങ്ങൾക്ക് മുൻപ് വാഗമണ്ണിലെ…

ബുധൻ എന്ന നിഗൂഢ ഗ്രഹം ! സീറ്റ് ബെൽറ്റുകൾ മുറുക്കിഎല്ലാവരും തയ്യാറാകുവിൻ… നാം ഇതാ പുറപ്പെട്ടു കഴിഞ്ഞു

꧁ ബുധൻ എന്ന നിഗൂഢ ഗ്രഹം.! ꧂ Msm Rafi വീണ്ടുമൊരു പുതുപുലരി കിഴക്കേ ചക്രവാളത്തിൻ…

വരുന്നു സൂപ്പർ സ്പേസ് ടെലസ് ക്കോപ്പുകൾ

വരുന്നു സൂപ്പർ സ്പേസ് ടെലസ് ക്കോപ്പുകൾ സാബു ജോസ് ചരിത്രത്തിൽ ഇടം നേടിയ ബഹിരാകാശ ദൂരദർശിനിയാണ്…

ട്രെയിനുകളിലെ ‘ടിടിഇ’മാരുടെ ചുമതലകൾ എന്തെല്ലാം? ടിക്കറ്റ് പരിശോധന മാത്രമല്ല

എല്ലാവരുടെയും ധാരണ ടിക്കറ്റെടുക്കാത്ത യാത്രക്കാരെ പൊക്കുക എന്നതു മാത്രമാണ് TTE മാരുടെ ജോലി എന്നാണ്. എന്നാൽ അതിനുമപ്പുറം മറ്റു ചില കർത്തവ്യങ്ങൾ കൂടി TTE മാരുടെ ചുമലിലുണ്ട്