എംജി ഇലക്ട്രിക് എസ്‌യുവി ഒറ്റചാർജിൽ 428 കി.മീ, വിലയിൽ വിപ്ലവം .

1441
mg-eSUV
എംജി ഇലക്ട്രിക് എസ്‌യുവി

ആദ്യ എസ്‌യുവിയായ ഹെക്റ്ററിന് പിന്നാലെ ഇലക്ട്രിക് എസ്‌യുവിയുമായി എംജി എത്തും. ഇസഡ് എക്സ് എസ്‍യുവിയെ അടിസ്ഥാനപ്പെടുത്തി എംജി പ്രദർശിപ്പിച്ച ഇ ഇസഡ്എക്സാണ് ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായി പുറത്തിറങ്ങുക. കഴിഞ്ഞ വർഷം അവസാനം ചൈനീസ് മോട്ടോർഷോയിൽ വെച്ചാണ് വാഹനം അനാവരണം ചെയ്തത്. ചൈനീസ് വിപണിയിലുള്ള ഇസഡ്എക്സിന്റെ രൂപം തന്നെയാണ് എലക്ട്രിക് എസ് യു വി യ്ക്കും.

ഹെക്റ്ററിന്റെ അരങ്ങേറ്റത്തിന് ശേഷം ഈ വർഷം അവസാനം ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തു പകരുക. പൂജ്യത്തിൽ നിന്ന് 50 കിലോമീറ്റർ വേഗം 3.1 സെക്കന്റിൽ ആർജിക്കാനുള്ള കഴിവുണ്ടാകും. ഒറ്റ ചാർജിൽ 335 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും എന്നതും ഈ എസ്‌യുവിയുടെ മേന്മയാണ്. കൂടാതെ 60 കിലോമീറ്റർ വേഗ പരിധിയിൽ സഞ്ചരിച്ചാൽ 428 കിലോമീറ്റർ വരെ ചാർജ് നിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അരമണിക്കൂർ ചാർജ് ചെയ്താൽ 80 ശതമാനം വരെ ചാർജാകുന്ന ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും വാഹനത്തിലുണ്ടാകും. വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിളിൾ ചെയ്ത് വിൽക്കാനാണ് കമ്പനി പദ്ധതി.  ജനറല്‍ മോട്ടോഴ്‌സില്‍ നിന്ന് സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക. യുകെയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എന്‍ജിനിയറുമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. തുടക്കത്തില്‍ വര്‍ഷത്തില്‍ 80000 വാഹനങ്ങളും പിന്നീട് രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി പദ്ധതി. ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ സായിക് മോട്ടോര്‍ കോര്‍പറേഷന്റെ സഹസ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ.