“എന്റെ ഓഫീസ് ഐഡന്റിറ്റി കാർഡിൽ നിന്നും എന്റെ മുഴുവൻ പേര് സ്വാമി മനസ്സിലാക്കി, ഞാൻ പോയതിനു ശേഷം വീടെല്ലാം പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി”

96

MH Subair.

‘ഗോൾ മാർക്കറ്റ്’ എന്ന സ്ഥലം ഡൽഹിയിലെ സർക്കാർ ജോലിക്കാർ താമസിക്കുന്ന കോളനിയാണ്. പാർലമെന്റ് ബിൽഡിങ്ങിൽ നിന്നും ഒരു വിളിപ്പാട് അകലെയാണിത്. ഈ വീടുകളിലെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ രാത്രിയിലും മനുഷ്യരുറങ്ങാത്ത കൊണാട്ട് പ്ളേസ് കാണാം. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ഉത്സാഹിച്ചു നടന്നാൽ പത്തു മിനിറ്റ് കൊണ്ട് ഇവിടെ എത്തിച്ചേരാം.

1990 ലെ ഒരു തണുപ്പ് കാലത്ത് ഈ നഗരത്തിൽ ആദ്യമായി എത്തിയപ്പോൾ ഞാൻ താമസിച്ചത് ഇവിടെയാണ്. പ്ലാനിങ്ങ് കമ്മിഷനിൽ (ഇന്നത്തെ നീതി ആയോഗ്) ആയിരുന്നു എനിക്ക് ജോലി കിട്ടിയത്. ഓഫീസിൽ നിന്നും പത്ത് മിനിറ്റ് കൊണ്ട് ഗോൾ മാർക്കറ്റിൽ നടന്നെത്താം. ഡൽഹിയിലെ എല്ലാ പ്രധാന മന്ത്രാലയങ്ങളിലേക്കും ഇവിടെ നിന്നും നടന്നെത്താം. ഇവിടെ താമസിക്കുന്നവർ ഇപ്പോഴും കാൽനട ആയാണ് ഓഫീസുകളിലേക്ക് പോവുന്നത്.

തമിഴ് നാട്ടുകാരനായ ഒരു സ്വാമിയുടെ വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടായിരുന്നു എന്റെ താമസം. സ്വാമിയുടെ ഭാര്യയും മക്കളും നാട്ടിലാണ്. രണ്ടു മുറികൾ മാത്രമുള്ള തീപ്പെട്ടി കൂടുപോലുള്ള ആ വീട്ടിൽ എന്നെക്കൂടാതെ വേറൊരു പേയിങ് ഗസ്റ്റും ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ എന്ന ഒരു മലയാളി സുഹൃത്ത്. ബെഡ്‌റൂമിൽ ഉണ്ണികൃഷ്ണൻ കിടക്കും. എന്റെ കിടപ്പ് വരാന്തയിലാണ്. സ്വാമി ബാൽക്കണിയിലും. എനിക്ക് കിടക്കാനുള്ള ഒരിടം മാത്രമേയുള്ളു, എന്റെ ഇരുമ്പു പെട്ടി വയ്ക്കാൻ ഒരിടം. ഉറങ്ങിയെണീറ്റാൽ പായ് ചുരുട്ടിയെടുത്ത് ആ പെട്ടിയുടെ മുകളിൽ വയ്ക്കും. ഇരുന്ന് വായിക്കുന്നതുമൊക്കെ അതിന് മുകളിലാണ്.

ഉണ്ണികൃഷ്ണന് രണ്ടു നേരത്തെ ഭക്ഷണവും രാവിലേയും വൈകിട്ടുമുള്ള രണ്ടു ചായയും സ്വാമിയുടെ വകയാണ് (ഫ്രീ അല്ല). എനിക്ക് കിടക്കാടം മാത്രമേയുള്ളു. എന്റെ ഭക്ഷണവും ചായയും ഒരു മാസം വെയിറ്റ് ചെയ്തിട്ട് തീരുമാനിക്കാമെന്ന് സ്വാമി പറഞ്ഞു. എന്റെ പേരാണ് സ്വാമിക്ക് പ്രശ്‍നമായത്. ഉണ്ണികൃഷ്ണൻ എന്നെ സ്വാമിക്ക് പരിചയപ്പെടുത്തുമ്പോൾ സുബൈർ എന്ന് പറഞ്ഞു. പക്ഷെ സ്വാമി കേട്ടത് സുബേദാർ എന്നായിരുന്നു. അതോടെ ജാതിയേത് മതമേത് എന്ന കാര്യത്തിൽ സ്വാമി കൺഫ്യൂഷനിൽ ആയി. ആ സംശയം തീർക്കാനായിരുന്നു കുറച്ചുകാലത്തെ കാലാവധി. എന്നോടോ ആ സുഹൃത്തിനോടോ അക്കാര്യം തുറന്നു ചോദിക്കാൻ സ്വാമിക്ക് മടിയായിരുന്നു.

ഞാൻ കിടക്കുന്ന വരാന്തയിൽ ഇരുന്നാണ് ഉണ്ണികൃഷ്ണനും സ്വാമിയും ഭക്ഷണം കഴിക്കുന്നത്. അതിനാൽ ഞാൻ അവർക്കൊരു ശല്യമാവേണ്ട എന്ന് കരുതി രാത്രികളിൽ അവർ ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാൻ നേരത്ത് മാത്രമേ ഞാൻ വീടണയു. അങ്ങിനെ ഓഫീസ് ജോലി തീർന്നാലും രാത്രി ഏറെ വൈകും വരെ കൊണാട്ട് പ്ലേസിൽ ചുറ്റിക്കറങ്ങി നടക്കുന്നത് പതിവായി. ഒരു ദിവസം രാത്രി പതിവുപോലെ കറങ്ങി നടന്നിട്ട് ഉറങ്ങാനായി വീട്ടിലെത്തി. മുറിക്കുള്ളിൽ കടന്നപ്പോൾ തന്നെ മനസ്സിലായി എന്തോ പന്തികേട് ഉണ്ടെന്ന്. എന്റെ പെട്ടിയും കിടക്കയും ചുരുട്ടിക്കെട്ടി വാതിൽക്കൽ നീക്കി വച്ചിട്ടുണ്ട്. സ്വാമി നിന്ന് പുകയുന്നു. “വല്ല ആടിനേയും കോഴിയേയും തിന്നിട്ട് എന്റെ വീട്ടിൽ കയറി വരാൻ തന്നോട് ആരു പറഞ്ഞു?” സ്വാമി തമിഴിലും ഹിന്ദിയിലുമായി അലറി.

ഞാൻ ഒന്നും മനസ്സിലാവാതെ നിന്നു. അന്ന് രാത്രി തന്നെ എന്നോട് വീടൊഴിയാൻ പറഞ്ഞു. ആ സുഹൃത്ത് ഇടപെട്ടിട്ടാണ് ആ രാത്രിയിൽ എന്നെ അവിടെ തങ്ങാൻ അനുവദിച്ചത്. പിറ്റേന്ന് രാവിലെ ആ വരാന്തയിൽ നിന്നും ഉള്ളിലേക്ക് എന്നെ കടത്തിയില്ല. ബാത്റൂമോ ടോയ്‌ലറ്റോ ഉപയോഗിക്കാൻ എന്നെ അനുവദിച്ചില്ല.എന്റെ ഓഫീസ് ഐഡന്റിറ്റി കാർഡിൽ നിന്നും എന്റെ മുഴുവൻ പേര് സ്വാമി മനസ്സിലാക്കിയതാണ് കാരണം. ഞാൻ പോയതിനു ശേഷം വീടെല്ലാം പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയെന്ന് ഉണ്ണികൃഷ്ണൻ പിന്നീട് പറഞ്ഞു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് നടന്ന ആ സംഭവം ഇപ്പോൾ ഓർക്കാൻ കാരണമുണ്ട്. ആ വീടുകളൊക്കെ സർക്കാർ ഇപ്പോൾ പൊളിച്ചു മാറ്റുകയാണ്. താമസക്കാരെ ഒഴിപ്പിച്ചു തുടങ്ങി. അവിടെയിനി ബഹു നില കെട്ടിടങ്ങളോ, ഷോപ്പിംഗ്‌ മോളുകളോ, മൾട്ടിപ്ലക്സുകളോ വരും.

ലോകം മാറുകയാണ്. മാറട്ടെ. കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചു മാറ്റണം. ഇരുട്ടും ഈർപ്പവും നിറഞ്ഞ വെളിച്ചം കടക്കാത്ത ഇടുങ്ങിയ മുറികളിൽ നിന്നും മനുഷ്യർ കാറ്റും വെളിച്ചവുമുള്ള തുറസ്സായ ലോകത്തേക്ക് ഇറങ്ങി വരട്ടെ.എനിക്ക് ആ സ്വാമിയോട് അന്നും ഇന്നും ഒരു വിദ്വേഷവും തോന്നിയിട്ടില്ല. അദ്ദേഹത്തെ ഞാനിന്നും ഓർക്കുന്നു. എവിടെയാണെന്നറിയില്ല, ജീവനോടെ ഇരിപ്പുണ്ടോ എന്നും അറിയില്ല. അത് ഓർമ്മയെ ബാധിക്കുന്നുമില്ല. സ്ഥലകാലങ്ങളിൽ നിന്നും അടർന്നു പോയവരാണ് ഓർമ്മകളിൽ ചിരഞ്ജീവികളായി നിൽക്കുന്നത്. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരും ഓർമ്മയിൽ ഒരുപോലെയാണ്.
W.G Sebald ന്റെ Austerlitz എന്ന കഥാപാത്രം പറയുന്നപോലെ: “The dead are at our mercy, that we can choose to remember or forget them”
ഈ പോസ്റ്റിലെ ഫോട്ടോ ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലാത്ത W.G സെബാൾഡിന്റേതാണ്.
(M.H.Subair)
04.08.2020