വൃദ്ധ ജനങ്ങൾ രോഗ ലക്ഷണങ്ങൾ ഇല്ലാതെ തന്നെ മക്കളാൽ ക്വാറന്റൈൻ ചെയ്യപ്പെടുന്നത് ഈ ദിവസങ്ങളിൽ കാണുന്നുണ്ട്

68

MH Subair

വൃദ്ധ ജനങ്ങൾ രോഗ ലക്ഷണങ്ങൾ ഇല്ലാതെ തന്നെ മക്കളാൽ ക്വാറന്റൈൻ ചെയ്യപ്പെടുന്നത് ഈ ദിവസങ്ങളിൽ കാണുന്നുണ്ട്.
അതിനു കാരണം അവരോടുള്ള സ്നേഹക്കൂടുതലും കരുതലും കൊണ്ടാണെന്ന് മക്കളും മരുമക്കളും ചെറുമക്കളും പറയുന്നു.
അമ്മയ്ക്ക് സുഖമാണോ എന്ന് സംസാര മദ്ധ്യേ ഒരാളോട് ചോദിക്കേണ്ടിവന്നപ്പോൾ കേട്ടതാണ്. “അമ്മയെ തൽക്കാലം മുകളിലത്തെ മുറിയിലേക്ക് മാറ്റി. ചെറിയൊരു ടി വി യും വച്ചിട്ടുണ്ട്, അമ്മയ്ക്കാണെങ്കിൽ സീരിയൽ കണ്ടാ പിന്നെ വേറൊന്നും വേണ്ട.
സൂക്ഷിക്കണമല്ലോ, വയസ്സുകാലമല്ലേ, എന്തെങ്കിലും സംഭവിച്ചാൽ…. “. അയാൾ എന്തോ ചിന്തിച്ച് നിശ്ശബ്ദനായി. ഹിമാചൽകാരനായ ശർമ്മ പറയുന്നു. “സത്യത്തിൽ ടെൻഷൻ അമ്മയെ ക്കൊണ്ടാണ്. പറഞ്ഞാൽ അനുസരിക്കില്ല, മാസ്ക് ധരിക്കാൻ പറഞ്ഞാൽ കേക്കില്ല. വെജിറ്റബിൾ കട്ട് ചെയ്തിട്ട് കൈ കഴുകാതെ മോന് ഭക്ഷണം വാരി കൊടുക്കും. എന്തെങ്കിലും പറഞ്ഞാൽ മുഖവും വീർപ്പിച്ച് ഇരിക്കും. അടുക്കളയിൽ കയറരുത് എന്ന് പറഞ്ഞാൽ കേൾക്കണ്ടേ. ലോക് ഡൗൺ തീർന്നാലുടൻ ഹിമാചലിൽ കൊണ്ടു വിടണം, എങ്കിലേ സമാധാനമുള്ളു. സൂക്ഷിക്കണമല്ലോ, വയസ്സുകാലമല്ലേ, എന്തെങ്കിലും സംഭവിച്ചാൽ…. “
ഒരു വർഷത്തിൽ ആറു മാസം ഡൽഹിയിലെ മോളുടെ കൂടെയും ആറുമാസം ബോംബയിലെ മകന്റെ കൂടെയും ‘ഷട്ടിൽ -സർവീസ് -ജീവിതം’ നയിക്കുന്ന ഒരച്ഛനെ ഞാനറിയും. എൺപത് വയസ്സിൽ കൂടുതലുണ്ട്. “ചേട്ടാ ഇത്തവണ അച്ഛനെ ഡൽഹിയിൽ തന്നെ പിടിച്ചു വച്ചോ, പുറത്തു വിടരുത്. ബോംബയിൽ അവസ്ഥ വളരെ മോശമാണ്, സൂക്ഷിക്കണമല്ലോ, വയസ്സുകാലമല്ലേ, എന്തെങ്കിലും സംഭവിച്ചാൽ…. ” ഒരെണ്ണം ക്കൂടി. “നടക്കാൻ വയ്യെങ്കിലെന്ത്, എവിടെപ്പോയാലും കൂടെയിറങ്ങും, ഈ ഉമ്മച്ചിയെക്കൊണ്ട് നിവർത്തിയില്ല”(എഴുപത് വയസ്സുള്ള എന്റെ മദർ ഇൻ ലോ യെ പ്പറ്റി ഭാര്യയുടെ വാക്കുകളാണ്)
അനുസരണയില്ലാത്ത കുസൃതി നിറഞ്ഞ കുട്ടികളെപ്പോലെ, അടങ്ങിയൊതുങ്ങി ഒരിടത്തിരിക്കാതെ, പറഞ്ഞാൽ കേൾക്കാതെ അവർ മക്കൾക്ക് നിരന്തരം ശല്യമാവുന്നു. എന്തു കൊണ്ടാവും അമ്പത് വയസ്സ് കഴിഞ്ഞവർ വൈറസ്സുകൾക്ക് അടിമപ്പെട്ടുപോവുന്നത്?
മരണത്തിലേക്ക് കൂട്ടിക്കൊണ്ടു കൊണ്ടുപോവാൻ കഴിവുള്ള രോഗാണുക്കൾക്ക് അവർ സ്വയം വഴങ്ങിക്കൊടുക്കുകയാണോ?
ഒരിക്കൽ മരിക്കേണ്ടിവരും എന്ന ചിന്തയാണ് ഒരു മനുഷ്യനെ ശരീര നാശത്തിലേക്കും ഒടുവിൽ മരണത്തിലേക്കും എത്തിക്കുന്നതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. മരണ ചിന്തയില്ലെങ്കിൽ മനുഷ്യർ മരിക്കില്ലത്രെ. ഒരു പക്ഷെ നിമിഷം പ്രതി മരിച്ചു കൊണ്ടിരിക്കുന്ന ശരീരത്തിനെതിരെയുള്ള ഒരു auto suggestion technique ആവാം. കോശങ്ങളിലെ ജീനുകളുടെ മേൽ ബോധത്തിന്റെ സ്വാധീനം അത്രയ്ക്കും നിർണ്ണായകമാണ്. ജീനുകളിൽ ബോധം കലരുമ്പോൾ അവ മനസ്സിന്റെ നിർദേശങ്ങളെ സ്നേഹത്തോടെ അനുസരിക്കുകയാണ്.ഒറ്റപ്പെടലിൽ, ഏകാന്തതയിൽ, മോക്ഷം ആഗ്രഹിച്ചു പോവുന്ന ഒരു മനസ്സിനെ ജീനുകൾ തിരിച്ചറിയുന്നുണ്ടാവണം.
ക്ഷണികം ക്ഷണികം
സർവ്വം ക്ഷണികം
അനിത്യം അനിത്യം
സർവ്വം അനിത്യം
ദുഃഖം ദുഃഖം സർവ്വം ദുഃഖം
ശൂന്യം ശൂന്യം സർവ്വം ശൂന്യം
ഈ ബുദ്ധ വചനം ഒരു മനുഷ്യനെ വളരെയധികം പെസിമിസ്റ്റിക് ആക്കുമെന്ന് ഒരു പ്രായത്തിൽ അത്ഭുതപ്പെട്ടിട്ടുണ്ട്.
എന്നാൽ മക്കളോടൊപ്പം, ചെറുമക്കളോടൊപ്പം അവർക്കു കീഴിൽ, അനുസരണയുള്ള കുട്ടികളെപ്പോലെ ജീവിക്കേണ്ടി വരുമ്പോൾ ഈ വാക്കുകൾ അർത്ഥവത്താണ്.