മധ്യവയസ്സിന്റെ കാലുഷ്യം – സുധാകരന്‍ ചന്തവിള

  752

  0

  പ്രായം എന്നത് കാലം പോലെ മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഏവര്‍ക്കും അത് അനുഭവിച്ചേ മതിയാവൂ. പ്രായം കൂടിക്കൂടി വരുന്നതില്‍ ആര്‍ക്കും അത്രയ്ക്ക് സംതൃപ്തിയില്ല. 70-80 വയസ്സായവര്‍ പോലും തങ്ങളുടെ പ്രായം തുറന്നു പറയാന്‍ പലപ്പോഴും ബുദ്ധിമുട്ടുന്നവരാണ്. ആശുപത്രികളില്‍ രോഗികളായി എത്തുന്നവരില്‍ അധികംപേരും യഥാര്‍ത്ഥ വയസ്സില്‍ നിന്നും അഞ്ചു വയസ്സെയെങ്കിലും കുറച്ചു പറയുന്നവരാണ്. കാരണം കൂടുതല്‍ വയസ്സായി എന്നറിഞ്ഞാല്‍ വേണ്ടത്ര ചികിത്സ കിട്ടില്ലെന്നു കരുതുന്നു. പ്രായത്തെയും മരണത്തെയും ഒരുപോലെ ഭയക്കുന്നു എന്നര്‍ത്ഥം! മറ്റുള്ളവര്‍ വയസ്സായി എന്നു പറയുമ്പോഴും, തങ്ങള്‍ വയസ്സായില്ലെന്ന് രൂപം കൊണ്ടും ഭാവം കൊണ്ടും അറിയിക്കുന്നവരാണ് മനുഷ്യരില്‍ അധികം പേരും. അതിനുള്ള പലവിധ സൗന്ദര്യവസ്തുക്കളും ഇപ്പോള്‍ നിലവിലുണ്ട്.

  ശരീരം വയസ്സാകുന്തോറും മനസ്സ് ചെറുപ്പമാകുന്നു എന്നത് പുതിയ കാര്യമല്ല. എല്ലാ പൂര്‍ണ്ണമനുഷ്യരിലും ഓരോ കുട്ടിമനസ്സ് ജീവിച്ചു കൊണ്ടിരിക്കുന്നു. (Child is the Father of Man- William Wordsworth) ഇരുപതുകളിലേയും മുപ്പതുകളിലേയും മധുരസ്വപ്നങ്ങളും ചിന്തകളും മറക്കാതെ കൊണ്ടുനടക്കുന്ന നിത്യകാമുക മനസ്സിന്റെ ഉടമകളാണ് മുതിര്‍ന്നവര്‍. പുതിയ കുട്ടികള്‍ ചെയ്തുകൂട്ടുന്ന കുസൃതിത്തരങ്ങള്‍ കാണുമ്പോള്‍ ദേഷ്യം വരുന്നതും കുറ്റം പറയാന്‍ തോന്നുന്നതും അസൂയ കൊണ്ടോ, നഷ്ടബോധംകൊണ്ടോ ആണ്. ഇരുപതുകളിലോ മുപ്പതുകളിലോ അന്‍പതുകളെ കുറിച്ച് ആരും ചിന്തിക്കാറില്ല. എന്നാല്‍ 50 കഴിയുമ്പോള്‍ തങ്ങളുടെ നഷ്ടസ്വപ്നമായ 2030 പ്രായത്തെ കുറിച്ച് ഓര്‍ത്ത് ദുഃഖിക്കാറണ്ട്. എല്ലാം ശക്തവും ഊഷ്മളവുമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്ന ക്ഷുഭിതയൗവ്വനം തിരിച്ചുകിട്ടുമോയെന്ന് ആരാണ് ആഗ്രഹിക്കാത്തത്. ?ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യര്‍ക്ക്/നില്‍ക്കുമോ യൗവ്വനവും പുനരധ്രുവം?എന്ന കവിവാക്യം ഓര്‍ക്കുമ്പോഴും യൗവ്വനം തിരിച്ചു കിട്ടുമോ എന്നാലോചിക്കുന്നവര്‍ വളരെ കൂടുതലാണ്. ഇതിഹാസ പുരാണങ്ങളില്‍ പോലും അങ്ങനെ ചിന്തിച്ച അനവധി കഥാപാത്രങ്ങളുണ്ട്. മകന്റെ യൗവ്വനം കണ്ട് കൊതി തോന്നി അതെനിക്കു തരൂ, ഞാന്‍ നിനക്ക് വാര്‍ദ്ധക്യം തരാം എന്നു പറഞ്ഞ ?യയാതിയും? വിവാഹപ്രായമായ മകനുള്ളപ്പോള്‍ തന്നെ സത്യവതിയില്‍ പ്രണയാതുരനായ ?ശന്തനുമഹാരാജാവും? ഉള്‍പ്പെടെ എത്രയോ ഉദാഹരണങ്ങള്‍ എടുത്തു കാട്ടാവുന്നതാണ്.

  യൗവ്വനത്തെ എന്തുകൊണ്ട് എല്ലാപേരും ഇഷ്ടപ്പെടുന്നു? സ്വപ്നങ്ങളുടെ, കാമത്തിന്റെ, രതിയുടെ, ലൈംഗികതയുടെ മണിയറ തന്നെയാണ് യൗവ്വനം. നോക്കാനും നോക്കിപ്പിക്കാനും കൊതിക്കാനും കൊതിപ്പിക്കാനും കഴിയുന്ന മറ്റൊരുകാലം ജീവിതത്തിലില്ലതന്നെ. സ്വന്തം മകളുടെ സൗന്ദര്യവും അംഗലാവണ്യവും കാണുമ്പോള്‍ ഏതൊരമ്മയ്ക്കും ആനന്ദമുണ്ടാകുന്നതു പോലെ, തെല്ല് അസൂയ തോന്നുന്നതും അതുകൊണ്ടാണ്. സ്ത്രീപുരുഷന്മാരില്‍ പ്രകടമായ സൗന്ദര്യം സ്ത്രീക്കാണല്ലോ കൂടുതല്‍? ഒരേ പ്രായത്തിലുള്ള സ്ത്രീകള്‍ തന്നെ പലപ്പോഴും ഇണങ്ങുന്നതിനെക്കാള്‍ പിണങ്ങുന്നത് സൗന്ദര്യത്തിന്റെ പേരിലാണ്. സൗന്ദര്യം എന്നത് യൗവ്വനത്തിന്റെയും യൗവ്വനം സൗന്ദര്യത്തിന്റെയും പര്യായമായാണല്ലോ ആദികാലം മുതല്‍ക്കേ കണ്ടു വരുന്നത്.

  യൗവ്വനത്തിന്റെ സുഖസ്വപ്നങ്ങള്‍ക്കും വാര്‍ദ്ധക്യത്തിന്റെ കറുത്ത ദിനങ്ങള്‍ക്കും നടുവില്‍ എല്ലാവരും എത്തിച്ചേരുന്ന ജീവിതത്തിന്റെ നട്ടുച്ചയാണ് മധ്യവയസ്സ്. 4050 വയസ്സ് എന്നത് ഏതൊരു മനുഷ്യനും കൂടുതല്‍ സങ്കീര്‍ണ്ണതകളുടെയും സംഘര്‍ഷങ്ങളുടെയും കാലമാണ്.

  ചെയ്തുപോയതിനെ കുറിച്ചും ചെയ്യാനുള്ളതിനെ കുറിച്ചുമുള്ള വേവലാതികള്‍ കൂടുതലറിയുന്നതും അനുഭവിക്കുന്നതും ഈ കാലഘട്ടത്തിലാണ്. ആദര്‍ശത്തിന്റെ ശുഭദിനങ്ങള്‍ കൊഴിഞ്ഞുവീഴുന്നതും ബാഹ്യാഭ്യന്തര പ്രതീക്ഷകളുടെ വെള്ളിനക്ഷത്രങ്ങള്‍ ഇളകിവീഴുന്നതും വിപ്ലവത്തിന്റെ കൊടിപിടിച്ച മനസ്സ് ആത്മീയതയെ തേടിപ്പോകുന്നതുമെല്ലാം ഈ കാലഘട്ടത്തിലാണ്. മാത്രമല്ല നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗന്ദര്യത്തെയും ലൈംഗികതയേയും കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍, സ്വയമല്ലാതെ മെരുക്കിയെടുക്കപ്പെടേണ്ടുന്ന സാഹചര്യം, കുട്ടികളുടെ, കുടുംബത്തിന്റെ സാമ്പത്തികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ ഇതൊക്കെ ഇക്കാലഘട്ടത്തിലെന്നതു പോലെ മറ്റൊരു കാലഘട്ടത്തിലുമില്ല. ആയതിനാല്‍ കൗമാരം പോലെ തന്നെ മധ്യവയസ്സും കടന്നുകിട്ടുകയെന്നത് കൂടുതല്‍ ശ്രമകരമാണ്.

  പ്രതീക്ഷകളില്ലാത്ത ജീവിതം കുറവാണല്ലോ? പക്ഷേ പ്രതീക്ഷകളെല്ലായിപ്പോഴും പൂര്‍ണ്ണമാകാറില്ല. കുറെയൊക്കെ പൂര്‍ത്തീകരിച്ചതും പൂര്‍ത്തീകരിക്കപ്പെടേണ്ടതുമായാണ് എല്ലാ മനുഷ്യരും മുന്നോട്ടു പോകുന്നത്. മധ്യവയസ്സില്‍ എത്തുന്നതോടെ, ഇനി പ്രതീക്ഷകള്‍ക്ക് വിലയില്ലെന്നും ജീവിതത്തിന് വല്ലാത്ത മടുപ്പും വിരസതയും അനുഭവപ്പെടുന്നുവേന്നും പറയുന്നവരുണ്ട്. പ്രശ്‌നങ്ങളില്ലാത്ത ദാമ്പത്യങ്ങളില്ല. എന്നാല്‍ ദാമ്പത്യം തന്നെ പലര്‍ക്കും മധ്യവയസ്സില്‍ പ്രശ്‌നമാണ്. ഒരുപാട് സഹിക്കുകയും പുറമേ എല്ലാം ഭദ്രമെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയുംം അതനുസരിച്ച് അഭിനയിക്കുകയും ചെയ്യുന്ന എത്രയോ ദാമ്പത്യങ്ങള്‍ ഉണ്ട്. ഇരയുടെ പ്രശ്‌നത്തെക്കാള്‍ കൂടുതല്‍ പ്രശ്‌നം ഇണയുടേതാണെന്ന് തിരിച്ചറിയുന്നു. തമ്മിലറിഞ്ഞതിലപ്പുറം അകലുന്നവരും കലഹം കാട്ടുന്നവരുമാണ് മധ്യവയസ്സായ ദാമ്പതികള്‍. ?പിറക്കാതിരുന്നെങ്കില്‍ പാരില്‍ നാം സ്‌നേഹിക്കുവാന്‍/വെറുക്കാന്‍ തമ്മില്‍ കണ്ടുമുട്ടാതെയിരുന്നെങ്കില്‍?എന്നു പറഞ്ഞു പോകുന്നവരാണ് അവരില്‍ ഏറിയകൂറും. അതായത് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന രീതിയില്‍ ജീവിക്കുന്നു.

  സ്നേഹവും പ്രണയവും ഭ്രാന്തു പോലെ കൊണ്ടു നടക്കുകയും ഇഷ്ടക്കേടുകളുടെ ഭാണ്ഡം ചുമക്കുകയും ചെയ്യുന്ന ദമ്പതികള്‍ ജീവിത മധ്യാഹ്നത്തിലെ സ്‌നേഹവിരഹങ്ങളുടെ ദ്വന്ദ്വങ്ങളാണ്.

  സുധാകരൻ ചന്തവിള

  മധ്യാഹ്ന ജീവിതത്തിലെ മനുഷ്യരില്‍ ഏറ്റവും അധികം കണ്ടുവരുന്ന ഗുണമാണ് പരസ്പരസംശയം. സംശയം എപ്പോഴും സത്യത്തിന്റെ പ്രതീകമല്ല. ബലഹീനതയുടെയും അസംതൃപ്തിയുടെയും പ്രതീകം കൂടിയാണ്. അനാവശ്യമായി ഭാര്യയെ സംശയിക്കുന്ന ഭര്‍ത്താവും ഭര്‍ത്താവിനെ സംശയിക്കുന്ന ഭാര്യയും കുടുംബജീവിതത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നവരാണ്. ഭര്‍ത്താവ് ഏതെന്തിലും പരസ്ത്രീയോട് സംസാരിക്കുന്നതു കണ്ടാല്‍ വെറുതെ മുറുമുറുക്കുന്ന ഭാര്യ, ഭാര്യ ഏതെങ്കിലും പുരുഷനോട് സംസാരിക്കുന്നതില്‍ നീരസം കാണിക്കുന്ന ഭര്‍ത്താവ് ഇങ്ങനെ അവസാനിക്കാത്ത സംശയത്തിന്റെ നിഴല്‍ ബാക്കിയാക്കി ജീവിക്കുന്നു, യൗവ്വനം കഴിഞ്ഞതില്‍ പരിതപിക്കുന്ന മധ്യവയസ്‌ക്കരുടെ സഞ്ചാരപഥം. സ്പര്‍ദ്ധയും സ്വാര്‍ത്ഥതയും സ്വത്വത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയുമെല്ലാം പരമോന്നതാവസ്ഥയിലെത്തുന്ന ജീവിത കാലഘട്ടവും മധ്യവയസ്സാണ്.

  ആഗ്രഹത്തിനനുസരിച്ച് എത്തിച്ചേരാന്‍ കഴിയാത്തതിലുള്ള വിഷമം, കൂടെ പഠിച്ചവരും കളിച്ചവരും തന്നെക്കാള്‍ വലിയ നിലയിലെത്തുന്നതു കാണുമ്പോഴുള്ള സ്വയം ജാള്യതയുടെ തിരിച്ചറിവ്, എന്നിങ്ങനെ എത്തിച്ചേര്‍ന്നതില്‍ നിന്നും എത്തിച്ചേരാന്‍ കഴിയാത്തതിലുള്ള ദൂഃഖസ്വപ്നങ്ങളുടെ വിരസകാലഘട്ടമായി മധ്യവയസ്സ് ഒറ്റപ്പെട്ടു നില്‍ക്കുന്നു. ചുരുക്കത്തില്‍ ജീവിക്കാന്‍ മറന്നുപോയ കൗമാരയൗവ്വനങ്ങളുടെ പാപക്കറ മനസ്സില്‍ സൂക്ഷിക്കുന്ന ഒറ്റപ്പെടലിന്റെ കൂട്ടുകാരനാണ് മധ്യവയസ്സ്. സ്‌നേഹവിരഹങ്ങളുടെ, രാഗദ്വേഷങ്ങളുടെ കൊടുംകയ്പ് കുടിക്കുന്ന ഈ കാലഘട്ടം സ്വയമറിയലിന്റെ, അനുഭവിക്കലിന്റെ സാക്ഷിയായി പരിമിതപ്പെടുന്നു.