ലൈംഗികച്ചുവയോടെ സംശയം ചോദിച്ച വിദ്യാര്‍ത്ഥിക്ക് മിഥില എന്ന അധ്യാപിക നല്‍കിയ മറുപടി

0
401

അധ്യാപികമാർ പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. അതിലൊന്നു ക്ളാസ് മുറിയിലെ വിദ്യാർഥികളുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റമാണ്. ഭൂരിഭാഗം കുട്ടികളും നല്ലവരാണെങ്കിലും ഒറ്റപ്പെട്ട വില്ലൻമാർ ഇല്ലാതില്ല. പ്രത്യുത്പാദനത്തെ കുറിച്ച് ക്ലാസെടുക്കുമ്പോള്‍ ലൈംഗികച്ചുവയോടെ സംശയം ചോദിച്ച വിദ്യാര്‍ത്ഥിക്ക് മിഥില എന്ന അധ്യാപിക നല്‍കിയ മറുപടി ശ്രദ്ധേയമാകുകയാണ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് നിരവധി പേര്‍ ഏറ്റെടുത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

കുറച്ചു വര്ഷങ്ങള്ക്കു മുൻപ് നടന്ന കാര്യമാണ്… സിബിഎസ്ഇ സ്കൂളിലെ അദ്ധ്യാപന കോലാഹലങ്ങൾ മനസ്സുമടുപ്പിച്ചപ്പോൾ പെട്ടന്ന് ഉണ്ടായ തീരുമാനത്തിൽ അവിടം വിട്ടു. പത്രത്തിൽ കാണുന്ന ഗവണ്മെന്റ് സ്കൂളുകളിലെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷയയച്ചു, ഇന്റർവ്യൂകളിൽ തകൃതിയായി പങ്കെടുക്കുന്നുണ്ട്.ആയിടക്ക് ആണ് വീടിനടുത്തുള്ള ഒരു സ്കൂളിൽ സുവോളജി അധ്യാപക ഒഴിവുണ്ടെന്നു പത്രത്തിൽ കണ്ടത്. എനിക്കാണെങ്കിൽ പ്ലസ്ടു കുട്ടികളെ പഠിപ്പിച്ചു പരിചയമില്ല. പത്താം ക്ലാസ്സ്‌ വരെ യുള്ള, അതും സിബിഎസ്ഇ ചട്ടക്കുടിന്റെയും ഇംഗ്ലീഷ് ശാസനകളുടെയും മുന്നിൽ മിണ്ടാതടങ്ങിയിരിക്കുന്ന കുഞ്ഞുങ്ങളയെ ഞാൻ അന്നോളം കൈകാര്യം ചെയ്തിട്ടുള്ളു. എതായാലും ഇന്റർവ്യൂ കഴിഞ്ഞു, ആകെ രണ്ടുപേർ പങ്കെടുത്തു, മറ്റെയാൾക്ക് സെറ്റ് യോഗ്യതയില്ലാത്തതിനാൽ സെലക്ഷനും കിട്ടി.

പ്ലസ്ടു കുട്ടികളെ ഉള്ളു.. പ്ലസ് വൺ ക്ലാസ്സ്‌ തുടങ്ങിയിട്ടില്ല. പ്ലസ്ടു ക്ലാസ്സിലേക്ക് പോകും മുൻപ് പ്രിൻസിപ്പ്പളും ബോട്ടണി അധ്യാപികയും ചെറിയൊരു ക്ലാസ്സ്‌ തന്നു. പിള്ളാരൊക്കെ പാവമാ ടീച്ചറെ, എഴെട്ട്

ഘടാൽഘാടിയൻ മാരുണ്ട്, അവന്മാരെ സൂക്ഷിക്കണം, നല്ല വിരട്ടി നിർത്തിയേക്കണം, എന്നൊക്കെയുള്ള മുന്നറിയിപ്പുകൾ കേട്ടുകൊണ്ട് ക്ലാസ്സിലേക്ക്. ചെന്ന് പത്തുമിനുട്ട് കൊണ്ട് കൊണ്ട് തന്നെ ഈ പറഞ്ഞ ‘സ്മാർട്ട്ഗുയ്സ് ‘നെ ഏകദേശം പിടികിട്ടി. പഠിക്കണമെന്ന ആഗ്രഹം വിദൂര ചിന്തയിൽ പോലും ഇല്ലാതിരിക്കുന്ന അവന്മാർക്കൊക്കെ പുതിയ സുവോളജി ടീച്ചർ ആണെന്ന് പ്രിൻസിപ്പൽ പരിചയപെടുത്തിയതും ഒരു സന്തോഷം.. കാര്യം പിടികിട്ടി. പ്ളസ് ടു സയൻസ് പഠിച്ചിട്ടാണല്ലോ നമ്മളും വന്നത്.

പൊടിമീശക്കാരും തടിമീശക്കാരും ശാലീന സുന്ദരികളും ഒക്കെ യുള്ള ക്ലാസ്സ്‌. റീ പ്രൊഡക്ഷൻ യൂണിറ്റിലുള്ള ആദ്യ ചാപ്റ്റർ തുടങ്ങി. ക്ലാസ്സിങ്ങനെ കുഴപ്പമില്ലാതെ കുറച്ചു ദിവസംപോയി.എനിക്കു കൈകാര്യം ചെയ്യാൻ ആകുന്നതിനപ്പുറത്തോട്ടുള്ള ബഹളങ്ങളൊന്നുമുണ്ടായില്ല. റീ പ്രൊഡക്ഷൻഎന്ന് പറയുമ്പോഴോ ബോർഡിൽ എഴുതുമ്പോഴോ ഉള്ള ചില ചില്ലറ ശൂളം വിളികൾ.. സെക്ഷ്വൽ റീ പ്രൊഡക്ഷൻഎന്ന് പറയുമ്പോൾ ഒരു ബലം പിടുത്തം അങ്ങനങ്ങനെ!!

”അധ്യാപകർ പറഞ്ഞ അത്ര പ്രശ്നം ഇല്ലല്ലോ ക്ലാസ്സിൽ”എന്ന് സ്റ്റാഫ്‌ റൂമിലെ ചർച്ചക്കിടയിൽ ഒരഭിപ്രായം പങ്കു വയ്ച്ചു. അത് ഗ്യാങ് ലീഡർ ആയ കുട്ടി ഒരാഴ്ചയായി കാൽ വയ്യാതെ ആബ്സെന്റ് ആണ്, അതാണ് പ്രശ്നമില്ലാത്തത് എന്ന്.

രണ്ടാമത്തെ ആഴ്ചയിലെ അവസാന ക്ലാസ്സ്‌. ഹ്യൂമൻ റീ പ്രൊഡക്ഷൻ ആണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ചാപ്റ്റർ.നേരത്തെ പറഞ്ഞ ഗ്യാങ് ലീഡർ വന്നിട്ടുള്ള ദിവസം ആണ്. അത്യാവശ്യം മനുഷ്യ പ്രത്യുല്പാദനത്തിന്റ ഘടനപരമായും ധാർമികമായും ഉള്ള എല്ലാ ആശയങ്ങളും വ്യക്തമായും വിശദമായും ആ അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. ആദ്യമായി മുതിർന്ന കുട്ടികൾക്ക് മുന്നിൽ അതൊക്കെ പോയി പഠിപ്പിക്കുന്നതിനുള്ള നേർത്ത ടെൻഷൻ ഉള്ളിലുണ്ട്. സ്റ്റാഫ്റൂമിൽ ഇരിക്കുന്ന ടീച്ചേർസ്നോട് പുരുഷു അനുഗ്രഹിക്കണം എന്ന് പറഞ്ഞൊരുപോക്കായിരുന്നു ക്ലാസ്സിലേക്ക്.

ക്ലാസ്സിലെത്തിയ ഉടൻ നമ്മുടെ ഗ്യാങ് വാലാസ്, ഗ്യാങ് ലീഡേർനെ പരിചയപ്പെടുത്തി. ക്ലാസ്സ്‌ മുന്നോട്ട് പോകുന്നു. മാമ്മറി ഗ്ലാന്ഡ്സ് ആണ് ടോപ്പിക്ക്. പെട്ടന്ന് ഒരു വിളി . ടീച്ചറെ ഇവനൊരു സംശയം ..ശബ്ദം പുറപെടുവിച്ചവന്റെ അടുത്തുനിന്നു ഈ പുതിയ മുഖം എഴുന്നേറ്റു

എന്താ സംശയം?? ഗൗരവം വിടാതെ ഞാനും

‘അത് പിന്നെ ടീച്ചർ കോഴിക്ക് മുല വരാത്തതെന്താ? ചോദ്യം സിമ്പിൾ ആണെങ്കിലും അതിലെ മുല എന്ന വാക്കിനൊരു പ്രത്യേക ബലം കൊടുത്താണ് അവതരണം.അവൻ സംശയം ചോദിക്കാൻ എഴുന്നേറ്റപ്പോൾ മറ്റു വിരുതൻ മാർ ഇക്കിളിപ്പെട്ട പോലെ ചിരിച്ചതെന്താണെന്നു എനിക്കപ്പോഴാണ് പിടികിട്ടിയത്. ക്ലാസ്സിലാകെ മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. പെൺകുട്ടികൾ ഒരാളുപോലും നിവർന്നിരിപ്പില്ല. എന്തോ വല്യ കാര്യം പറഞ്ഞപോലെ ഇവനിങ്ങനെ ഞെളിഞ്ഞിരിപ്പാണ്.

നീ എഴുന്നേൽക്ക്….

സംശയനിവാരണം കഴിഞ്ഞിട്ടിരിക്കാം. എന്നുപറഞ്ഞു ഞാൻ അവനെ എഴുന്നേൽപ്പിച്ചു. വിജയ ശ്രീ ലാളിതനെ പോലിരുന്ന അവന്റെ ആത്മധൈര്യത്തിന് ചെറിയോരിടിവ് അപ്പോളേക്കും തുടങ്ങി. ചോദ്യം ഒന്നുകൂടി ചോദിക്കാൻ ആവശ്യപ്പെട്ടു. തോൽക്കരുത് എന്ന വാശിയവനുണ്ട്. അവൻ വീണ്ടും ചോദിച്ചു. പക്ഷെ ഇക്കുറി ആദ്യത്തെ ആത്മവിശ്വാസം അവനില്ലായിരുന്നു.

ഞാൻ മറുപടി പറഞ്ഞു.

മോനെ ഈ മുല എന്ന് പറയുന്നത് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ജീവികളിൽ കുഞ്ഞുങ്ങൾക്ക് പാലൂട്ടി വളർത്താനുള്ള അവയവം ആണ്. നിന്റമ്മ നിന്നെ പ്രസവിച്ചപ്പോൾ നീ അമ്മേടെ പാലുകുടിച്ചല്ലേ വളർന്നത്? കോഴിപ്രസവിക്കില്ലലോ? അതുകൊണ്ട് കോഴിക്ക് മുല ഇല്ലാ. അവനാകെ വിളറി വെളുത്തു. എങ്ങനെയെങ്കിലും ഇരുന്നാൽ മതിയെന്നായി. കോഴിക്ക് എങ്ങനെയാ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്… നിനക്കിനി അതും അറിയില്ലേ…. എന്നുകൂടി ചോദിച്ചപ്പോൾ അത്.. അതുപിന്നെ..മുട്ട.. എന്നൊക്കെ വിക്കി വിക്കി പറയുമ്പോഴേക്കും ആള് വിയർത്തു കുളിച്ചിരുന്നു. അതിനു ശേഷം ആ വർഷം മുഴുവൻ എന്റെ ക്ലാസ്സുകളിലെ ഏറ്റവും അച്ചടക്ക കാരനായ കുട്ടികളിലൊരാൾ അവനായിരുന്നു.

അശ്വതി ശ്രീകാന്ത് കഴിഞ്ഞ ദിവസം ഫോട്ടോക്ക് താഴെ വന്ന കമന്റ്‌ിന് നൽകിയ മറുപടി ആണ് എന്നെ ഇക്കാര്യം എഴുതാൻ പ്രേരിപ്പിച്ചത്. കൃത്യമായ മറുപടി.. ശരിയായ വിധത്തിൽ..#HatsoffAswathySreekanth