ഇനി ആയിരം പെട്ടിമുടികളുണ്ട്, ഞങ്ങളുടെ കുട്ടികൾക്ക് വീടുകൾ വേണം, ഇവിടെ ആർക്കും നട്ടെല്ലില്ല…”

98

Midhun K Madhu

“ഇനി ആയിരം പെട്ടിമുടികളുണ്ട് . എൺപത്തിനാലു ഉയിരുകൾ രക്തസാക്ഷിയായി മാറിയിരിക്കുന്നു. തോട്ടം തൊഴിലാളികൾക്കു സ്വന്തമായി ഇടവും ഭൂമിയും വേണം, ഞങ്ങളുടെ കുഞ്ഞുങ്ങൾ പഠിച്ചിട്ട് ഓട്ടോ ഡ്രൈവറായും ടാക്സി ഡ്രൈവറായും കാർ ഡ്രൈവറായും, ഇവിടെ റിസോർട്ടിൽ കക്കൂസ് കഴുകിയും റോട്ടിൽ നിന്നിട്ട് ‘റൂമുണ്ട് വരൂ റൂമുണ്ട് വരൂ’ എന്ന് വിളിച്ചുകൊണ്ടും ജീവിക്കുന്നു. ഞങ്ങളുടെ കുട്ടികൾക്ക് വീടുകൾ വേണം, ഇവിടെ ആർക്കും നട്ടെല്ലില്ല…”

മുഖ്യമന്ത്രിയെ കാണാൻ റോഡിൽ ഒറ്റക്കിരുന്നു സമരം ചെയ്ത പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയക്ക ഫേസ്ബുക് ലൈവിലൂടെ വിളിച്ചു പറഞ്ഞതാണിത്. അപകടം നടന്നിടത്ത് ലക്ഷങ്ങൾ ദുരിതാശ്വാസം പ്രഖ്യാപിച്ചതുകൊണ്ടോ പ്രത്യേക പാക്കേജ് അനുവദിച്ചത് കൊണ്ടോ ഇല്ലാതാകുന്നതല്ല ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ. പ്ലാന്റേഷൻ കമ്പനികൾ കയ്യേറിവെച്ചിരിക്കുന്ന ഭൂമി അവർക്കുവേണ്ടി തലമുറകളായി അടിമപ്പണി ചെയ്‌തുവരുന്ന തൊഴിലാളികൾക്കുകൂടി അവകാശപ്പെട്ടതാണ്. ലയങ്ങളിൽ കഴിയുന്ന തമിഴ് ദളിതർ ഇനിയുമൊരുപാടുണ്ട്. സ്വാഭിമാനത്തോടെയുള്ള ജീവിതം അവരുടെ ഭരണഘടനാപരമായ അവകാശമാണ്. അടുത്ത ഒരു പ്രകൃതി ദുരന്തത്തിന് മുൻപ് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് വീട് വെച്ചുമാറാൻ അവർക്ക് ഭൂമിയും സാമ്പത്തികസഹായവുമാണ് അടിയന്തരമായി മുൻഗണന നൽകി സർക്കാർ ചെയ്യേണ്ടത്.

അല്ലാത്തപക്ഷം ശവങ്ങൾ ഒരുമിച്ചുകുഴിച്ചിടുന്നത് ആവർത്തിക്കപ്പെടും. സർക്കാർ ന്യായീകരണത്തൊഴിലാളികൾ ‘ഒരുമിച്ചായാൽ എന്താ? പൂർണ ബഹുമാനത്തോടെ തന്നെയാണ് ശവമടക്കിത്’ എന്നൊക്കെ ഇനിയും പറഞ്ഞുകളയും. കണ്ണിൽചോര അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ നമ്മുടെ സഹോദരങ്ങൾക്ക് അങ്ങനെയൊരവസ്ഥ ഒരിക്കലും വരാതിരിക്കാനായി അവർക്ക് ഭൂമി നൽകാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിൽ പങ്കാളിയാകുക.

VIDEO