“ഇന്ത്യയിലെ ഏറ്റവും മികച്ച മസ്തിഷ്ക്കങ്ങളിൽ ഒന്ന് അംബേദ്ക്കറുടേതാണ് ” ബീവർലി നിക്കോൾസ് എന്ന വിദേശ പണ്ഡിതൻ ഇങ്ങനെ പ്രഖ്യാപിച്ചു

57

Midhun K Mohandas

”ഇന്ത്യയിലെ ഏറ്റവും മികച്ച മസ്തിഷ്ക്കങ്ങളിൽ ഒന്ന് അംബേദ്ക്കറുടേതാണ് ” ബീവർലി നിക്കോൾസ് എന്ന വിദേശ പണ്ഡിതൻ ഇങ്ങനെ പ്രഖ്യാപിച്ചു. അംബേദ്കറുടെ അപാരമായ പണ്ഡിത്യത്തെ ജോണ് ഗന്തറും ഏറെ പുകഴ്‌ത്തിയിട്ടുണ്ട്
“വിജ്ഞാനത്തിന്റെയും അറിവിന്റെയും നീരുറവയാണ് അംബേദ്കർ ” കേസി പ്രഭുവിന്റേതാണ് ഈ അഭിപ്രായം
മഹാത്മാ ഗാന്ധിയും അംബേദ്കറുടെ കഴിവുകളെ ആദരിച്ചിരുന്നു. ചരിത്രത്തിൽ വിസ്മരിക്കപ്പെടാനാവാത്ത മനുഷ്യനായി അദ്ദേഹം അംബേദ്കറെ കണക്കാക്കി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ മന്ത്രിയായി അംബേദ്കറെ നിയമിച്ചു കൊണ്ട് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പറഞ്ഞു “ഈ മന്ത്രിസഭയിലെ രത്നമാണ് ഇദ്ദേഹം..”
വിദേശ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന ഏതൊരു രാജ്യത്തിനും ഏറെ പ്രശ്നങ്ങൾ നേരിടേണ്ടതുണ്ട്. ഇന്ത്യയുടെ കാര്യത്തിൽ അത് എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾ ആയിരുന്നു. സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടു രാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ ഈ നാട്ടുരാജ്യങ്ങൾ എല്ലാം അവരുടെ മേൽക്കോയ്മയ്ക്ക് വിധേയമായി സ്വതന്ത്ര ഭരണമാണ് നടത്തിയിരുന്നത്. ബ്രിട്ടീഷ് ഭരണം അവസാനിച്ചപ്പോൾ ഇംഗ്ലീഷുകാരുമായി നാട്ടു രാജ്യങ്ങൾ ഉണ്ടാക്കിയിരുന്ന ഉടമ്പടികൾ എല്ലാം അവസാനിച്ചു. അങ്ങനെ അവ വീണ്ടും സ്വതന്ത്ര രാജ്യങ്ങളായി. ‘ഇനി തങ്ങൾക്ക് പണ്ടത്തെതു പോലെ സ്വന്തമായി രാജ്യം ഭരിക്കാം. ഈ അവകാശവാദം ഉന്നയിച്ച് ഏതാനും നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയൻ എന്ന ഒറ്റ രാജ്യത്തിനു കീഴിൽ അണിനിരക്കാതെ മാറി നിന്നു. ഈ വലിയ പ്രശ്നത്തിന് പുറമെ മതത്തിന്റെ പേരിൽ ഇൻഡ്യ രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. ഇൻഡ്യയും പാകിസ്ഥാനും രണ്ട് രാജ്യങ്ങൾ ആയപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തുണ്ടായി . പൊതുരംഗത്ത് നല്ല പ്രവർത്തന പരിചയം ഉണ്ടായിരുന്ന കോണ്ഗ്രസിലെ സമുന്നത നേതാക്കൾ പോലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആകാതെ തല പുകഞ്ഞു.
പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളും അനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഒരു ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായി തീർന്നു.
ഭാരതത്തിലെ ജനകോടികളുടെ സമാധാനപരമായ ജീവിതത്തിനും ക്രമേണയുള്ള അഭിവൃദ്ധിക്കും വഴിതെളിയിക്കുന്ന ഭരണ സമ്പ്രദായമാണ് നേതാക്കൾ ലക്ഷ്യമിട്ടത് അതിനായി പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ മുന്നിൽ ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളു. ഡോ. ഭീംറാവു അംബേദ്ക്കർ
കോണ്ഗ്രസ്സിനും അതിന്റെ നേതാക്കൾക്കും എതിരെ കടുത്ത വിമർശനം നടത്തിയിരുന്ന നേതാവായിരുന്നു അന്ന് അംബേദ്കർ. പിന്നോക്ക വിഭാഗങ്ങളോടുള്ള കോണ്ഗ്രസ്സിന്റെ നയങ്ങളെ ആണ് അംബേദ്കർ രൂക്ഷമായി വിമർശിച്ചിരുന്നത്. എന്നിട്ടും കോണ്ഗ്രസ്സ് നേതൃത്വത്തിനും ഒരു നേതാവിനും മറ്റൊരാളെ ആ സ്ഥാനത്തേക്ക് ചൂണ്ടിക്കാണിക്കാൻ ഉണ്ടായിരുന്നില്ല.
ബുദ്ധിശക്തിയിലും ഭരണപാടവത്തിലും ഉയർന്ന ജാതിക്കാർ മാത്രം തിളങ്ങി നിന്നിരുന്ന കാലഘട്ടത്തിൽ ആണ് ഏറ്റവും താഴ്ന്ന ജാതിക്കാരൻ ആയ അംബേദ്കർ ആരെയും അമ്പരപ്പിക്കുന്ന ഉയരത്തിലേക്ക് കുതിച്ചെത്തിയത്. നിയമ ബിരുദം നേടിയ അഭ്യസ്തവിദ്യർ രാജ്യത്തു അനേകർ ഉണ്ടായിരുന്നു. എന്നാൽ നിയമ വിശാരദൻ അഥവാ ജൂറിസ്‌റ്റ് എന്ന് വിശേഷിപ്പിക്കാൻ ഒരെയൊരു അംബേദ്ക്കർ മാത്രമേ ഉണ്ടായിരുന്നുള്ളു…

Advertisements