Midhun Surendran
മലയാളികൾ എത്രമാത്രം വിവരക്കേടാണെന്ന് ശരത് പാടിയ “ശ്രീരാഗമോ തേടുന്നു ” എന്ന പാട്ടിന്റെ ഈ വീഡിയോയുടെ താഴെ വന്ന കമന്റുകൾ വായിച്ചാൽ മതി.
” ഒരു മഹാഗായകൻ പാടി വച്ച പാട്ട് പാടാൻ കഴിയില്ലെങ്കിൽ പാടരുത് ” , ” എന്തിനാടാ പാടാൻ കഴിയാത്ത പാട്ട് പാടി കൊളമാക്കുന്നത് ” എന്ന് തുടങ്ങിയ കമന്റുകൾ . മനസ്സിലാക്കേണ്ട ഒരു കാര്യം ഒരു മ്യൂസിക് കമ്പോസർ ആണ് ഒരു പാട്ടിന്റെ സൃഷ്ടാവ്. അയാളുടെ മനസ്സിലും തൊണ്ടയിലുമാണ് ഈ പാട്ട് ആദ്യം ജനിക്കുന്നത്. പിന്നീടാണ് മഹാഗായകർ വരുന്നത്. മഹാഗായകൻ ഒരു പാട്ടും ഉണ്ടാക്കുന്നില്ല. മഹാഗായകൻ എന്നത് പോലും മ്യൂസിക് ഡയറക്ടറുടെ ഒരു choice മാത്രമാണ്. അയാൾ ഉണ്ടാക്കുന്ന ഒരു കമ്പോസിഷന് അനുയോജ്യമായ ഒരു ശബ്ദം ആയാൾ hire ചെയ്യുന്നു എന്നേയുള്ളൂ. മറ്റൊരു കാര്യം ഗാനരചയിതാവ് ഷിബു ചക്രവർത്തി ഒരിക്കൽ പറഞ്ഞ ഒരു കാര്യമാണ്.
ഒരു പാട്ട് കമ്പോസറും ഗായകനും പാടുന്നത് രണ്ടും രണ്ടാണ് എന്നാണ്.ഗായകന്റെ ശബ്ദ സൗകുമാര്യം ചിലപ്പോൾ composers ന് ഉണ്ടാവില്ല പക്ഷെ സംഗീത സംവിധായകൻ പാടുമ്പോൾ കൊടുക്കുന്ന ഫീൽ ഗായകന് മിക്കപ്പോഴും അസാധ്യമാണ് എന്നാണ്.Because it comes from the creator. രവീന്ദ്രൻ മാസ്റ്റർ ഒരു അഭിമുഖത്തിൽ “വികാരനൗകയുമായ് ” എന്ന പാട്ടിന്റെ ചില വരികൾ പാടുന്നത് കേട്ടു. പറഞ്ഞറിയിക്കാൻ കഴിയാത്ത feel ആയിരുന്നു.
“പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ “, ” ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ ചൂടിക്കുവാൻ ” എന്ന പാട്ട് എം. എസ്. ബാബുരാജ് ഒരു ഹാർമോണിയം വായിച്ച് പാടുന്നത് കേട്ടിട്ടുണ്ട്. അത് മറ്റൊരു അനുഭവമാണ്. അതു പോലെ ” ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ ” എന്ന പാട്ട് ദേവരാജൻ മാസ്റ്റർ പാടുന്നത് കേട്ടാൽ മറ്റൊന്നാണ്.ശരത്തിന്റെ മെറിറ്റ് അറിയണമെങ്കിൽ അദ്ദേഹം ആദ്യം സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായം അറിഞ്ഞാൽ മതി. ക്ഷണക്കത്തിലെ ഹിറ്റ് പാട്ടുകൾ ചെയ്യുമ്പോൾ ശരത്തിന് 20 വയസ്സ് പോലും തികഞ്ഞിട്ടില്ലെന്നാണ് എന്റെ അറിവ് .
“ആ രാഗം, മധുമയമാം രാഗം ” എന്ന ഹംസധ്വനി രാഗത്തിൽ ചെയ്ത പാട്ട് , ” സല്ലാപം കവിതയായ് ” എന്ന പാട്ടൊക്കെ യേശുദാസിനെ കൊണ്ട് പാടിക്കുമ്പോൾ ഈ മനുഷ്യന് കഷ്ടിച്ച് 20 വയസ്സ് . ഒന്നോർത്ത് നോക്കൂ. (“ഒന്നിനി ശ്രുതി താഴ്ത്തി ” എന്ന പാട്ടിന്റെ മറ്റൊരു കഥ ആപാട്ട് പാടിയ ജയചന്ദ്രൻ തന്നെ ആ പാട്ടിലെ ചില വരികൾ വേണ്ടത്ര ഭാവം കൊടുക്കാതെ ആദ്യം പാടിയപ്പോൾ ദേവരാജൻ മാസ്റ്റർ അത് തിരുത്തി ” എന്നോമലുറക്കമായ് ഉണർത്തരുതേ” എന്ന വരിയൊക്കെ പണിപ്പെട്ട് പരമാവധി സോഫ്റ്റ് ആക്കി പാടിച്ചു എന്നു മാത്രമല്ല ” നീ ആദ്യം പാടിയ പോലെ പാടിയാൽ കുഞ്ഞ് ഉണരും ” എന്ന് പറയുകയും ചെയ്തു എന്നാണ് കഥ. ജയചന്ദ്രൻ തന്നെ ഇത് പറയുന്നത് കേട്ടിട്ടുണ്ട്.) പാട്ട് കമ്പോസറിന്റേതാണ് . അയാളില്ലെങ്കിൽ ആ പാട്ടില്ല. ഒരു ഗായകനില്ലെങ്കിൽ മറ്റൊരു ഗായകനുണ്ടാവും.
നിർഭാഗ്യവശാൽ ഇതൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത മരക്കഴുതകളാണ് ചുറ്റും.