എഴുതിയത് : Midhun Vijayakumari
കടപ്പാട് : Malayalam Movie & Music DataBase
ലിജോ ജോസ് പെല്ലിശ്ശേരിയുടെ “നന്‍പകല്‍ നേരത്ത് മയക്കം” കണ്ടിറങ്ങിയപ്പോള്‍ ആദ്യം ഓര്മ വന്നത് എം ടി വാസുദേവന്‍ നായര്‍ മാഷിന്റെ “കാലം” എന്ന നോവലിലെ, ആദ്യ അധ്യായത്തിലെ ഒരു വരിയാണ്.
“കരിപിടിച്ച കുപ്പിക്കകത്ത് വെളിച്ചം മറച്ചുവെച്ച റാന്തല്‍വിളക്ക് തോണിക്കൊമ്പില് തൂക്കിയിട്ട് കുത്തുപാളകൊണ്ട് കടവുകാരന്‍ വെള്ളം തേവി വാര്‍ക്കുമ്പോള്‍ നെഞ്ചിന്‍കൂട്ടില്‍ സന്ധ്യക്ക് ഓട്ടിന്‍പുറത്ത് പറന്നിറങ്ങിയ ഒറ്റപ്പെട്ട അമ്പലപ്രാവ് കുറുകുന്നു.”
നോവലില്‍ പ്രധാന കഥാപാത്രമായ സേതു നാട്ടിലേക്ക് തിരികെ വരുന്നതിനെ കുറിച്ചാണ് ഈ വരികള്‍ പ്രതിപാദിക്കുന്നത്. ഇതില്‍ വായനക്കാരന് മാത്രം മനസിലാക്കാന്‍ കഴിയുന്ന ഒരു വികാരം തെളിഞ്ഞുകിടപ്പുണ്ട്. അതറിയുന്നതോടെ ആര്‍ക്കും കാണാന്‍ കഴിയാത്ത ഒരു സേതുവിനെ എല്ലിന് മേല്‍ മാസവും കേശവും പൊതിഞ്ഞ് വായനക്കാരന് സൃഷ്ട്ടിക്കുന്നു. എഴുത്തുകാരന് മാത്രം അനുഭവേദ്യമായ സേതുവിന്റെ വേദനയുടെ ഭാരം അവിടം മുതല്‍ വായനക്കാരന്റെ തോളിലേക്ക് പങ്കുവയ്ക്കപ്പെടുന്നു. ഇങ്ങനെ വായനക്കാരന് മാത്രം സാധ്യമാകുന്ന വിചിത്രവും എന്നാല്‍ അതേ സമയം തന്നെ സുന്ദരവുമായ ഒരു ആശയസംവദനത്തിന്റെ തിരശീലയിലേക്കുള്ള തര്‍ജ്ജിമയാണ് “നന്‍പകല്‍ നേരത്ത് മയക്കം”.
നന്‍പകലിലെ മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ആള്പ്പെരുമാറ്റങ്ങളും ഒച്ചയനക്കങ്ങളും ആ നടന്റെ കാലഗതിയില്‍ ഇന്നോളം കേട്ടുപരിചയം പോലും ഇല്ലാത്തതാണ്. തുടക്കത്തില്‍ ജെയിംസ് വരുമ്പോള്‍, പ്രിയപ്പെട്ട നടനെ തിരശീലയില്‍ കാണുമ്പോള്‍ സന്തോഷിക്കുന്ന ഏതൊരു കാണിയും പോലെ മമ്മൂട്ടി ഇതാ വിസ്മയിപ്പിക്കാന് പോകുന്നു എന്നൊരു മുന്‍കൂര്‍ തോന്നല്‍ പ്രേക്ഷകന്റെ ഉള്ളില്‍ നുരച്ചു പൊന്തും. പിന്നീട് മമ്മൂട്ടിയെന്ന നടനെ മായ്ച്ച് ജെയിംസ് കളത്തിലെ നിയന്ത്രണം ഏറ്റെടുക്കുമ്പോഴേക്കും “ഈ ജെയിംസ് എന്താണ് ഇങ്ങനെ?” എന്ന അലോസരപ്പെടുത്തുന്ന ചോദ്യവുമായി പ്രേക്ഷകന് ആ കുഞ്ഞു വണ്ടിയിലെ മറ്റ് യാത്രക്കാരുടെ തോളില്‍ കയ്യിടും. അവര്‍ക്കൊപ്പം പിറുപിറുത്തു സീറ്റിലേക്ക് ചാരിയിരിക്കും.
ഇതിങ്ങനെയോക്കെയാണ് എന്ന ബോധത്തോടെ കഥാപാത്രങ്ങളെയും അവരുടെ ഭൂമികയും മനസിലാക്കുന്ന നിമിഷം ജെയിംസ് ഉണരും. പിന്നീട് അയാള്‍ ഇറങ്ങി നടക്കുന്നത് ഒരു ജീവിതത്തില്‍ നിന്നോ, ഒരു വാഹനത്തില്‍ നിന്നോ അല്ല, മറിച്ച് പ്രേക്ഷകന് തൊട്ടുമുന്‍പ് അളന്നു വരച്ച ഭൂപടത്തില്‍ നിന്ന് തന്നെയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരുടുപ്പ് മാറിയിടുന്ന ലാഖവത്തോടെ അയാള്‍ മറ്റൊരു ദേഹിയായി മാറുന്നു. അതിനു ശേഷമുള്ള പൂങ്കുഴലി എന്ന വിളിയില്‍ സുന്ദരത്തിന്റെ ഭാര്യ മാത്രമല്ല കണ്ടിരിക്കുന്ന പ്രേക്ഷകനും, പിന്നീട് അനുകമ്പയിലേക്ക് മാറുന്ന ഒരു സംശയത്തിന്റെ നാടന്‍ പതിപ്പായ പന്തികേടിലെക്ക് പതിക്കുന്നുണ്ട്. പിന്നീട് അങ്ങോട്ട്, അടുത്ത ഉച്ചമയക്കം വരെയും അയാള്‍ സുന്ദരം എന്ന പ്രേക്ഷകന് അദൃശ്യനായ കഥാപാത്രമായി മാറുന്നു.
ഇങ്ങനെയായിരുന്നോ ശരിക്കുള്ള സുന്ദരം എന്നൊരു സന്ദേഹത്തിന് ഇടകൊടുക്കാതെ ആടിയും പാടിയും ഉറക്കെ കരഞ്ഞും നിശബ്ദനായി ഇരുന്നും ഒക്കെ സുന്ദരം ആയി മാറുന്നു. അതും കാണികള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ തൊപ്പിയില്‍ നിന്നും മാന്ത്രികന് മുയലിനെ എടുക്കുന്നത് പോലെ, മുന്‍പ് ഇരുചെവിയറിയാതെ മമ്മൂട്ടി ജെയിംസ് ആയ അതേ വഴിയിലൂടെ ജെയിംസ് സുന്ദരമായി മാറുന്നു. ഒരു നടന് രണ്ടു വേഷങ്ങള്‍ അഭിനയിക്കുമ്പോള്‍ കഥയോ കാഴ്ചപ്പാടോ നല്കുന്ന മുന്‍കൂര്‍ ജാമ്യമായ വേഷപ്രച്ഛന്നതയോ സംഗീതത്തിന്റെ അകമ്പടിയോ ഇവിടെ അയാള്‍ക്ക് ലഭിക്കുന്നത് പോലുമില്ല. മമ്മൂട്ടിയെന്ന നടന്റെ ഏറ്റവും പ്രസിദ്ധ കഴിവുകളില്‍, സുദീര്‍ഘമായ സംഭാഷണങ്ങളിലെ കയ്യടക്കവും സ്വരവിന്യാസവും ജെയിംസ് എന്ന കഥാപാത്രത്തിനു അനുകൂലമാകുന്നുണ്ടെങ്കിലും, ആ ഔദാര്യം സുന്ദരം എന്ന കഥാപാത്രം ആവശ്യപ്പെടുന്നുമില്ലെന്ന് മാത്രമല്ല സ്വീകരിക്കുന്നുമില്ല. അമ്മയെ നഷ്ടപ്പെട്ട ഒരു കുട്ടിയെപ്പോലെ അയാള്‍ ഓരോയിടത്തും തന്റെ ജീവിതം അന്വേഷിക്കുമ്പോള്‍, മുകളില്‍ നോവലിലെ വരിയിലെ രണ്ടാം പകുതിയില്‍, “നെഞ്ചിന്‍കൂട്ടില്‍ സന്ധ്യക്ക് ഓട്ടിന്‍പുറത്ത് പറന്നിറങ്ങിയ ഒറ്റപ്പെട്ട അമ്പലപ്രാവ് കുറുകുന്നു” എന്ന വരിയില്‍, വായനക്കാരന്റെ നഖത്തിനിടയില്‍ കൊള്ളുന്ന മരച്ചീളിന്റെ വേദനയെ അയാള്‍ പ്രേക്ഷകര്‍ക്കിടയില്‍ കൊണ്ടിരുത്തുന്നു. ഉച്ചയൂണിന് ഇരിക്കുമ്പോള്‍ തന്റെ പിതാവിനോട് സുന്ദരം തന്റെ ദുഃഖം പറയുന്ന സീന്‍ മമ്മൂട്ടിയെന്ന നടന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നാണ്.
വെയിലാറിതുടങ്ങുന്ന മറ്റൊരു പകലില്‍ അയാള്‍ എഴുന്നേറ്റ് പ്രേക്ഷകന്റെ കണ്ണില്‍ വെച്ചിരുന്ന ദീര്ഘദൃഷ്ട്ടിയുള്ള കണ്ണട എടുത്ത് തുടച്ചുമാറ്റി വെച്ച് പഴയ വെള്ളെഴുത്ത് കണ്ണട വെച്ചു തരുന്നു. അപ്പോള്‍ വീണ്ടും ഒന്ന് ശങ്കിച്ച് നില്ക്കുന്ന എല്ലാവരോടുമായി പതിഞ്ഞ സ്വരത്തില്‍, മഴയത്ത് ചെളിയില്‍ ചവിട്ടിയ കാലുകളുമായി വീട്ടിലേക്ക് കയറിവന്ന ഒരു കുട്ടിയുടെ കുറ്റബോധത്തോടെ, ജെയിംസ് പതിഞ്ഞ സ്വരത്തില്‍ ‘പോകാം’ എന്ന് പറയുന്നു.ജെയിംസ് സുന്ദരമായി മാറിയ വഴിയിലൂടെ, അതിന് സാക്ഷിയായ പ്രകൃതിയിലൂടെ തന്നെ ജെയിംസ് വീണ്ടും സുന്ദരമായി മാറുന്നു. ഉച്ചമയക്കം വിട്ടുണര്‍ന്ന ആലസ്യത്തില്‍ കഥയവസാനിക്കുമ്പോള്‍ മോഹാലസ്യം വിട്ടുണര്‍ന്ന പ്രേക്ഷകന് മുന്നോട്ട് പോകുന്ന ആ വണ്ടിയില്‍ തന്നെ നോക്കി നില്ക്കും.
അവാര്‍ഡുകളും ബഹുമതികളും നേടി, അന്‍പത് വര്‍ഷത്തോളം താന്‍ സ്വായത്തമാക്കിയ കലയില്‍ മന്നനായി വിളങ്ങിയ മമ്മൂട്ടിയെന്ന നടന്റെ ഇപ്പോഴത്തെ സിനിമകള്‍ കാണുമ്പോള്‍ കാണികള്‍ ഒന്നടങ്കം പറയുന്നൊരു കാര്യമുണ്ട്, ‘ഇനിയൊന്നും തെളിയിക്കാനില്ലാത്ത മമ്മൂട്ടിയെന്ന നടന്, ഈ പ്രായത്തിലും പ്രകടനത്തില്‍ ഞെട്ടിക്കുകയാണ്’. അണിയിക്കാന്‍ കൊണ്ട് വന്ന കിരീടം തട്ടിമാറ്റുന്ന ജൂലിയസ് സീസറിനെ ഓര്‍മിപ്പിച്ചുകൊണ്ട്, തന്റെ മുഖമുദ്രയായ ചിരിയില്‍ നിര്‍ത്തി, അഭിനയം കൊണ്ട് അദ്ദേഹം മറുപടി പറയുന്നുണ്ട്. ഇപ്പോഴും നിങ്ങള്‍ എന്നെയാണ് നോക്കുന്നത്, ഞാന്‍ നടക്കുന്ന വഴിയിലേക്ക് നോക്കൂ. അതിനിനിയും നീളമുണ്ട് എന്ന് ആ മഹാനടന് പ്രേക്ഷകരോട് പറയാതെ പറയുന്നുമുണ്ട്. ആരവങ്ങളില്‍ ആ പറച്ചില് മുങ്ങിപ്പോകുമ്പോള്‍ കാണികളെ ഗാലറിയില്‍ കൊണ്ടിരുത്തി കളത്തിലിറങ്ങി തെളിയിച്ചു കാനിക്കുന്നുമുണ്ട്. ഇനിയുമുരച്ചാല് ഇനിയും തിളങ്ങുമെന്ന ആപ്തവാക്യത്തെ പിന്തുടരുന്ന ആ നടന് മുന്നില്‍ ഇനിയും പാതകളും വഴിവിളക്കുകളും കാലം തെളിയിച്ചുകൊണ്ടേയിരിക്കട്ടെ. മൂന്ന് തലമുറകളെ വിരുന്നൂട്ടിയ, അതില്‍ ഓരോ തലമുറയ്ക്കും അടയാളങ്ങളായി സ്തൂപങ്ങള്‍ പടുതയര്ത്തിയ, ഇനിയും ചെരുപ്പഴിച്ചു വയ്ക്കാത്ത മമ്മൂട്ടിയെന്ന അഭിനേതാവിന്റെയുള്ളിലെ ദാഹമടക്കാന്‍ ഒരു വഴിയമ്പലങ്ങള്ക്കും കഴിയാതെ വരട്ടെയെന്ന് ആശംസിക്കുന്നു.
ഇനി ആദ്യം പറഞ്ഞ നോവലിലെ അതേ വരികളിള്‍ വീണ്ടും എടുക്കാം. അതില്‍ ആദ്യ പകുതി സേതുവിന്റെ യാത്രയുടെ പശ്ചാത്തല വിവരണമാണ്, ബാക്കി സേതു അനുഭവിക്കുന്ന സംഘര്‍ഷവും. ഇവിടെ രചനയുടെ സ്വാതന്ത്ര്യവും സൗന്ദര്യവും ഒരേപോലെ എം ടി മാഷ് ഉപയോഗിച്ചിട്ടുണ്ട്.ഇനി വായനക്കാരുടെ കണ്ണില്‍ നോക്കുമ്പോള്‍ ഇവിടെയെന്നല്ല, എല്ലാ രചനകളിലും ഓരോ വായനക്കാരനിലും ഉടലെടുക്കുന്ന സേതു അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ഓരോ സേതുവാണ്. ഒരേപോലെ ഒന്‍പത് പേര് കാണുമെന്ന യാദൃശ്ചികത അവിടെ വരുന്നത് പോലുമില്ല. അതിനെക്കാളുപരി വായനയില്‍ നിര്‍മിക്കപ്പെടുന്ന തീവണ്ടി മുതല്‍ തീപ്പെട്ടി വരെ ഓരോ വായനക്കാരനും വെവ്വേറെ നിറമായിരിക്കും. ഇതത്രയും എഴുത്തിന്റെ, വായനയുടെ മാത്രം അവകാശമാണ്. ഇത്രയും പരത്തിയെഴുതിയത് നന്‍പകലിലെ സംവിധാനത്തെ അടയാളപ്പെടുത്താന്‍ വേണ്ടിയാണ്. വളരെ അപൂര്‍വമായി മാത്രമാണ് ഒരു വായനക്കാരന് ഒരു കഥ വായിക്കുന്നത് പോലെ, തിരശീലയില്‍ ഒരു കാഴ്ചയെ പ്രേക്ഷകന് അത്രമേല്‍ സംതൃപ്തിയോടെ അനുഭവിച്ചറിയാന്‍ പറ്റുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “നന്‍പകല്‍ നേരത്ത് മയക്കം”. ആദ്യ സിനിമയായ നായകന് മുതല്‍ ചുരുളി വരെയുള്ള ഒരു വ്യാഴവട്ടം നീണ്ടുനില്‍ക്കുന്ന കാലയളവില്‍ മലയാളി കണ്ട ലിജോ എന്ന സംവിധായകനെയല്ല “നന്‍പകലില്‍” കാണുന്നത്. LJPയുടെ സിനിമകളില്‍, കഥാപാത്രങ്ങളിലും പരിസരങ്ങളിലും അവയുടെ നിര്‍മ്മിതിയിലും ഒഴുക്കിലും പതിവായി കാണുന്ന Loud ആയ ഒരു പ്രകൃതം നന്‍പകലില്‍ വരുന്നതേയില്ല. നിശബ്ദമായി നീങ്ങുന്ന കഥയ്ക്കൊപ്പം അവയുടെ ചുറ്റുപാടിനെ കൂട്ടുപിടിച്ച് പ്രേക്ഷകന് മേല്‍ ജീവിതത്തെ പച്ച കുത്തുന്ന ഒരെഴുത്തുകാരന്റെ മികവ് നന്‍പകലില്‍ കാണം.
ജെയിംസിനൊപ്പം ആ വണ്ടിയും, സുന്ദരത്തിനൊപ്പം ആ നാടും പ്രേക്ഷകന് ചേര്‍ത്തുവയ്ക്കുന്നത് അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. താരതമ്യേനെ ദൈര്‍ഘ്യമേറിയ സ്റ്റാറ്റിക് ഷോട്ടുകളാല്‍ സമൃദ്ധമാണ് LJPയുടെ “നന്‍പകല്‍”. പതിവ് ശൈലികള്‍ മാറ്റിവെച്ച് ദൃശ്യഭാഷയില്‍ LJP നടത്തിയ അങ്ങനെയൊരു തിരഞ്ഞെടുപ്പ്, ജനനവും മരണവും പോലെ അല്ലെങ്കില്‍ മിഥ്യയും യാഥാര്‍ത്യവും പോലെ ഒരല്‍പ്പം കുഴപ്പം പിടിച്ച ഒരു വിഷയത്തെ ശരാശരി പ്രേക്ഷകന് പോലും മനസിലാക്കാന്‍ ഉതകുന്ന തരത്തില്‍ എത്തിക്കാന്‍ വലിയൊരളവ് സാധിച്ചിട്ടുണ്ട്. സാങ്കേതികതയുടെ സാധ്യതകള്‍ ഉപേക്ഷിച്ച് കഥാപാത്രത്തിന്റെ മനോവിചാരങ്ങളുടെ അളവുതൂക്കലുകള്ക്കായി, അയാളിലൂടെ സഞ്ചരിക്കുമ്പോഴും, ആ കഥാപാത്രം കൂടുവിട്ടു കൂടുമാറുമ്പോഴും ഒക്കെ നിശബ്ദതയോ പശ്ചാത്തലമോ ഇവിടെ പ്രേക്ഷകന് ഒരധിക ബാധ്യതയാകുന്നില്ല. അവിടെ കാണുന്ന പരിസരങ്ങളും പ്രവര്‍ത്തികളും പ്രേക്ഷകന് കഥാപാത്രത്തിന്റെ സഞ്ചാരത്തിനൊപ്പം കൂട്ടിവായിക്കുന്നു. കഥാപരിസരത്തെ കാലാവസ്ഥയെ പ്രത്യേകിച്ച് വെയിലിനെ ഇത്ര ഭംഗിയായി കഥയോട് വിളക്കിച്ചേര്‍ത്ത് വയ്ക്കാന്‍ കഴിഞ്ഞത് കഥയോടും പേരിനോടും കാണിച്ച നീതിയാണ്. ശരിക്കും മയക്കം വിട്ടുണര്‍ന്ന ജെയിംസ് സുന്ദരം ആയതു പോലെയാണ് LJPയുടെ ഈ മാറ്റം. ഉറങ്ങിയെഴുന്നെറ്റത് ജെയിംസ് ആയിരുന്ന LJP ആണോ, സുന്ദരം ആയിരുന്ന LJP ആണോ എന്നറിയില്ല. രണ്ടില്‍ ആരായിരുന്നാലും ഇനി കുറച്ചുകാലത്തേക്ക് എങ്കിലും ഉറങ്ങാതിരിക്കട്ടെ. തീയറ്ററെന്ന വെളിച്ചത്തിന്റെ വായനശാലയില്‍ ഉറങ്ങാതിരുന്നു താളുകള്‍ മറിയ്ക്കുന്ന വായനക്കാര്‍ അതാഗ്രഹിക്കുന്നുണ്ട്.
നടനത്തിനും സംവിധാനത്തിനും അപ്പുറം “നന്‍പകലി”ല്‍ എടുത്തുപറയേണ്ടത് ഇത്തരമൊരു ആഖ്യായികയ്ക്ക് ശബ്ദവും വെളിച്ചവും നല്കിയ രണ്ടുപേരോടാണ്. സിനിമാട്ടോഗ്രാഫര്‍ തേനി ഈശ്വറും, ശബ്ദസംവിധാനം ഒരുക്കിയ രംഗനാഥ് രവിയും. കഥ ആവശ്യപ്പെടുന്ന കാഴ്ചയും, ശ്രദ്ധ മാറിപ്പോകാവുന്ന സംഗീതങ്ങള്‍ക്ക് പകരം ടെലിവിഷനില്‍ വരുന്ന ശബ്ദശകലങ്ങളും ആ ചുറ്റുവട്ടത്ത് നിന്ന് അധികം മാറിപ്പോകാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുമുണ്ട്.
മമ്മൂട്ടിയെന്ന നടനെ കുറിച്ചോ, ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനെ കുറിച്ചോ പറഞ്ഞ് എഴുത്തുകള്‍ക്ക് വിരാമിടുന്നത് തീര്‍ത്തും വ്യര്‍ഥമായ കാര്യമാണ്. കാരണം മറ്റൊരു വെള്ളിയാഴ്ചയ്ക്ക് ശേഷം അവ വീണ്ടും ഉറപ്പായും പുതുക്കിയെഴുതേണ്ടി വരും. ഒന്ന് മാത്രം പറഞ്ഞു നിര്‍ത്താം, “ഒരിടത്ത്” നടന്ന ജീവിത “നാടകം” ഒരിക്കലും മറക്കാനാത്ത ഒരു (സ്വപ്നതുല്യമായ) കലാസൃഷ്ടിയാക്കി പരുവപ്പെടുത്തിയതില്‍ പ്രേക്ഷകര്‍ എന്നും ”നന്‍പകല്‍ നേരത്ത് മയക്ക”ത്തിനൊപ്പം മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഈ രണ്ട് പ്രതിഭകളെയും ഓര്‍ത്തുവയ്ക്കും.
One Response
Verum Thattippanu…Oru Abinayavum Illa, oru kadhayum Illa, Kura thamiz paattukal …Camera work…mammoottyude main scene prakatanangal dayaneeyam….aaadyamaayi abhinayikkunna tamil actors oke gambheeram….Mammootti pthanne parayumbol abhinayathil mammootti shishu…Far behind Bhoothakannadi and all…waste of money