ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് നൽകേണ്ടത് മൂവായിരം കോടിയിലധികം രൂപയാണ്, ആ പണമാണ് കേരളം ചോദിക്കുന്നത്, അത് ഔദാര്യമല്ല

312
Milash cn
ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് നൽകേണ്ടത് മൂവായിരം കോടിയിലധികം രൂപയാണ്. 2019 ഒക്ടോബർ – നവംബർ മാസങ്ങളിൽ ഈയിനത്തിൽ നൽകേണ്ട 1506 കോടിയിൽ 652 കോടി ഇപ്പോഴും തന്നിട്ടില്ലെന്നാണ് ഈ മാസം ആദ്യം ലോക്സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞത്. അതായത്, ഡിസംബർ,ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകേണ്ട 2300 കോടിയോളം വരുന്ന ജി എസ് ടി നഷ്ടപരിഹാരത്തുകയും തരാൻ കുടിശികയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ വികസന-ക്ഷേമപ്രവർത്തനങ്ങൾക്കായി ആവശ്യമുള്ള മൂവായിരം കോടിയോളം രൂപ കേന്ദ്രം പൂഴ്ത്തി വെച്ചിരിക്കുകയാണെന്ന് സാരം.
കേന്ദ്രഫിനാൻസ് കമ്മീഷൻ അനുവദിച്ചിട്ടുള്ള കടമെടുക്കാനുള്ള പരിധി അനുസരിച്ച് 24915 കോടി രൂപ വരെ സംസ്ഥാനത്തിന് സമാഹരിക്കാമായിരുന്നു. അവിടെയും കേന്ദ്രം കൈവെച്ചു. രണ്ട് പ്രളയങ്ങളിൽ പെട്ട് താറുമാറായ ഒരു സംസ്ഥാനത്തിന് അതിന്റെ ദൈനംദിനപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പോലും അധികവിഭവസമാഹരണങ്ങൾ നടത്തേണ്ടി വരും. നോട്ടു നിരോധനവും ജിഎസ്ടിയും മൂലം രാജ്യത്തും പ്രവാസികളുടെ തൊഴിൽനഷ്ടവും പ്രളയങ്ങൾ കാരണവുമായി സംസ്ഥാനത്തും പൊതുവെ നിലനിൽക്കുന്ന മാന്ദ്യം കാരണം നികുതിപിരിവ് വഴിയൊക്കെ വിഭവസമാഹരണങ്ങൾക്ക് പരിമിതികളുണ്ട്. താൽക്കാലികമായെങ്കിലും കടം വാങ്ങി സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധി മറികടക്കലാണ് സ്വീകരിക്കാവുന്ന മാർഗ്ഗം.
ക്ഷേമപ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വാങ്ങൽശേഷി വർദ്ധിപ്പിച്ച് വിപണിയെ ചലിപ്പിച്ച് മാത്രമെ ഈ പ്രതിസന്ധിയെ മറികടക്കാനാകൂ. അവിടെയാണ്, സംസ്ഥാനത്തിന്റെ കടംവാങ്ങൽപരിധി പകുതിയായി കേന്ദ്രം വെട്ടിക്കുറച്ചത്. പ്രളയസമയത്ത് നൽകിയ ഭക്ഷ്യധാന്യങ്ങൾക്ക് പണം നൽകിയേ തീരൂ എന്നാണ് കഴിഞ്ഞ ദിവസവും എളമരം കരീമിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞത്. 2019ലെ പ്രളയനഷ്ടങ്ങൾക്ക് ഒരു രൂപയുടെ പോലും സഹായം നാളിതുവരെ അനുവദിച്ചിട്ടില്ല. പ്രളയസമയത്ത് വിദേശരാജ്യങ്ങൾ കേരളത്തിന് വാഗ്ദാനം നൽകിയ സഹായം പോലും നിരസിച്ച കേന്ദ്രമാണ് ഇവ്വിധം നമ്മുടെ നാടിനെ ഞെരുക്കിക്കൊല്ലുന്നത്.
ആ ഘട്ടത്തിലാണ് കോവിഡ് – 19ന്റെ രൂപത്തിൽ അടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ജനങ്ങളുടെ സഞ്ചാരം പോലും നിയന്ത്രിക്കേണ്ട ഘട്ടത്തിൽ എല്ലാ തൊഴിൽമേഖലകളും പ്രതിസന്ധിയിലാകുകയാണ്. നമ്മുടെ പ്രവാസികളുടെ തൊഴിലിടങ്ങളും പ്രതിസന്ധിയിലായതോടെ സമാനതകളില്ലാത്ത ദുരിതകാലത്തേക്കാണ് നാം കടക്കുന്നത്.
ഈ ഘട്ടത്തിലാണ് 20000 കോടിയുടെ പാക്കേജ് കേരളം പ്രഖ്യാപിച്ചത്. ഇതിൽ 1300 കോടിയോളം രൂപ വിതരണത്തിനായുള്ള ഉത്തരവുകൾ ഇന്നലെ ഇറങ്ങിക്കഴിഞ്ഞു. 54 ലക്ഷം കുടുംബങ്ങളിലേക്ക് 2400 രൂപ വീതം മാർച്ച് 31നകം സഹകരണസംഘങ്ങൾ വഴിയും ബാങ്ക് അക്കൗണ്ടുകളിലേക്കും എത്തിക്കും. സമ്പൂർണ്ണമായി ലോക്ക്ഡൗണായതോടെ പ്രതിസന്ധിയിലായ ബിപിഎൽ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും സർക്കാർ എത്തിക്കുമെന്നാണ് ഇന്നത്തെ മന്ത്രിസഭാതീരുമാനം. ലോക്ക്ഡൗണിൽ ഒരു ജീവിതവും പ്രതിസന്ധിയിലാകില്ലെന്ന് സർക്കാർ ഉറപ്പുവരുത്തുകയാണ്.
ഇതിനൊക്കെ സർക്കാരിന് പണം വേണം. അതുകൊണ്ടാണ് തരാനുള്ള പണം തരണമെന്ന് ധനമന്ത്രി വീണ്ടും വീണ്ടും കേന്ദ്രത്തോട് പറയുന്നത്. അത് കിട്ടിയെങ്കിലേ സംസ്ഥാനത്തിന് മുന്നോട്ടുപോകാൻ കഴിയൂ. അത് ആരുടെയും ഔദാര്യമല്ല. കേരളത്തിന്റെ അവകാശമാണ്. മാസങ്ങളായി തരാതെ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്നതാണ്. അത് ലഭിച്ചിട്ട് വേണം ഇവിടുത്തെ പാവപ്പെട്ടവന്റെ വീടുകളിൽ അടുപ്പ് പുകയുമെന്ന് സർക്കാരിനുറപ്പാക്കാൻ. ആ ആവശ്യം കേൾക്കുമ്പോൾ ഏതവനെങ്കിലും അസഹിഷ്ണുത തോന്നുന്നെങ്കിൽ അത് ഒരുതരം മാനസികരോഗമാണ്. ദിവസക്കൂലിക്കാരും ദുർബ്ബലരും കഞ്ഞി കുടിച്ചു കിടക്കരുതെന്ന ചിന്തയുള്ള മനോരോഗികൾ. അതിൽ ഖദറിട്ടവന്മാരുമുണ്ട്. കാവിയണിഞ്ഞവന്മാരുമുണ്ട്.