കേരളത്തിലെ കോൺഗ്രസ്സുകാർ ഇത് എത്രാമത്തെ തവണയാണ് അവരെ അധിക്ഷേപിക്കുന്നത് ?

0
106

Minesh Ramanunni

തൊണ്ണൂറുകളുടെ അവസാനം നൂറ്റിയെഴുപതോളം പേരുടെ ജീവനാണ് മലേഷ്യയിൽ നിപ വൈറസ് എടുത്തത്. കേരളം പോലെ അതീവ ജന സാന്ദ്രതയുള്ള ഒരു നാട്ടിൽ ആകെ പതിനേഴു പേരെ മാത്രമേ നിപക്കു നമ്മുടെ ആരോഗ്യ സംവിധാനം വിട്ടു കൊടുത്തുള്ളൂ. അതുവരെ കേട്ടുകേൾവി മാത്രമായിരുന്ന ഒരു രോഗത്തെ പിടിച്ചു കെട്ടിയതു നാടും ജനങ്ങളും ആരോഗ്യ പ്രവർത്തകരും ഒന്നിച്ചാണ്. നിപയെ നാം കീഴടക്കിയതിനു പിന്നിൽ സിസ്റ്റർ ലിനിയെപ്പോലുള്ളവരുടെ ജീവ ത്യാഗമുണ്ടായിരുന്നു . ആ സിസ്റ്റത്തെ നയിച്ചത് കെ കെ ശൈലജ എന്ന സ്ത്രീയായിരുന്നു. ഇപ്പോഴും ഒരിടത്തും അത് തന്റെ വിജയമായി അവർ പറയുന്നത് കേട്ടിട്ടില്ല.

കോവിഡ് കാലമാണ് . അമേരിക്കയിൽ മരണ സംഖ്യ ഒരു ലക്ഷത്തി ഇരുപതിനായിരം കവിഞ്ഞു. ബ്രിട്ടനിൽ നാല്പത്തിരണ്ടായിരവും ഇറ്റലിയിൽ മുപ്പത്തിനാലായിരവും സ്‌പെയിനിൽ ഇരുപത്തിയേഴായിരവും പേരുടെ ജീവനെടുത്തു കൊറോണ വൈറസ് സർവ്വ നാശം വിതക്കുകയാണ്. കേരളത്തെക്കാൾ എത്രയോ മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥയും ആരോഗ്യ സംവിധാനവും ഉള്ള നാടുകളാണിവ. ഇന്ത്യയുടെ പൊതു അവസ്ഥയും അനുദിനം അപകടകരമാവുന്നുണ്ട്. ആകെ കേസുകൾ നാല് ലക്ഷത്തോട് അടുക്കുന്നു. മരണം പന്ത്രണ്ടായിരം കടന്നു. വൻ നഗരങ്ങളിൽ അടക്കം സമൂഹ വ്യാപനവാർത്തകൾ വരുന്നു. ഡൽഹിയും മുംബൈയും ചെന്നൈയും അഹമ്മദാബാദും ഒക്കെ കോവിഡ് രോഗികളെ കൊണ്ട് നിറയുന്നു .

കേരളത്തിൽ പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും പോലീസും ഫയർ ഫോഴ്‌സും റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പുമെല്ലാം ഒരുമിച്ചു കോവിഡിനെ ചെറുക്കുകയാണ്. നമുക്ക് ഇവിടെ തോൽവി സംഭവിച്ചുകൂടാ എന്നും നമ്മുടെ കുഞ്ഞുങ്ങളെയും വയോജനങ്ങളെയും കോവിഡ് മരണത്തിനു വിട്ടു കൊടുത്തുകൂടാ എന്നും കരുതി ജനം തൊഴിലും ജീവിതവും ക്രമീകരിച്ചും സാമ്പത്തിക ബാധ്യതകൾ സഹിച്ചും ജീവിക്കുകയാണ്.

ശൈലജ ടീച്ചറിന് കോവിഡ് റാണി എന്ന പട്ടം നേടാനാണ് ഈ പ്രവർത്തനങ്ങൾ എന്നാണു മുല്ലപ്പള്ളി രാമ ചന്ദ്രൻ പറയുന്നത്. എത്ര പരിഹാസ്യമാണ് അത് എന്ന് ഓർത്തു നോക്കൂ! അവർ നയിക്കുന്ന സംവിധാനം തോറ്റു പോയാൽ തോൽക്കുന്നത് നമ്മളാണ് എന്ന് ഓരോ മലയാളിക്കും ബോധ്യമുണ്ട്. കേരളത്തിലെ കോൺഗ്രസ്സുകാർ ഇത് എത്രാമത്തെ തവണയാണ് അവരെ അധിക്ഷേപിക്കുന്നത് ? ഒരാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നതാണോ ഇവരെ അസ്വസ്ഥരാക്കുന്നത്!

ഇതെഴുതുമ്പോൾ 93 വയസ്സുള്ള തോമസും 88 വയസ്സുള്ള മറിയാമ്മയും അവരുടെ വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്നുണ്ടാവും. ലോകത്തിന്റെ പലഭാഗങ്ങളിലും പ്രായമായവരെ ചികിത്സിക്കേണ്ട എന്ന് തീരുമാനം എടുക്കുമ്പോൾ എണ്പതിനു മുകളിൽ പ്രായമുള്ള അനേകം പേരെ രക്ഷപ്പെടുത്തി എടുക്കുന്ന ഒരു ആരോഗ്യ സംവിധാനത്തെ വിജയകരമായി നയിക്കുന്നതിന്റെ പേരിൽ ഇത്രയധികം അധിക്ഷേപം നേരിടുന്നത് ലോകത്തിൽ കെ കെ ശൈലജ ടീച്ചർ മാത്രമായിരിക്കും. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കരുത്തായ ശൈലജ ടീച്ചർക്ക് ഐക്യ ദാർഢ്യം. മുല്ലപ്പള്ളിമാർക്കുള്ള മറുപടി ജനം നൽകുക തന്നെ ചെയ്യും