മൂത്രമൊഴിച്ചുകൊണ്ടു നിൽക്കുന്ന നഗ്നനായ രണ്ടുവയസ്സുകാരൻ

1733

Mini Mohanan എഴുതുന്നു 
Mini Mohanan
Mini Mohanan

ബെൽജിയമെന്ന കൊച്ചു രാജ്യത്തിൻറെ തലസ്ഥാനഗരമായ ബ്രസ്സൽസിൽ എത്തുന്നവരെ ഏറെ ആകർഷിക്കുന്ന ഒന്നാണ് ‘മാനെക്കൻ പിസ്’ എന്ന, മൂത്രമൊഴിച്ചുകൊണ്ടു നിൽക്കുന്ന നഗ്നനായ രണ്ടുവയസ്സുകാരൻ കുസൃതിക്കുരുന്നിന്റെ, 65 സെന്റിമീറ്റർ ഉയരമുള്ള ഒരു വെങ്കലശില്പം. തറയിൽനിന്നു കുറച്ചുയരത്തിൽനിന്ന് സദാ മൂത്രമൊഴിക്കുന്ന ഈ മൂത്രക്കുടുക്കയോടൊപ്പമുള്ള ഫോട്ടോയെടുക്കാൻ വലിയ തിരക്കാണവിടെ. കൃത്യം നാനൂറുവർഷമായി ഈ കുരുന്ന് ഇവിടെനിന്നു മൂത്രമൊഴിക്കുന്നു. പക്ഷേ ഇന്നിവിടെക്കാണുന്നത് യഥാർത്ഥ ശില്പമല്ല. 1965 ൽ സ്ഥാപിതമായ യഥാതഥമായൊരു മാതൃകമാത്രം. പലതവണ യഥാർത്ഥശില്പം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഇന്നത് നഗരത്തിലെ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ നഗരത്തിലെ ശുദ്ധജലവിതരണവുമായി ബന്ധപെട്ട് ഇത്തരമൊരു ശിലാശില്പം നിർമ്മിക്കുകയുണ്ടായി. ഒരു കൽത്തൂണിന്റെ മുകളിലായിരുന്നു അന്ന് ബാലന്റെ രൂപം പ്രതിഷ്ഠിക്കപ്പെട്ടത്. അന്നവനുനൽകിയ പേര് പെറ്റിറ്റ് ജൂലിയൻ എന്നായിരുന്നു. പക്ഷേ ഇന്നതൊരു ചിത്രത്തിൽ മാത്രമായൊതുങ്ങുന്നു. 1619 ൽ ശില്പം പുനഃസ്ഥാപിക്കപ്പെട്ടപ്പോളാണ് ‘മാനെക്കൻ പിസ്'(മൂത്രമൊഴിക്കുന്ന കുട്ടി) എന്ന പേര് നൽകപ്പെട്ടത്. ഇത്തരമൊരു ശില്പകൗതുകത്തിനു പിൻബലമേകി ഒട്ടേറെക്കഥകൾ പ്രചാരത്തിലുണ്ട്.

മദ്ധ്യകാലഘട്ടത്തിൽ ഈ തെരുവിൽ ധാരാളം തുകൽപ്പണിക്കാർ ഉണ്ടായിരുന്നത്രേ. തുകൽ ഊറയ്ക്കിടുമ്പോൾ കുട്ടികളെക്കൊണ്ട് അതിൽ മൂത്രമൊഴിപ്പിക്കാറുണ്ടായിരുന്നു. മൂത്രത്തിലെ അമോണിയ തുകലിനെ മയപ്പെടുത്താൻ സഹായിക്കുന്നതിനാലാണത്. ആ ഓർമ്മ നിലനിർത്താനായി ഇങ്ങനെയൊരു ശില്പവും ജലധാരയും രൂപകല്പനചെയ്തതെന്ന് ഒരു വിശ്വാസം. മറ്റൊരു കഥ : ബ്രസ്സൽസിനെ അക്രമിക്കാനെത്തിയ ശത്രുക്കളുടെ ആയുധശേഖരത്തിലെ വെടിമരുന്നിൽ മൂത്രമൊഴിച്ചു നിർവീര്യമാക്കി ജൂലിയൻ എന്ന പിഞ്ചുബാലൻ നഗരത്തെ രക്ഷിച്ചുവെന്നതാണ്. മറ്റൊരുകഥയിൽ ഒരു ദുർമന്ത്രവാദിനി തന്റെ വീട്ടുവാതിലിൽ മൂത്രമൊഴിച്ച ബാലനെ ശപിച്ചുവത്രേ, എന്നെന്നും മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്ന ഒരു ശിലാരൂപമായി മാറാൻ. സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരാൾ വളരെവേഗം കുഞ്ഞനെ മാറ്റി പകരം ഒരു ശിലാരൂപം അവിടെ വെച്ചുവെന്നും ശാപം കിട്ടിയത് ആ കല്ലിനാണെന്നുമുള്ള വിശ്വാസവും നിലനിൽക്കുന്നു. കുറച്ചുകൂടി വിശ്വസനീയമായ മറ്റൊരുകഥയിൽ നഗരത്തിലെ ധനികനായൊരു വ്യാപാരിയുടെ പുത്രനെ ഏതോ ഉത്സവാഘോഷത്തിരക്കിനിടയിൽ കാണാതെപോയെന്നും പരിഭ്രമിച്ച് അങ്ങുമിങ്ങും പാഞ്ഞ മാതാപിതാക്കൾക്ക്, തെരുവിന്റെ ഈ മൂലയ്ക്ക് മൂത്രമൊഴിച്ചുകൊണ്ടുനിൽക്കുന്ന അവനെ കണ്ടെത്താനായെന്നും തന്റെ പൊന്നുമോനെ കണ്ടെത്തിയതിന്റെ സന്തോഷസൂചകമായി പിതാവ് ഇങ്ങനെയൊരു ശില്പം സ്ഥാപിച്ചുവെന്നുമാണ്. ഇനിയുമുണ്ടൊരു കഥ. ബ്രസ്സൽസിലെ ഒരു ഇടപ്രഭുവിന്റെ കുഞ്ഞായിരുന്നു ഗോഡ്‌ഫ്രേ. ഗോഡ്‌ഫ്രേക്കു രണ്ടുവയസ്സുള്ളപ്പോൾ പിതാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. കുടുംബത്തിലെ മറ്റംഗങ്ങൾ യുദ്ധം തുടരാൻ തീരുമാനിച്ചു. പക്ഷേ തങ്ങൾ ആർക്കുവേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് യോദ്ധാക്കളെ അറിയിക്കുന്നതിനായി കുഞ്ഞിനെ ഒരു കുട്ടയിലാക്കി ഒരു ഓക്കുമരത്തിൽ തൂക്കിയിട്ടു. മിടുക്കൻ കുഞ്ഞ് ഇടയ്ക്കിടെ ശത്രുക്കളുടെ തലയിൽ മൂത്രമൊഴിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഗോഡ്‌ഫ്രേയുടെ സൈന്യം വിജയം വരിച്ചു. സന്തോഷാതിരേകത്താൽ അവരവിടെ ഒരു ഓക്ക്മരം നടുകയുണ്ടായി. അടുത്ത തെരുവിൽ അവരീ മൂത്രക്കുടുക്കയുടെ ശില്പവും സ്ഥാപിച്ചത്രേ!

ഈ നഗരത്തിന്റെ വിജയതിലകമായി മാറിയ ഈ കുഞ്ഞുശില്പം ഇന്നാട്ടുകാരുടെ നർമ്മബോധത്തിന്റെയും ഭാവനാത്മകതയുടെയും പ്രതീകമായിത്തന്നെ നിലകൊള്ളുന്നു. എത്രയോ ഹൃദയങ്ങളിൽ ഒരുനിമിഷംകൊണ്ടു സ്നേഹവാത്സല്യങ്ങൾ നിറഞ്ഞുകവിയാൻ ഈ ഓമനമുഖം അവസരമൊരുക്കിയിരിക്കാം! ഋതുഭേദങ്ങളനുസരിച്ച് ഈ പൈതലിനു വ്യത്യസ്തവേഷവിധാനങ്ങളൊരുക്കാറുണ്ടത്രേ ! ചിലപ്പോൾ വെള്ളത്തിനുപകരം ബിയറായിരിക്കും മൂത്രധാരയാകുന്നത്. ഈ ബിയർമൂത്രം സന്ദർശകർക്കു കുടിക്കാനും കിട്ടും. ഉണ്ണിമൂത്രം പുണ്യാഹമെന്നു നമ്മൾ കരുതുമ്പോൾ ഇവിടെ ഉണ്ണിമൂത്രമായ ബിയർ കുടിക്കുന്നതും പുണ്യമല്ലേ. എന്തൊക്കെയാണെങ്കിലും സഞ്ചാരികളെയാകെ ഭ്രമിപ്പിക്കുന്ന ഈ ശില്പത്തിന്റെ മാതൃകകൾ ലോകത്തിന്റെ പലഭാഗത്തും സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നതും മറ്റൊരത്ഭുതം.