Mini Padma
ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 41 ആയി.
30 മരണവും യുഎഇയിലാണ്. പറയാന്‍ എന്തൊക്കെയോ വരുന്നു. ഇല്ല പറയുന്നില്ല. അല്ലെങ്കിലും പ്രവാസികള്‍ എന്നെങ്കിലും അങ്ങോട്ട് പറഞ്ഞ ശീലമുണ്ടോ. പറയുന്നതെല്ലാം കേട്ട് അനുസരിച്ചിട്ടല്ലേ ഉള്ളൂ. രാഷ്ട്രീയക്കാര്‍ വരുമ്പോള്‍ ശമ്പളമില്ലാ അവധിയെടുത്ത് സ്വീകരിക്കാന്‍ പോയും, തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം പണമെടുത്ത് വോട്ട് ചെയ്യാനും ഒക്കെ പോയി പാര്‍ട്ടി കൂറും അച്ചടക്കവും കാണിച്ച വിധേയത്വത്തിന്റെ മറുപേരല്ലേ പ്രവാസി. സാഹിത്യകാരന്മാരും കലാകാരന്മാരും വരുമ്പോള്‍ അവര്‍ക്ക് സമ്മാനം നല്‍കാനായി ഒരു മടിയും കൂടാതെ തന്റെ വിഹിതം സന്തോഷത്തോടെ ഏല്പിക്കും പ്രവാസി. കൂടെ നിന്ന് ഒരു പടംപോലും എടുക്കാന്‍ ചിലപ്പോ സാധിച്ചു എന്ന് വരില്ല. എന്നാലും സന്തോഷാ. മറ്റുള്ളവര്‍ സന്തോഷിക്കുന്നത് ദൂരെ മാറി നിന്ന് കണ്ട് ശീലമായവരാണല്ലോ.
നിങ്ങള്‍ക്കറിയില്ല രാഷ്ട്രീയക്കാരേ, സിനിമാക്കാരേ, സാഹിത്യകാരന്മാരേ, കലാകാരന്മാരേ നിങ്ങളെയക്കെ എത്രയേറെ നെഞ്ചേറ്റുന്നുണ്ട് പാവം പ്രവാസികളെന്ന്. അറിഞ്ഞിരുന്നുവെങ്കില്‍ 40 ലധികം മലയാളികള്‍ മരിച്ചിട്ടും നിങ്ങളിങ്ങനെ നിസ്സംഗരായി ഇരിക്കില്ലായിരുന്നു. ബുദ്ധിമുട്ടിലാണെന്ന് ഇതിലപ്പുറം തുറന്നു പറയാന്‍ പ്രവാസിക്ക് കഴിയില്ല. മാനികളാണ്, ആരെയും കാത്തു നില്‍ക്കാതെ ജീവനൊടുക്കി കളയും. ഒരു കുഞ്ഞു മുറിയില്‍ ആറും ഏഴും പേര്. അതില്‍ 2 പേര്‍ക്ക് കൊറോണ. ബാക്കിയുള്ളവര്‍ എന്തു ചെയ്യണം. ജോലി പോയവര്‍, ജോലിക്ക് പോകാന്‍ കഴിയാത്തവര്‍. പണ്ടേ കുബൂസും തൈരും കഴിച്ച് ശീലമായതുകൊണ്ട്. മാധ്യമ പ്രവര്ത്തകയായല്ല ഇതെഴുതുന്നത്. ലേബര്‍ ക്യാംപിലടക്കമുള്ളവരുടെ കുഞ്ഞു പെങ്ങളായി, വല്യേച്ചിയായി, മകളായി.