Mini Padma
കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ യുഎഇയില്‍ കൊറോണ വൈറസില്‍ മരിച്ചത് 6 മലയാളികളാണ്. നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഒരുപാട് പേര്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ മോളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറന്നപ്പോള്‍ ഒരുപാട് പേര് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പോയി. നമ്മള് പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികള്‍ അങ്ങനെയാണ്. കുടുംബത്തിലാരെങ്കിലും മരിച്ചിട്ട് പോവുകയാണെങ്കിലും ഓടി പോയി നാലഞ്ച് ടാങ്ക്, നിഡോ, തലവേദനയുടെ ബാം കുഞ്ഞുങ്ങള്‍ക്കെന്തെങ്കിലും കളിപാട്ടം അങ്ങനെ വെറുതേ കൈയും വീശി പോകാനാകില്ല പ്രവാസിക്ക്. മറ്റേത് പ്രവാസിക്കുമില്ലാത്തവിധം കുറേ ഭാരം ചുമക്കേണ്ടി വരാറുണ്ട് ഗള്‍ഫ് പ്രവാസികള്‍ക്ക്.
ഒരു കല്യാണത്തിന് പോവുമ്പോ അമ്മ പറയും മോനേ ഇത്ര കൊടുത്താ പോരാ, ഗള്ഫ്കാരനുള്ളതല്ലേ
അവര്‍ കുറച്ചൂടെ പ്രതീക്ഷിക്കുമെന്ന്, ഭാര്യയ്ക്കും അഛനും സഹോദരനും സഹോദരിക്കും,മക്കള്‍ക്കും എന്തിന് അകന്ന ബന്ധുവിന് വരെ കുറച്ചിലാകും ധാരാളിത്തം കാണിച്ചില്ലെങ്കില്‍. അഛനോട് ഐ ഫോണ്‍ തന്നെ വേണമെന്ന് വാശി പിടിക്കുന്നവര്‍ ആലോചിച്ചിട്ടുണ്ടോ എത്ര മാസം മിച്ചം പിടിച്ച് ഒടുവില്‍ ആരോടെങ്കിലും കടം വാങ്ങിയും ചേര്‍ത്താണ് ആ ഫോണ്‍ മോള്‍ക്കോ മോനോ സമ്മാനിച്ചതെന്ന്.ലോകത്ത് എത്രയിടങ്ങളില്‍ നിന്ന് ആളുകള്‍ സ്വന്തം നാട്ടിലേക്ക് എത്തുന്നു. അവരാരെങ്കിലും ഗള്‍ഫ് മലയാളികളെ പോലെ ഇങ്ങനെ നിര്‍ബന്ധിക്കപ്പെടാറുണ്ടോ സാധനങ്ങള്‍ വാങ്ങാന്‍. വീട്ടുകാരുടെ നാട്ടുകാരുടെ കൂട്ടുകാരുടെ സന്തോഷം കാണാന്‍ അവന്/അവള് നുളളിപെറുക്കി കൊണ്ടു വരുന്ന സാധനങ്ങള്‍ അവരുടെ എത്രകാലത്തെ അധ്വാനമാണെന്ന് ആരെങ്കിലും അറിയാറുണ്ടോ. സ്വന്തം ഇഷ്ടത്തിന് പ്രവാസം സ്വീകരിച്ച് മെച്ചപ്പെട്ട ജീവിതം ണ്ആഗ്രഹിച്ച് വന്നവരുടെ കാര്യമല്ല പറയുന്നത്. അതിജീവനത്തിന് വേണ്ടി ഈ മണ്ണിലെത്തി, കഷ്ടപ്പാടുകള്‍ ഒന്നും പ്രിയപ്പെട്ടവരെ അറിയിക്കാതെ എല്ലുമുറിയെ പണിയെടുക്കുന്നവരുടെ കാര്യമാണ്.
ഒരിക്കലെങ്കിലും ഗള്‍ഫ് പ്രവാസി അവന്റെ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരണം. താന്ജീവിക്കുന്ന ചുറ്റുപാടും ജോലിയും ഇവിടുത്തെ മരംകോച്ചുന്ന തണുപ്പും, ചുട്ടുപൊള്ളുന്ന വെയിലും അവരെയും കൊളളിപ്പിക്കണം. ഒരു ദിര്‍ഹത്തിന് 20 രൂപ എങ്ങനെയാണ് കിട്ടുന്നത്, ആയിരം ദിര്‍ഹം അല്ലെങ്കില്‍ രണ്ടായിരം ദിര്‍ഹം കൊണ്ട് ഇവിടെ ജീവിക്കുകയും നാട്ടിലെ നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബത്തെ പോറ്റുകയും അവധിക്ക് പോകുമ്പോ ഒരാളെപോലും വിട്ടുപോകാതെ സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്യുന്ന ആ മാജിക് ഏങ്ങനെയാണെന്ന് ഒന്നു കാട്ടികൊടുക്കണം.ഹൃദയം ഉള്ള ഒരുത്തനും ഒരുത്തിയും പിന്നെ പറയില്ല ഉപ്പാ അഛാ എനിക്കിത് വേണമെന്ന്, ഒരു ഭാര്യയും ഗള്‍ഫ്കാരന്റെ ഭാര്യല്ലേ അവരെന്തു വിചാരിക്കും എന്ന് പറയില്ല. പക്ഷെ പ്രവാസി എല്ലാം സഹിക്കും, നാട്ടിലുള്ളവരുടെ ചിരിയില്‍ സന്തോഷത്തില്‍ എല്ലാ വേദനയും മറക്കും, കടം വീട്ടാന്‍ വീണ്ടും കടം വാങ്ങികൊണ്ടേയിരിക്കും.
മോളുകളിലും മറ്റും കറങ്ങി നടന്ന് നാട്ടിലേക്ക് പോകാന്‍ സാധനങ്ങള്‍ വാങ്ങി കൂട്ടുന്ന പ്രവാസിയെ കളിയാക്കുന്നത് കണ്ടു. പാവപ്പെട്ട മനുഷ്യരാണ്, കാര്യങ്ങള്‍ ശരിയാം വണ്ണം അറിയാത്തതുകൊണ്ടാവും. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാം. അവര്‍ വാങ്ങിയ സാധനങ്ങളുടെ കൂട്ടത്തില്‍ അവര്‍ക്കായി എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയാല്‍ മതി അവരോട് പൊറുക്കും നമ്മള്.
കെട്ട കാലത്തുള്ള നമ്മുടെ മടങ്ങിപോക്കാണ്. നമ്മള് സ്നേഹത്തില്‍ പൊതിഞ്ഞു കൊടുക്കാന്‍ വാങ്ങിയ സാധനങ്ങളൊന്നും ആര്‍ക്കും വേണ്ട എന്ന് മനസ്സിലാക്കുക. കൊറോണകാലം കഴിയും നമ്മള് പ്രവാസ മണ്ണിലേക്ക് തിരിച്ചുവരും, അങ്ങനെ ആരോഗ്യത്തോടെ ജീവനോടെ തിരിച്ചു വരാന്‍ വേണ്ടി നമുക്ക് ഇപ്പോള്‍ പുറത്തിറങ്ങാതിരിക്കാം.
ഒന്നും വേണ്ട നിങ്ങള്‍ വന്നാ മതി എന്ന് ഒരു വാക്ക് പ്രിയപ്പെട്ടവരോട് വിളിച്ചു പറയൂ നാട്ടിലുള്ളവരെ. പെട്ടികെട്ടി വന്നിട്ടേ ശീലമുള്ളൂ. പക്ഷെ പെട്ടിയില്‍ പോകാതിരിക്കാന്‍ നമ്മള് ജാഗ്രത കാട്ടണം. ഇക്കുറി കൈയുംവീശിപോകാം നമുക്ക്. എന്തിനാണെന്നോ, കൊറോണയെ കൈയകലത്ത് നിര്‍ത്താൻ.