ജെയ്പൂരിലെ പതിനാലു പേർ തിരുവനന്തപുരത്തെ ഉത്തരവിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെ ?

0
122

Dr.T.M Thomas Isaac

ആ പതിനാലു പേർ ആരൊക്കെയാണ് ? തിരുവനന്തപുരത്തെ സ്വർണക്കടത്തു കേസ് അന്വേഷിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പരാമർശിക്കപ്പെട്ട 14 പേരെക്കുറിച്ചുള്ള പത്രവാർത്ത ആരിലും അമ്പരപ്പും അവിശ്വാസ്യതയും ഉണ്ടാക്കിയിരിക്കും. പത്രങ്ങളിലും ചാനലുകളിലും നമ്മൾ കണ്ടത് ഒരാളിന്റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിനെക്കുറിച്ചാണല്ലോ. അപ്പോൾ മേൽപ്പറഞ്ഞ ഉത്തരവിൽ പരാമർശിക്കപ്പെടുന്ന പതിനാല് പേർ എവിടെ നിന്നു വന്നു?

സംശയം തീരാൻ ഉത്തരവിന്റെ പകർപ്പു സംഘടിപ്പിച്ചു വായിച്ചു നോക്കി. വാർത്ത തെറ്റിയിട്ടില്ല. …………. relating to seizure of 30 kg of 24 karat gold worth Rs 14.82 crores from 14 passengers at Trivandrum International Airport on 5th July 2020 എന്നു തന്നെയാണ് ഉത്തരവിലെ പരാമർശം. എങ്ങും പരാമർശിക്കപ്പെട്ടിട്ടില്ലാത്ത 14 പേരുടെ കാര്യം ഇതുപോലൊരു ഉത്തരവിൽ പ്രത്യക്ഷപ്പെട്ടതും പിന്നീടൊരു റിപ്പോർട്ടിലും പരാമർശിക്കപ്പെടാത്തതും സ്വാഭാവികമായും ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. എന്താണിതിന്റെ ഗുട്ടൻസ് എന്ന് ഞാനും അമ്പരന്നുപോയി.

തുടരന്വേഷണത്തിലാണ് കഥ മനസിലായത്. 14 പേരെ പിടിച്ചത് ജെയ്പൂരിലാണ്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡിറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ചെയർമാൻ എം അജിത്കുമാറിന്റെ 6-7-2020ലെ ന്യൂസ് ലെറ്ററിൽ ഈ കള്ളക്കടത്തു വേട്ടയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ പ്രവാസികളുടെ പക്കൽ നിന്ന് പിടിച്ചെടുത്തത് 32 കിലോ സ്വർണം. എമർജെൻസി ലൈറ്റുകളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നത്രേ സ്വർണം കടത്തിയത്. കഴിഞ്ഞ 20വർഷത്തിനുള്ളിൽ ജെയ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ട. പത്തുകിലോ സ്വർണവുമായി മൂന്നു പേർ റാസൽഖൈമയിൽ നിന്നും 22 കിലോ സ്വർണവുമായി 11 പേർ റിയാദിൽ നിന്നുമാണ് വന്നത്. ഈ കേസും എൻഐഎയെത്തന്നെയാണ് അന്വേഷിക്കാൻ ഏൽപ്പിച്ചത്.

ആ ഉത്തരവ് കോപ്പിപ്പേസ്റ്റ് ചെയ്താവണം, തിരുവനന്തപുരം കള്ളക്കടത്ത് അന്വേഷിക്കാനുള്ള ഉത്തരവ് തയ്യാറാക്കിയത്. അങ്ങനെയാണ് ജെയ്പൂരിലെ പതിനാലു പേർ തിരുവനന്തപുരത്തെ ഉത്തരവിൽ പ്രത്യക്ഷപ്പെട്ടത്. എൻഐഎ ഉത്തരവിലൊക്കെ ഇത്തരം സ്ഖലിതങ്ങൾ സംഭവിക്കാമോ? ഉത്തരവ് തയ്യാറാക്കുന്ന ജീവനക്കാർ കുറച്ചുകൂടി അവധാനത പുലർത്തണം. ഈ പതിനാലു പേർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി എന്തു ബന്ധം അന്വേഷിച്ച് തല പുകയ്ക്കുന്നവർക്കു വേണ്ടിയാണ് ഈ കുറിപ്പെഴുതുന്നത്.ഇതങ്ങ് ജയ്പൂരിലാണ്. ഇവിടെയല്ല.

**