Entertainment
പ്രേംനസീറിന്റെ സ്മാരകം, എന്താണ് സത്യാവസ്ഥ, മന്ത്രി എ. കെ ബാലൻ വിശദീകരിക്കുന്നു

പ്രേംനസീറിന്റെ വീട് കാടുകയറി, നോക്കാൻ ആളില്ലാതെ നശിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. വീടിന്റെ ഉടമസ്ഥാവകാശം നിലവിൽ പ്രേം നസീറിന്റെ ഇളയ മകൾക്കാണ്. അവർ ഇപ്പോൾ അമേരിക്കയിൽ ആണ് താമസം. അതുകൊണ്ടു നോക്കാൻ ആളില്ലാതെ വീട് നശിക്കുകയാണ്. ഒരു മഹാനടന്റെ വീട് ഇങ്ങനെ നശിക്കുന്നത് ഇവിടത്തെ സിനിമാപ്രേമികൾക്കു സങ്കടം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ സാംസ്കാരിക മന്ത്രിയായ എ.കെ ബാലന് ഈ വിഷയത്തിൽ ചിലത് പറയാനുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ
Minister A.K Balan
“മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേംനസീറിന് ജന്മനാട്ടിൽ സ്മാരകം നിർമിച്ചില്ല എന്ന മട്ടിൽ ചില ടെലിവിഷൻ വാർത്താ ചാനലുകളിലും സോഷ്യൽ മീഡിയയിലും പരാമർശങ്ങൾ കണ്ടു. 24 ന്യൂസ് ചാനലിൽ ശ്രീ. ശ്രീകണ്ഠൻ നായർ ഇങ്ങനെയൊരു പരാമർശം നടത്തി. അദ്ദേഹത്തോട് വസ്തുതകൾ വിശിദീകരിച്ചപ്പോൾ കാര്യങ്ങൾ ബോധ്യപ്പെട്ടുവെന്നാണ് മനസ്സിലാക്കുന്നത്.
പ്രേംനസീറിന്റെ സ്മാരകം ഉണ്ടാക്കുന്ന കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നോക്കാം. ഒന്നാം പിണറായി സർക്കാരിൽ ഞാൻ സാംസ്കാരിക വകുപ്പ് മന്ത്രി ആയിരിക്കെ സാംസ്കാരിക രംഗത്തെ പ്രമുഖരായ, മണ്മറഞ്ഞുപോയവർക്ക് സ്മാരകങ്ങൾ നിർമിക്കാൻ തീരുമാനിക്കുകയും നിരവധി സ്മാരകങ്ങൾ നിർമിക്കുകയും ചെയ്തു. അനശ്വര നടനായ സത്യന് സ്മാരകം ഉണ്ടാക്കുമെന്ന് 2017 ൽ അദ്ദേഹത്തിന്റെ 46-ാം ചരമദിനത്തിലാണ് പ്രഖ്യാപിച്ചത്. 2019 ൽ സ്മാരകം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. അതാണ് കേരള ചലച്ചിത്ര അക്കാദമിയിൽ യാഥാർഥ്യമാക്കിയ ചലച്ചിത്ര പഠന-ഗവേഷണ കേന്ദ്രവും ആർകൈവ്സും. കർണാടക സംഗീതത്തിലെ അതികായനായിരുന്ന എം ഡി രാമനാഥന് അദ്ദേഹത്തിന്റെ ജന്മദേശമായ കണ്ണമ്പ്രയിൽ ഒരു കോടി രൂപ ചെലവിൽ സ്മാരകം നിർമിച്ചു. പ്രശസ്ത കഥാപ്രസംഗ കലാകാരനായിരുന്നു വി. സാംബശിവന് അദ്ദേഹത്തിന്റെ ജന്മനാടായ ചവറ തെക്കുംഭാഗത്ത് സ്മാരകം നിർമിച്ചു ( ഏപ്രിൽ 23 സാംബശിവന്റെ ചരമദിനമാണ്). ഒ വി വിജയൻ, മഹാകവി ഒളപ്പമണ്ണ, മഹാകവി പി കുഞ്ഞിരാമൻനായർ, കാസർഗോഡ് ഗോവിന്ദ പൈ തുടങ്ങി നിരവധി സാംസ്കാരിക നായകർക്കുള്ള സ്മാരകം നിർമിക്കാനുള്ള പ്രവർത്തനം നടത്തി. ഓരോ ജില്ലയിലും ശരാശരി 50 കോടി രൂപ ചെലവിൽ നവോത്ഥാന സാംസ്കാരിക സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതി ആരംഭിച്ചു.
പ്രേംനസീറിന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ശാർക്കര ക്ഷേത്രത്തിനടുത്ത് ഗവണ്മെന്റിന്റെ സ്ഥലത്ത് സാംസ്കാരികനിലയം സ്ഥാപിക്കാൻ അഞ്ചു കോടി രൂപയുടെ പ്രോജക്ടിന് രൂപം നൽകി. ഒരു കോടി രൂപ അന്ന് ചിറയിൻകീഴിനെ നിയമസഭയിൽ പ്രതിനിധീകരിച്ച ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന ശ്രീ. വി. ശശിയുടെ എം എൽ എ ഫണ്ടിൽ നിന്നും 1.30 കോടി രൂപ സാംസ്കാരികവകുപ്പും നൽകി ഒന്നാം ഘട്ടം നിർമാണ പ്രവൃത്തി ആരംഭിച്ചു. 2020 ഒക്ടോബർ 26 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. ഞാനാണ് അധ്യക്ഷനായിരുന്നത്. മുൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയാണ് സ്വാഗതം പറഞ്ഞത്. നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്.
പ്രേംനസീർ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയും അവരോട് വലിയ അടുപ്പം പുലർത്തുകയും ചെയ്ത കലാകാരനാണ്. പക്ഷെ മാറിമാറിവന്ന കോൺഗ്രസ് സർക്കാരുകൾ അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ മുൻകയ്യെടുത്തില്ല. ഒരു ഘട്ടത്തിൽ സ്മാരകമുണ്ടാക്കാൻ ഫണ്ട് പിരിച്ചു. ആ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കാതിരുന്നതിന് കാരണം സ്ഥലം ലഭ്യമാകാനുണ്ടായ സാങ്കേതിക പ്രശ്നമാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ എൽ ഡി എഫ് സർക്കാർ പ്രേംനസീറിന്റെ സ്മാരകം നിർമിക്കാൻ തീരുമാനിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിർമാണം പുരോഗമിക്കുകയുമാണ്. ഇതൊന്നും കാണാതെയാണ് ചിലർ, പ്രേംനസീറിന് ഒരു സ്മാരകവുമില്ല എന്ന പ്രചാരണം നടത്തുന്നത്. തെറ്റായ വാർത്ത നൽകിയ വാർത്താ ചാനൽ അത് തിരുത്തിയെന്നാണ് മനസ്സിലാക്കുന്നത്.
പ്രേംനസീറിന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ അദ്ദേഹം സ്വതന്ത്രമായ നിലപാടിൽ നിന്ന് മാറി സ്വീകരിച്ച നിലപാട് പൂർണമായും കോൺഗ്രസിന് അനുകൂലവും ഇടതുപക്ഷത്തിന് എതിരുമായിരുന്നു. എന്നിട്ടും പ്രേംനസീർ മരിച്ച ശേഷം അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ കോൺഗ്രസ്സുകാർ ഒന്നും ചെയ്തില്ല. എന്നാൽ പ്രേംനസീർ ശക്തമായി എതിർത്തിരുന്ന ഇടതുപക്ഷത്തിന്റെ സർക്കാരാണ് അദ്ദേഹത്തിന് സ്മാരകം നിർമിക്കാൻ തുടങ്ങിയത്. വിമർശിക്കുന്നവർ ഈ വസ്തുതകൾ മനസ്സിലാക്കുന്നത് നന്ന്.”
1,252 total views, 4 views today