കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാൻ കഴിയാത്തവധം അസഹിഷ്ണുതയിൽ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട

180
Dr.T.M Thomas Isaac
കൊച്ചുകുട്ടികളുടെ നാടകഡയലോഗു പോലും സഹിക്കാൻ കഴിയാത്തവധം അസഹിഷ്ണുതയിൽ ഉരുകുകയാണ് നരേന്ദ്രമോദിയുടെ കിങ്കരപ്പട. നാലും അഞ്ചും ആറും ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരിൽ സ്കൂളിനെയും ഹെഡ്മാസ്റ്ററെയും അഭിനേതാക്കളായ കുട്ടികളുടെ

 രക്ഷിതാക്കളെയുമൊക്കെ പെടുത്തിയിരിക്കുന്നത് രാജ്യദ്രോഹക്കേസിൽ.
ഹെഡ്മാസ്റ്ററെയും ഒരു അമ്മയെയും ഇതിനകം അറസ്റ്റു ചെയ്തു കഴിഞ്ഞു. മോദിയെ വിമർശിച്ചാൽ ജീവിതത്തിന്റെ ശിഷ്ടകാലം മുഴുവൻ ഭരണകൂട ഭീകരതയുടെ കുരിശിൽ കിടക്കേണ്ടി വരുമെന്നാണ് ഭീഷണി. ഇതോടൊപ്പമുള്ള ചിത്രം നോക്കുക. കൊച്ചുകുട്ടികളെ കുറ്റവാളികളെപ്പോലെ പോലീസുദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. മനുഷ്യത്വമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?
ഇതെന്തൊരു ഭരണമാണെന്ന് പരസ്പരം ചോദിക്കുകയാണ് ഓരോ ഇന്ത്യാക്കാരനും. രാജ്യത്തിന്റെ ഭരണാധികാരികൾ ഇതിനും മുമ്പും നിശിതമായ വിമർശനങ്ങൾക്ക് വിധേയരായിട്ടുണ്ട്. കർക്കശമായ രാഷ്ട്രീയപരിഹാസവും ആക്ഷേപഹാസ്യവും നേരിടേണ്ടി വരാത്ത ഏതു ഭരണാധികാരിയുണ്ട്? നാടകത്തിലും സിനിമയിലും കഥയിലും കവിതയിലും കാർട്ടൂണിലുമൊക്കെ രാഷ്ട്രീയവിമർശനങ്ങളും ഭരണകൂട വിമർശനങ്ങളുമൊക്കെ കടന്നുവരിക സ്വാഭാവികമാണ്. ആധുനിക ജനാധിപത്യ സമൂഹത്തിൽ പ്രത്യേകിച്ചും.
എല്ലാ വിമർശനങ്ങൾക്കും അതീതനായി നരേന്ദ്രമോദിയെ പ്രതിഷ്ഠിക്കാമെന്നാണ് അനുയായി വൃന്ദത്തിന്റെ വ്യാമോഹം. മോദിയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾ ദൈവനിന്ദയ്ക്കു സമാനമാണ് എന്നാണ് അവരുടെ ഭാവം. ശാഖകളിലൂടെ വളരുന്ന ഈ വൈതാളികവൃന്ദത്തിന്റെ മാനസികാവസ്ഥയിലേയ്ക്ക് നാട്ടിലെ പോലീസും എത്തിച്ചേരുകയാണ്.
കഴിഞ്ഞ ദിവസം ദില്ലിയിൽ ജാമിയായിലെ സമരക്കാർക്കെതിരെ അക്രമി വെടിയുതിർക്കുമ്പോൾ കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നു പോലീസ്. തോക്കേന്തി നിൽക്കുന്ന ഏതോ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനു പിന്നിൽ പരിപൂർണ അച്ചടക്കത്തോടെ പോലീസുകാർ നിൽക്കുകയാണ് എന്നേ ആ ചിത്രങ്ങൾ കണ്ടാൽ തോന്നൂ. അക്രമികൾക്കാണ് പോലീസ് സഹായം. ജെഎൻയു ഹോസ്റ്റലിൽ അഴിഞ്ഞാടിയ അക്രമികൾക്കും പോലീസ് സഹായമുണ്ടായിരുന്നു. അതേ പോലീസ് മനോഭാവമാണ് കർണാടകത്തിലും നാം കാണുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളി എത്രമാത്രം ഭീഷണമാണെന്ന് ഓരോ ദിവസവും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.