ഇത് തമിഴ്നാട്ടിലെ തെങ്കാശ്ശിയൊ തോവാളയൊ അല്ല പുത്തനമ്പലത്തെ അമ്പലക്കരയിലെ ഒരു വയൽ ആണ്

124
Dr.T.M Thomas Isaac
ഈ ഫോട്ടോകൾ നോക്കൂ, ഇത് തമിഴ്നാട്ടിലെ തെങ്കാശ്ശിയൊ തോവാളയൊ അല്ല പുത്തനമ്പലത്തെ അമ്പലക്കരയിലെ ഒരു വയൽ ആണ്. 2 മാസം മുൻപ് വരെ ചീര നിറഞ്ഞു നിന്ന പ്രദേശത്ത് ഇപ്പോൾ വെന്തി പൂക്കൾ നിറഞ്ഞിരിക്കുന്നു . ഞാൻ ചെല്ലുമ്പോൾ കുമ്പളങ്ങിക്കാരുടെ ഒരു ടീം വന്നിട്ടുണ്ട്. പൂക്കൾക്കിടയിൽ നിന്ന് ഫോട്ടോ എടുക്കാൻ വരുന്നവരാണ് . കോട്ടയം മലരിക്കലിൽ ആമ്പൽ പൂക്കൾ കാണാനുണ്ടായ തിരക്കിൻറെയത്ര വരില്ലെങ്കിലും അതിനെ അനുസ്മരിപ്പിക്കുന്ന തിരക്കാണ്. ഈ ചൊരിമണൽ പ്രദേശത്ത് ഇതാദ്യമായാണ് . അമ്പലക്കര ഗ്രൂപ്പ് എന്ന ചെറുപ്പക്കാരുടെ ഒരു സംഘത്തിന്റെ കൃഷിയാണ്. 11 പേരുണ്ട് , എല്ലാവർക്കും വർക്ക് ഷോപ്പിലോ കയർ ഫാക്ടറിയിലോ ഒക്കെ മറ്റ് തൊഴിലുണ്ട് . രാത്രിയാണ് പൂപറിക്കലും മറ്റും . ഇതിന് ഹെഡ് ലൈറ്റ് ഒക്കെയുള്ള തൊപ്പി ഉണ്ട് . നനയും രാത്രി തന്നെ. സുജിത് ആണ് ഇതിന്റെ സൂത്രധാരൻ , സുജിത് അറിയപ്പെടുന്ന ജൈവ കൃഷിക്കാരൻ ആണ് . ഇപ്പോൾ പത്തേക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു. മാരാരിക്കുളത്തെ കർഷകർ എല്ലാം കീടങ്ങളെ അകറ്റാൻ കൃഷിയിടങ്ങളിൽ വെന്തി നടുന്നത് പതിവാണ് . വെന്തി നന്നായി വിളയുന്നത് കണ്ടിട്ടാണ് സുജിത്തിന് കൃഷി തന്നെ ആയാലോ എന്ന ചിന്ത വന്നത്. പൂക്കൾ മിക്കവാറും സരസ്വതിയമ്മയ്ക്ക് 50 രൂപയ്ക്ക് കിലോയ്ക്ക് കൊടുക്കുകയാണ് പതിവ്
സരസ്വതിയമ്മ ആരാണെന്നറിയേണ്ടേ ? ഇവരാണ് കഞ്ഞിക്കുഴി പ്രദേശത്തെ പൂകൃഷിയുടെ ജീവാത്മാവ്. പി പി സ്വാതന്ത്ര്യമെന്ന പഞ്ചായത്ത് പ്രസിഡണ്ടിനൊപ്പം കാൽനൂറ്റാണ്ട് മുൻപ് ജൈവകൃഷിക്കിറങ്ങിയതാണ്. അവരുടെ പൂകൃഷി സംഘത്തെ കുറിച്ചു “മരുപ്പച്ചകൾ ഉണ്ടാകുന്നതെങ്ങിനെ” എന്ന പുസ്തകത്തില് ഞാന് എഴുതിയിട്ടുണ്ട് . 25 വർഷങ്ങൾ കഴിഞ്ഞു, ഇപ്പോഴും പൂകൃഷി തന്നെ സരസ്വതിയമ്മയുടെ ജീവിതം. നാഷണൽ ഹൈവേയിൽ ഒരു ചെറുകടയുണ്ട്. വാടക കൊടുക്കാൻ കഴിയാതെ വരുന്നത് കൊണ്ട് കട ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണ് . നൂറോളം പേർ കഞ്ഞിക്കുഴി പഞ്ചായത്തിൽ തന്നെ ചെറുതും വലതുമായി പൂകൃഷി ചെയ്യുന്നുണ്ട് . ചേർത്തല തെക്ക് , മാരാരിക്കുളം വടക്ക് തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിക്കാരെ കൂടി ചേർത്താൽ മുന്നൂറോളം പേരുണ്ടാവും . പലരും പച്ചക്കറി കൃഷിയുടെ ഇടയിൽ കീടനിയന്ത്രണത്തിന് വെന്തി കൂടി നടുന്നവരാണ് . ഇവരെല്ലാവരും സരസ്വതിയമ്മയുടെ സംഘത്തിലുണ്ട് . സരസ്വതിയമ്മ പലയിടത്തുനിന്നു കിട്ടുന്ന പൂക്കൾ അഗ്രിഗേറ്റ് ചെയ്തു ആലപ്പുഴയിലും ചേർത്തലയിലും ഉള്ള പൂക്കടകളിലും ക്ഷേത്രങ്ങളിലും എത്തിക്കുന്ന സംഘത്തിൻറെ ഭാരവാഹിയാണ്. കൂടെ പൂകെട്ടുകയും ചെയ്യും.
ഞാൻ അന്വേഷിക്കുന്നു എന്നറിഞ്ഞു ചേർത്തല തെക്ക് പഞ്ചായത്തിലെ ജ്യോതിസിന്റെ തോട്ടത്തിൽ എന്നെ കാണാൻ വന്നു. സങ്കടത്തിന്റെയും പരിഭവത്തിന്റെയും ഒരു ഭാണ്ഡം അഴിച്ചു. പലപ്പോഴും പൂ വിൽക്കാൻ കഴിയാത്തത് കൊണ്ട് സംഘത്തിന് വലിയ നഷ്ടം വരുന്നു. വാടക പോലും കൊടുക്കാൻ പറ്റുന്നില്ല . ഇത് വേണ്ടെന്നു വച്ചാൽ കാൽ നൂറ്റാണ്ട് മുൻപ് തുടങ്ങി വെച്ച പ്രദേശത്തെ പൂകൃഷി അതോടെ നിൽക്കും. 2 ലക്ഷം രൂപ റിവോൾവിങ് ഫണ്ട് കൊടുക്കാൻ പഞ്ചായത്ത് പ്രൊജെക്റ്റ് വച്ചിട്ടു ഗൈഡ് ലൈൻ വിരുദ്ധമാണ് എന്ന് പറഞ്ഞു ഉദ്യോഗസ്ഥർ തടഞ്ഞു വച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ മന്ത്രിയായപ്പോൾ പച്ചക്കറിക്ക് തറവില പ്രഖ്യാപിക്കാൻ പ്രോജെക്ടുകൾക്ക് അനുവാദം നൽകിയതാണ് . അതുപോലെ ഒരു സ്‌പെഷ്യൽ സാങ്ഷൻ പൂക്കൾക്കും തന്നു കൂടെ ? എന്നാണ് സരസ്വതിയമ്മയുടെ ആവശ്യം . ചെയ്യാൻ പരമാവധി ശ്രമിക്കും എന്നുറപ്പു നല്കിയിട്ടാണ് പിരിഞ്ഞത് . സരസ്വതിയമ്മയ്ക്ക് പ്രായം ഇപ്പോൾ 70 കഴിഞ്ഞു കാണും. പക്ഷേ ഇന്നും കാൽ നൂറ്റാണ്ട് മുൻപത്തെ അതേ ആവേശവും വാശിയും.
**