അനുയായികളിൽ പേവിഷം കുത്തിവെച്ച് തെരുവിലേയ്ക്ക് തുടലഴിച്ചു വിടുകയാണ് ബിജെപി

153
Dr.T.M Thomas Isaac
രാജ്യത്തെ വർഗീയമായി വിഭജിക്കാനും ഹിന്ദ്വുത്വഭീകരതയ്ക്ക് കൊലവെറിയോടെ അഴിഞ്ഞാടുന്നതിനും തയ്യാറാക്കിയ ഗൂഢപദ്ധതിയാണ് പൌരത്വ നിയമവും ദേശീയ പൌരത്വ രജിസ്റ്ററുമെന്ന ആശങ്ക രാജ്യതലസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണ്. ഇതിനകം പതിമൂന്ന് കൊലപാതകങ്ങൾ. തെരുവുകളിൽ തോക്കും ഇരുമ്പുവടികളും മറ്റ് ആയുധങ്ങളുമായി അക്രമികൾ. നിഷ്ക്രിയമായ പോലീസ് സംവിധാനം. സത്യസന്ധമായി വാർത്ത റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർ നിർഭയമായി പുറത്തുപറഞ്ഞത് ഞെട്ടിപ്പിക്കുന്ന വസ്തുതകൾ. ഹിന്ദുവാണോ മുസ്ലിമാണോ എന്നറിയാൻ തന്റെ പാന്റ്സ് അഴിക്കണമെന്ന് കലാപകാരികൾ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയത് ടൈംസിന്റെ ഫോട്ടോ ജേണലിസ്റ്റ്. ഏഷ്യാനെറ്റ് ന്യൂസിലെ പി ആർ സുനിൽ എഴുതിയത് ഇങ്ങനെ:
Image result for Dr.T.M Thomas Isaac“പലയിടങ്ങളിലും ഞങ്ങളുടെ കണ്‍മുന്നിലാണ് അക്രമങ്ങള്‍ നടക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ക്യാമറ തകര്‍ക്കുമെന്ന് പറയുന്നു. കമ്പിവടി പോലുള്ള ആയുധങ്ങള്‍ കയ്യിലേന്തിയാണ് ഭീഷണി. ജാഫറാബാദില്‍ പള്ളി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളെടുക്കവേ മാധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആസൂത്രിതമായ അക്രമമമാണ് നടക്കുന്നതെന്ന് പറയേണ്ടിവരും. അതിനാല്‍ത്തന്നെ അക്രമികളുടെ മുഖങ്ങളോ അടയാളങ്ങളോ പുറത്തുപോകരുതെന്ന് നിര്‍ബന്ധമുള്ളത് പോലെയാണ്. ഞാന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ അക്രമികള്‍ എന്റെ അടുത്തുവന്ന് ഞാന്‍ മുസ്ലീമാണോ ഹിന്ദുവാണോ എന്ന് ചോദിക്കുകയാണുണ്ടായത്. ഇത്തരത്തില്‍ മതം ചോദിച്ച് ആക്രമിക്കുന്ന തരത്തിലേക്ക് അവസ്ഥകള്‍ മാറിയിട്ടുണ്ട്”.
എല്ലാവർക്കുമറിയാം, ആരാണ് അക്രമികളെന്നും എന്താണ് നടക്കുന്നതെന്നും. ജെഎൻയുവിലും ജാമിയാ മിലിയയിലും നേരത്തെ നടന്ന അക്രമങ്ങൾ ഒരു റിഹേഴ്സലായിരുന്നെന്നുവേണം കരുതാൻ. അന്നും കുട്ടികളെ ആക്രമിച്ചപ്പോൾ പോലീസുകാർ കാഴ്ചക്കാരായിരുന്നുവല്ലോ. ഒറ്റയ്ക്കൊരു ഭീകരൻ തോക്കുമായിറങ്ങി കുട്ടികൾക്കു നേരെ പലവുരു നിറയൊഴിച്ചപ്പോഴും പോലീസുകാർ കാഴ്ച കാണുകയായിരുന്നല്ലോ. ആസൂത്രിതമായ തിരക്കഥയിൽ തയ്യാറാക്കിയ മുന്നൊരുക്കത്തിന്റെ രംഗങ്ങളായിരുന്നു അവ.
അക്രമികൾക്ക് ഒരു മുഖമേയുള്ളൂ. ഒരു ശബ്ദവും. ബാബറി മസ്ജിത് തകർത്തപ്പോഴും ഗുജറാത്ത് കലാപത്തിന്റെ നാളുകളിലും നാം കേട്ട ജയ് വിളികൾ ദില്ലിയിലെ തെരുവുകളിലുമുണ്ട്. ബാബർപൂരിലും മൌജ്പൂരിലും കർദംപുരിയിലും ചാന്ദ് ബാഗിലും ഗോകുൽ പുരിയിലു യമുനാവിഹാറിലും വിജയ് പാർക്കിലും ജഫ്രാബാദിലുമൊക്കെ മുസ്ലിംങ്ങൾ വേട്ടയാടപ്പെടുന്നു. മോദിയുടെ മുഖം പതിച്ച ടീ ഷർട്ടു ധരിച്ച് ദൈവത്തിന്റെ പേരിൽ ജയ് വിളി മുഴക്കി അക്രമികൾ മുസ്ലിംവീടുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. ഹിന്ദു വീടുകൾക്കു നേരെ ആക്രമണമുണ്ടാകാതിരിക്കാനുള്ള തിരിച്ചറിയൽ അടയാളമായി കാവിക്കൊടി നാട്ടിയിരിക്കുന്നു. ഏറ്റവും അടിത്തട്ടുവരെ എത്തിയ കൃത്യമായ ആസൂത്രണം.
പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട സംഘർഷമല്ല ഇത്. ഒരു വിഭാഗത്തിനുനേരെ മറുവിഭാഗം രാഷ്ട്രീയമായി ആസൂത്രണം ചെയ്ത വേട്ടയാടലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് കപിൽ മിശ്ര ബാബർപൂരിലെത്തി പ്രക്ഷോഭകാരികൾക്കുനേരെ മുഴക്കിയ ഭീഷണി, അക്രമികൾക്കു നൽകിയ അടയാള വാക്യമായിരുന്നു. വടക്കുകിഴക്കൻ ജില്ലയിലെ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വേദ് പ്രകാശിനെ സാക്ഷി നിർത്തിയാണ് കപിൽ മിശ്ര അത്യന്തം പ്രകോപനപരമായ ഭീഷണി മുഴക്കിയത്. പതിവുപോലെ പോലീസ് നിഷ്ക്രിയരായി നോക്കി നിന്നു. അരങ്ങിൽ നിന്ന് മിശ്ര നിഷ്ക്രമിച്ച് മിനിട്ടുകൾക്കുള്ളിൽ മുസ്ലിം വീടുകൾക്കു നേരെ കല്ലേറ് ആരംഭിച്ചു. തൊട്ടുപിറ്റേന്ന് ഇതേ വേദപ്രകാശ് കലാപകാരികൾക്കു ഷേക്ക് ഹാൻഡു കൊടുക്കുന്നതിനും കലാപകാരികൾ ദില്ലി പോലീസിന് സിന്ദാബാദ് വിളിച്ചതിനും സാക്ഷികളുണ്ട്. പലേടത്തും അക്രമികൾക്കൊപ്പം പോലീസും ചേർന്നാണ് മുസ്ലിങ്ങളെ ആക്രമിക്കുന്നത്. ഗുജറാത്ത് കലാപകാലത്ത് രാജ്യം കണ്ട ഭീകരക്കാഴ്ചയുടെ തനിയാവർത്തനം.
അനുയായികളിൽ പേവിഷം കുത്തിവെച്ച് തെരുവിലേയ്ക്ക് തുടലഴിച്ചു വിടുകയാണ് ബിജെപി. ഇന്നത്തെ ദില്ലി നാളെ ഇന്ത്യയുടെ മുക്കിലും മൂലയിലും ആവർത്തിക്കപ്പെടും. ഈ രാജ്യത്തെ ഇവരെങ്ങോട്ടാണ് നയിക്കുന്നത് എന്ന് ഓരോ ദിവസവും കൂടുതൽ ഭീഷണമായി വ്യക്തമാവുകയാണ്.
Advertisements