സംഘി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് ആ മാധ്യമപ്രവർത്തകൻ അസാമാന്യധീരതയോടെ സത്യം വിളിച്ചു പറഞ്ഞത്

107
Dr.T.M Thomas Isaac
നിരുപാധികം മാപ്പു പറഞ്ഞ് കേണപേക്ഷിച്ചിട്ടും എന്തിനാണ് ഏഷ്യാനെറ്റ് ന്യൂസിന് ബിജെപി സർക്കാർ വിലക്കേർപ്പെടുത്തിയത്? ചാനലിന്റെ ഉടമയാണെങ്കിൽ ബിജെപിയുടെ രാജ്യസഭാ എംപിയും കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ. എന്നിട്ടും ഏഷ്യാനെറ്റ് ന്യൂസിനെതിരെ വിലക്കു പ്രയോഗിക്കാൻ മോദി സർക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്തായിരിക്കും?
മാർച്ച് ആറിന് വാർത്താവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഏഴുപേജ് ഉത്തരവ് വായിച്ചാൽ ആ ചോദ്യത്തിന് ഉത്തരം കിട്ടും. കൃത്യമായി ഒരു വാർത്തയുടെ പേരിലാണ് നടപടി. ആ വാർത്തയുടെ പേരിൽ ചാനലിന് ഷോക്കോസ് നോട്ടീസ് കിട്ടിയത് ഫെബ്രുവരി 28ന്. അതുപക്ഷേ, വാർത്തയായില്ല. അതിന്മേൽ ഒമ്പതു മണി ചർച്ചയോ പ്രതികരണങ്ങളോ ഉണ്ടായില്ല. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ആരും എഡിറ്റോറിയൽ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചില്ല. നിശിതമായ ഭാഷയിൽ സർക്കാരിനെ വിചാരണ ചെയ്യുന്ന കവർ സ്റ്റോറിയും ഉണ്ടായില്ല.
സംഭവിച്ചത് വേറെന്നൊയിരുന്നു. ചെയ്തത് തെറ്റാണെങ്കിൽ നിരുപാധികം പൊറുക്കണം എന്നൊരു മാപ്പപേക്ഷ ഏഷ്യാനെറ്റ് ന്യൂസിന്റെ വകയായി മന്ത്രാലയത്തിനു സമർപ്പിച്ചു. വാർത്തയിൽ ഉറച്ചു നിൽക്കാൻ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് തയ്യാറായില്ല. തങ്ങളുടെ റിപ്പോർട്ടിന് വസ്തുതയുടെ പിൻബലമുണ്ടെന്നു വാദിക്കുകയോ അതിനുള്ള എഡിറ്റോറിയൽ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുവെന്ന് ബിജെപി സർക്കാരിൻ്റെ മുഖത്തു നോക്കി പറയുകയോ ചെയ്തില്ല. പകരം സവർക്കർക്കുവേണ്ടിയുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക വഴിപാടായി ചരിത്രത്തിൽ ഇടംപിടിക്കുന്ന ഒരു നിരുപാധിക മാപ്പപേക്ഷ വാർത്താവിതരണ മന്ത്രാലയത്തിന്റെ മേശപ്പുറത്തെത്തി.
മൌജ്പുരയിലെയും യമുനാവിഹാറിലെയും ഇരകളായ ഭൂരിപക്ഷ സമുദായത്തിനു പറയാനുള്ളതും തങ്ങൾ 25-02-2020ന് റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നൊരു ബാലൻസിംഗും അതിനിടയിൽ നടത്തി നോക്കി. പക്ഷേ, ഒന്നും ചെലവായില്ല. 48 മണിക്കൂർ നേരത്തേയ്ക്ക് സംപ്രേക്ഷണം വിലക്കുന്ന ശിക്ഷ ഏഷ്യാനെറ്റ് ന്യൂസിന് ഏറ്റുവാങ്ങേണ്ടി വന്നു. അതെന്തുകൊണ്ട് എന്നാണല്ലോ പരിശോധിക്കേണ്ടത്?
കലാപം ഇനിയും നടക്കും, അപ്പോഴൊന്നും ഇതുപോലുള്ള മാധ്യമപ്രവർത്തനമല്ല സർക്കാർ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വഴി ബിജെപി പുറത്തുവിടുന്നത്. പൊലീസ് ഇനിയും നിഷ്ക്രിയമാകും. മതം ചോദിച്ച് ആക്രമണമുണ്ടാകും. കടകളും വീടുകളും വാഹനങ്ങളും കത്തിക്കും. ആദ്യഘട്ടത്തിൽ നിഷ്ക്രിയമാകുന്ന പോലീസ് പിന്നീട് അക്രമികൾക്കൊപ്പം അണിനിരന്ന് കടമ നിർവഹിക്കും.
പക്ഷേ, ഇതൊന്നും ആരും റിപ്പോർട്ടു ചെയ്യാൻ പാടില്ല. ഇത്തരം വസ്തുതകൾ റിപ്പോർട്ടു ചെയ്യുന്നത് രാജ്യത്തിന്റെ മതസൌഹാർദ്ദം തകർക്കുമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ സുചിന്തിതമായ അഭിപ്രായം.
കേബിൾ റെഗുലേഷൻ നെറ്റു്വർക്ക് ആക്ടിലെ വ്യവസ്ഥകളുടെ പുനർനിർവചനമാണ് ഏഷ്യാനെറ്റിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേക്ഷണം വിലക്കിയ ഉത്തരവ്. . കലാപം റിപ്പോർട്ടു ചെയ്യുമ്പോൾ വസ്തുതയെ കുഴിച്ചു മൂടണമെന്ന് എല്ലാ മാധ്യമങ്ങൾക്കുമുള്ള കൽപനയാണത്. സംഘപരിവാറിന്റെ നേതൃത്വത്തിൽ വർഗീയകലാപം നടക്കുമ്പോൾ മാധ്യമങ്ങൾ കലാപകാരികൾക്കൊപ്പമാണ് നിൽക്കേണ്ടത് എന്ന പരസ്യമായ നിർദ്ദേശം. ഒപ്പം, മാധ്യമവിമർശനത്തിൽ നിന്ന് ഒഴിച്ചു നിർത്തപ്പെടേണ്ട വിശുദ്ധ പദവിയാണ് ആർഎസ്എസിനുള്ളത് എന്ന് ഔദ്യോഗികമായി സർക്കാർ പ്രഖ്യാപിച്ചു.
കേരളത്തിൽപോലും മുഖ്യധാരാ മാധ്യമങ്ങൾ ഈ കൽപന ശിരസാവഹിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ്, ഈ വിലക്ക് ഇന്നത്തെ പത്രങ്ങളിലൊന്നും ഒന്നാം പേജ് വാർത്തയായി ഇടംപിടിക്കാത്തത്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെക്കുറിച്ച് മുഖപ്രസംഗങ്ങളില്ല. വിശകലനവിദഗ്ധരൊന്നും എഡിറ്റ് പേജിൽ പ്രത്യക്ഷപ്പെട്ടില്ല. പത്രപ്രവർത്തക യൂണിയന്റെ പ്രതിഷേധം പോലും മൂലയിലെവിടെയോ തള്ളി. മാധ്യമ ഉടമകളുടെ വിധേയത്വമാണ് ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളുടെ ഓരോ പേജിലും എട്ടു കോളത്തിൽ പ്രതിഫലിച്ചത്.
മോദിയുടെ കാലത്ത് കോർപറേറ്റ് മാധ്യമങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഇത്തരമൊരു ഘട്ടത്തിൽ മാധ്യമപ്രവർത്തകരുടെ റോളെന്ത് എന്ന് അവർ ചിന്തിക്കേണ്ട സമയമാണ്. ഏതൊരു മാനേജ്മെന്റിന്റെ കീഴിലായാലും, അവരെത്രതന്നെ ഭരണകൂടത്തിന്റെ പിണിയാളുകളായാലും, മാധ്യമപ്രവർത്തകർക്ക് സ്ഥാപനത്തിനുള്ളിൽ ഒരു താരതമ്യസ്വാതന്ത്ര്യമുണ്ടായിരിക്കും. ആ സ്വാതന്ത്ര്യമുപയോഗിച്ച് ഈ മഹാവിപത്തിനെതിരെ ഒളിപ്പോരു നടത്താനുള്ള ആർജവമാണ് നമ്മുടെ മാധ്യമപ്രവർത്തകർ കാണിക്കേണ്ടത്.
പി ആർ സുനിൽ ഇക്കാര്യത്തിൽ ഒരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നാണ് ആ മാധ്യമപ്രവർത്തകൻ അസാമാന്യധീരതയോടെ സത്യം വിളിച്ചു പറഞ്ഞത്. ഒന്നോ രണ്ടോ തവണയല്ല. തുടർച്ചയായി, ഇരകൾക്കൊപ്പം നിൽക്കാനുള്ള ധീരത സുനിൽ കാണിച്ചു. സുനിലിന്റെ ഓരോ റിപ്പോർട്ടും ബിജെപിയെ എത്ര അലോസരപ്പെടുത്തി എന്നതിന്റെ ഉദാഹരണമാണ് ഈ വിലക്കും കേന്ദ്രസർക്കാരിന്റെ അഭ്യാസപ്രകടനങ്ങളുമൊക്കെ. ഈ മാതൃക പിന്തുടരുക എന്ന ഉത്തരവാദിത്തമാണ് ആ സ്ഥാപനത്തിലെ മറ്റു മാധ്യമപ്രവർത്തകരിൽ നിന്നും ജനാധിപത്യസമൂഹം പ്രതീക്ഷിക്കുന്നത്.
എന്തായാലും, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് കാട്ടിയതിനേക്കാൾ വലിയ വിധേയത്വത്തിന് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമകൾ തയ്യാറെടുത്തു കഴിഞ്ഞു. അക്കാര്യത്തിൽ ഇനി സംശയമൊന്നുമില്ല. ചോദ്യം ആ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരോടാണ്. എന്താണ് നിങ്ങളുടെ റോൾ?