ഫസ്റ്റ് ബെല്ലടിച്ചപ്പോൾ ക്ലാസിലെത്തിയ അധ്യാപകരെല്ലാം കേരളത്തിന്റെ മനസു കവർന്നു

  0
  61

  Dr.T.M Thomas Isaac

  ഒരു സംശയവുമില്ലാതെ പറയാം, അതിഗംഭീരം. വിക്ടേഴ്സ് ചാനലിൽ ഫസ്റ്റ് ബെല്ലടിച്ചപ്പോൾ ക്ലാസിലെത്തിയ അധ്യാപകരെല്ലാം കുട്ടികളുടെയും നാട്ടുകാരുടെയും മനസു കവർന്നു. ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം. ഹൃദയാവർജകമായ ശൈലി. ഊർജസ്വലമായ അവതരണം. പുതിയ സാങ്കേതികവിദ്യയിൽ ഗംഭീരമായ കൈയടക്കം. കാമറയിലൂടെ ലക്ഷക്കണക്കിന് കുട്ടികളെ അഭിസംബോധന ചെയ്ത് ഇത്രയും ആത്മവിശ്വാസത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്ത ഈ അധ്യാപകരാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്ത്. അവർക്കെന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

  കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകർ. പക്ഷേ, നിർഭാഗ്യകരമെന്നു പറയട്ടെ, സഭ്യേതരമായ ഭാഷയിൽ ഇവരെ അവഹേളിക്കുന്ന വികൃതമനസുകളെയും നാമിന്നു കണ്ടു. ഇതിന് ഇരയായ ടീച്ചർമാർ വിഷമിക്കരുത്. തീ കൊണ്ടാണ് കളിച്ചത് എന്ന് ഇവർക്കു ബോധ്യമാകും. ശക്തമായ നടപടി തന്നെ സർക്കാർ സ്വീകരിക്കും.

  ഈ അധ്യാപകരെ ചൂണ്ടി നമ്മുടെ പൊതുവിദ്യാലയങ്ങളിലെ മറ്റധ്യാപകരോട് നമുക്കൊന്നേ പറാനുള്ളൂ. ഇങ്ങനെയാണ് പഠിപ്പിക്കേണ്ടത്. അനേകം അധ്യാപകർക്കുള്ള പാഠപുസ്തകം കൂടിയാണ് വിക്ടേഴ്സ് ചാനൽ ഇന്ന് അവതരിപ്പിച്ചത്. ഈ ശൈലിയിലേയ്ക്ക് മാറാനുള്ള തയ്യാറെടുപ്പുകൾ മറ്റ് അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടാകണം. വിഷയമറിഞ്ഞ്, നന്നായി തയ്യാറെടുത്ത് വന്നാൽ മാത്രമേ ഇങ്ങനെ ക്ലാസെടുക്കാൻ കഴിയൂ. അങ്ങനെ ക്ലാസെടുത്തിട്ടേ പ്രയോജനമുള്ളൂ. കുട്ടികളെ ആകർഷിക്കാനും പഠിപ്പിക്കുന്ന വിഷയം അവരുടെ മനസിൽ തറയ്ക്കാനുമുള്ള സർഗാത്മകമായ മാർഗങ്ങൾ ഓരോരുത്തരും കണ്ടെത്തണം.

  വിക്ടേഴ്സ് ചാനലിന്റെ അണിയറ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു. ഓരോ ക്ലാസും മനോഹരമാക്കിയതിനു പിന്നിൽ അവരുടെ അധ്വാനം നല്ല പങ്കുവഹിച്ചിട്ടുണ്ട്. ആസൂത്രണത്തിന്റെ മികവ് ഓരോ വീഡിയോയെയും വേറിട്ടതാക്കുന്നു. വളരെ പ്രൊഫഷണലായിത്തന്നെയാണ് കൈറ്റ് ഈ ദൌത്യം ഏറ്റെടുത്തിരിക്കുന്നത്. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  സർക്കാരിന്റെ ഭാഗത്തു നിന്ന് ഇനിയുമേറെ ചെയ്യാനുണ്ട്. ഈ ഉള്ളടക്കം എല്ലാ കുട്ടികളിലുമെത്തും എന്ന് ഉറപ്പു വരുത്തണം. നിലവിൽ ടിവിയും കേബിൾ കണക്ഷനും ഹൈസ്പീഡ് ഇന്റർനെറ്റ് സൌകര്യമുള്ള സ്മാർട്ട് ഫോണും ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ കാണാനാവൂ. അതില്ലാത്ത കുട്ടികൾക്ക് ഒരു കാരണവശാലും ക്ലാസുകൾ ലഭിക്കാത്ത അവസ്ഥ ഉണ്ടാകാൻ പാടില്ല.
  വീട്ടിൽ സൌകര്യമില്ലാത്ത കുട്ടികളെ വായനശാലകൾ, ക്ലബുകൾ, അംഗനവാടികൾ തുടങ്ങി എല്ലാ പൊതുഇടങ്ങളിലും കൃത്യമായ സാമൂഹ്യ അകലം പാലിച്ചും മറ്റു കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായും കുട്ടികളെ എത്തിക്കണം. ജനപ്രതിധികളും പൊതുപ്രവർത്തകരും സന്നദ്ധഭടന്മാരുമെല്ലാം ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം.

  എല്ലാ കുട്ടികൾക്കും ഈ പാഠഭാഗങ്ങൾ സ്വന്തം വീട്ടിലിരുന്ന് കാണാനും പഠിക്കാനും കഴിയുന്ന സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് സർക്കാർ കാര്യമായി ആലോചിക്കുന്നുണ്ട്. ക്ലാസെടുക്കൽ ഒരു സർഗവാസനയാണ്. അതാണ് ഇന്ന് വിക്ടേഴ്സ് ചാനലിലൂടെ തെളിഞ്ഞത്. ഈ ബൃഹദ് പരിപാടിയ്ക്ക് ചുക്കാൻ പിടിച്ച ചാനൽ പ്രവർത്തകർക്കും കൈറ്റിനും എസ് എസ് കെയ്ക്കും എസ്, ഐ ടി ഇ യ്ക്കുംഗംഭീര ക്ലാസുകൾ നയിച്ച എല്ലാ അധ്യാപകർക്കും ഒരിക്കൽക്കൂടി ആശംസകൾ.