പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വിലയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെമ്പാടും വിലയിടിയുകയാണ്. ഇന്ത്യാ സർക്കാരാവട്ടെ നികുതി വർദ്ധിപ്പിച്ച് വില ഉയർത്തി നിർത്താനുള്ള തത്രപ്പാടിലാണ്. പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും നികുതി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴി 1.6 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് അധികവരുമാനമായി ലഭിക്കും.
ഇന്ത്യാചരിത്രത്തിൽ ഒരു നികുതിയ്ക്കും ഇതുപോലെ വർദ്ധനവ് ഉണ്ടായിട്ടില്ല. മോദി അധികാരത്തിൽ വരുമ്പോൾ 2014ൽ പെട്രോളിന് ലിറ്ററിന് 9.48 രൂപയായിരുന്നു നികുതി. ഡീസലിന് 3.56 രൂപയും. 12 തവണ ഈ നികുതികൾ വർദ്ധിപ്പിച്ചു. ഏറ്റവും അവസാനത്തെ വർദ്ധനവുകൂടി ചേർക്കുമ്പോൾ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതി. പെട്രോളിന്റെ നികുതി മൂന്നര മടങ്ങും ഡീസലിന്റെ നികുതി ഒൻപത് മടങ്ങുമാണ് വർദ്ധിപ്പിച്ചിത്.
അതേസമയം ക്രൂഡ് ഓയിലിന്റെ വിലയോ? മോദി അധികാരത്തിൽ വന്നപ്പോൾ വീപ്പയ്ക്ക് 105 ഡോളറായിരുന്നു വില. ഇപ്പോൾ അത് 15 ഡോളറായി. ഒരു ഘട്ടത്തിൽ എണ്ണ സ്റ്റോർ ചെയ്യാൻ സൗകര്യമില്ലാത്തതുകൊണ്ട് വെറുതെ കൊടുത്താലും വാങ്ങാൻ ആളില്ലാത്ത അവസ്ഥയും വന്നു. എന്നാൽ ഇതിന്റെ ഗുണഫലം ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കില്ലായെന്ന് മോദി ഉറപ്പുവരുത്തിയിരിക്കുകയാണ്. എണ്ണയും സ്വതന്ത്ര കമ്പോളത്തെക്കുറിച്ചുള്ള എന്തെല്ലാം ഭാഷണങ്ങളാണ് നടന്നത്. എന്നാൽ ഇത് ജനങ്ങളെ പിഴിയാനുള്ള ഉപകരണമായി മാറിയിരിക്കുകയാണ്. ഇതുവരെ മോദി സർക്കാർ പെട്രോൾ, ഡീസൽ നികുതികൾ ഉപയോഗിച്ച് ജനങ്ങളിൽ നിന്ന് അധികമായി അഞ്ചുലക്ഷം കോടി രൂപയെങ്കിലും പിരിച്ചിട്ടുണ്ട്.
ഇങ്ങനെ ജനങ്ങളിൽ നിന്ന് കൈയ്യിട്ടു വാരുമ്പോൾ സംസ്ഥാനങ്ങൾക്ക് ഒന്നും കൊടുക്കാതിരിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധചെലുത്തിയിട്ടുണ്ട്. എക്സൈസ് നികുതിയാണ് വർദ്ധിപ്പിച്ചിരുന്നതെങ്കിൽ അതിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്കു നൽകേണ്ടി വരും. ഫിനാൻസ് കമ്മീഷന്റെ അവാർഡ് അങ്ങനെയാണ്. അതുകൊണ്ട് അടിസ്ഥാനസൗകര്യ സെസും സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇവ രണ്ടും ഫിനാൻസ് കമ്മീഷൻ അവാർഡിൽ വരില്ല.
റിസർവ്വ് ബാങ്കിൽ നിന്നും പണം എടുക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകാത്തതിനു കാരണം വിലക്കയറ്റത്തിന്റെ പേരു പറഞ്ഞാണ്. പെട്രോൾ തീരുവ കുറച്ചാൽ ലോകത്തെമ്പാടും പോലെ ഇന്ത്യയിലും വിലയിടിയും. ഇതിന് അവർ തയ്യാറല്ല. ചുരുക്കത്തിൽ ജനങ്ങളുടെയും സംസ്ഥാനങ്ങളുടെ ചുമലിൽ ഭാരം ഇറക്കിവച്ച് പ്രതിസന്ധിയിൽ നിന്നും കരകയറാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.