മഹാമാരിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലവകാശലംഘനം നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രിമാർ

0
261

Dr.T.M Thomas Isaac

ലോകത്തെ വിറങ്ങലിപ്പിച്ച മഹാമാരിയെ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലവകാശലംഘനം നടത്താനുള്ള ഉപാധിയാക്കി മാറ്റുകയാണ് ബിജെപി മുഖ്യമന്ത്രിമാർ. പകർച്ചവ്യാധിയുടെ പേരുപറഞ്ഞ് യുപി, മധ്യപ്രദേശ് സർക്കാരുകൾ നിലവിലുള്ള തൊഴിൽ നിയമങ്ങൾ ഓർഡിനൻസ് ഇറക്കി റദ്ദാക്കിയിരിക്കുകയാണ്. യുപിയിൽ മൂന്നു വർഷത്തേയ്ക്കാണ് തൊഴിലാളികളുടെ അവകാശങ്ങൾ മരവിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിൽ ആയിരം ദിവസത്തേയ്ക്കും. ഗുജറാത്ത്, ഹരിയാന സർക്കാരുകൾ താമസിയാതെ ഇതുപോലെ ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ പോവുകയാണ്.

റദ്ദാക്കിയ തൊഴിൽ വ്യവസ്ഥയിൽ ഏറ്റവും പ്രധാനം വേല സമയം തന്നെ. ദിവസവും എട്ടുമണിക്കൂറും ആഴ്ചയിൽ നാൽപ്പത്തെട്ടു മണിക്കൂറുമേ പണി ചെയ്യിക്കാവൂ എന്ന നിബന്ധന തൊഴിലുടമകൾ ഇനി പാലിക്കേണ്ടതില്ല. ഇനിമേൽ ആഴ്ചയിൽ 72 മണിക്കൂർ ഒരു ദിവസം 12 മണിക്കൂർ വരെ എന്നാണ് നിയമം. തൊഴിൽ സമയം ഇനി തൊഴിലുടമ തീരുമാനിക്കും. ഈ അവകാശം തൊഴിലുടമയ്ക്ക് കൊടുത്ത സർക്കാർ, കൃത്യമായി ശമ്പളം കൊടുക്കണമെന്ന വ്യവസ്ഥ മരവിപ്പിച്ചും കൊടുത്തു.

അതെ യോഗി ആദിത്യരാജിന്റെ സർക്കാർ പേമെന്റ് ഓഫ് വേജസ് ആക്ടിലെ സെക്ഷൻ അഞ്ച് മരവിപ്പിച്ചിരിക്കുകയാണ്. അതായത് പണിയെടുത്താൽ തൊഴിലാളിയ്ക്ക് യഥാസമയം കൂലി കൊടുക്കണമെന്ന വ്യവസ്ഥ. എന്നുവെച്ചാൽ ചിലപ്പോൾ പണി മാത്രമേ ഉണ്ടായെന്നു വരൂ. കൂലി ചോദിച്ചു ചെല്ലരുത്. ചെന്നാലും തരാൻ തൊഴിലുടമ ബാധ്യസ്ഥനല്ല. അതിന്റെ പേരിൽ പരാതിയോ കേസോ കൊടുക്കാനും അവകാശമില്ല.

1948 ലെ ഫാക്ടറി ആക്ട് ഏതാണ്ട് പൂർണ്ണമായും സസ്പെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. ആരെ വേണെങ്കിലും നിയമിക്കാം, പിരിച്ചുവിടാം. ഇനിമേൽ തൊഴിലാളികളുടെ രജിസ്റ്റർ സൂക്ഷിക്കണ്ട. ഫാക്ടറി സന്ദർശിക്കുന്ന ലേബർ ഇൻസ്പെക്ടർമാർ ഉണ്ടാവില്ല. തൊഴിൽ വ്യവസ്ഥകൾ സംബന്ധിച്ച് തൊഴിലുടമ തന്നെ സ്വയം അറ്റസ്റ്റ് ചെയ്ത റിപ്പോർട്ട് നൽകിയാൽ മതി. ഇത് ശരിയാണോയെന്ന് പരിശോധിക്കാൻ തൊഴിലുടമകൾ തന്നെ നിശ്ചയിക്കുന്ന ഒരു തേർഡ് പാർട്ടി ഇൻസ്പെക്ഷൻ മതി.

ചുരുക്കത്തിൽ 2019ൽ ഇന്ത്യാ സർക്കാർ പരിശ്രമിച്ച് പരാജയപ്പെട്ട നിയമനിർമ്മാണം പകർച്ചവ്യാധിയുടെ മറവിൽ നടപ്പാക്കുകയാണ് ബിജെപി സംസ്ഥാന സർക്കാരുകൾ. കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ 44 തൊഴിൽ നിയമങ്ങളെ ഏകോപിപ്പിച്ച് ഒരു ഏകീകൃത തൊഴിൽ കോഡ് നിയമം പാസ്സാക്കാൻ തീരുമാനിച്ചു. ഇതോടെ നാലു കാര്യങ്ങൾ സംബന്ധിച്ച്- അതായത്, 1) കൂലി, 2) തൊഴിൽബന്ധങ്ങൾ, 3) സാമൂഹ്യസുരക്ഷ, 4) തൊഴിൽ-ആരോഗ്യം എന്നിവ സംബന്ധിച്ച – രാജ്യത്ത് പുതിയ ഏകീകൃത നിയമം വരും. ഇതിനു വിരുദ്ധമായിട്ടുള്ള സംസ്ഥാന മിനിമംകൂലി നിയമങ്ങളും തൊഴിൽത്തകർക്ക നിയമങ്ങളുമെല്ലാം റദ്ദാക്കപ്പെടും. ലക്ഷ്യം വളരെ വ്യക്തമായിരുന്നു തൊഴിൽ നിയമങ്ങൾ ലഘൂകരിക്കുക; തൊഴിൽഭാരവും തൊഴിൽസമയവും ഉയർത്തുകയും കൂലി കുറയ്ക്കുകയും ചെയ്യുക; നിയമനത്തിനും പിരിച്ചുവിടലിനും തൊഴിലുടമകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുക. ഇവയൊക്കെ ചെയ്താലേ രാജ്യത്ത് നിക്ഷേപം വർദ്ധിക്കൂ എന്നതായിരുന്നു ഇവർ പറയുന്ന ന്യായം.

ഇതിനെതിരെ എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും ഒന്നിച്ച് അണിനിരന്നു. ബിഎംഎസ്സിനുപോലും മാറി നിൽക്കാനായില്ല. അങ്ങനെ ബിജെപിയുടെ ലേബർ കോഡ് കൂടുതൽ ചർച്ചയ്ക്ക് മാറ്റിവയ്ക്കേണ്ടിവന്നു. യുപി, മധ്യപ്രദേശ് ഓർഡിനൻസ് പ്രകാരം തൊഴിലവകാശങ്ങളൊന്നും മാനിക്കേണ്ട ബാധ്യത ഇനി തൊഴിലുടമകൾക്കില്ല. യഥേഷ്ടം പിരിച്ചുവിടാം, പണിക്കാർക്ക് നക്കാപ്പിച്ചാ കൂലി തീരുമാനിക്കാം. ആനുകൂല്യങ്ങൾ വേണ്ടെന്നു വെയ്ക്കാം. ആർക്കും പരാതിപ്പെടാൻ അവകാശമില്ല. നാവടക്കി, കിട്ടുന്ന കൂലിയും വാങ്ങി എല്ലു മുറിയെ പണിയെടുക്കുക. അങ്ങനെയൊരു അന്തരീക്ഷമുണ്ടാക്കിയാൽ നിക്ഷേപം പെരുകുമത്രേ. തൊഴിലവസരങ്ങൾ കുതിച്ചുയരുമത്രേ.

പഴയ കങ്കാണിമാരെക്കാൾ നികൃഷ്ടരാണ് പുതിയ പരിഷ്കർത്താക്കൾ. ഒരു നൂറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ തൊഴിലാളികൾ സമരം ചെയ്തു നേടിയ അവകാശങ്ങൾ എത്ര ദയാരഹിതമായിട്ടാണ് ബിജെപി ഭരണത്തിലുള്ള സംസ്ഥാന സർക്കാരുകൾ അസാധുവാക്കിയത്. അരപ്പട്ടിണിയിൽ കഴിയുന്നവരുടെ അരിക്കലം പിടിച്ചു പറിക്കുന്ന ക്രൂരത. ഇതു ചെയ്യാൻ ബിജെപിയ്ക്കേ കഴിയൂ.
ചൈനയിൽ നിന്നും പിൻവാങ്ങുന്ന നിക്ഷേപകരെ ആകർഷിക്കാനാണ് ഈ നടപടിയെന്നാണ് ബിജെപി പറയുന്നത്. ചൈനയുടെ ആകർഷകത ഇപ്പോൾ കുറഞ്ഞ കൂലിയല്ല. വ്യവസായ പശ്ചാത്തലസൗകര്യങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടിൽ നടത്തിയിട്ടുള്ള അതിഭീമമായ നിക്ഷേപങ്ങളാണ്. കൂലി കുറച്ചതുകൊണ്ടും തൊഴിലവകാശങ്ങൾ റദ്ദാക്കിയതുകൊണ്ടും നിക്ഷേപകർ ഇങ്ങോട്ടു വരണമെന്നില്ല. അതിനിടയിൽ തൊഴിലവകാശങ്ങൾക്കു നേരെയുള്ള ഈ നീക്കം ഇന്ത്യയിലെ പ്രതിസന്ധി കൂടുതൽ മൂർച്ഛിപ്പിക്കും. ഇവയുടെ ആത്യന്തികഫലം ദേശീയവരുമാനത്തിൽ കൂലിയുടെ വിഹിതം ഗണ്യമായി കുറയുകയായിരിക്കും. ഇത് വാങ്ങൽ കഴിവിനെ പ്രതികൂലമായി ബാധിക്കും. രാജ്യത്തെ സാമ്പത്തികമാന്ദ്യത്തെ രൂക്ഷമാക്കും.

പകർച്ചവ്യാധിയുടെ കാലം തൊഴിലവകാശങ്ങൾ മരവിപ്പിക്കാനുള്ള അവസരമാക്കിയ ബിജെപിയ്ക്കെതിരെ അതിശക്തമായ ജനവികാരമുയരണം. കേരളത്തിലെ തൊഴിൽ മന്ത്രി ഈ നീക്കത്തെ അപലപിക്കുകയും കേരളം ഒരുകാലത്തും ഇത്തരം നടപടികൾ സ്വീകരിക്കുകയില്ലായെന്നും അർത്ഥശങ്കയില്ലാതെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുട്ടത്ത് കണ്ണു കുത്തിപ്പൊട്ടിക്കുന്ന ഈ ക്രൂരതയ്ക്കെതിരെ ഇന്ത്യ ഒറ്റക്കെട്ടായി പ്രതികരിക്കണം. കൊടുംക്രൂരത കൊണ്ട് തൊഴിലാളികളെ അടക്കിഭരിച്ച പഴയ കങ്കാണിമാരുടെ കൈകളിലേയ്ക്ക് ഇന്ത്യയിലെ വ്യവസായമേഖലയെ വീണ്ടും എറിഞ്ഞുകൊടുക്കാനാവില്ല.