വീട്ടിൽ കോവിഡ് രോഗിയുണ്ടായാൽ രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം വീട് തുടർന്നും ഉപയോഗിക്കുന്നതിനു മുമ്പ് പൂർണ്ണമായും അണുവിമുക്തമാക്കണം, അതിനുള്ള നടപടിക്രമങ്ങൾ കുറച്ചു സങ്കീർണ്ണമാണ്

49

Dr.T.M Thomas Isaac

വീട്ടിൽ ഒരാൾക്ക് കൊവിഡ് രോഗമുണ്ടായി എന്നിരിക്കട്ടെ. രോഗിയെ നിശ്ചയമായും ആശുപത്രിയിലേയ്ക്ക് മാറ്റും. പക്ഷെ, വീട് തുടർന്നും ഉപയോഗിക്കുന്നതിനു മുമ്പ് പൂർണ്ണമായും അണുവിമുക്തമാക്കണം. അതിനുള്ള നടപടിക്രമങ്ങൾ കുറച്ചു സങ്കീർണ്ണമാണ്. കേട്ടോളൂ.

1) ആദ്യം വീട് അടിച്ചുതൂത്തുവാരണം
2) സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായിനി എല്ലാ പ്രതലങ്ങളിലും സ്പ്രേ ചെയ്യണം
3) ഒരു മണിക്കൂറിനുള്ളിൽ അത് തുടച്ചുമാറ്റണം
4) ലോഷൻ ഉപയോഗിച്ച് ഒരുവട്ടംകൂടി തുടയ്ക്കണം
5) സാനിറ്റൈസർ ഉപയോഗിച്ച് ഇരിക്കുന്ന കസേരകൾ, വാതിലുകളുടെ പിടി, ആളുകൾ ചാരിനിൽക്കുന്ന സ്ഥലം തുടങ്ങിയവയെല്ലാം ശുചീകരിക്കണം
6) അവസാനം പുൽതൈല ലോഷൻകൊണ്ട് തുടക്കും.
ഇത്രയും ചെയ്തുകഴിഞ്ഞാൽ വീട്ടിൽ താമസിക്കാം.

സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായിനി ഉപയോഗിക്കുന്നതിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. തളിച്ച് കുറച്ചു കഴിഞ്ഞാൽ അത് തുടച്ചു വൃത്തിയാക്കണം. പ്രത്യേകിച്ച് ലോഹങ്ങളുടെ മേലുള്ളതാണെങ്കിൽ. ചില ഫയർഫോഴ്സ് വാഹനങ്ങളിൽ ലായിനി സൂക്ഷിച്ച് കേടുവന്ന അനുഭവങ്ങൾ ടീം അംഗങ്ങൾ പറയുന്നുണ്ടായിരുന്നു.

സർക്കാർ ഓഫീസുകളിലെല്ലാം എത്രയോ പേർ വരുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടമെങ്കിലും ഓഫീസുകളും ഇങ്ങനെ വൃത്തിയാക്കിയേ തീരൂ. അതല്ലെങ്കിൽ വാഹനങ്ങൾ അണുനശീകരണം നടത്തേണ്ടതുണ്ട്. പുറത്തു നിന്നെല്ലാം കൊവിഡ് രോഗികളെ കൊണ്ടുവരുന്ന വാഹനങ്ങൾ തിരികെ പോകണമെങ്കിൽ അണുനശീകരണം നടത്തിയിരിക്കണം. ഇതിനൊക്കെയുള്ള ഏജൻസി ഫയർഫോഴ്സാണ്. അവർക്ക് ഇത്രയും ഭാരം ഏറ്റെടുക്കാൻ കഴിയില്ലായെന്നു വ്യക്തം.
ഇവിടെയാണ് കുടുംബശ്രീ ഡീപ് ക്ലീനിംങ്ങ് ഡിസിൻഫെക്ഷൻ‍ സർവ്വീസ് ടീമുകൾ (Deep Cleaning and Disinfection Service Teams) രംഗപ്രവേശനം ചെയ്യുന്നത്. 6-8 പേരാണ് ഓരോ ടീമിലും ഉണ്ടാവുക. മേൽപ്പറഞ്ഞ ചിട്ടകളും അതിനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഓരോ ടീമിനും നൽകും. ഓരോ സംരംഭക യൂണിറ്റായിട്ടാണ് ഇവർ പ്രവർത്തിക്കുക. ആവശ്യമായ ലോഷനും ഉപകരണങ്ങളുമെല്ലാം കുടുംബശ്രീ ലഭ്യമാക്കും. പരിശീലനം നൽകുക ഫയർഫോഴ്സാണ്. സേവനത്തിന് സ്ക്വയർ ഫീറ്റിന് രണ്ടു രൂപ വച്ച് ഫീസും നിശ്ചയിച്ചിട്ടുണ്ട്. ചെറുവാഹനങ്ങൾക്ക് 500 രൂപയാണ് ചാർജ്ജ്.

ആലപ്പുഴ ജില്ലയിലെ ആദ്യ ടീമിൻ്റെ പരിശീലനം മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ‍ പൂർ‍ത്തിയായി. കോവിഡ് പ്രോട്ടോകോൾ‍ പാലിച്ച് ഒരു ബാച്ചിൽ‍ പരമാവധി 6 പേരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പരിശീലനം നടത്തിയത്. ഓൺ‍ജോബ് പരിശീലന രീതിശാസ്ത്രമാണ് മിഷൻ‍ അവലംബിച്ചത്. പരിശീലനാനന്തരം മാരാരിക്കുളം പോലീസ് സ്റ്റേഷൻ‍, പോലീസ് വാഹനം, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോവിഡ് സെൽ‍ എന്നിവ ടീം അണുവിമുക്തമാക്കി. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, ചേർ‍ത്തല ഫയർ‍ സ്റ്റേഷൻ, കുടംബശ്രി ജില്ലാമിഷൻ, കുടംബശ്രി അക്രഡിറ്റഡ് പരിശീലന സ്ഥാപനമായ ആലപ്പുഴ ഏക്സാത് എന്നിവർ‍ സംയുക്തമായിട്ടാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽ‍കിയത്.
ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ടിൽ പങ്കെടുത്തു. സൂത്രധാരക സി.ഡി.എസ് പ്രസിഡന്റ് സുകന്യയും ഉണ്ടായിരുന്നു. 15 ടീമുകളെ പരിശീലിപ്പിക്കുന്നതിനാണ് ജില്ലാ മിഷൻ തീരുമാനിച്ചിട്ടുള്ളത്.
സർ‍ക്കാർ‍ ഓഫീസുകൾ‍, സ്വകാര്യ സ്ഥാപനങ്ങൾ‍, പൊതു-സ്വകാര്യ വാഹനങ്ങൾ‍, ഫസ്റ്റ് ലൈൻ‍ കോവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററുകൾ‍, ക്വാറന്‍റൈൻ‍ സെന്‍ററുകൾ‍, വീടുകൾ‍, മാർക്കറ്റ്, മറ്റു പൊതുഇടങ്ങൾ എന്നിവ അണുവിമുക്തമാക്കി ശുചിത്വം ഉറപ്പുവരുത്തിന്നതിന് ഈ ടീം അംഗങ്ങളുടെ സേവനം ആർക്കും ഉപയോഗപ്പെടുത്താം. പാവപ്പെട്ടവരുടെ വീടുകളിൽ ചാർജ്ജ് കുറച്ചും ശുചീകരണം നടത്തുന്നതിനു തങ്ങൾ തയ്യാറാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു. തങ്ങളുടെ പ്രവർത്തനം കേവലം വരുമാനത്തിനു വേണ്ടിയല്ല. കൊവിഡ് പ്രതിരോധത്തിനാണ്.