സ്വൈരജീവിതമാഗ്രഹിക്കുന്ന സാധാരണ ഇന്ത്യാക്കാർ ബിജെപിയെ ഒറ്റപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു

123
Dr.T.M Thomas Isaac
ദില്ലിയിൽ എഎപിയിൽ നിന്നേറ്റ ആഘാതം ബിജെപിയ്ക്ക് കരകയറാനാവാത്ത പതനത്തിന്റെ ആരംഭമായിരിക്കും. സ്വൈരജീവിതമാഗ്രഹിക്കുന്ന സാധാരണ ഇന്ത്യാക്കാർ ബിജെപിയെ ഒറ്റപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന അഹന്തയുടെ മസ്തകം തകരാൻ ഇനി അധികകാലമില്ല. മോദിയും അമിത്ഷായും നേരിട്ടിറങ്ങി പതിനെട്ടടവും പയറ്റിയിട്ടും ജനം ബിജെപിയെ സമ്പൂർണമായി തിരസ്കരിച്ചതിന്റെ സന്ദേശം വ്യക്തമാണ്.
സദ്ഭരണത്തിന് ലഭിച്ച അംഗീകാരമാണ് കെജ്റിവാളിന്റെ വിജയം. വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ മേഖലകളിലെല്ലാം ജനങ്ങൾ പ്രതീക്ഷിച്ചതിനപ്പുറം സേവനം നൽകാൻ ആം ആദ്മി ഭരണത്തിനു കഴിഞ്ഞു. പൊതുവേ പരാതിയില്ലാത്തതും അഴിമതിരഹിതവുമായ ഭരണം കെജ്റിവാളിനും ആം ആദ്മിയ്ക്കും ചെറിയ മേൽക്കൈയല്ല നൽകിയത്. ഭരണവിരുദ്ധവികാരം തെല്ലുമേ ഉണ്ടായിരുന്നില്ല എന്നാണ് ഈ മഹാഭൂരിപക്ഷത്തിൽ നിന്ന് മനസിലാക്കേണ്ടത്.
പതിവുപോലെ വർഗീയതയും വിദ്വേഷപ്രചരണവുമായിരുന്നു ബിജെപിയുടെ തുറുപ്പു ചീട്ടുകൾ. പക്ഷേ, ജനം മൈൻഡു ചെയ്തില്ല. കെജ്റിവാളിനെ ഭീകരവാദിയെന്നു വിളിച്ച അറ്റകൈ പ്രയോഗത്തിനും രക്ഷ കിട്ടിയില്ല. ബിജെപിയുടെ ഹിന്ദുത്വക്കാർഡിന്റെ നിറവും പ്രസക്തിയും മങ്ങുകയാണ്. തുടർച്ചയായി അവർ നേരിടുന്ന പരാജയങ്ങളുടെ സൂചന അതാണ്. ശക്തമായ ബദലുണ്ടെങ്കിൽ ബിജെപി പരാജയപ്പെടുത്താൻ കഴിയുന്ന ശക്തി തന്നെയാണ് ഇന്ത്യയിൽ.
ബിജെപി അപ്രതിരോധ്യരല്ല എന്ന് ഇനിയും മനസിലാകാത്തത് കോൺഗ്രസിനാണ്. സ്വയം ദയനീയ പരാജയം ഏറ്റുവാങ്ങിയെന്നു മാത്രമല്ല, ഇന്ത്യയിലെ ബിജെപി വിരുദ്ധ മുന്നണിയിൽ അതിവേഗം കോൺഗ്രസ് അപ്രസക്തമാവുകയുമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ പത്തൊമ്പതു ശതമാനം വോട്ടിൽ നിന്ന് വെറും നാലു ശതമാനത്തിലേയ്ക്കാണ് കോൺഗ്രസ് ഇത്തവണ മുതലക്കൂപ്പു നടത്തിയത്.
സ്വന്തം ശക്തിയിലുള്ള അമിതമായ വിശ്വാസവും ഗർവും മൂലം വ്യാജമായ അവകാശവാദങ്ങളിലും അടിസ്ഥാനമില്ലാത്ത വിലപേശലും വഴി സ്വന്തം ശവക്കുഴി വെട്ടുകയാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ. ദില്ലിയിൽ ഏറ്റവും വലിയ കക്ഷി ആം ആദ്മിയാണ് എന്ന് അംഗീകരിച്ചുകൊണ്ട്, തിരഞ്ഞെടുപ്പു സഖ്യത്തിനു തയ്യാറായിരുന്നെങ്കിൽ, ഇന്ന് പൂജ്യം നേടിയ കോൺഗ്രസിന്റെ സ്ഥാനത്ത് ബിജെപിയെ നമുക്കു കാണാമായിരുന്നു. ആ സുവർണാവസരം നഷ്ടപ്പെടുത്തിയതിന് ഇന്ത്യയിലെ മതനിരപേക്ഷ സമൂഹത്തോട് കോൺഗ്രസ് കണക്കു പറയേണ്ടി വരും.
ഇതേ മുഷ്കു കാരണം ഫലപ്രദമായ സഖ്യം ഉണ്ടാക്കാൻ കഴിയാത്തതുകൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദില്ലി ബിജെപി തൂത്തുവാരിയത്. അതിൽ നിന്ന് ആം ആദ്മി പാഠം പഠിച്ചു. ജയിക്കാൻ അവർ നന്നായി ഗൃഹപാഠം ചെയ്തു. അതിനനുസരിച്ച് അധ്വാനിച്ചു. കോൺഗ്രസോ. ഗതകാലപ്രൌഢിയുടെ വീരസ്യം പറഞ്ഞ്, ഇല്ലാത്ത ശക്തി അഭിനയിച്ച് സ്വയം അസ്തമിക്കാൻ തയ്യാറെടുക്കുന്നു. ആർക്കും അവരെ രക്ഷിക്കാൻ കഴിയില്ല. ബിജെപിയെ തൂത്തെറിഞ്ഞ ദില്ലിയിലെ ജനങ്ങൾക്കും ആം ആദ്മി പ്രവർത്തകർക്കും നേതാക്കൾക്കും അരവിന്ദ് കെജ്റിവാളിനും അഭിവാദ്യങ്ങൾ.