സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും തീരാനഷ്ടം

  0
  33

  Dr.T.M Thomas Isaac

  ഇന്ത്യയിലെതന്നെ സോഷ്യലിസ്റ്റ് മൂവ്മെന്റിന്റെ സമുന്നത നേതാവായിരുന്നു സഖാവ് എം പി വീരേന്ദ്രകുമാർ. എന്റെ കുട്ടിക്കാലത്തു തന്നെ ശ്രദ്ധിച്ചിരുന്ന പേരാണ് അദ്ദേഹത്തിന്റേത്. അപ്പച്ചന്റെ സഹോദരങ്ങളുടെ വീട് കൽപ്പറ്റയിലാണ്. അവിടെ ചെല്ലുമ്പോഴൊക്കെ കേൾക്കുന്ന കഥകളിൽ “വീരൻ” ഒരു നായകനായിരുന്നു. അന്നത്തെ എൻ്റെ കൌതുകം, മെച്ചപ്പെട്ട സാമ്പത്തികവരുമാനവും പ്രതാപവുമുണ്ടായിരുന്നവരെങ്ങനെ സോഷ്യലിസ്റ്റായി മാറി എന്നാണ്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുള്ള ഒരു നേതാവാണ് അദ്ദേഹമെന്ന് പിന്നീട് മനസിലായി. ആ പ്രതിബദ്ധത എക്കാലവും അദ്ദേഹം ഉയർത്തിപ്പിടിച്ചിട്ടുണ്ട്.

  നമ്മുടെ ചരിത്രത്തിൽ വീരേന്ദ്രകുമാറിന്റെ വ്യക്തിമുദ്ര ആഴത്തിൽ പതിഞ്ഞത് ആഗോളവത്കരണനയങ്ങളോടുള്ള സന്ധിയില്ലാത്ത പോരാട്ടങ്ങളുടെ പേരിലാണ്. തൊണ്ണൂറുകളിൽ കേരളത്തിൽ കത്തിപ്പടർന്ന സമരമുഖത്ത് ‘ഗാട്ടും കാണാച്ചരടും’ എന്ന അദ്ദേഹത്തിന്റെ പുസ്തകം സൃഷ്ടിച്ച ആവേശം ഇന്നും എല്ലാവരുടെയും മനസിലുണ്ട്. ആ പോരാട്ടത്തിന് അദ്ദേഹത്തിന്റെ പുസ്തകങ്ങളും പ്രഭാഷണങ്ങളും നൽകിയ ഊർജം വിലപ്പെട്ടതായിരുന്നു.

  പാരിസ്ഥിതിക നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും വീരേന്ദ്രകുമാറിനെ വ്യത്യസ്തനായ രാഷ്ട്രീയ നേതാവാക്കി മാറ്റി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട എത്രയോ പ്രാദേശിക സമരങ്ങളെ തന്റെ സാന്നിധ്യവും ഇടപെടലും കൊണ്ട് മുഖ്യധാരയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വനത്തിൽ നിന്ന് മരം മുറിക്കുന്നതിനെതിരെ അദ്ദേഹം പുറത്തിറക്കിയ ഉത്തരവ് ചരിത്രത്തിന്റെ ഭാഗമാണ്. അന്നുവരെ കേരളത്തിന്റെ പ്രധാന വരുമാന മാർഗമായിരുന്നു ഈ മരംവെട്ട്.

  അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷയനുഭവിച്ച പ്രധാന രാഷ്ട്രീയ നേതാവായിരുന്നു വീരേന്ദ്രകുമാർ. അമിതാധികാര വാഴ്ചയ്ക്കെതിരെ നടത്തിയ ധീരമായ പോരാട്ടങ്ങളും വീറുറ്റ പ്രസംഗങ്ങളുമാണ് അദ്ദേഹത്തെ ജയിലിലെത്തിച്ചത്. അന്നദ്ദേഹത്തിന്റെ സഹതടവുകാരായിരുന്നു മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണനും.

  സാഹിത്യത്തിലും അദ്ദേഹം തന്റെ ഇടം സ്ഥാപിച്ചിട്ടുണ്ട്. എത്രയോ ഗംഭീരമായ പുസ്തകങ്ങൾ. വിപുലമായ വായനയും ചടുലമായ ഭാഷയും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. കേരളത്തിലെ മികച്ച പ്രഭാഷകരിൽ ഒരാളായിരുന്നു വീരേന്ദ്രകുമാർ. സഖാവിന്റെ വിയോഗം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. സ്വന്തം ജീവിതം കൊണ്ട് മഹത്തായ ഒരു രാഷ്ട്രീയ ചരിത്രം സൃഷ്ടിച്ച നേതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.