എത്ര കാര്യക്ഷമമാണ് ഈ മന്ത്രിയും വകുപ്പും

0
492

K K Shailaja Teacher പൊതുജനങ്ങൾക്കായി എഴുതുന്നു 

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അടിസ്ഥാനപരമായ മാറ്റങ്ങളിലേക്ക് നയിക്കുന്ന ഒട്ടേറെ നടപടികളാണ് ഓരോ വകുപ്പിലും സ്വീകരിച്ചു വരുന്നത്. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഹരിത കേരളാ മിഷൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം, ലൈഫ്, ആര്‍ദ്രം എന്നീ നാല് മിഷനുകളിലൂടെ അത്ഭുതകരമായ മാറ്റങ്ങളാണ് കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കേരളം സ്വന്തമായി വന്‍തോതില്‍ സാമ്പത്തിക വരുമാനമുള്ള സംസ്ഥാനമല്ല. ഫെഡറല്‍ രീതിയനുസരിച്ച് ലഭ്യമാക്കുന്ന പദ്ധതി വിഹിതം ഒരു ചെറിയ കാലയളവിനുള്ളില്‍ വന്‍തോതിലുള്ള മാറ്റമുണ്ടാക്കാന്‍ പര്യാപ്തവുമല്ല. എന്നിട്ടും വന്‍കിട പദ്ധതികളും, നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളും, മിഷനിലൂടെ സമയബന്ധിതമായി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും നടത്താൻ കഴിയുന്നത് കിഫ്ബി പോലുള്ള സംവിധാനം രൂപീകരിച്ചും ബഹുജനപങ്കാളിത്തം ഉറപ്പാക്കിയുമാണ്. ഇന്നേവരെ കേരളത്തിന് ചിന്തിക്കാൻ കഴിയാത്ത രീതിയിലുള്ള വികസന മുന്നേറ്റമാണ് ബഹു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചായദാര്‍ഢ്യത്തിന്റെ ഭാഗമായും, മന്ത്രിസഭയുടെ കൂട്ടായ പരിശ്രമം വഴിയും നടപ്പിലാക്കി വരുന്നത്. എല്‍ഡിഎഫിന്റെ ഏകകണ്ഠമായ പിന്തുണയാണ് ഇതിന് വഴിയൊരുക്കുന്നു.

ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന ആര്‍ദ്രം മിഷനിലൂടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ രോഗി സൗഹൃദമാക്കുന്നതിനും അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 230 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറിയതും താലൂക്ക്, ജില്ലാ ആശുപത്രികളില്‍ നടത്തിവരുന്ന വന്‍തോതിലുള്ള പരിഷ്‌ക്കാരങ്ങളും ആര്‍ദ്രം മിഷന്റെ അഭിമാനകരമായ നേട്ടമാണ്. എന്നാല്‍ ഘട്ടം ഘട്ടമായി മാത്രമേ എല്ലാ ആശുപത്രികളുടെയും പോരായ്മകൾ പരിഹരിച്ചു ഉന്നത നിലവാരത്തിൽ എത്തിക്കാൻ സാധിക്കുകയുള്ളൂ. ദീർഘകാല പ്രവർത്തനങ്ങളുടെ ഫലമായി ജനങ്ങളുടെ ആരോഗ്യ സ്ഥിതിയിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി നമ്മെ പിന്തുടരുന്ന വിവിധതരം പകര്‍ച്ചവ്യാധി മരണങ്ങളും ജീവിതശൈലീരോഗങ്ങളും ഇന്നേവരെ കൃത്യമായ ചികിത്സപോലും കണ്ടുപിടിക്കാനാവാത്ത അപൂര്‍വ്വ രോഗങ്ങളും വന്‍ ചികിത്സാച്ചെലവ് ഉണ്ടാകുന്ന ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ഗുരുതര രോഗങ്ങളുമെല്ലാം വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങള്‍ സഹിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഇത്തരം അസുഖങ്ങളെല്ലാം ധനസഹായം നല്‍കാന്‍ പലപ്പോഴും കഴിയാറില്ല. ആയതിനാല്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഫണ്ടും മനുഷ്യസ്‌നേഹികളായ വ്യക്തികളും കമ്പനികളും ഒക്കെ നല്‍കുന്ന സാമ്പത്തിക സഹായങ്ങളും ഉപയോഗിച്ചാണ് നിര്‍ധനരായ പാവങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ഹൃദ്യം, വി കെയര്‍, മിഠായി തുടങ്ങിയ നിരവധി പദ്ധതികളിലൂടെ ഈ ഗവൺമെന്റ് വന്നതിന് ശേഷം നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് അപേക്ഷകള്‍ വരുമ്പോള്‍ അടിയന്തര ചികിത്സ നല്‍കേണ്ടവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇടപെടുന്നത്. നവമാദ്ധ്യമങ്ങളിൽ ചില അടിയന്തര കാര്യങ്ങള്‍ കാണുമ്പോള്‍ അപ്പോള്‍ തന്നെ വേണ്ടരീതിയിലുള്ള ഇടപെടലുകൾ നടത്താൻ ശ്രമിക്കാറുണ്ട്. എന്നാല്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ലഭ്യമാകുന്ന അപേക്ഷകളും അത് പരിശോധിച്ച് അപ്പപ്പോൾ സ്വീകരിച്ച നടപടികളുമാണ് 90 ശതമാനവും. പ്രാദേശികമായും ജില്ലാതലത്തിലുമൊക്കെ പരിഹരിക്കാൻ കഴിയുന്നവ അങ്ങനെതന്നെ പരിഹരിക്കാൻ ശ്രമിക്കണം.

സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ മുഖേന ഈ ഗവൺമെന്റ് എണ്ണൂറിലേറെ പേര്‍ക്ക് അത്യന്താധുനിക കൃത്രിമ അവയവങ്ങള്‍ ഘടിപ്പിച്ച് നല്‍കിയിട്ടുണ്ട്, വികലാംഗ ക്ഷേമ കോർപ്പറേഷൻ മുഖേന പതിനായിരത്തിലേറെപ്പെർക്ക് സഹായ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. ഹൃദ്യം പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 1300 ലേറെ കുഞ്ഞുങ്ങൾക്ക് ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്. ഇത്തരം ധാരാളം പദ്ധതികൾ ഈ ഗവൺമെന്റ് നടപ്പിലാക്കിയതിൽ ചെറിയൊരു ശതമാനം മാത്രമാണ് നവമാധ്യമങ്ങളിൽ വന്നിട്ടുള്ളത്. ചില കാര്യങ്ങള്‍ അനുഭവപാഠം ആക്കുന്നതിനുവേണ്ടി വിശദാംശങ്ങള്‍ കൊടുക്കുന്നു എന്നുമാത്രം.

എല്ലാ വകുപ്പിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിവിധ മേഖലകളില്‍ സാധ്യമായത്ര ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങളെല്ലാം ആവുംവിധം ശ്രമിക്കുന്നുണ്ട്. ബഹു. മുഖ്യമന്ത്രിയുടെ ധീരമായ നേതൃത്വവും മന്ത്രിസഭയുടെ കൂട്ടായ പ്രയത്നവുമാണ് ഏത് പ്രയാസങ്ങളേയും നേരിടാൻ സാധ്യമാക്കുന്നത്. നിപയും, ഓഖിയും, പ്രളയവുമെല്ലാം വന്നപ്പോള്‍ നമ്മള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണിത്. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അംഗീകരിച്ചും ജനങ്ങൾ നല്‍കുന്ന പിന്തുണ ഞങ്ങള്‍ക്കെല്ലാം പ്രചോദനമായിരിക്കും.

ലക്ഷക്കണക്കിന് രൂപ ചികിത്സ ചിലവ് വരുന്ന രോഗങ്ങൾക്ക് ചികിത്സ കൊടുക്കാൻ വി കെയർ പോലുള്ള പദ്ധതികളിൽ വൻ തോതിലുള്ള ധനസമാഹരണം ആവശ്യമാണ്. ബഹുജനങ്ങൾക്ക് ആകെ പരിശോധിക്കാൻ കഴിയുന്ന രീതിയിൽ സുതാര്യവും പൂർണ്ണമായും ഗവൺമെന്റ് നിയന്ത്രണത്തിലുള്ളതുമായ പദ്ധതി ആണ് വി കെയർ. ഈ പദ്ധതിയിൽ പണം നിക്ഷേപിച്ചവരുടെയും സഹായം ലഭിച്ചവരുടെയും വിശദാംശങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. ആയിരക്കണക്കിന് സഹോദരങ്ങളാണ് സഹായം പ്രതീക്ഷിച്ചു കാത്തിരിക്കുന്നത് അവർക്ക് സഹായമേകാൻ സന്മനസ്സുള്ള എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

FACEBOOK POST