സാംസ്കാരിക വകുപ്പുമന്ത്രി വി.എന് വാസവൻ നിയമസഭയിൽ ഇന്ദ്രൻസിന്റെ ഉദ്ദേശിച്ചുനടത്തിയ പരാമർശം വിവാദത്തിലേക്ക്. കോൺഗ്രസിന്റെ അവസ്ഥയെ സൂചിപ്പിക്കാൻ ആണ് മന്ത്രി ഇന്ദ്രൻസിനെയും അമിതാഭ് ബച്ചനേയും താരതമ്യം ചെയ്തു സംസാരിച്ചത്. അമിതാഭ് ബച്ചനെ പോലെയിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെ ആയി എന്നാണു മന്ത്രി വാസവൻ സംസാരിച്ചത്. കേരളത്തിലെ പ്രതിഭാശാലികളായ നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ് എന്നും ഒരു വലിയ സ്ഥാനത്തിരിക്കുന്ന വി.എന് വാസവനെ പോലൊരു വ്യക്തി ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നും ആണ് പലരും അഭിപ്രായപ്പെടുന്നത്. വാസവന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
‘‘പാർട്ടികൾ ക്ഷീണിച്ച കാര്യം പറഞ്ഞാൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിൽനിന്ന് നിങ്ങൾക്ക് (കോൺഗ്രസിന്) ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചൽപ്രദേശിൽ അധികാരം കിട്ടിയപ്പോൾ രണ്ടു ചേരിയായി. മുഖ്യമന്ത്രിയുടെ മുന്നിൽ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോൺഗ്രസിന്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലെത്തി’’– ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ.
എന്നാൽ വിവാദമായതോടെ പ്രസ്താവന സഭാരേഖകളില് നിന്ന് നീക്കി. ഇത് വ്യക്തമായ ബോഡി ഷെയ്മിങ് ആണെന്ന് ആരോപിച്ചുകൊണ്ടു പ്രതിപക്ഷവും രംഗത്തുവന്നു. എന്നാൽ മന്ത്രി വി.എൻ.വാസവൻ നടത്തിയ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് നടന് ഇന്ദ്രൻസ്. അദ്ദേഹത്തിന്റെ വാക്കുകൾ
“ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് . മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട് ” – ഇന്ദ്രൻസ് പറഞ്ഞു
**
ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ശക്തമാകുകയാണ്. ചില പ്രതികരണങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുകയാണ്
Sarath Naduvanad
“കോൺഗ്രസ്സിനെ അധിക്ഷേപിക്കാൻ നമ്മുടെ സാംസ്കാരിക മന്ത്രി വി എൻ വാസവൻ ഇന്ന് നിയമസഭയിൽ പറഞ്ഞ വാക്കുകൾ ആദ്ദേഹത്തിന്റെ സംസ്കാര ശൂന്യത വിളിച്ചോതുന്നതാണ്.രാജ്യം ആദരിക്കുന്ന നടനാണ് ഇന്ദ്രൻസ്. ഹോം എന്ന സിനിമയിലെ പ്രകടനം മാത്രം മതി ഇന്ദ്രൻസ് എന്ന നടന്റെ പ്രതിഭ മനസിലാക്കാൻ. ഇന്ദ്രൻസ്സിന് സംസ്ഥാന അവാർഡ് നിരസിച്ചപ്പോൾ അത് ഈ സർക്കാർ വച്ച് പുലർത്തുന്ന നീച മനോഭാവത്തിന്റെ പ്രതിഫലനമാണ് എന്ന് നാം കരുതിയിരുന്നില്ല. എന്നാൽ ഇന്ന് മന്ത്രിയുടെ പ്രസ്താവന കൂട്ടിവായിക്കുമ്പോൾ അങ്ങിനെ സംശയിക്കാതിരിക്കാൻ നിർവാഹമില്ല.മന്ത്രി മാപ്പു പറയുക”
Shajahan Kaliyath
“ഇടതുപക്ഷത്തിന്റെ പൊളിറ്റിക്കൽ കറക്ടനസ് അതിന്റെ നേതാക്കളുടെ സംഭാവനയാണ്. വിഎൻ വാസവന്റേത് നാക്കു പിഴ അല്ല. പൊളിറ്റിക്കൽ കറക്ട്നെസിന്റെ പിഴവാണ്. പൊളിറ്റിക്കൽ കറക്ട്നെസില്ലായ്മ ഇത്തരക്കാർ പ്രകടമാക്കുക രണ്ട് തരം ഉപമകളിലൂടെയാണ്. ഒന്ന് ജാതി/അധികാരം .. മറ്റൊന്ന് ശരീരം.അമിതാഭ് ബച്ചൻ സ്ക്രീനിൽ വളർന്ന് നിൽക്കുന്ന ഒരു അതികായനാണ്. ഇന്ദ്രൻസ് സ്ക്രീനിൽ പൊലിപ്പിക്കപ്പെടാത്ത ഒരു ശരീരവും. അമിതാഭ് ബച്ചനാണ് എല്ലാ ബൂർഷ്വാസികളെയും പോലെ വാസവന്റെയും കൾട്ട് ഫിഗർ. അയാൾ ശത്രുവിനെ നിലം പരിശാക്കുന്ന നായകനാണ്. ഇന്ദ്രൻസ് വാസവന് അരികു ജീവിതമാണ്. സിംഗപ്പൂർ ദക്ഷിണേഷ്യൻ ഫിലിം ഫെസിറ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് നേടിയത് ഇതേ ശരീരത്തിന്റെ ബലത്തിലാണെന്ന് ഓർത്തെടുക്കാനുള്ള വലിപ്പം വാസവന് കാണില്ല. ഇടതുപക്ഷം മുഖ്യധാരയാണ്… സിനിമയിലും കാഴ്ചപ്പാടിലും അങ്ങനെയാകുന്നത് വാസവൻമാരുടെ ബോധ്യങ്ങൾ കാരണമാണ്. പൊളിറ്റിക്കൽ കറക്ടനെസ്സ് ആർജിക്കേണ്ടത് രാഷ്ട്രീയ വിദ്യാഭ്യാസത്തിലൂടെയും വായനയിലൂടെയും ആണ്. പുതിയ ആശയങ്ങളിലേക്ക് എത്തണമെങ്കിൽ പുതിയ കാലത്തിന്റെ ചിന്താഗതികളിലേക്ക് കടന്ന് പോകണം. അത് നടക്കാത്തത് കൊണ്ട് ബച്ചനെപ്പോഴും ഇന്ദ്രൻസിനേക്കാളും വളർന്നതായി തന്നെ വാസവന് തോന്നും.ബച്ചനെപ്പോലെ അധികാരവ്യവസ്ഥ മാനിക്കുന്ന ഒരാളല്ല ഇന്ദ്രൻസ്. അധികാരത്തിന് ബഹുമാനമോ സ്വാധീനശേഷിയോ വേണ്ട പദവിയിൽ അയാളെ കാണാനാകില്ല. ആ നിലയ്ക്കും ഇന്ദ്രൻസ് ചെറുതാണ്. ശരീരം മാത്രമല്ല വ്യവസ്ഥയും മനുഷ്യനെ ചെറുതാക്കും. അതിനെ മറികടന്ന് എല്ലാവരെയും തുല്യരായി കാണാൻ നല്ല ഇടതുപക്ഷമാവണം. അതിന് പ്രായോഗിക രാഷ്ട്രീയ കൗശലം പോരാ…”
Suresh Kaithachira
“ഇന്ദ്രൻസ് എന്ന കമ്മ്യൂണിസ്റ്റിനെവാസവൻ എന്ന മുതലാളിക്ക് അറിയില്ല..അത്ര പറയുന്നുള്ളു ചില വാക്കുകൾ മനുഷ്യനെ ഒരുപാട് മുറിപ്പെടുത്തും ഉന്നതമായ സ്ഥാനത്തിരിക്കുന്നവർ ചില വാക്കുകള് ഉപയോഗിക്കുമ്പോൾ കുറേക്കൂടെ ജാഗ്രത പുലർത്തേണ്ടതുണ്ട്.ഒരാളുടെ ശരീരമോ നിറമോ നോക്കി അല്ല മിസ്റ്റർ സംസ്കാരിക മന്ത്രി രാഷ്ട്രീയ വിമർശനം നടത്തേണ്ടത് അതിന് തെളിമയുള്ള രാഷ്ട്രീയം മനസ്സിൽ ഉണ്ടായാൽ മതി കോൺഗ്രസിനെയും സംഘപരിവാരത്തെയും അവരുടെ രാഷ്ട്രീയ നയങ്ങളെ വിമർശിച്ചുകൊണ്ട് ആവണം രാഷ്ട്രീയ പ്രസംഗം നടത്തേണ്ടത് അല്ലാതെ ഇന്ദ്രൻസ് എന്ന മഹാനടനെ ഉപമിച്ചുകൊണ്ട് ആവരുത്..സിനിമാമേഖലയിൽ തെളിമയുള്ള മനുഷ്യത്വമുള്ള പച്ചയായ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടുള്ളൂ അത് ഇന്ദ്രൻസ് ചേട്ടനാണ്”
Abdu Rahiman Mavoor
“ഉയരം ബച്ചനെങ്കിലും ഉയിരാണ് ഞങ്ങൾക്കെന്നും ഇന്ദ്രൻസ്,ഉത്തരവാദിത്വബോധമില്ലാത്ത വാ”ശവ”ന്റെ ഉളുപ്പില്ലാ പുലമ്പലിനുദാഹരിക്കാനുള്ള എന്ത് വൈകല്യമാണ് ഇന്ദ്രൻസിനുള്ളത്? പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്നു പറഞ്ഞ മഹാകവിയുടെ മണ്ണാണ് മലയാളം,ഇതു കേട്ടിട്ടും പാണ്ടിലോറി പേടിച്ചിരിക്കുന്ന സാംസ്കാരിക നായകരൊക്കെ ഇവിടെതന്നെയില്ലേ?”
Mathew Kuzhalnadan
മന്ത്രി വാസവന്റെ നടൻ ഇന്ദ്രൻസിനെ പരാമർശിച്ചുള്ള പ്രസ്താവന അങ്ങേയറ്റം അനുചിതം. ഇത് പച്ചയായ ബോഡി ഷെയ്മിങ്ങും അങ്ങേയറ്റം വികലമായ കാഴ്ചപാടുമാണ് കാണിക്കുന്നത്.
ഇന്ദ്രൻസ് കേരളത്തിന് പ്രീയപ്പെട്ടവനും പ്രതിഭാശാലിയായ നടനുമാണ്. ഇന്ദ്രൻസിനെ കുറിച്ച് അഭിമാനംമാത്രം.കോൺഗ്രസിനെ ആക്ഷേപിക്കുന്ന സിപിഎം ന്റെ അവസ്ഥ ദേശീയതലത്തിൽ അനിക്സ്പ്രേയുടെ പരസ്യത്തിൽ പറഞ്ഞപോലാണ് ‘പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ ‘ എന്നതാണ് എന്ന് ഓർക്കുന്നത് നല്ലത്.
Sabarinadhan K S
“ശ്രീ ഇന്ദ്രൻസ് മലയാള സിനിമയിലെ തലയെടുപ്പുള്ള നടനാണ്, കേരള സ്റ്റേറ്റ് അവാർഡും സിംഗപ്പൂർ അന്താരാഷ്ട്ര ഫിലിം അവാർഡും നേടിയ വ്യക്തിയാണ്, അതിനെല്ലാം മീതെ നിഷ്കളങ്കനായ, സത്യസന്ധനായ ഒരു മനുഷ്യനാണ്. പഴയ ഫ്യൂഡൽ മനസ്സോടെ മാത്രം സിനിമയെയും നായകസങ്കല്പങ്ങളെയും സമീപിക്കുന്ന ബഹു സാംസ്കാരിക മന്ത്രി ശ്രീ VN വാസവനോട് ഒരു അപേക്ഷ മാത്രം – അങ്ങയുടെ വകുപ്പ് നടത്തുന്ന IFFK യിൽ പോയി നല്ല ഒരു പിടി ചിത്രങ്ങൾ കാണുക,ഡെലെഗേറ്റുകളുമായി സംവദിക്കുക,കൂടുതൽ പഠിക്കുക,അതിലൂടെ വിശാല മനസുള്ള ഒരു മനുഷ്യനാകാൻ ശ്രമിക്കുക.”
Ramesh M R
“ഇന്ദ്രൻസ് കേരളത്തിന്റെ അഭിമാനം. ആരുടെയും പിന്തുണ ഇല്ലാതെ സ്വന്തം കഴിവുകൾ അവതരിപ്പിച്ച് പ്രശസ്തിയുടെ പടവുകൾ കയറുന്ന ഈ കലാകാരനെ എന്നും ആദരവോടെയാണ് ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ കലാ സ്നേഹികൾ കാണുന്നത്. സിംഗപ്പൂരില് നടന്ന സൗത്ത് എഷ്യന് ഫിലിം ഫെസ്റ്റിവലില് മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച നടന് ഇന്ദ്രന്സ് കേരളത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തെ അപമാനിക്കും വിധം ‘സംസ്കാര ശൂന്യമായ’ വാക്കുകൾ അപലീയനമാണ്”
Syam Neyyardam
“ബോഡി ഷേമിങ്ങിന്റെ പേരിൽ ഇന്ദ്രൻസ് ചേട്ടനോളം അപമാനിക്കപ്പെട്ടിട്ടുള്ള ഒരു നടൻ മലയാള സിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടാകില്ല.. ആ അനുഭവങ്ങളെ പറ്റിയൊക്കെ ചിരിച്ചു കൊണ്ട് ഇന്ദ്രൻസ് ചേട്ടൻ പറയുമ്പോൾ ഉള്ള്കൊണ്ട് എനിക്കും പൊള്ളാറുണ്ട്. കാരണം ബോധമില്ലാത്ത കാലത്ത് പലരെയും കളിയാക്കാൻ ഞാനും ആ പേര് ഉപയോഗിച്ചിട്ടുണ്ട് ഒരുപാട്. ഇന്നിപ്പോ കോൺഗ്രസിനെ പരിഹസിക്കാൻ വേണ്ടി സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി ആ മനുഷ്യനെ വീണ്ടും അപമാനിക്കുന്നത് കണ്ടു. മന്ത്രി കമ്മ്യുണിസ്റ്റ്കാരൻ ആയതു കൊണ്ട് അന്തിച്ചർച്ചകൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല എങ്കിലും,അൽപ്പമെങ്കിലും ഉളുപ്പുള്ള ആളാണ് വാസവൻ എങ്കിൽ ഇന്നത്തെ പ്രസ്താവന പിൻവലിച്ചു ഇന്ദ്രൻസ് ചേട്ടനോട് മാപ്പ് പറയാൻ മന്ത്രി തയ്യാറാകണം”
Cyril Emmanuel
“കോൺഗ്രസ്സിനെ അധിക്ഷേപിക്കാൻ നമ്മുടെ സാംസ്കാരിക മന്ത്രി വി എൻ വാസവൻ ഇന്ന് നിയമസഭയിൽ പറഞ്ഞ വാക്കുകൾ ആദ്ദേഹത്തിന്റെ സംസ്കാര ശൂന്യത വിളിച്ചോതുന്നതാണ്
“ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കം ഉണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിനെ പോലെയായി”
രാജ്യം ആദരിക്കുന്ന നടനാണ് ഇന്ദ്രൻസ്. ഹോം എന്ന സിനിമയിലെ പ്രകടനം മാത്രം മതി ഇന്ദ്രൻസ് എന്ന നടന്റെ പ്രതിഭ മനസിലാക്കാൻ. ഇന്ദ്രൻസ്സിന് സംസ്ഥാന അവാർഡ് നിരസിച്ചപ്പോൾ അത് ഈ സർക്കാർ വച്ച് പുലർത്തുന്ന നീച മനോഭാവത്തിന്റെ പ്രതിഫലനമാണ് എന്ന് നാം കരുതിയിരുന്നില്ല. എന്നാൽ ഇന്ന് മന്ത്രിയുടെ പ്രസ്താവന കൂട്ടിവായിക്കുമ്പോൾ അങ്ങിനെ സംശയിക്കാതിരിക്കാൻ നിർവാഹമില്ല..
മലയാള സിനിമയിലെ ഒരു മികച്ച നടനെ ബോഡി ഷെമിംഗ് നടത്തി അപമാനിച്ച മന്ത്രി മാപ്പു പറയുക..”
Badarul Muneer Kodungallur
“ബോഡി ഷേമിങ്ങിന്റെ പേരിൽ ഇന്ദ്രൻസ് ചേട്ടനോളം അപമാനിക്കപ്പെട്ടിട്ടുള്ള ഒരു നടൻ മലയാള സിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടാകില്ല.. ആ അനുഭവങ്ങളെ പറ്റിയൊക്കെ ചിരിച്ചു കൊണ്ട് ഇന്ദ്രൻസ് ചേട്ടൻ പറയുമ്പോൾ ഉള്ള്കൊണ്ട് എനിക്കും പൊള്ളാറുണ്ട്. കാരണം ബോധമില്ലാത്ത കാലത്ത് പലരെയും കളിയാക്കാൻ ഞാനും ആ പേര് ഉപയോഗിച്ചിട്ടുണ്ട് ഒരുപാട്. ഇന്നിപ്പോ കോൺഗ്രസിനെ പരിഹസിക്കാൻ വേണ്ടി സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി ആ മനുഷ്യനെ വീണ്ടും അപമാനിക്കുന്നത് കണ്ടു. മന്ത്രി കമ്മ്യുണിസ്റ്റ്കാരൻ ആയതു കൊണ്ട് അന്തിച്ചർച്ചകൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല എങ്കിലും,അൽപ്പമെങ്കിലും ഉളുപ്പുള്ള ആളാണ് വാസവൻ എങ്കിൽ ഇന്നത്തെ പ്രസ്താവന പിൻവലിച്ചു ഇന്ദ്രൻസ് ചേട്ടനോട് മാപ്പ് പറയാൻ മന്ത്രി തയ്യാറാകണം..”
Prabhi Punathil
“ശ്രീ ഇന്ദ്രൻസ് മലയാള സിനിമയിലെ തലയെടുപ്പുള്ള നടനാണ്, കേരള സ്റ്റേറ്റ് അവാർഡും സിംഗപ്പൂർ അന്താരാഷ്ട്ര ഫിലിം അവാർഡും നേടിയ വ്യക്തിയാണ്, അതിനെല്ലാം മീതെ നിഷ്കളങ്കനായ, സത്യസന്ധനായ ഒരു മനുഷ്യനാണ്. പഴയ ഫ്യൂഡൽ മനസ്സോടെ മാത്രം സിനിമയെയും നായകസങ്കല്പങ്ങളെയും സമീപിക്കുന്ന ബഹു സാംസ്കാരിക മന്ത്രി ശ്രീ VN വാസവനോട് ഒരു അപേക്ഷ മാത്രം – അങ്ങയുടെ വകുപ്പ് നടത്തുന്ന IFFK യിൽ പോയി നല്ല ഒരു പിടി ചിത്രങ്ങൾ കാണുക,ഡെലെഗേറ്റുകളുമായി സംവദിക്കുക,കൂടുതൽ പഠിക്കുക,അതിലൂടെ വിശാല മനസുള്ള ഒരു മനുഷ്യനാകാൻ ശ്രമിക്കുക.”
Manoj Cr
“വി.എൻ വാസവൻ..കോൺഗ്രസിനെ വിശേഷിപ്പിച്ചത്..പണ്ട് ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ അത്രയും ഉണ്ടായിരുന്നത് ഇപ്പോഴത്തെ മലയാള സിനിമയിലെ ഇന്ദ്രൻസിനെ അത്രയും മാത്രമേ വരുന്നുള്ളുവെന്ന്.ഇദ്ദേഹത്തെ പാർട്ടി അവതരിപ്പിക്കുന്നത് സാംസ്ക്കാരിക മന്ത്രിയെന്ന നിലയിലെന്ന് തോന്നുന്നു.ഒരു മനുഷ്യൻ എത്രമാത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആകാമോ അത്രയും വിരുദ്ധതയാണിത്.ഇന്ദ്രൻസ് എന്ന അതുല്യ നടനെക്കുറിച്ച് മന്ത്രിയ്ക്ക് അറിവില്ല. അയാളുടെ അറിവിനെക്കുറിച്ചും പ്രയത്നത്തെക്കുറിച്ചും അറിയില്ല.ഒരു തൊഴിലാളിയാണ് ഇന്ദ്രൻസ്.അഭിമാനമുള്ള തൊഴിലാളി.
വി.എൻ വാസവൻ എന്തെങ്കിലും തൊഴിൽ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല.സാധ്യത കുറവാണ്.തൊഴിൽ ചെയ്തവന്റെ തലച്ചോർ ബലമൊന്നും അയാളിൽ കാണുന്നില്ല. തികഞ്ഞ വിഡ്ഡിത്തരമാണ് ആ തല നിറയെ.ഈ പ്രസ്താവനയുടെ പേരിൽ മന്ത്രി കേരള ജനതയോടും തൊഴിലാളി വർഗ്ഗത്തോടും മാപ്പ് പറയണം.
ഒരു കമ്മ്യൂണിസ്റ്റ് എന്ന തോന്നലുണ്ടെങ്കിൽ പറഞ്ഞാൽ മതി..അല്ലെങ്കിൽ വേണ്ട…! ദുരന്തങ്ങൾ സംഭവിക്കാറുണ്ട്… ഈ മാതിരി ദുരന്തങ്ങൾ അത്യപൂർവ്വമാണ്. !”