മിന്നല്‍പിണര്‍ – കഥ

1
197

fear-on-girls-face

മഴ കോരിച്ചൊരിയുകയാണ്. കരണ്ട് പോയിരിക്കുന്നു. ശക്തമായ കാറ്റില്‍ തുറന്നു കിടന്ന ഏതോ ജനല്‍ പാളികള്‍ ചേര്‍ന്നടയുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. ശക്തമായ മിന്നലുണ്ട്. കാതടപ്പിക്കും വിധം ഇടി പൊട്ടുന്നുണ്ട്.ജനല്‍പാളികള്‍ ചേര്‍ത്തടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്‌:

‘മോള്‍ക്ക്‌ ഇടി പേടിയാണല്ലോ.. പ്ലസ്‌ വണ്ണിനു പഠിക്കുന്ന കുട്ടിയാണ് പറഞ്ഞിട്ടെന്തു കാര്യം..’?

അയാള്‍ മകളുറങ്ങുന്ന മുറിയുടെ പാതി ചാരിയ കതകു മെല്ലെ തുറന്നു.
ഭാഗ്യം! മോളുണര്‍ന്നിട്ടില്ല. ഉണര്‍ന്നിരുന്നുവെങ്കില്‍ രണ്ടു ചെവിയും പൊത്തിപ്പിടിച്ചു ഓടി വരും.. വല്ലാതെ ചേര്‍ന്നിരിക്കും … ഇടി ശമിക്കും വരെ.പാവം.. നല്ല ഉറക്കത്തിലാണ്.

ഞെട്ടിയുണര്‍ന്നു അവള്‍ പേടിച്ചേക്കുമോ എന്ന് കരുതി അയാള്‍ അവളുടെ അരികെ കട്ടിലിലിരുന്നു..

ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഞൊറികള്‍ക്കിടയിലൂടെ അവളുടെ ഓമന മുഖം അയാള്‍ അരുമയോടെ നോക്കിക്കണ്ടു.

ഒടുവില്‍,
അവളെ ഉണര്‍ത്താതെ,
വാത്സല്യപൂര്‍വ്വം ആ നെറുകയില്‍ ഒരുമ്മ നല്‍കാന്‍ മുതിരവേ,
പെട്ടെന്ന് അവള്‍ ഞെട്ടി യുണര്‍ന്നു.!

മിന്നല്‍ വെളിച്ചത്തില്‍ അവ്യക്തമായി അവള്‍ കണ്ടു.. അച്ഛന്‍ ..!

ഒരു നിമിഷം!

അവള്‍ വല്ലാതാവുന്നതും പേടിച്ചരണ്ട്‌, അവളുടെ അമ്മ കിടക്കുന്ന മുറിയിലേക്ക് ഓടിക്കേറുന്നതും വാതില്‍ വലിച്ചടച്ചു കുറ്റിയിടുന്നതും അയാള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു..!!!!

ഒരു മിന്നല്‍ പിണര്‍ അയാളുടെ ഹൃദയവും തകര്‍ത്ത് പൊട്ടിച്ചിതറി..

Advertisements

Comments are closed.