പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദു ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നുണ്ടോ ? കലാകാലങ്ങളായുള്ള കുപ്രചാരണത്തിന്റെ സത്യാവസ്ഥ നിങ്ങൾ വായിച്ചിരിക്കണം

427

Ranjith Antony

ബംഗ്ലാദേശിലെയും, പാക്കിസ്ഥാനിലെയും മൈനോരിറ്റികൾ

കഴിഞ്ഞ അഞ്ചെട്ട് കൊല്ലമായി കേൾക്കുന്ന ഒരു റെട്ടറിക്കാണ് ബംഗ്ലാദേശിലും പാക്കിസ്ഥാനിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുവിന്റെ കഥ. ശരിയായിരിക്കും എന്ന് വിശ്വസിച്ചു. ഒരു മതാടിസ്ഥാന രാഷ്ട്രത്തിൽ മൈനോരിറ്റികൾ പീഡിപ്പിക്കപ്പെടുക എന്നത് പുതുമയുള്ള കാര്യമല്ല. ഒരു ചെറിയ ഗവേഷണം നടത്തി.

ബംഗ്ലാദേശിലെ കാര്യം.

സംങ്സദ് എന്നാണ് പാർലിമെന്റ് അറിയപ്പെടുക. 350 അംഗങ്ങളുള്ള സഭയാണ്. ഷെയിഖ് ഹസീനയുടെ അവാമി ലീഗിനാണ് സഭയിൽ ഭൂരിപക്ഷം. മൊത്തം 262 അംഗങ്ങളുണ്ട് അവാമി ലീഗിന്. 262 അംഗങ്ങളിൽ 17 പേർ ഹിന്ദുക്കളാണ്. അതിൽ രണ്ട് ഹിന്ദു സ്ത്രീകളും ഉണ്ട്. 15 പുരുഷൻമ്മാരും, 2 ഹിന്ദു സ്ത്രീകളും. ബംഗ്ലാദേശിൽ ഹിന്ദുക്കൾ 10% വരും. അവാമി ലീഗിലെ ഹിന്ദു പ്രാതിനിധ്യം എടുത്താൽ 6.5% വരും. പത്ത് ശതമാനം ആയിട്ടില്ല. എന്നാലും ആറു ശതമാനം അത്ര മോശമല്ലതാനും.

ബംഗ്ലാദേശിൽ അവാമി ലീഗിന് മൃഗീയ ഭൂരിപക്ഷമാണ്. അതിനാൽ മറ്റു പാർട്ടികളിലെ ഹിന്ദു എം.പി മാരുടെ ലിസറ്റ് ഞാൻ നോക്കിയില്ല.

ഇനി പാക്കിസ്ഥാൻ

നാഷണൽ അസ്സമ്പ്ലി എന്ന ലോവർ സഭയും, സെനറ്റ് എന്ന അപ്പർ സഭയും ചേർന്നതാണ് പാർലിമെന്റ്. ലോവർ സഭയിൽ 10 ഉം, അപ്പർ സഭയിൽ നാലു സീറ്റും മൈനോരിറ്റികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. അതിൽ 4-5 സീറ്റുകളിൽ സ്ഥിരമായി ഹിന്ദു കമ്യൂണിറ്റിയിൽ നിന്നുള്ളവരാണ്. 2018 ലെ ഇലക്ഷനിൽ മഹേഷ് കുമാർ മൽവാനി എന്നൊരാൾ സംവരണേതര ജനറൽ സീറ്റിൽ തന്നെ വിജയിച്ചു. പാക്കിസ്ഥാനിൽ സ്ത്രീകൾക്ക് സംവരണം ചെയ്ത 50 സീറ്റുകളുണ്ട്. പക്ഷെ അതിൽ മുസ്ലീം ഇതര വിഭാഗത്തിന് സംവരണമില്ല. 2018 ലെ ഇലക്ഷനിൽ പക്ഷെ, ഒരു ക്രിഷ്ണ കുമാരി കോലി എന്നൊരു ഹിന്ദു സ്ത്രീ പാർലിമെന്റിൽ എത്തിയിട്ടുണ്ട്. ഇമ്രാൻ ഖാന്റെ PTI പാർട്ടി ടിക്കറ്റിലും ഒരു ഹിന്ദു MP ജയിച്ചു കയറി. രമേഷ് കുമാർ വാങ്കാവ്ണി എന്നാണ് പേരു. ഈ അടുത്ത് ഇൻഡ്യയിൽ വന്ന് പ്രധാനമന്ത്രിയെയും ഒക്കെ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതിന് മുൻപുള്ള ഷഹീദ് ഖാൻ അബ്ബാസി ഗവണ്മെന്റിൽ ഒരു ഹിന്ദു മന്ത്രിയും ഉണ്ടായിരുന്നു. ദർശൻ ലാൽ. പാക്കിസ്ഥാനിലെ അറിയപ്പെടുന്ന ഒരു ഡോക്ടറുമാണ് ദർശൻ ലാൽ.

അങ്ങനെ വായിച്ചു വരുമ്പോൾ വേറൊരു വാർത്തയിൽ കണ്ണുടക്കി. പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്ക് സെപ്പറേറ്റ് ഇലക്ടറേറ്റ് ഏർപ്പെടുത്തിയ ഒരു ന്യുസ്.( നമ്മുടെ അമ്പേദ്കർ ദളിതർക്ക് സെപ്പറേറ്റ് ഇലക്ടറേറ്റ് വേണമെന്ന് വാദിച്ചിരുന്നത് ഓർക്കുക.). ഈ സെപ്പറേറ്റ് ഇക്ടറൽ ഏർപ്പെടുത്തിയ ആളാണ് ഞെട്ടിച്ചത്. സിയാ ഉൾ ഹഖ്. ക്രൂരനായ ഒരു ഏകാധിപതി. അദ്ദേഹമാണ് ഈ സെപ്പറേറ്റ് ഇക്ടറേറ്റിനു പിറകിലെ ചാലക ശക്തി. ഏതായാലും 1999 ഓടെ ഹിന്ദുക്കൾക്ക് സെപ്പറേറ്റ് ഇലക്ടറേറ്റ് എന്നത് നിർത്തലാക്കി.

ഏതായാലും പാക്കിസ്ഥാനിലെ മൊത്തം സീറ്റുകളിൽ 1.4% പ്രാതിനിധ്യം ഹിന്ദുക്കൾക്ക് ഉണ്ട്. മൊത്തം ജനസംഘ്യയുടെ 2% ആണ് ഹിന്ദുക്കൾ. 1.4% എന്നത് കുറവു തന്നെയാണ്. ഇമ്രാൻ ഖാന്റെ പാർട്ടി മാത്രം എടുത്ത് നോക്കിയാൽ ഹിന്ദുക്കളുടെ പ്രതിനിധീകരണം 0.6% ഉണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാൽ കുറവു തന്നെയാണ്.

ഞാൻ കേട്ടിട്ടുള്ള ഏറ്റവും വലിയ പ്രചരണം പാക്കിസ്ഥാനിലെ അമ്പലങ്ങളെ കുറിച്ചാണ്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 428 അമ്പലങ്ങളുണ്ടായിരുന്നു. 1990 ന് ശേഷം അവയിൽ 408 എണ്ണവും നശിപ്പിക്കപ്പെടുകയൊ, മറ്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്കുകയൊ ചെയ്തിരുന്നു. പാക്കിസ്ഥാൻ ഗവണ്മെന്റ് അവ ഓരോന്നും റീ ക്ലെയിം ചെയ്ത് റിനവേറ്റ് ചെയ്ത് ഹിന്ദുക്കൾക്ക് കൈമാറിക്കൊണ്ടിരിക്കുന്നു. 400 അമ്പലങ്ങളുടെ റിനവേഷൻ ഓൾറെഡി തീർന്നു.

ഇത്രയും എഴുതിയത്, പാക്കിസ്ഥാനും ബംഗ്ലാദേശും തങ്കക്കുടങ്ങളാണെന്ന് കാണിക്കാനല്ല. മൈനോരിറ്റികൾക്ക് അവിടം സ്വർഗ്ഗമാണെന്ന് തെളിയിക്കാനുമല്ല. ബി.ജെ.പി യുമായി ഒന്ന് കമ്പയർ ചെയ്യാൻ വേണ്ടി മാത്രമാണ്. ഈ നാട്ടിലെ മൈനോരിറ്റികളെ ഉദ്ധരിച്ച് മതിയാകാഞ്ഞിട്ട് പാക്കിസ്ഥാനിലെയും, ബംഗ്ലാദേശിലെയും മൈനോരിറ്റികളെ ഉദ്ധരിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ബി.ജെ.പി ക്ക് ഒരൊറ്റ മുസ്ലീം എം.പി മാർ പോലുമില്ല. 0%. (ഞാൻ തപ്പിയിട്ട് ഒരാളെ പോലും കിട്ടിയില്ല. പക്ഷെ വെസ്റ്റ് ബംഗാളിൽ ത്രിണമൂൽ കോണ്ഗ്രസ്സിൽ നിന്ന് അവസാന നിമിഷം കാലുമാറി ബി.ജെപി യിൽ ചേർന്ന ഒരു വിദ്വാനെ കുറിച്ച് വായിച്ചിരുന്നു. അതിനാൽ). പോട്ടെ ഇനി ഞാൻ കാണാത്തതാവും. ഒരു എം.പി എന്ന് കൂട്ടാം. 14% മുസ്ലീം ജനസംഘ്യക്ക് ലോകസഭയിൽ മൊത്തം പ്രതിനിധ്യം വെറും 5%. ബി.ജെ.പിയുടെ 303 സീറ്റുകളിൽ നിന്ന് 1 എന്നു കണക്കാക്കിയാൽ ബി.ജെ.പി യിലെ മുസ്ലീം പ്രാതിനിധ്യം 0.3%.

എങ്ങനെ നോക്കിയാലും ബംഗ്ലാദേശിലെയും, പാക്കിസ്ഥാനിലേയും ഗവണ്മെന്റുകൾ ഹിന്ദുക്കൾക്ക് നൽകുന്ന പ്രാതിനിധ്യത്തിന്റെ അടുത്തെങ്ങും ഇൻഡ്യയിലെ മുസ്ലീങ്ങൾക്ക് ലഭിക്കുന്നില്ല. മതേതര ജനാധിപത്യമാണെന്ന് അഹങ്കരിക്കുന്ന നമുക്ക് ശരിക്കും ഇത് നാണക്കേട് തന്നെയാണ്.

ഒഹ് ഒന്നൂടെ.

ഈ അടുത്ത് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രൊവിൻസ്സിലെ ഒരു മന്ത്രി ഹിന്ദുക്കളെ പശു മൂത്രം കുടിക്കുന്നവർ എന്ന് അധിക്ഷേപിച്ചിരുന്നു. ഇമ്രാൻ ഖാൻ രായ്ക്കു രായ്മാനം അയാളെ പുറത്താക്കുകയാണ് ഉണ്ടായത്. കലാപകാരികളെ വേഷം കൊണ്ട് തിരിച്ചറിയാൻ സാധിക്കുമെന്ന് പ്രസംഗിച്ച ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഇമ്രാൻ ഖാനെ പുണ്യാളനാക്കുകയൊ, നമ്മുടെ പ്രധാനമന്ത്രിയെ വില്ലനാക്കാനൊ അല്ല. മൈനോരിറ്റികളോടുള്ള നേതൃത്വത്തിന്റെ സമീപനം ഒന്ന് ചൂണ്ടിക്കാണിച്ചു എന്ന് മാത്രം.