ഭൂമുഖത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത കുഴികളിലൊന്നായിത്തുടരുന്ന മിര്‍ ഖനിയുടെ കഥ

407

Mineesh Vigneswar

വജ്രമെന്നു പറഞ്ഞാല്‍ ഒരൊറ്റ കമ്പനിയുടെ പേരേ മുന്നിലുണ്ടാവൂ. ഡീ ബിയേഴ്‌സ്‌. അത്രയ്ക്കുമാണ്‌ വജ്രഖനനത്തിലും, വിപണനത്തിലും, വില്‍പ്പനയിലും, മാര്‍ക്കറ്റു നിയന്ത്രിക്കുന്നതിലുമെല്ലാം അവരുടെ കയ്യുള്ളത്‌. തങ്ങളുടെ കുത്തക നിലനിര്‍ത്താനായി നിയമപരമായും അല്ലാതെയും ഏതറ്റം വരെയും പോകാന്‍ ഡീ ബിയേഴ്‌സ്‌ തയ്യാറുമാണ്‌. 28 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍പ്പോലും വജ്രവ്യാപാരത്തിന്റെ കുത്തക കയ്യടക്കിയിരുന്നു. 1888 -ല്‍ രൂപം കൊണ്ട ഈ കമ്പനി തങ്ങളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുദ്ധരംഗത്തുവരെ ഇടപെട്ടിട്ടുണ്ട്‌. വജ്രം സ്വര്‍ണ്ണം പോലെയല്ല. ലഭ്യതക്കുറവാണ്‌ വജ്രത്തിന്റെ വില നിശ്ചയിക്കുന്നത്‌. ഇത്‌ അറിയാവുന്ന ഡീ ബിയേഴ്‌സ്‌ ഉല്‍പ്പാദനം കുറച്ചും ഉള്ളത്‌ വില്‍ക്കാതെ പിടിച്ചുവച്ചും മറ്റു ഖനനസ്ഥലങ്ങളില്‍ നിന്നും വരുന്നവ മുഴുക്കെ വാങ്ങിസംഭരിച്ചുമെല്ലാം തങ്ങളുടെ അടവുനയങ്ങള്‍ നടപ്പാക്കുന്നു. പലതരത്തില്‍ വജ്രത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചും ജനങ്ങള്‍ക്ക്‌ വജ്രത്തിലുള്ള നിക്ഷേപമാണ്‌ ഏറ്റവും മികച്ചത്‌ എന്നു തോന്നിപ്പിക്കാന്‍ പരസ്യങ്ങളും വിപണനതന്ത്രങ്ങളും ഡീ ബിയേഴ്‌സ്‌ പുറത്തിറക്കി. A Diamond is forever എന്ന 1947 -ലെ ഇവരുടെ പരസ്യം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പരസ്യവാചകമായി തെരഞ്ഞെടുക്കപ്പെടുകപോലുമുണ്ടായി. എന്നാല്‍ ഈ നൂറ്റാണ്ടിന്റെ ആദ്യം കാനഡ ആസ്ത്രേലിയ മുതലായ രാജ്യങ്ങളുടെ കുത്തകവിരുദ്ധസമീപനത്തോടെ ഇവരുടെ മാര്‍ക്കറ്റ്‌ 1980 -ലെ 90 ശതമാനത്തില്‍ നിന്നും 2013 ആയപ്പോഴേക്കും 33 ശതമാനമായി മാറി.


“ഞാന്‍ സമാധാനത്തിന്റെ പൈപ്പ്‌ പുകയ്ക്കുകയാണ്‌” – ഷോര്‍ട്‌വേവ്‌ റേഡിയോയില്‍ക്കൂടി ഈ സന്ദേശം മോസ്‌കോയില്‍ എത്തിയതും റഷ്യക്കാര്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടി. രണ്ടാം ലോകമഹായുദ്ധാനന്തരം തകര്‍ന്നുതരിപ്പണമായ സാമ്പത്തികരംഗത്തെ തിരിച്ചാക്കാനുള്ള പലവഴികളില്‍ ഒന്നായി സ്റ്റാലിന്‍ ആവശ്യപ്പെട്ടത്‌ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള വജ്രം റഷ്യക്കകത്തുതന്നെ കണ്ടെത്തുക എന്നതായിരുന്നു. എണ്ണയുടെയും വാതകത്തിന്റെയും പര്യവേഷണങ്ങള്‍ക്കും പലയന്ത്രങ്ങളുടെയും സൂക്ഷ്മഭാഗങ്ങള്‍ ഉണ്ടാക്കുന്നതിനും വജ്രം അത്യാവശ്യമാണ്‌. ഇതെല്ലാം വലിയ വിലകൊടുത്ത്‌ ഡീ ബിയേഴ്‌സില്‍ നിന്നുമായിരുന്നു സോവിയറ്റുയൂണിയന്‍ വാങ്ങിക്കൊണ്ടിരുന്നത്‌. എന്നാല്‍ ശീതയുദ്ധകാല ഉപരോധങ്ങള്‍ അവ റഷ്യയില്‍ എത്തിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെ രാജ്യമെങ്ങും വജ്രം കണ്ടെത്താനുള്ള ശ്രമം നടത്താന്‍ ഭൂമിശാസ്ത്രകാരന്മാരോട്‌ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. പത്തുവര്‍ഷത്തെ തിരച്ചിലിനൊടുവില്‍ 1955 -ജൂണില്‍ യുവശാസ്ത്രജ്ഞന്‍ യൂറി കബാര്‍ഡിന്‍ തെക്കേ സൈബീരിയയില്‍ അതു കണ്ടെത്തുക തന്നെ ചെയ്തു. “ഞാന്‍ സമാധാനത്തിന്റെ പൈപ്പ്‌ പുകയ്ക്കുകയാണ്‌” – അതാണ്‌ വജ്രം കണ്ടെത്തി എന്നറിയിക്കുന്ന രഹസ്യസന്ദേശം. ഈ കണ്ടെത്തലിന്‌ ഏറ്റവും വലിയ റഷ്യന്‍ ആഭ്യന്തരപുരസ്കാരമായ ലെനിന്‍ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു. നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഖനിക്ക്‌ മിര്‍ (റഷ്യന്‍ ഭാഷയില്‍ സമാധാനം) എന്നും പേരും നല്‍കി. വര്‍ഷത്തിലേഴുമാസവും ശിശിരമായ സൈബീരിയയില്‍ ഖനിയുണ്ടാക്കുക എന്നത്‌ വിചാരിക്കുന്നപോലെ എളുപ്പമൊന്നുമായിരുന്നില്ല. പൂജ്യത്തിനുതാഴെ 80 ഡിഗ്രിവരെ കുറയുന്ന താപനിലയില്‍ സാധാരണ ഖനനത്തിന്‌ ഉപയോഗിക്കുന്ന യന്ത്രങ്ങളും രീതികളും ഉപയോഗശൂന്യമാണ്‌. കഠിനമായ ബലത്താല്‍ ഉരുക്കു ഉപകരണങ്ങള്‍ തീപ്പെട്ടിക്കോലുപോലെ പൊട്ടിയടര്‍ന്നു. എണ്ണ ഉറച്ച്‌ പാറപോലെയായി, റബര്‍ ടയറുകള്‍ തകര്‍ന്ന് തരിപ്പണമായി. വേനലില്‍ മഞ്ഞുരുകി നിലം മുഴുവന്‍ ചതുപ്പുപോലെയായിത്തീര്‍ന്നു.

Image result for mir diamond mineഇതുകൊണ്ടൊന്നും പിന്മാറാന്‍ റഷ്യക്കാര്‍ തയ്യാറല്ലായിരുന്നു. തടസ്സങ്ങളെ മറികടക്കാന്‍ ജെറ്റ്‌ എഞ്ചിന്‍ ഉപയോഗിച്ച്‌ അവര്‍ നിലം തുരന്നു. വലിയതോതില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്‌ പാറപൊട്ടിച്ചുനീക്കി. രാത്രിയില്‍ യന്ത്രങ്ങള്‍ തണുപ്പില്‍ കേടുവരാതിരിക്കാന്‍ ഖനിയാകെ മൂടിയിട്ടു. ചതുപ്പുകാരണം ആ പ്രദേശത്തെങ്ങും ഫാക്ടറി ഉണ്ടാക്കാന്‍ പറ്റാത്തതിനാല്‍ 32 കിലോമീറ്റര്‍ അകലെ ഫാക്ടറിയുണ്ടാക്കി. 1960 -ല്‍ ഉല്‍പ്പാദനവും തുടങ്ങി. റഷ്യക്കാര്‍ക്ക്‌ വ്യവസായ ആവശ്യത്തിനുള്ള വജ്രങ്ങളേ വേണ്ടിയിരുന്നുള്ളൂ. റഷ്യയുടെ വ്യാവസായികവളര്‍ച്ചയ്ക്ക്‌ ഈ ഖനിയുടെ സംഭാവനകള്‍ വിലമതിക്കാന്‍ പറ്റാത്തതാണ്‌. ആഭരണത്തിനു പറ്റിയവ അവര്‍ ഡീ ബിയേഴ്‌സിനു വിറ്റു. ഏതാനും നാളുകള്‍ക്കുള്ളില്‍ വര്‍ഷംതോറും 2000 കിലോ വരെ വജ്രം ഉണ്ടാക്കിത്തുടങ്ങിയ ഈ ഖനിയില്‍ നിന്നും കിട്ടുന്ന വജ്രത്തില്‍ അഞ്ചിലൊന്നോളം ആഭരണത്തിനുയോജിച്ചവയുമായിരുന്നു. സോവിയറ്റു യൂണിയന്റെ ഏറ്റവും വലിയ വിദേശകയറ്റുമതി വജ്രമായി മാറി. വജ്രത്തിന്റെ മാര്‍ക്കറ്റ്‌ ഇടിയാതിരിക്കാന്‍ ഡി ബിയേഴ്‌സിനു ഉന്നതനിലവാരമുള്ള റഷ്യന്‍ രത്നങ്ങള്‍ മുഴുവന്‍ വാങ്ങിക്കൂട്ടേണ്ടിവന്നു. റഷ്യയെങ്ങാന്‍ ഈ രത്നങ്ങള്‍ വിലകുറച്ചു മാര്‍ക്കറ്റിലേക്ക്‌ ഇറക്കിയാല്‍പ്പിന്നെ തങ്ങളുടെ വജ്രവ്യവസായം ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാവുമെന്ന് അവര്‍ മനസ്സിലാക്കി. ഇത്രമാത്രം രത്നങ്ങള്‍ കിട്ടുന്നതെങ്ങനെയെന്ന് യാതൊരു പിടിയും കിട്ടാതെ ഡീ ബിയേഴ്‌സ്‌ കുഴങ്ങി. ഇതിന്റെ ഇരട്ടി വലിപ്പമുള്ള അവരുടെ ഖനിയില്‍ നിന്നും ഇതിന്റെ അഞ്ചിലൊന്നുപോലും വജ്രം കിട്ടുന്നുണ്ടായിരുന്നില്ല. ഖനിയുടെ ആഴം കൂടുന്തോറും ഉല്‍പ്പാദനം കൂടിവരുന്നതും ഡീ ബിയേഴ്‌സിന്റെ പ്രവചനങ്ങള്‍ തെറ്റിച്ചു. ഒടുവില്‍ 1976 -ല്‍ മിര്‍ഖനി കാണാന്‍ ഒരവസരം തരണമെന്ന് ഡീ ബിയേഴ്‌സ്‌ റഷ്യയോട്‌ അഭ്യര്‍ത്ഥിച്ചു. പകരം ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ ഖനി കാണാന്‍ അവസരം തരണമെന്ന കരാറില്‍ റഷ്യക്കാര്‍ സമ്മതം മൂളി. ഡീ ബിയേഴ്‌സ്‌ എക്സിക്യൂട്ടീവ്‌ ഫിലിപ്‌ ഓപ്പനെയ്‌മറും മുഖ്യ ഭൂശാസ്ത്രജ്ഞന്‍ ബാരിയും അടക്കം പ്രമുഖര്‍ മോസ്കോയില്‍ എത്തി. മോസ്കോയില്‍ അവര്‍ക്ക്‌ വലിയ സ്വീകരണങ്ങളും സദ്യകളും സമ്മേളനങ്ങളും ഒരുക്കി. ധാരാളം സോവിയറ്റ്‌ ഭൂശാസ്ത്രജ്ഞരെയും ഖനിവിദഗ്ദരെയും എഞ്ചിനീയര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങുകളും നടത്തി. ഒടുവില്‍ മോസ്‌കോയില്‍ നിന്നും 3000 കിലോമീറ്റര്‍ അകലെയുള്ള മിര്‍ഖനിയില്‍ എത്തിയപ്പോഴേക്കും അവരുടെ വീസ കാലാവധി കഴിയാറാവുകയും ഖനി സന്ദര്‍ശനത്തിന്‌ കഷ്ടിച്ച്‌ ഇരുപതുമിനിട്ടുമാത്രം ലഭിക്കുകയും ചെയ്തു. ഈ പറ്റിക്കപ്പെടലില്‍ പെട്ടുപോയെങ്കിലും ആ സമയത്തിനിടയില്‍ ഒന്നും തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വജ്രം വേര്‍തിരിക്കുന്നത്തിന്‌ റഷ്യക്കാര്‍ ജലം ഉപയോഗിക്കുന്നില്ലെന്ന ഒരു അറിവ്‌ അവര്‍ക്കുലഭിച്ചു. വര്‍ഷത്തില്‍ മിക്കവാറും ജലം ഖരരൂപത്തില്‍ തന്നെയാവും എന്നതായിരുന്നു ഇതിന്റെ കാരണം. ഇത്രയും ചെറിയൊരു ഖനിയില്‍നിന്നുമാണ്‌ ഇത്രയ്ക്കധികം വജ്രം ലഭിക്കുന്നതെന്നതും അവരെ അമ്പരപ്പിക്കുകയും ചെയ്തു.


ഭൂമുഖത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത കുഴികളിലൊന്നായിത്തുടരുന്ന മിര്‍ ഖനി 44 വര്‍ഷമാണു പ്രവര്‍ത്തിച്ചത്‌. 525 മീറ്റര്‍ ആഴത്തിലും 1200 മീറ്റര്‍ വ്യാസത്തിലുമുള്ള ഒരു കുഴിയാണിന്ന് ഈ ഖനി. ആഴങ്ങളില്‍ ഉള്ള കാറ്റുകള്‍ കാരണം ഹെലികോപ്റ്ററുകള്‍ അടിയിലേക്കു വലിച്ചെടുക്കപ്പെടാമെന്നതിനാല്‍ ഇതിനുമുകളില്‍ ഹെലികോപ്റ്റര്‍ പറത്താന്‍ അനുവാദമില്ല. ഖനി അടച്ചുപൂട്ടിയെങ്കിലും ആഴങ്ങളില്‍ വശങ്ങളിലേക്ക്‌ കുഴിച്ച്‌ ഇന്നും ഖനനം നടത്തുന്നുണ്ടെന്നുമാത്രമല്ല നല്ല രീതിയില്‍ ഇന്നും ഇവിടെ നിന്ന് വജ്രം ലഭിക്കുന്നുമുണ്ട്‌.-
കടപ്പാട്
വിനയരാജ്‌. വി ആര്‍

വാലറ്റം: തന്റെ കൈവശമുണ്ടായിരുന്ന ഡി ബിയേഴ്‌സിന്റെ 40 ശതമാനം ഓഹരികള്‍ മുഴുവനും 2011 -ല്‍ ഓപ്പനെയ്‌മര്‍ വില്‍ക്കുകയും, അവരുടെ കുടുംബത്തിന്റെ 80 വര്‍ഷത്തെ വജ്രക്കച്ചവടത്തിനു വിരാമമിടുകയും ചെയ്തു.