കൊഴുപ്പിനെയും കൊളസ്ട്രോളിനെയും കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകൾ

1248

Dr SHANAVAS A R

രാവിലെ ഹോട്ടലിൽ ഇരുന്നു ആഹാരം കഴിക്കുകയായിരുന്നു. നേരെ എതിരെ ഇരുന്നു കഴിക്കുന്നയാളെ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. അയാൾ അപ്പവും മുട്ട കറിയുമായിരുന്നു കഴിക്കുന്നത്. മുട്ടയുടെ മഞ്ഞകരു മാറ്റി വെള്ള ഭാഗം മാത്രമാണ് അയാൾ കഴിച്ചത്. ഞാൻ ശ്രദ്ധിക്കുന്നത് കണ്ട് അയാൾ എന്നോട് പറഞ്ഞു, കൊളസ്ട്രോൾ കൂടുതലാണ്, അത് കൊണ്ട് മുട്ടയുടെ മഞ്ഞ കഴിക്കരുത് എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.

ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?

ഭക്ഷണത്തിലെ കൊളസ്ട്രോൾ ഹൃദ്രോഗത്തിന് കാരണമാകുമെന്ന സിദ്ധാന്തം നിർദ്ദേശിക്കപ്പെട്ടത് 1968 ലാണ്. അക്കാലത്തെ ഗവേഷണത്തെ അടിസ്ഥാനമാക്കി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ആരോഗ്യമുള്ള വ്യക്തികൾക്ക് പ്രതിദിനം 300 മില്ലിഗ്രാം എന്ന അളവിൽ ഭക്ഷണത്തിലെ കൊളസ്ട്രോൾ പരിമിതപ്പെടുത്താനുള്ള ശുപാർശയും മുട്ട ഉപഭോഗം ആഴ്ചയിൽ പരമാവധി മൂന്ന് മുട്ടകളായി പരിമിതപ്പെടുത്താനുള്ള ശുപാർശയും അംഗീകരിച്ചിരുന്നു.

പക്ഷേ 2015 ലെ ഏറ്റവും പുതിയ കൊളസ്ട്രോൾ മാർഗ്ഗനിർദ്ദേശങ്ങളിൽ, അമേരിക്കൻ ഹാർട്ട് അസോസിയേഷനും അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയും വ്യക്തമാക്കുന്നത് ഭക്ഷണത്തിലെ കൊളസ്ട്രോൾ പരിമിതപ്പെടുത്തുന്നത് വഴി രക്തത്തിലെ ധമനികൾ അടഞ്ഞുപോകുന്ന എൽഡിഎൽ (LDL) കൊളസ്ട്രോൾ കുറയ്ക്കുന്നതിന് മതിയായ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നാണ്. അത് കൊണ്ട് തന്നെ ഏറ്റവും പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളിൽ ഭക്ഷണത്തിലെ കൊളസ്ട്രോളിനുള്ള പ്രതിദിന പരിധിയായ 300 മില്ലിഗ്രാം എന്നത് ഒഴിവാക്കി. ആഴ്ചയിൽ മൂന്ന് മുട്ട എന്നുള്ള പരിധിയും എടുത്തു കളഞ്ഞു.

കൊളസ്ട്രോൾ മാർഗ്ഗനിർദ്ദേശങ്ങൾ എഴുതിയ പാനലിലെ അംഗവും , അമേരിക്കൻ ഹാർട്ട്‌ അസോസിയേഷന്റെയും അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെയും ജീവിതശൈലി മാർഗ്ഗനിർദ്ദേശങ്ങൾ എഴുതിയ പാനലിന്റെ സഹ അധ്യക്ഷനും അമേരിക്കൻ ഹാർട്ട്‌ അസോസിയേഷന്റെ മുൻ പ്രസിഡന്റും കൊളറാഡോ യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ പ്രൊഫസറുമായ റോബർട്ട് എക്കൽ പറയുന്നത് –“ഭക്ഷണത്തിലുള്ള കൊളസ്ട്രോളിന് പരിധി നിശ്ചയിക്കാൻ നിലവിൽ ഞങ്ങൾക്ക് മതിയായ വിവരങ്ങൾ ഇല്ല.”

കൊളസ്ട്രോള്‍ എന്നത് തീരെ മോശവും ആവശ്യമില്ലാത്തതുമായ ഒന്നല്ല. കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്.

  • ശരീരത്തിലെ കോശ ഭിത്തിയുടെ (സെൽ മെംബ്രൻ) നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും മുഖ്യ ഘടകമാണ്.
  • മെംബ്രൻ ദ്രാവകതയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
  • സെക്സ് ഹോര്‍മോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുടെ ഉല്പാദത്തിന് സഹായിക്കുന്നു.
  • എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജപ്പെടുത്തുവാൻ സഹായിക്കുന്നു.

  • സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റാൻ സഹായിക്കുന്നു.

  • വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉൽപാദത്തിന് സഹായിക്കുന്നു.

നമ്മുടെ ശരീരത്തിന് ആവശ്യമായ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും കരള്‍ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ കഴിക്കുന്ന ആഹാരത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്നുള്ളൂ.

കൊളസ്ട്രോൾ കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് തോന്നാമെങ്കിലും, യഥാർത്ഥത്തിൽ അങ്ങനെയല്ല.

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ശരീരം കർശനമായി നിയന്ത്രിക്കുന്നു. ഭക്ഷണത്തിലെ കൊളസ്ട്രോൾ കുറയുമ്പോൾ, ശരീരം കൂടുതൽ ഉണ്ടാക്കുന്നു. നിങ്ങൾ കൂടുതൽ അളവിൽ കൊളസ്ട്രോൾ കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരം കുറച്ചു മാത്രമേ കൊളസ്ട്രോൾ ഉണ്ടാക്കൂ . ഇക്കാരണത്താൽ, കൊളസ്ട്രോൾ കൂടുതലുള്ള ഭക്ഷണങ്ങൾ മിക്ക ആളുകളിലും രക്തത്തിലെ കൊളസ്ട്രോളിനെ വളരെ കുറച്ച് മാത്രമേ സ്വാധീനിക്കുന്നുള്ളൂ.

കൊഴുപ്പിനെയും കൊളസ്ട്രോളിനെയും കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണകൾ.

തെറ്റിദ്ധാരണ 1)മുട്ട ദോഷകരമാണ്.

കൊളസ്ട്രോൾ കൂടുതലുള്ളതിനാൽ മുട്ട പൈശാചികവൽക്കരിക്കപ്പെട്ടു. എന്നാൽ പുതിയ പഠനങ്ങൾ കാണിക്കുന്നത് അവ രക്തത്തിലെ കൊളസ്ട്രോൾ ഉയർത്തുകയോ ഹൃദ്രോഗത്തിന് കാരണമാകുകയോ ചെയ്യുന്നില്ല എന്നാണ്. ഭൂമിയിലെ ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട.

മുട്ടയുടെ വെള്ള വെറും പ്രോട്ടീൻ മാത്രമാണ്, അതിൽ മറ്റൊന്നുമില്ല. മിക്കവാറും എല്ലാ പോഷകങ്ങളും മഞ്ഞക്കരുവിലാണ് കാണപ്പെടുന്നത്. മഞ്ഞക്കരു കളയാൻ ആളുകളോട് പറയുന്നത് ചരിത്രത്തിലെ ഏറ്റവും പരിഹാസ്യമായ പോഷകാഹാര ഉപദേശമായിരിക്കാം.

മനുഷ്യന്റെ കരളിനും പേശികളുടെ പ്രവർത്തനത്തിനും മസ്തിഷ്ക വികസനത്തിനും ആവശ്യമായ പോഷകമായ കോളിൻ കൊണ്ട് സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞക്കരു.

ഓരോ മുട്ടയിലും (50 ഗ്രാം) കോളിന് പുറമെ വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, ഫോളേറ്റ്, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു
ഈ സൂക്ഷ്മ പോഷകങ്ങൾക്ക് പുറമേ ഉയർന്ന നിലവാരമുള്ള മൃഗ പ്രോട്ടീനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

തെറ്റിദ്ധാരണ 2) സംസ്കരിച്ച കുറഞ്ഞ കൊഴുപ്പ് ഉള്ള ഭക്ഷണങ്ങൾ ആരോഗ്യകരമായ ഓപ്ഷനുകളാണ്.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം നല്ലതാണെന്ന പരിഹാസ്യമായ ഉപദേശം കാരണം, ഭക്ഷ്യ നിർമ്മാതാക്കൾ അവരുടെ ചില ഭക്ഷണങ്ങളിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്തു. എന്നാൽ ഇതിന് ഒരു പ്രധാന പ്രശ്‌നമുണ്ടായിരുന്നു. പ്രകൃതിദത്ത ഭക്ഷണങ്ങൾ കൊഴുപ്പില്ലാതെ ഭയങ്കര കയ്പാണ് . ഭക്ഷ്യ നിർമ്മാതാക്കൾ ഇത് മനസിലാക്കുകയും കൊഴുപ്പ് നഷ്ടപ്പെടുന്നത് കാരണമുള്ള കയ്പ്പിനു പരിഹാരമായി പഞ്ചസാര ചേർക്കുകയും ചെയ്തു. ഇക്കാരണത്താൽ, മിക്ക “കൊഴുപ്പ് കുറഞ്ഞ” ഭക്ഷണങ്ങളും യഥാർത്ഥത്തിൽ പഞ്ചസാര നിറച്ചതാണ്, ഇത് ഗുരുതരമായ അവസ്ഥയാണ് .

ഒരു ഭക്ഷണത്തിന് “കുറഞ്ഞ കൊഴുപ്പ്” അല്ലെങ്കിൽ “ഡയറ്റ്” എന്ന് ലേബലിൽ ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ, അതിൽ പഞ്ചസാര, കോൺ സിറപ്പ് എന്നിവ ചേരുവകളുടെ പട്ടികയിൽ കണ്ടെത്തും.

ഇത് പ്രമേഹം പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്നതിനിടയാക്കി.

ചുരുക്കി പറഞ്ഞാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലുള്ള കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളും തമ്മിൽ വലിയ ബന്ധമില്ല. മുട്ട വളരെ ആരോഗ്യകരമായ ഭക്ഷണമാണ്, പ്രത്യേകിച്ചും മുട്ടയുടെ മഞ്ഞകരു. (പഴം കളഞ്ഞിട്ട് പഴതൊലി കഴിക്കുന്നത് പോലെയാണ് മുട്ടയുടെ മഞ്ഞ കളഞ്ഞു വെള്ള മാത്രം കഴിക്കുന്നത് ).

Dr SHANAVAS A R