മിഷൻ മജ്നു (ഹിന്ദി)
Muhammed Sageer Pandarathil
ആർ എസ് വി പി മൂവീസ്, ജി ബി എ മീഡിയ, 88 പിക്ചേഴ്സ് എന്നീ ബാനറിൽ റോണി സ്ക്രൂവാല, ഗരിമ മേത്ത, അമർ ബുട്ടാല എന്നിവർ ചേർന്ന് നിർമ്മിച്ച് ശന്തനു ഭഗ്ചി സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സ് വഴി 2023 ജനുവരി 20 ആം തിയതി റിലീസ് ചെയ്തമിഷൻ മജ്നു എന്ന ഹിന്ദി ചിത്രം ഒരു സ്പൈ ത്രില്ലറാണ്. 1974 ൽ ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെ തുടർന്ന് ആണവായുധം ഉണ്ടാക്കാൻ പാകിസ്ഥാൻ തയ്യാറാകുമ്പോൾ അത് തകർക്കാൻ റോ നടത്തുന്ന രഹസ്യ ദൗത്യമാണ്, 1974 മുതൽ 1977 വരെയുള്ള കാലഘട്ടത്തിൽ നടക്കുന്ന ഈ ചിത്രത്തിന്റെ ഉള്ളടക്കം.
പാക്കിസ്ഥാനിൽ നടക്കുന്ന ഈ കഥയിൽ, സിദ്ധാർത്ഥ് മൽഹോത്രയുടെ കഥാപാത്രമായ താരീഖ് എന്ന തയ്യൽക്കാരൻ പള്ളിയിലെ നമസ്കാരം ശേഷം അവിടെയുള്ള ഒരു പരിചയക്കാരനോട് ഒരു ജോലി കിട്ടുമോ എന്നന്വേഷിക്കുന്നു. തുടർന്ന് അയാൾക്ക് മാസം 300 രൂപ ശമ്പളത്തിൽ അവിടെയുള്ള ഒരു തയ്യൽ കടയിൽ ജോലി ലഭിക്കുന്നു. ഇയാൾ യഥാർത്ഥത്തിൽ റോയുടെ ഏജന്റായ അമൻദീപ് സിംഗാണ്. താമസിയാതെ ആ കടയുടെ സമീപമുള്ള അന്ധയായ നസ്രീൻ എന്ന പാക്ക് യുവതിയുമായി സ്നേഹത്തിലാകുന്നു. തുടർന്ന് ഇവർ തമ്മിൽ വിവാഹിതരാകുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രശ്മിക മന്ദനയാണ്.
അമൻദീപിന്റെ അച്ഛൻ ഒരു ദേശദ്രോഹിയായിരുന്നു. ആ പേരുദോഷം അയാളുടെ ജോലിയിൽ അയാളെ വേട്ടയാടുന്നുണ്ടെങ്കിലും അയാൾ നല്ലൊരു രാജ്യസ്നേഹിയാണ്. രാജ്യത്തോടുള്ള സ്നേഹം പോലെതന്നെയായിരുന്നു അയാൾക്ക് നസ്രീനോടുള്ള പ്രണയവും. അങ്ങനെയിരികുമ്പോഴാണ് 1974 ൽ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ ഥാർ മരുഭൂമിയിലെ പൊഖ്റാനിൽ വെച്ച് ആദ്യമായി ഇന്ത്യ ആണവപരീക്ഷണം നടത്തുന്നത്. തുടര്‍ന്ന് ഇതിനുപകരമായി പാകിസ്ഥാനും ന്യൂക്ലിയർ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നു. ഇതിനായി രജിത് കപൂറിന്റെ കഥാപാത്രമായ പാക്ക് പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോ, മീർ സശർവറിന്റെ കഥാപാത്രമായ ആണവ ശാസ്ത്രജ്ഞൻ ഡോക്‌ടർ അബ്ദുൽ ഖദീർ ഖാൻ എന്ന എ ക്യു ഖാനെ നിയമിക്കുന്നു.
പാക്കിസ്ഥാന്റെ ന്യൂക്ലിയർ ബോംബ് നിർമ്മാണസങ്കേതം കണ്ടുപിടിക്കാനുള്ള ഇന്ത്യയുടെ ദൗത്യം അമനെ തേടിയെത്തുന്നു. അവിടെ അയാളെ സഹായിക്കാൻ വേറെ രണ്ടുപേരുണ്ട്. ശിഹാബ് ഹാഷ്മിയുടെ കഥാപാത്രമായ അസ്‌ലം ഉസ്മാനിയ എന്ന ചായകടക്കാരനും കുമുദ് മിശ്രയുടെ കഥാപാത്രമായ മൗലവിയുമാണ് അവർ. എന്നാൽ ആദ്യമൊന്നും അയാൾക്ക് അറിയില്ലായിരുന്നു. തനിക്ക് സഹായികൾ ഉണ്ടെന്നുള്ളത്. ഇയാൾ കാര്യങ്ങളെല്ലാം ഇന്ത്യയിലുള്ള റോയുടെ ഏജന്റായ സക്കീർ ഹുസൈന്റെ കഥാപാത്രമായ ശർമ്മക്ക് നേരിട്ടായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇയാൾ എപ്പോഴും അയാളെ അച്ഛന്റെ രാജാദ്രോഹത്തിന്റെ കഥ പറഞ്ഞുകൊണ്ട് പരിഹസിക്കുമായിരുന്നു. അതുപോലെ ഇയാളുടെ നീക്കങ്ങൾ അറിയാൻ അമൻ അറിയാതെ അസ്‌ലമിനെ ശർമ്മ ചുമതലപെടുത്തിയിരുന്നു. എപ്പോഴെങ്കിലും ഇയാൾ തന്റെ കർത്തവ്യത്തിൽ വീഴ്ച വരുത്തിയാൽ കൊന്നുകളഞ്ഞേക്കാൻ വരെ അസ്‌ലമിനോട് ശർമ്മ പറഞ്ഞിരുന്നു.
അങ്ങിനെ അമനെ കൊല്ലാൻ ഒരു രാത്രി അസ്‌ലം തീരുമാനിക്കുന്നു. എന്നാൽ അയാൾ അബദ്ധത്തിൽ വെടിവെച്ച് കൊല്ലുന്നത് നസ്രീന്റെ ഉപ്പയെയാണ്. അങ്ങിനെയാണ് അസ്‌ലം റോയുടെ ഏജന്റാണെന്ന കാര്യം അമൻ അറിയുന്നത്.ഇതിനിടെ ഇന്ത്യയിൽ 1975 ൽ അടിയന്തരാവസ്ഥ ഉണ്ടാവുന്നു. 1977 ൽ
മൊറാർജി ദേശായി പ്രധാനമന്ത്രി ആകുന്നു. അതുപോലെ പാക്കിസ്ഥാനിൽ സുൽഫിക്കർ അലി ഭൂട്ടോയെ അട്ടിമറിച്ച് സിയാ ഉൾ ഹഖ് ഭരണം പിടിച്ചെടുക്കുന്നു.
ഒടുവിൽ പാകിസ്ഥാന്റെ ന്യൂക്ലിയർ ബോംബ് നിർമാണ സങ്കേതം അവർ കണ്ടെത്തുന്നു. എന്നാൽ അപ്രതീക്ഷിതമായി അവർ അവിടെയുള്ള സെക്യൂരിക്കാരുടെ പിടിയിലാകുന്നു. എന്നാൽ വളരെ സമർത്ഥമായി അവർ അവിടെ നിന്ന് രക്ഷപെടുന്നു. തുടർന്ന് ഈ രഹസ്യകേന്ദ്രത്തിന്റെ വിവരം അവർ ശർമയെ അറിയിക്കുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ ശർമ്മ അയാളെ കുറ്റപ്പെടുത്തുന്നു. അതിന് അയാൾ ശർമ്മയോട് ഇങ്ങിനെയാണ് മറുപടി പറയുന്നത് “ഒരു ടെലിഫോണിന് പിന്നിലിരുന്ന് മറ്റുള്ളവരെ രാജ്യദ്രോഹിയെന്നും പാകിസ്ഥാനിയെന്നും വിളിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് ഞാനാണ് ഏറ്റവും വലിയ രാജ്യസ്നേഹിയെന്ന്, പക്ഷെ ഇപ്പോൾ എനിക്ക് മനസ്സിലായി രാജ്യസ്നേഹം തെളിയിക്കേണ്ടത് വാക്കുകളിലൂടെയല്ല, പ്രവർത്തിയിലൂടെയാണെന്ന്”. തുടർന്ന് തെളിവ് ശേഖരിക്കാൻ വീണ്ടും അവർ ആ രഹസ്യകേന്ദ്രമുള്ള ഗ്രാമത്തിലേക്ക് പോകുന്നു.
തുടർന്ന് അവിടെയുള്ള ഒരു ബാർബർ ഷാപ്പിൽ നിന്ന് അവിടെ മുടിവെട്ടാൻ വന്ന പട്ടാളക്കാരുടെ വെട്ടിയിട്ടമുടി ശേഖരിച്ച് ഇന്ത്യയിലേക്ക് പോകുന്ന ഒരു ട്രെയിനിലെ യാത്രക്കാരുടെ ലഗേജിന്റെ ഒപ്പം അയക്കുന്നു. ഇതിനായി പോയ അമൻ പാക്ക് പട്ടാളകാരുമായി ട്രെയിനിന് മുകളിലുള്ള ഫൈറ്റും അവസാനം നദിയിലേക്ക് ചാടി ഊതി വീർപ്പിച്ച പ്ലാസ്റ്റിക് കവറിൽ നിന്നും വെള്ളത്തിനടിയിൽ ശ്വാസമെടുത്ത് രക്ഷപെടുന്ന രംഗമെല്ലാം കാണാം.
മൊറാർജി ദേശായിയും സിയാ ഉൾ ഹഖും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നതിനാൽ പാക്കിസ്ഥാന്റെ ന്യൂക്ലിയർ ബോംബ് നിർമാണ പരീക്ഷങ്ങൾ നിർത്താൻ ആവശ്യപ്പെടുന്നു. ഇതെങ്ങിനെ ഇന്ത്യ അറിഞ്ഞുവെന്നും, ഇന്ത്യയുടെ ചാരന്മാർ ഇവിടെയുണ്ടെന്നും അവരെ കണ്ടെത്താനും സിയാ ഉൾ ഹഖ് ഉത്തരവിടുന്നു. തുടർന്ന് ഇവരടക്കം പലരേയും പാക്ക് സംഘം കണ്ടെത്തുന്നു. തുടർന്ന് അവരെയെല്ലാം കൊന്നുകളയാൻ തീരുമാനിക്കുന്നു. ഈ സമയം തന്റെ ദൗത്യം പൂർത്തിയാക്കിയ അമൻ നസ്രീനുമായി ദുബായിലേക്ക് പോകാൻ തീരുമാനിക്കുന്നു. ഇതിനിടെ അസ്‌ലമും മൗലവിയും കൊല്ലപ്പെടുന്നു. അമനേയും നസ്രീനേയും തേടി പാക്ക് സംഘം എയർപോർട്ടിൽ എത്തുന്നു.
പർമീത് സേഥിയുടെ കഥാപാത്രമായ റോയുടെ മുൻ ചീഫ് ആർ എൻ കാവോ അവരെ കാത്ത് ദുബായിൽ ഉണ്ടായിരുന്നു. എന്നാൽ ആ പാക്ക് സംഘത്തിൽ നിന്ന് നസ്രീനെമാത്രമേ അയാൾക്ക് രക്ഷിക്കാൻ ആകുന്നുള്ളൂ. അയാൾക്ക് അവരുമായി ഏറ്റുമുട്ടേണ്ടി വരുന്നു. തുടർന്ന് അയാൾ കൊല്ലപ്പെടുന്നു. ദുബായിൽ എത്തിയ നസ്രീനോട് കാവോ എല്ലാം സത്യങ്ങളും പറയുന്നു….. ശത്രു രാജ്യവുമായി, ഒരു പ്രധാനമന്ത്രിയുടെ സൗഹൃദം, വിജയിച്ച ഒരു ദൗത്യത്തിന്റെ ശിൽപികളെ എങ്ങിനെ കൊലക്ക് കൊടുത്തു എന്ന് നമുക്ക് കാണിച്ചു തരുന്നുണ്ട്. ഒപ്പം പറഞ്ഞോട്ടെ, ഇതൊരു സാങ്കൽപിക കഥയാണ്….