ഭൂതകാലത്തെ ഗന്ധങ്ങളായും രുചികളായും പകുത്തുവയ്ക്കുന്നു

0
727

മിത്ര എസ് റാം (Mithra S Ram)എഴുതുന്നു

ചില ഗന്ധങ്ങളുണ്ട്..
ഏതാൾക്കൂട്ടത്തിനിടയിൽ നിന്നാണെങ്കിലും ഒരൊറ്റ മാത്ര കൊണ്ട് അവ നമ്മളെ ഭൂതകാലത്തിന്റെ നിലവറയിലേക്കു വലിച്ചിട്ടു കളയും..എത്ര കുതറിയോടാൻ ശ്രമിച്ചാലും പഴയകാലത്തിന്റെ ചില ചങ്ങലകുരുക്കുകൾ കൊണ്ട് നമ്മളെ തളച്ചിടുന്ന അങ്ങനെയും ചില ഗന്ധങ്ങൾ,ചിലയിടങ്ങൾ,ചില നേരങ്ങളുണ്ട്..
ഓരോ ഗന്ധവും ചിലപ്പോഴെല്ലാം ഓരോ കാലങ്ങളിലേക്കുള്ള തൂക്കുപാലമാകുന്നു..എത്ര കയറേണ്ടെന്നു നിനച്ചാലും നമ്മൾ എങ്ങനൊക്കെയോ മറുകരയിലെത്തിയിരിക്കും..

എന്റെ കുട്ടികാലത്തിനു പുലർകാലമഞ്ഞുവീണു നനഞ്ഞു കിടക്കുന്ന പുല്ലിന്റെയും ചാണകത്തിനെയും മണമാണെന്ന് പറഞ്ഞതിന് ഒരിക്കൽ എല്ലാവരും എന്നെ കളിയാക്കിയിരുന്നു ..
പക്ഷെ സത്യമാണ് ..
കുട്ടിക്കാല ഓർമ്മകൾ അമ്മവീടുമായി ചേർന്ന് നിൽക്കുന്നവയാണെന്നും..
തൊഴുത്തു നിറയെ പശുക്കളുള്ളൊരു വീട്..
എന്റെ ഓർമ്മയിലെ ആദ്യത്തെ പശു വയറി പശു ആണ്..
വയറിപ്പശുവിനെ കുറിച്ചുള്ള ആദ്യ ഓർമ്മയാകട്ടെ വയറിപ്പശു വീണേ എന്നുള്ള ആരുടെയോ നിലവിളിയാണ്..കൊയ്ത്തു തീർന്ന പാടത്തു കൂടി കൊയ്ത്തിന്റെ അവശേഷിപ്പുകളെ ചവിട്ടി ആരൊക്കെയോ ഓടുമ്പോൾ ഞാനും കൂടെ ഓടുന്നുണ്ട്..

ഒതുക്കുകല്ലുകൾ കയറി ചെല്ലുമ്പോൾ ഭാനുചേച്ചിയുടെ പറമ്പിൽ കാലിൽ വലിയൊരു മുറിവുമായി ഒരു വശം ചെരിഞ്ഞു കിടപ്പുണ്ടായിരുന്നു വയറിപ്പശു ….
അതിനു ശേഷം എന്നും രാവിലെയും രാത്രിയും വയറിപശുവിന്റെ കാലിൽ അപ്പൂപ്പൻ ഒരു മരുന്നുപുരട്ടും ..അനതിസാധാരണമായ രൂക്ഷഗന്ധമുള്ള ഒരു കറുത്ത ലായനിയാണത്..
എന്നും മരുന്ന് പുരട്ടിയിട്ടും പക്ഷേ വയറി പിന്നെ എഴുന്നേറ്റിട്ടേയില്ല .. ആ
വയറിയുടെ മകളായിരുന്നു ഗീതപ്പശു.
തവിട്ടു നിറമുള്ള, എപ്പോഴും ചിന്തയിലാണ്ടൊരു പശു.. പറമ്പിൽ പുല്ലു തിന്നുമ്പോഴും തൊഴുത്തിൽ നിന്നു വൈക്കോൽ തിന്നുമ്പോഴും തന്നെ തിരഞ്ഞാരോ വരുന്നുണ്ടെന്നു ഇടക്കിടെ ഞെട്ടി നോക്കുന്ന സദാ സമയവും ഒരു ടീച്ചറുടെ ഗൗരവം കാത്തുസൂക്ഷിക്കുന്നൊരു പശു..
ഗീതയുടെ മക്കളെ പലരും വന്നു വാങ്ങി കൊണ്ട് പോയി. നന്ദിനികുട്ടിയെ ഒഴിച്ച്. നന്ദിനിയെ വിൽക്കാൻ വീട്ടിൽ ആർക്കും താൽപ്പര്യം ഉണ്ടായിരുന്നില്ല. അത്രമാത്രം സുന്ദരിയായിരുന്നു അവൾ.
പരസ്യങ്ങളിലൊക്കെ കാണുന്ന പോലെ നെറ്റിയിൽ ഒരു വെളുത്ത ഗോപിക്കുറിയുള്ള നന്ദിനി കുട്ടി ..
അതായിരുന്നു കുടുംബത്തിലെ അവസാന പശു.. അമ്മുമ്മക്ക് സുഖം ഇല്ലാതായപ്പോൾ ആരോ അവളെ വാങ്ങി കൊണ്ട് പോയി..
പിന്നെ പശുക്കൾ ഉണ്ടായിരുന്നില്ല..
എങ്കിലും ചില ഓർമ്മകൾ ബാക്കി നിൽപ്പുണ്ട് ..
പശുവിനെ കറക്കുമ്പോൾ പാൽപാത്രത്തിലേക്ക് പാല് വീഴുന്ന സിര്ർർ ന്നുള്ള ശബ്ദം..
കറന്നെടുത്ത പാലിന്റെ ഇളം ചൂട്.. അതിന്റെ രുചി..
അമ്മുമ്മ പാല് കറക്കുമ്പോൾ ഞാൻ ഒരു സൺ സിൽക്ക് ഷാമ്പൂവിന്റെ കുപ്പിയുമായി പോയിരിക്കും. ഷാമ്പൂ തീർന്നപ്പോൾ ഇനി മുതൽ ഇതിൽ പാല് തന്നാൽ മതിയെന്ന് കരഞ്ഞു ബഹളം ഉണ്ടാക്കിയതിന് ശേഷം അതിലാണ് എനിക്ക് പാല് തരിക.
ചൂടോടെ കറന്നെടുത്ത പാല് കുടിച്ചിട്ടില്ലേ. അസാധ്യ രുചിയാണ്.
ആ പാല് കുടിച്ചു തീരുമ്പോഴേക്കും അമ്മൂമ്മ അടുത്ത പാത്രത്തിലേക്ക് പാല് കറന്നെടുക്കാൻ തുടങ്ങും. ആദ്യം കറന്നെടുത്ത പാൽപാത്രം അടുക്കളയിൽ കൊണ്ട് വയ്ക്കുന്നത് ഞാൻ സ്വയം ഏറ്റെടുത്ത ഡ്യുട്ടിയാണ്. അടുക്കളയിലെത്തുമ്പോഴേക്കും രണ്ടു കവിൾ അതിൽ നിന്നും ഞാൻ കട്ടു കുടിച്ചിരിക്കും.
വെളുത്ത പ്രേംനസീർ മീശയുമായി ഇറങ്ങി വരുന്ന എന്നെ നോക്കി അമ്മുമ്മ പതിവ് പോലെ നീ അതിന്നു പാല് കുടിച്ചോ എന്ന് ചോദിക്കും. അമ്മുമ്മ ഇതെങ്ങനറിഞ്ഞു എന്ന് അത്ഭുതപ്പെട്ടു ഞാൻ പതിവ് പോലെ ഇല്ലെന്നു കുഞ്ഞി ചുമലു കുലുക്കും.. വലിയവരുടെ ഒരു ബുദ്ധിയേ എന്നന്തിക്കും.
വളർന്നപ്പഴും ഇഷ്ടങ്ങൾക്കൊന്നും വലിയ മാറ്റവുമില്ല.. കുറച്ചു കാലം മുൻപൊരു കൂട്ടുകാരന്റെ വീട്ടിൽ പോകുമ്പോഴെല്ലാം അവന്റെ അമ്മ ഒരു വലിയ പാത്രം നിറയെ ബൂസ്റ്റ്‌ ഇട്ട പാല് അവനു കുടിക്കാൻ കൊടുക്കാറുള്ളത് അവന്റെ അമ്മയുടെ കണ്ണ് വെട്ടിച്ചു ഞാനാണ് കുടിക്കുക.. പിന്നീട് അവന്റെ വീട്ടിൽ ഒരു വലിയ പാത്രത്തിൽ ബൂസ്റ്റിട്ട പാല് എനിക്ക് വേണ്ടി മാത്രം മാറ്റി വയ്ക്കപ്പെട്ടു..

രാത്രി അമ്മുമ്മ പാല് കാച്ചാൻ വെക്കുമ്പോൾ ഞാൻ നോക്കിക്കോളാം എന്ന് ഞാൻ സദാസന്നദ്ധയാണ്. അമ്മുമ്മ സീരിയൽ കാണാൻ ഇരിക്കുമ്പോൾ അടുക്കളയിൽ തിളയ്ക്കുന്ന പാലിലെ ആദ്യത്തെ പാൽപാട സ്പൂണുകൊണ്ട് കോരി ഞാൻ തിന്നിരിക്കും. രണ്ടാം വട്ടം വരുന്ന പാടയും കോരി തിന്നും. മൂന്നാമത് വരുന്ന പാട തീരെ തീരെ നേർത്തതാകും. അപകടം മണത്തു കട്ടു തീറ്റ നിർത്തും ഞാൻ. ശ്യോ പാലിന്റെ കൊഴുപ്പ് കുറയുകയാണല്ലോ എണ്ണമ്മൂമ്മയുടെ വേവലാതി ഞാൻ അങ്ങ് കേട്ടില്ലെന്നു വയ്ക്കും.

അമ്മുമ്മ പാൽ ഉറയൊഴിക്കാൻ തുടങ്ങുമ്പോഴേക്കും സർക്കീട്ട് കഴിഞ്ഞു കോളേജ് വാധ്യാരായ ഇളയ മാമൻ എത്തിയിരിക്കും. ഒരു കവുങ്ങിൻ പാളയുടെ തുണ്ടുണ്ട് ഞങ്ങൾക്ക് രണ്ടു പേർക്കും. പാൽപാത്രം വടിച്ചു പാട തിന്നുന്നത് ഈ പാള കഷ്ണം വച്ചിട്ടാണ്. പാൽപാത്രത്തിനു വേണ്ടിയുള്ള മല്പിടുത്തതിൽ കുഞ്ഞാണെന്നുള്ള സകല ഇമോഷണൽ ബ്ലാക്ക് മെയ്‌ലിംഗും നടത്തി ഞാൻ വിജയിക്കും. നാളെ നീ നോക്കിക്കോ എന്ന മാമന്റെ വെല്ലുവിളി ഒരിക്കലും വിജയിച്ചിട്ടില്ല.
മിനുസമുള്ള പാളതുണ്ടുകൊണ്ട് പാല് കാച്ചിയ പാത്രം വടിച്ചു പാൽപാട തിന്നണം .. ഹോ ന്റെ സാറേ..
ഇനിയുമുണ്ട് രുചിഭേദങ്ങൾ..
അടുക്കലേക്കു പുറകിൽ ഒരു നാരകം നട്ടിട്ടുണ്ട്..
വേനൽചൂടിൽ വേവുമ്പോൾ നല്ല പച്ച മോരിലേക്കു നരകത്തിന്റെ ഇല പിച്ചിയിട്ടു പച്ച മുളകും ഉപ്പുമിട്ട് കുടിക്കുമ്പോൾ അകവും പുറവും ഒരേ പോലെ തണുക്കാതിരിക്കുമോ..
തൈരിട്ട ചോറു നന്നായി കുഴച്ചു കണ്ണിമാങ്ങാ അച്ചാറ് കൂട്ടി കുഴച്ചുണ്ണുന്നതാണോ അതോ ചെറു ചൂടുള്ള ചോറിലേക്കു വെണ്ണ ഉരുകിയൊലിച്ചു ചേരും മുൻപേ കൂട്ടികുഴച്ചു ഉണ്ണുന്നതാണോ രുചി..
ഭരണിയിലെ തൈരിൽ കടക്കോലിട്ടാണ് അമ്മുമ്മ വെണ്ണ
കടയുന്നത്..
കടക്കോലു തിരിയുമ്പോഴുള്ള ഗുളു ഗുളു ശബ്ദവും കേട്ടിരിക്കുമ്പോൾ അമ്മൂമ്മ നാവിൽ വച്ചു തരുന്ന ഇത്തിരി വെണ്ണ..
കുരുമുളകിന്റെ ഇല കൊണ്ടാണ് വളരെ ശ്രദ്ധയോടെയാണ് വെണ്ണ കോരിയെടുക്കുന്നത്..
ഓരോ ദിവസവും വെണ്ണ കടഞ്ഞു കൊണ്ടിരിക്കുമ്പോൾ കുരുമുളകിന്റെ ഇല പറിച്ചു കൊടുക്കുന്നത് ഞാനാണ്..
ഒരു ഇല കൊടുക്കുമ്പോൾ അമ്മൂമ്മ ഒരു കുഞ്ഞു വെണ്ണയുരുള എനിക്ക് തരും.. അതാണ് കണക്ക്.
വെണ്ണ ഉള്ളംകൈയിലിട്ടുരുട്ടി ഒരു പാത്രത്തിൽ വെള്ളമൊഴിച്ചു ഫ്രിഡ്ജിൽ വച്ചിട്ടുണ്ടാകും അമ്മൂമ്മ.. ഇടയ്ക്കിടയ്ക്ക് ഫ്രിഡ്ജ് തുറന്ന് വെണ്ണ കട്ടു തിന്നിട്ട് അത് പഴയ പോലെ ഉരുട്ടി വയ്ക്കുമ്പോഴേക്കും കുഞ്ഞി കൈ തണുത്തു മരവിച്ചിട്ടുണ്ടാകും ..

ഈ വെണ്ണയുരുക്കുമ്പോൾ ഉള്ള ഒരു മണമുണ്ട്… ലോകത്തിൽ മറ്റൊരു ഭക്ഷണത്തിന്റെ ഗന്ധവും ഇത്രമേൽ എന്നെ കൊതിപ്പിച്ചിട്ടില്ല..
വെണ്ണയുരുക്കിയ പാത്രത്തിലേക്ക് ഒരുപിടി ചോറ് ഇട്ടു കഴിക്കുന്നതിനോളം സ്വാദോടു കൂടി ഞാൻ പിന്നീട് ഇതു വരെയൊന്നും കഴിച്ചിട്ടില്ല..

അമ്മവീട് അടച്ചുപൂട്ടിയിട്ട് കുറേവർഷങ്ങളായി..നന്ദിനി പശു ഇല്ല.. അമ്മൂമ്മ ഇല്ല.. അന്നത്തെ ഞാൻ ഇല്ല..

എങ്കിലും എവിടെയൊക്കെ പോയാലും എന്തൊക്കെ കഴിച്ചാലും നാവിൽനിന്നും ചില രുചികൾ ഒരിക്കലും മായാതെ നമ്മളോടൊപ്പം എന്നും ഉണ്ടാകും ല്ലേ..

=====