സമീപകാലത്ത് സുപ്രീംകോടതി വിധിച്ച; മൂന്ന് ഉത്തരവുകളും, സാമാന്യബോധമുള്ള ഒരു പൗരന്റെ ചിന്താബോധത്തെ വെല്ലുവിളിക്കുന്നതാണ്

0
289

എ.എം. ഷിബു

ജനാധിപത്യ ഇന്ത്യ അതിന്റെ ഏറ്റവും നിർണായകവും, പരീക്ഷീണവും, ആയ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സമീപകാലത്ത് ഇന്ത്യൻ സുപ്രീംകോടതി വിധിച്ച; മൂന്ന് ഉത്തരവുകളും, സാമാന്യബോധമുള്ള ഒരു പൗരന്റെ ചിന്താബോധത്തെ, വെല്ലുവിളിക്കുന്നതാണ്.1992 ൽ ബാബറി മസ്ജിദ് തകർത്ത സംഭവം, കുറ്റകരമാണെന്ന് നിരീക്ഷിച്ച കോടതി; പക്ഷേ അതേ സ്ഥലം, കയ്യേറ്റക്കാർക്ക് വിട്ടുകൊടുക്കാൻ ആണ് ഉത്തരവിട്ടത്.

അതിനു തെളിവായി എടുത്തതോ, ഇന്ത്യൻ ചരിത്രത്തിൽ രചിക്കപ്പെട്ട ഏറ്റവും മികച്ച മാജിക്കൽ റിയലിസത്തിന്റെ മകുട ഉദാഹരണമായ ,രാമായണമെന്ന ഇതിഹാസനോവലും.രാമായണത്തെ ചരിത്രമെന്നു വിളിക്കുന്നത്, വാസ്തവത്തിൽ കഥാകാരനായ വാൽമീകിയെ അവഹേളിക്കലാണെന്ന ചരിത്രകാരൻ MGS നാരായണന്റെ പ്രസ്താവന ഇവിടെ സ്മരണീയമാണ്.ഈ വിഷയത്തിൽ ഇന്ത്യ വീണ്ടും കലുഷിതമാകരുതെന്നതെന്ന ഒരു നാട്ടുമധ്യസ്ഥന്റെ ശുദ്ധഗതി ഈ വിധിയിൽ തെളിഞ്ഞുകാണാം..!

പക്ഷേ ഭരണഘടനാപരമായ നീതിയും, ജനാധിപത്യവും വിതരണം ചെയ്യപ്പെടേണ്ടുന്ന ഒരു ജനാധിപത്യവ്യവസ്ഥയിൽ ,ഈ വിധി അന്യായമാണെന്ന് കാണാൻ അപാരമായ നിയമ വൈദഗ്ധ്യം ആവശ്യമില്ല .

രണ്ടാമതാണ് കർണാടകയിലെ എംഎൽഎമാരുടെ വിധി. കോൺഗ്രസ്സിൽ നിന്ന് ജനവിധി തേടി എംഎൽഎമാരായ 16 പേർ ,പിന്നീട് കൂറുമാറി ബിജെപിയിൽ എത്തുകയായിരുന്നു .അവരെ അയോഗ്യരാക്കിയ കോടതി ; പക്ഷേ അവരെ തുടർന്ന് മത്സരിക്കുന്നതിൽ നിന്ന് വിലക്കിയില്ല .സ്വാഭാവികമായും കോടതി അയോഗ്യരാക്കിയാൽ അത്തരം ജനപ്രതിനിധികൾക്ക്, തുടർന്നുവരുന്ന ആറുവർഷം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധ്യമാകുമായിരുന്നില്ല. ഇതിൽ ആദ്യം അവരെ അയോഗ്യരാക്കിയ വിധി ,രണ്ടാമത് അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിച്ചപ്പോൾ സ്വയം റദ്ദ് ചെയ്യപ്പെടുകയായിരുന്നു.!

അതുപോലെതന്നെ ഇന്നലെ തീരുമാനിച്ച, ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ കേസും.. ശബരിമലയിൽ യുവതികളെ പ്രവേശിക്കുന്ന വിധി വന്നപ്പോൾ “എന്തുകൊണ്ട് മുസ്ലിം പള്ളികളിൽ യുവതികളെ പ്രവേശിപ്പിക്കുന്നില്ല “എന്ന് ചോദിച്ച ഒരു ആവറേജ് സംഘപരിവാറുകാരന്റെ താഴ്ന്ന നിലവാരത്തിലുള്ള ബോധം ഈ വിധിയിൽ നിഴലിച്ചു കാണാം.മുസ്ലിം സ്ത്രീകളെ മസ്ജിദുകളിൽ പ്രവേശിപ്പിക്കുന്ന കാര്യം ,ആ കേസ് പരിഗണനയിൽ വരുമ്പോഴാണ് പരിഗണിക്കേണ്ടത് .എന്ന മിനിമം ന്യായം ഇവർ മറന്നു പോയി.ഇതൊരുമാതിരി തേങ്ങ കട്ടവനെ പിടിച്ചാൽ, “അപ്പുറത്തെ രാമൻ അടക്ക കട്ടിട്ടുണ്ട് അവന്റെകാര്യത്തിൽ തീരുമാനം എടുത്തിട്ട് എന്റെ കാര്യത്തിൽ തീരുമാനമെടുത്താൽ മതി.! “എന്നുപറയുന്ന ഒരു ഊള ന്യായം ആയിപ്പോയി!

സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും മുഖമുദ്രയാക്കിയ ,ലെജിസ്ലേച്ചറിയും.അഴിമതി മുഖമുദ്രയാക്കിയ എക്സിക്യൂട്ടീവുമാണ് ,ഇന്ത്യയുടെ ശാപങ്ങൾ.അത്തരം സന്ദർഭങ്ങളിലെല്ലാം സാധാരണ പൗരന്മാർക്ക് നീതി വിതരണം ചെയ്യപ്പെട്ടിരുന്നത് നിഷ്പക്ഷതയോടെ പ്രവർത്തിച്ചിരുന്ന ജുഡീഷ്യറിയിലൂടെ, ആയിരുന്നു! ആ പൗരന്റെ ആ അവസാന പ്രതീക്ഷയാണ് ഇവർ തല്ലി കെടുത്തുന്നത് ..അത്തരം നിർണായക സന്ദർഭങ്ങളിലും ജസ്റ്റിസ് നരിമാൻ, ജസ്റ്റിസ് ചന്ദ്രചൂഡ്. തുടങ്ങിയവർ, ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷയായി തീരുകയാണ് എന്നുകൂടി പറയട്ടെ .

വ്യാജബിരുദം ഉള്ള പ്രധാനമന്ത്രി .വ്യാജബിരുദം ഉള്ള വിദ്യാഭ്യാസ മന്ത്രി.സാമ്പത്തികശാസ്ത്രം പഠിച്ചിട്ടില്ലാത്ത റിസർവ് ബാങ്ക് ഗവർണർ .സ്ത്രീപീഡന കേസുകളിൽ, പ്രതിസ്ഥാനത്തു നിൽക്കുന്ന ന്യായാധിപന്മാർ.ഇത്തരം ദുരന്തങ്ങൾ എല്ലാം, ഒത്തൊരുമിച്ച് ചേർന്ന് ഇന്ത്യയെ പ്രാകൃത സമൂഹമാക്കുന്ന, സന്ദർഭത്തെ ആണ് നിർണായകമായ ചരിത്ര പ്രതിസന്ധി, എന്ന് വിളിക്കേണ്ടത് .ഈ പ്രതിസന്ധികളെ അതിജീവിക്കാൻ, പൗരന്മാർക്ക് കരുത്ത് ലഭിക്കാൻ ജനാധിപത്യബോധം ആർജിക്കേണ്ടതും,അത് പ്രചരിപ്പിക്കേണ്ടതും, അത് പ്രാവർത്തികമാക്കേണ്ടതുമാണ് .അത് സാമൂഹിക തലത്തിൽ മാത്രമല്ല. മറിച്ച് വൈയക്തിക തലത്തിൽ കൂടിയാണ് .

ആധുനിക ഇന്ത്യ നേരിടുന്ന ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ എനിക്ക് നിങ്ങളോട് പറയുവാനുള്ളത് ഇതാണ്.അല്ലെങ്കിൽ ഇതു മാത്രമാണ്.