ആചാര സംരക്ഷകരേ നിങ്ങളുടെ ആചാരസംരക്ഷണ, സ്ത്രീവിരുദ്ധബോർഡുകളിൽ വരച്ചു ചേർക്കാൻ മാത്രം എന്തു മഹാപാപമാണ് ഈ മഹാമനുഷ്യൻ നിങ്ങളോട് ചെയ്തത് ?

131

എ എം ഷിബു
അഞ്ചുമൂർത്തി മംഗലം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ,ഹിന്ദുക്കൾക്കിടയിൽ ശക്തമായി നിലനിന്നിരുന്ന ഒരു ആചാരമാണ് കടൽബന്ദി. അതായത് കടൽ കടന്നു പോകുന്നത് ഹിന്ദുവിന് നിഷിദ്ധമായിരുന്നു.വളരെ കർക്കശമായി തന്നെയിത് പരിപാലിക്കപ്പെട്ടു വരികയും ചെയ്തിരുന്നു.ഇന്നും കടൽയാത്ര പാപമാണെന്ന് വിശ്വസിക്കുന്ന യാഥാസ്ഥിതിക ഹിന്ദുവിശ്വാസികൾ ഉണ്ട് .ഇതിനെതിരെ വളരെ ശക്തമായ ആശയ പ്രചരണം നടത്തിയ മഹാപുരുഷനാണ് സ്വാമി വിവേകാനന്ദൻ. വിവേകാനന്ദൻ ഹിന്ദുക്കളോട് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോകുവാൻ ,ആഹ്വാനം ചെയ്തു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹിന്ദു സംസ്കാരം പ്രചരിപ്പിക്കണമെന്ന് വിവേകാനന്ദൻ ആഗ്രഹിച്ചു.

കാലത്തിന് ഇണങ്ങാത്ത ആചാരങ്ങളെയും കെട്ടിപ്പുണർന്ന് ജീവിക്കുന്ന പുരോഹിതൻമാരോടും, ഭക്തന്മാരോടും, വിവേകാനന്ദന് കടുത്ത പുച്ഛമായിരുന്നു. അദ്ദേഹം പറഞ്ഞു “യൂറോപ്പുകാർ കപ്പലിൽ ചുറ്റി ലോകം കീഴടക്കാൻ പുറപ്പെടുമ്പോൾ, അവർ ആകാശത്തിലൂടെ വിമാനയാത്ര നടത്തുമ്പോൾ ,നമ്മൾ എന്താണ് ചെയ്യുന്നത് .വലതുകൈകൊണ്ട് വെള്ളം എടുത്ത് തെളിച്ചാൽ ആണോ പുണ്യം ? അതോ ഇടതു കൈകൊണ്ട് വെള്ളം എടുത്തു തളിച്ചാലാണോ പുണ്യം ? വലതുകാൽ വച്ച് അകത്തു കയറിയാൽ ആണോ നല്ലത് ? അതോ ഇടതു കാൽ വെച്ച് കയറിയാൽ ആണോ നല്ലത് ?ഇത്തരം പ്രാകൃതവും, മൂഢവും, നിഷ്പ്രയോജനകരവുമായ കാര്യങ്ങളെ പറ്റി ,ദിവസങ്ങൾ നീളുന്ന ചർച്ചകൾ നടത്തി കാലം തീർക്കുകയാണ് .എനിക്കീ പച്ചില തിന്നു ജീവിക്കുന്ന പ്രാകൃതന്മാരെ കണ്ടു കണ്ടു മടുത്തൂ…നമ്മൾ ഹിന്ദുക്കൾ ഇനിയെന്നാണു കരുത്തരും ആധുനികരുമായിത്തീരുക ?”

കടൽ വിലക്ക് ലംഘിക്കാൻ സ്വാമി വിവേകാനന്ദൻ നടത്തിയ ആഹ്വാനം ആദ്യമൊന്നും ഫലവത്തായില്ല. അതേസമയം സ്വാമി വിവേകാനന്ദൻ കടൽ വിലക്ക് സ്വയം ലംഘിച്ചുകൊണ്ട് പല തവണ ,പല പല വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു.അതുകൊണ്ടുതന്നെ ബ്രാഹ്മണ സമൂഹത്തിന് സ്വാമിവിവേകാനന്ദൻ സ്വീകാര്യനായിരുന്നില്ല .സ്വാമി വിവേകാനന്ദനെ അവർ പലതരത്തിലും ബഹിഷ്കരിച്ചു പോന്നിരുന്നു.

പറഞ്ഞുവരുന്നത് , ഇന്നത്തെ കടുത്ത ആചാര സംരക്ഷകരായ, ഹിന്ദു മതവിശ്വാസികൾ മനസ്സിലാക്കേണ്ടത് ,ഇന്ന് ഏറ്റവും കൂടുതൽ വിദേശങ്ങളിൽ പ്രവാസ ജീവിതം ജീവിച്ചു വരുന്ന ജനസമൂഹമാണ് ഇന്ത്യൻ ജനസമൂഹം.ഇന്നും ആ കടൽ വിലക്ക് എന്ന ആചാരം അതുപോലെതന്നെ തുടർന്നിരുന്നെങ്കിൽ ഇന്ത്യക്കാരുടെ ജീവിതം എന്തുമാത്രം വിരസവും, ദരിദ്രവും, പ്രാകൃതവും ആയിരുന്നുവെന്ന് കുറച്ചു സമയം കിട്ടുമ്പോൾ ആലോചിച്ചു നോക്കാൻ ഭക്തജനങ്ങൾ തയ്യാറാകേണ്ടതുണ്ട്.

വാൽ: ആചാര സംരക്ഷകരോട് ഒരഭ്യർത്ഥന. നിങ്ങളുടെ ആചാര സംരക്ഷണ, സ്ത്രീവിരുദ്ധ ബോർഡുകളിൽ വരച്ചു ചേർക്കാൻ മാത്രം എന്തു മഹാപാപമാണ് ഈ മഹാ മനുഷ്യൻ നിങ്ങളോട് ചെയ്തത്. ?